ആലപ്പുഴ∙ മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയത് സ്വര്‍ണക്കടത്തു സംഘത്തിന്റെ നിര്‍ദേശപ്രകാരം. യുവതിയ്ക്ക് കള്ളക്കടത്തുസംഘവുമായി ബന്ധമുണ്ടെന്നാണു പൊലീസിന്റെ കണ്ടെത്തൽ. ദുബായില്‍ നിന്ന് സ്വര്‍ണം കടത്താന്‍ യുവതിയെ ഉപയോഗിച്ചു. യുവതിയുടെ കയ്യില്‍ ഒന്നരക്കിലോ സ്വര്‍ണം കൊടുത്തുവിട്ടു. എന്നാല്‍ സ്വര്‍ണം എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ചെന്ന് യുവതി മൊഴി നല്കി. സ്വര്‍ണമോ പണമോ ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ടു പോയതെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.
മാന്നാറില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തിയതിനു പിന്നാലെയാണു ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. യുവതിയെ തട്ടിക്കൊണ്ടുപോയ സംഘം പാലക്കാട് വടക്കഞ്ചേരിക്കടുത്ത് വാഹനത്തില്‍നിന്ന് ഇറക്കിവിടുകയായിരുന്നു. മാന്നാര്‍ കുരട്ടിക്കാട് സ്വദേശിയായ യുവതിയെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയതിനു പിന്നില്‍ സ്വര്‍ണക്കടത്തു സംഘമാണെന്ന് ആദ്യമേ സംശയിച്ചിരുന്നു. യുവതിയെ മാന്നാറിലെത്തിച്ച് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.
ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് ആലപ്പുഴ മാന്നാര്‍ കുരട്ടിക്കാട് വിസ്മയ വിലാസത്തില്‍ ബിനോയിയുടെ ഭാര്യ ബിന്ദുവിനെ ഒരു സംഘം ആളുകള്‍ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയത്. ദുബായില്‍ നിന്ന് നാലു ദിവസം മുന്‍പാണ് യുവതി വീട്ടിലെത്തിയത്. പുലര്‍ച്ചെ വീട്ടിലെത്തിയ പതിനഞ്ചോളം ആളുകള്‍ വാതില്‍തകര്‍ത്ത് അകത്ത്കടന്ന് തന്നെയും ബിന്ദുവിന്റെ അമ്മ ജഗദമ്മയെയും മര്‍ദിച്ചശേഷം ബിന്ദുവിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് ഭര്‍ത്താവ് ബിനോയ് പൊലീസിനോട് പറഞ്ഞത്.
ആക്രമണത്തില്‍ ജഗദമ്മയ്ക്ക് നെറ്റിയില്‍ മുറിവേറ്റു പരുക്കേറ്റു. തട്ടിക്കൊണ്ടുപോയവര്‍ രാവിലെ 11 മണിയോടെ ബിന്ദുവിനെ പാലക്കാട് വടക്കഞ്ചേരിക്കടുത്ത് വാഹനത്തില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു. ഓട്ടോറിക്ഷയിലാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. ആരോഗ്യസ്ഥിതി മോശമായതിനെതുടര്‍ന്ന് ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. തട്ടിക്കൊണ്ടു പോയ വാഹനത്തില്‍ നാലുപേരുണ്ടായിരുന്നുവെന്നും അവര്‍ പണം ആവശ്യപ്പെട്ടെന്നും ബിന്ദു പറഞ്ഞു.
English Summary: Mannar kidnap case, Police investigation