ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിതി അതീവഗുരുതരമാണെന്നും അടുത്ത രണ്ടാഴ്ചത്തെ റിപ്പോര്‍ട്ട് വിലയിരുത്തിയശേഷം വീണ്ടും ലോക്ഡൗണ്‍ നടപ്പാക്കുന്നതു പരിഗണിക്കുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. രോഗികളുടെ എണ്ണത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്ന വര്‍ധന രണ്ടാം രോഗവ്യാപന തരംഗമാണോ എന്നറിയാന്‍ എട്ടു മുതല്‍ 15 ദിവസം വരെയെടുക്കുമെന്നും ഉദ്ധവ് പറഞ്ഞു. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണം ഏഴായിരം അടുക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അടുത്ത എട്ടു മുതല്‍ 15 ദിവസം ഇപ്പോഴത്തെ നിലയില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായാല്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു. 

'ഒരു ലോക്ഡൗണ്‍ അനിവാര്യമാണോ? നിങ്ങള്‍ ഉത്തരവാദിത്തത്തോടെ പെരുമാറിയാല്‍ അടുത്ത എട്ടു ദിവസത്തിനുള്ളില്‍ നമുക്ക് അറിയാന്‍ കഴിയും. ലോക്ഡൗണ്‍ വേണ്ടാത്തവര്‍ മാസ്‌ക് ധരിക്കും. ലോക്ഡൗണ്‍ വേണ്ടവര്‍ ധരിക്കാതിരിക്കും. അതുകൊണ്ട് എല്ലാവരും മാസ്‌ക് ധരിച്ച് ലോക്ഡൗണ്‍ ഒഴിവാക്കണം.' - ഉദ്ധവ് പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗമാണോ എന്ന് 8-15 ദിവസത്തിനുള്ളില്‍ അറിയാനാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

മൂന്നു മാസത്തോളം രോഗികളുടെ എണ്ണം കുറവായിരുന്ന മഹാരാഷ്ട്രയില്‍ വെള്ളിയാഴ്ച 6,000 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ച അത് 6,971 ആയി. 35 പേര്‍ മരിക്കുകയും ചെയ്തു. മുംബൈയില്‍ മാത്രം 921 പേര്‍ക്കാണു ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. 

കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. പ്രതിദിനം 2000-2500 കേസുകള്‍ ആയിരുന്നത് ഇപ്പോള്‍ ഏഴായിരത്തോട് അടുക്കുകയാണ്. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 40,000ല്‍നിന്ന് 53,000 ആയി. കഴിഞ്ഞ വര്‍ഷം കോവിഡിന്റെ മൂര്‍ധന്യാവസ്ഥയില്‍ ഉണ്ടായിരുന്ന അതേ അവസ്ഥയിലേക്കാണ് നീങ്ങുന്നത്. അടുത്ത എട്ടു മുതല്‍ 15 ദിവസം രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായാല്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. രോഗവ്യാപനം രൂക്ഷമായ സ്ഥലങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പ്രദേശിക ഭരണകൂടങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും ഉദ്ധവ് പറഞ്ഞു. 

അമരാവതി, അകോല എന്നിവിടങ്ങളില്‍ ഒരു ദിവസം സമയം നല്‍കിയ ശേഷം ആവശ്യമെങ്കില്‍ ലോക്ഡൗണും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ക്കു മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. രാഷ്ട്രീയവും മതപരവും സാമൂഹികവുമായ കൂടിച്ചേരലുകള്‍ നിരോധിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഉദ്ധവ് പറഞ്ഞു. പാര്‍ട്ടി വളര്‍ത്തിയാല്‍ മതി, കൊറോണ വളര്‍ത്തേണ്ടെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി. അമരാവതി ജില്ലയില്‍ തിങ്കളാഴ്ച മുതല്‍ ഒരാഴ്ച ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. 

കൊറോണ വൈറസിന്റെ 240 പുതിയ വകഭേദങ്ങളാണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. പല സംസ്ഥാനങ്ങളിലും വീണ്ടും രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനു കാരണം ഇതാണെന്ന് മഹാരാഷ്ട്ര കോവിഡ് ദൗത്യസേനാംഗം ഡോ. ശശാങ്ക് ജോഷി പറഞ്ഞു.

English Summary: "Lockdown If Cases Keep Rising For 8-15 Days," Says Uddhav Thackeray

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com