ആരവാരങ്ങളില്ലാതെ ഒരു പൊങ്കാലക്കാലം; ക്ഷേത്രത്തിൽ നിറവോടെ ഉൽസവജാഗ്രത

attukal-start
ഇത്തവണത്തെ ആറ്റുകാൽ ഉൽസവത്തിനു തുടക്കം കുറിച്ച് കാപ്പുകെട്ടി കുടിയിരുത്തല്‍ ചടങ്ങ് പൂര്‍ത്തിയായപ്പോൾ.
SHARE

ലോക്‌ഡൗൺ വന്നപ്പോൾ തിരക്കേറിയ റോഡുകൾ പെട്ടെന്ന് വിജനമായി. ഷോപ്പിങ് മാളുകളും തിയറ്ററുകളും അടഞ്ഞു. സായാഹ്നങ്ങളെ സമ്പന്നമാക്കിയ ഹോട്ടലുകളും റസ്റ്ററന്റുകളും മൂകമായി. നടപ്പാതകളിൽ ആളനക്കം പോലും ഇല്ലാതായി. പകൽസമയം വിജനമായ റോഡുകളിൽ ആംബുലൻസുകളുടെ സൈറൺ മാത്രം. തിരുവനന്തപുരത്തെ തിരക്കേറിയ പട്ടത്ത് നിന്ന്  തമ്പാനൂർ വരെ പോകാൻ  അരമണിക്കൂർ വേണ്ടിടത്ത് അഞ്ച് മിനിറ്റു കൊണ്ടെത്തിയ കാലം...

വർഷം ഒന്നു പിന്നിട്ടിരിക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ആറ്റുകാൽ പൊങ്കാലക്കു തൊട്ടുപിന്നാലെയാണ് നാടിനെ കോവിഡ് നിശ്ചലമാക്കിയത്. ഒരു വർഷത്തിനുശേഷം വീണ്ടും പൊങ്കാല ഉത്സവത്തിന് ആറ്റുകാലിൽ തുടക്കമായിക്കഴിഞ്ഞു. ഫെബ്രുവരി 27 നാണ് പൊങ്കാല. ഇപ്പോൾ ലോക്ഡൗൺ ഇല്ല. നിരത്തുകളും നടപ്പാതകളും വീണ്ടും സജീവം. എന്നാൽ കോവിഡ് പ്രോട്ടോക്കോൾ മൂലം ഇക്കുറി പൊങ്കാല ഉത്സവം ആറ്റുകാൽ ക്ഷേത്രവളപ്പിലേക്ക് ഒതുങ്ങിയിരിക്കുന്നു. പൊങ്കാല കഴിഞ്ഞാൽ തൊട്ടുപിന്നാലെ തിരഞ്ഞെടുപ്പു കേളികൊട്ടിന്റെ ആരവമുയരും.

സ്ത്രീകളുടെ ഏറ്റവും വലിയ കൂട്ടായ്മയാണ് ആറ്റുകാൽ പൊങ്കാല. അതേസമയം ഈ കൂട്ടായ്മ ഒരു വോട്ടുബാങ്കല്ല. അതുകൊണ്ടു തന്നെ പൊങ്കാലയെ ചൊല്ലി വിവാദങ്ങളില്ല. അവകാശവാദങ്ങളും. കോവിഡ് നിയന്ത്രണങ്ങൾ മൂലം ഇത്തവണ പൊങ്കാലയ്ക്ക് നിറപ്പകിട്ടു കുറയും. വിപണിയിലും മാന്ദ്യമുണ്ട്... മൺകലം മുതൽ ചുടുകട്ട വരെയള്ള കോടികളുടെ കച്ചവടമാണ് മുടങ്ങിയത്. എന്നാൽ ഭക്തിക്കു കുറവില്ല.

കഴിഞ്ഞവർഷം ആറ്റുകാൽ പൊങ്കാല കോവിഡിന്റെ നിഴലിലാണ് നടന്നത്. അന്ന് ചൈനയിലെ വുഹാനിൽ നിന്ന്  കോവിഡ് യൂറോപ്യൻ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കു പടർന്നു തുടങ്ങിയിട്ടേയുള്ളൂ. ഫെബ്രുവരി മൂന്നാം വാരത്തിൽ പൊങ്കാല നടക്കുമ്പോൾ കേരളത്തിനു മേലും കൊറോണ വൈറസ് നിഴൽ പരത്തിയിരുന്നു.

വുഹാനിൽ നിന്നെത്തിയ മൂന്ന് മലയാളി വിദ്യാർഥിനികൾക്ക് കോവിഡ് ബാധിച്ചിരുന്നു. ആരോഗ്യവകുപ്പിന്റെ കരുതലും ജനങ്ങളുടെ ജാഗ്രതയും കൊണ്ട് അന്ന് വൈറസ് പടർന്നില്ല. എന്നാൽ രാജ്യാന്തര യാത്രികർ എപ്പോൾ വേണമെങ്കിലും വൈറസുമായി കേരളത്തിലുമെത്തും എന്ന ഭീതി നിലനിന്നു. വൈറസിന്റെ ഭീഷണി ഉണ്ടായിരുന്നെങ്കിലും അന്ന് പൊങ്കാലയ്ക്കുള്ള  ഒരുക്കങ്ങൾ അതിനകം നടത്തിക്കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ പൊങ്കാലയും മാറ്റിവച്ചില്ല.

ഏറെക്കുറെ മൂന്നാഴ്ച കഴിഞ്ഞാണ് ഇറ്റലിയിൽനിന്ന്  വൈറസിന്റെ രണ്ടാം വരവ്. ആ വരവിൽ കേരളവും കോവിഡിന്റെ പിടിയിലമർന്നു. വനിതകളുടെ ഏറ്റവും വലിയ ഉത്സവം എന്നനിലയിൽ ആറ്റുകാൽ പൊങ്കാല ഗിന്നസ് ബുക്കിൽ കയറിക്കഴിഞ്ഞു. എന്നാൽ ഇത്തവണ ഉൽസവത്തിന് കണ്ണെത്താദൂരത്ത് പാതയോരത്ത് തിളച്ചുതൂവുന്ന പൊങ്കാലക്കലങ്ങൾ ഉണ്ടാവില്ല. അടുപ്പു കൂട്ടി തണൽപറ്റി കാത്തിരിക്കാൻ ഭക്തലക്ഷങ്ങളും. പൊങ്കാലയടുപ്പിൽ ഭക്തമനസ്സെരിയുമ്പോൾ ആകാശത്ത് കാർമേഘം പോലെ ഉരുണ്ടുകൂടുന്ന പുകപടലങ്ങളുണ്ടാവില്ല. വഴിയോരത്ത് പൊങ്കാലക്കലങ്ങൾ കുട്ടിയിട്ടുള്ള വിൽപ്പനയും പൊങ്കാല നാളിലെ സൗജന്യ ഭക്ഷണ, പാനീയ വിതരണവുമില്ല.

നിരത്തൊഴിയുമെങ്കിലും പൊങ്കാല ദിവസം  തിരുവനന്തപുരത്തെ ഭക്തരുടെ വീടുകളിലെല്ലാം പൊങ്കാല അടുപ്പുകൾ എരിയും. ഒറ്റയ്ക്കൊറ്റയ്ക്ക് വീട്ടിലിരുന്ന് അവർ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കും. പതിവുപോലെ അയൽ വീടുകളിലേക്ക് സൗഹാർദ്ദ പ്രതീകമായി പാച്ചോറിന്റേയും പായസത്തിന്റേയും പൊതികളെത്തും.

trivandrum-attukal-temple
പെ‍ാങ്കാല ഉത്സവത്തോടനുബന്ധിച്ച് ആറ്റുകാൽ ദേവീ ക്ഷേത്രം രാത്രിയിൽ ദീപാലങ്കാരത്തിൽ.

തിരുവനന്തപുരത്ത് മൂന്നു പതിറ്റാണ്ടിലേറെയായി പത്രലേഖകനായി കഴിയുന്ന എനിക്ക് ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ വളർച്ചയും കൺമുന്നിലുണ്ട്. ആദ്യം അമ്പലത്തിന്റെ ചുറ്റുവട്ടത്തും പിന്നീട്  കിഴക്കേകോട്ടയിലും മാത്രമായി ഒതുങ്ങിയ പൊങ്കാല കാണെക്കാണെ നഗരത്തിന്റെ നാലതിരുകളിലേക്കും നിറഞ്ഞു വളർന്നു. അമ്മയുടെ അനുഗ്രഹം തേടി ഇതര ജില്ലകളിൽ നിന്നും പിന്നീട്  സംസ്ഥാനത്തിനു പുറത്തു നിന്നു പോലും  ഭക്തർ എത്തിത്തുടങ്ങി. ഹിന്ദുക്കളല്ലാത്തവരും പൊങ്കാല അർപ്പിക്കുന്നവർക്കായി വീട്ടുവളപ്പുകൾ ഒഴിച്ചിടുന്നു. വിശ്രമിക്കാൻ സ്ഥലവും ഭക്ഷണവും നൽകുന്നു. ജാതിയും മതവും മറന്ന് ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടാൻ മതസൗഹാർദ്ദത്തിന്റെ പ്രതീകമായി എല്ലാവരും ഒത്തു കൂടുന്നു.

അരി, ശർക്കര, തേങ്ങ, പഴം ഇവ ചേർത്തൊരുക്കുന്ന പായസമാണ് പ്രധാനമായും വഴിപാട്. വെള്ളച്ചോറ്, വെള്ളപായസം പഴം കൊണ്ട് ഉണ്ടാക്കുന്ന തെരളി തുടങ്ങിയവയും നിവേദ്യമായി അർപ്പിക്കുന്നു. അനുഗ്രഹം തേടി ഒരു കലത്തിൽമുതൽ ആയിരം കലത്തിൽ വരെ പൊങ്കാല അർപ്പിക്കുന്നവരുമുണ്ട് .

കണ്ണകീചരിതം പാടി പഞ്ചലോഹ കാപ്പുകെട്ടി ദേവിയെ കൂടിയിരുത്തുന്നതോടെയാണ് ഉത്സവം തുടങ്ങുന്നത്. പെൺകുട്ടികളുടെ താലപ്പൊലിയും ആൺകുട്ടികളുടെ കുത്തിയോട്ടവും  അകമ്പടിയാക്കി പൊങ്കാല നാളിൽ വാദ്യമേളങ്ങളുടെ ദേവിയെ എഴുന്നള്ളിക്കും. പിറ്റേന്ന് ഉച്ചയ്ക്ക്  തിരിച്ചെഴുന്നള്ളി ശ്രീകോവിലിൽ പ്രവേശിച്ച ശേഷം  രാത്രി നടക്കുന്ന കുരുതി തർപ്പണത്തോടെ സമാപനം.

trivandrum-nandan-krishnan
ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽ പെ‍ാങ്കാല ഉത്സവത്തോടനുബന്ധിച്ചുള്ള പ്രധാന ചടങ്ങുകളിലെ‍ാന്നായ കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്ന നന്ദൻ കൃഷ്ണ നമസ്കാരം നടത്തുന്നു.

ഓരോ വർഷവും ലക്ഷങ്ങൾ പങ്കെടുക്കുന്ന ആറ്റുകാൽ പൊങ്കാലയിൽ ലക്ഷക്കണക്കിന് മൺകലങ്ങളുടെയും അടുപ്പു കൂട്ടാനുള്ള ചുടുകട്ടകളുടേയും കച്ചവടമാണ് നടക്കുന്നത്. എല്ലാ വർഷവും ആയിരക്കണക്കിനു സ്ത്രീകളാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നുമായി കാലേകൂട്ടി തിരുവനന്തപുരത്ത് വന്ന് ഹോട്ടലുകളിലും ബന്ധുവീടുകളിലും താമസിക്കുക.

സ്ത്രീകൾ നഗരം കൈയടക്കുന്ന പൊങ്കാല ദിവസം ആരോഗ്യം, പൊലീസ് തുടങ്ങി ഉത്സവചുമതലയുളളവർ ഒഴികെ പുരുഷന്മാർക്ക് നഗരത്തിലേക്കു പ്രവേശനമില്ല. വർഷത്തിൽ ഒരിക്കൽ പുരുഷൻമാരെ വീട്ടിൽ അടച്ചിട്ട് സ്ത്രീകൾ സർവസ്വാതന്ത്ര്യവുമായി നിരത്തുനിറയുന്ന ദിവസം കൂടിയാണിത്.

ഇത്തവണ ആഘോഷമില്ല.  നഗരം മുഴുവൻ ഉൽസവ പ്രതീതി സൃഷ്ടിക്കുന്ന വഴിയോരങ്ങളിലെ സംഗീതാർച്ചനകളില്ല. കോവിഡ് ഭീതിയിൽ പണ്ടേയടഞ്ഞ ഹോട്ടൽ മുറികളിൽ വെളിച്ചമില്ല  നഗരം മൂകമാണ്. ഇത്തവണത്തെ പൊങ്കാലയുടെ ആളും ആരവവും നിരത്തുകളിലും കാര്യമായില്ല.

കോവിഡ് സാഹചര്യത്തിലും ഭക്തിക്കും വിശ്വാസത്തിനും പ്രാർത്ഥനയ്ക്കും കുറവൊന്നുമില്ല. ആറ്റകാൽ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കും കുറവില്ല. എത്താൻ കഴിയുന്നവരൊക്കെ ക്ഷേത്രത്തിലെത്തുന്നു. കൊറോണയെ തുരത്തി അടുത്ത വർഷം പൊങ്കാലനാളിൽ നഗരത്തിൽ പൊങ്കാലയടുപ്പിൽ തീയെരിക്കാനാകുമെന്ന പ്രതീക്ഷയോടെ, പ്രാർഥനകളുമായി ഭക്തലക്ഷങ്ങളും.

English Summary: For first time in history, Attukal Pongala to be held with restrictions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA