ജനിതക വകഭേദമുണ്ടായോ? ജീനോം സീക്വൻസിങ്ങിന് സാംപിളയച്ച് കേരളം

Covid Corona Genome Test
കൊറോണ വൈറസിന്റെ ജീനോം സീക്വൻസിങ് നടത്തുന്ന ആരോഗ്യ പ്രവർത്തക. ചിത്രം: Christophe SIMON / AFP
SHARE

ന്യൂഡൽഹി ∙ കുറച്ചു ദിവസങ്ങളായി കോവിഡ് കേസുകൾ വർധിച്ച അഞ്ചു സംസ്ഥാനങ്ങളിൽപ്പെട്ട കേരളത്തിലും മഹാരാഷ്ട്രയിലുംനിന്ന് ഒരു മാസത്തിനിടെ 800 മുതൽ 900 വരെ സാംപിളുകൾ ജീനോം സീക്വൻസിങ്ങിന് അയച്ചതായി റിപ്പോർട്ട്. ജനിതകഭേദമുണ്ടായ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണിത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമമാണു വാർത്ത പുറത്തുവിട്ടത്.

ജീനോം സീക്വൻസിങ്ങിനായുള്ള സാംപിളുകൾ പഞ്ചാബിൽനിന്നും ബെംഗളൂരുവിൽനിന്നും കേന്ദ്രം ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തിന്റെ ഈ ഭാഗങ്ങളിൽ കോവിഡ് കേസുകൾ കൂട്ടുന്നതിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങൾക്കു പങ്കുണ്ടോയെന്ന് മൂന്നുനാലു ദിവസത്തിനുള്ളിൽ വ്യക്തമാകുമെന്നു മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു.

രാജ്യത്ത് ഇതുവരെ ആറായിരത്തോളം സാംപിളുകളുടെ ജീനോം സീക്വൻസിങ് നടന്നിട്ടുണ്ട്. കേരളത്തിലും മുംബൈയിലും ‘മൈക്രോ ലെവൽ മോണിറ്ററിങ്’ നടത്തുന്നുണ്ടെന്നും പുതിയ പ്രദേശങ്ങളിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്നുണ്ടോ എന്നു പരിശോധിക്കുന്നതായും കേന്ദ്രം അറിയിച്ചു. അതേസമയം, ഇന്ത്യയുടെ ജീനോം സീക്വൻസിങ് വളരെ കുറവാണെന്നും ആ സ്ഥിതി മാറണമെന്നും സർക്കാർ ഉദ്യോഗസ്ഥർ സമ്മതിക്കുന്നുമുണ്ട്.

‘ജീനോം സീക്വൻസിങ്ങിനായി രാജ്യം പത്ത് നിരീക്ഷണ സൈറ്റുകളോ ലാബുകളോ സ്ഥാപിച്ചു. ഇതിൽ വേണ്ട‌ത്ര പുരോഗതി കൈവരിക്കാനായിട്ടില്ല. എല്ലാ പോസിറ്റീവ് സാംപിളുകളുടെയും 5 ശതമാനം സീക്വൻസിങ് ദിവസേന നടക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. വിദേശത്തുനിന്ന് ഇന്ത്യയിലെത്തിയ വൈറസ് വകഭേദങ്ങളെയും രാജ്യത്തിനകത്ത് രൂപപ്പെട്ട വകഭേദങ്ങളെയും തിരിച്ചറിയാനാകണം.’– ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) കോവിഡ് ടാസ്‌ക്ഫോഴ്‌സ് ഓപ്പറേഷൻ റിസർച്ച് ഗ്രൂപ്പ് മേധാവി ഡോ. എൻ.കെ.അറോറ പറഞ്ഞു.

ഇന്ത്യയിൽ കോവിഡ് കേസുകളിൽ ഒരിടവേളയ്ക്കുശേഷം വീണ്ടും വർധനയുണ്ടായതു ഗൗരവത്തോടെയാണു കേന്ദ്ര സർക്കാർ കാണുന്നത്. പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളുടെ എണ്ണവും കൂടി. കഴിഞ്ഞ നവംബർ അവസാനത്തിനുശേഷം ഇപ്പോഴാണു കണക്കിൽ കുതിപ്പുണ്ടായത്. മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ പ്രതിദിന രോഗികളുടെ വർധനയുണ്ടായതാണു ദേശീയ തലത്തിൽ എണ്ണം കൂട്ടിയതെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു.

എന്താണ് ജീനോ സീക്വൻസിങ്?

തുടരെത്തുടരെ ‘ജനിതക സ്വഭാവം’ മാറ്റുന്നുവെന്നതാണു കൊറോണ പോലുള്ള ആർഎന്‍എ വൈറസുകളുടെ പ്രശ്നം. ഒരു ജനിതക സ്വഭാവം പഠിച്ച് ഗവേഷകർ മരുന്നു തയാറാക്കുമ്പോഴേക്കും അതു മാറിയിട്ടുണ്ടാകും. പുതിയ കൊറോണ വൈറസിലും പല തവണ ജനിതക തിരുത്തലുകൾ (മ്യൂട്ടേഷൻ) സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണു ജീനോം സീക്വൻസിങ് ഗവേഷകർക്കു വലിയ വെല്ലുവിളിയാകുന്നത്.

ഒരു വൈറസിനെ രൂപപ്പെടുത്തുന്ന എല്ലാ ജീനുകളും ചേർന്നതാണ് ഒരു ജീനോം. ഈ ജീനോമിനോ അതിന്റെ ഭാഗങ്ങൾക്കോ സംഭവിക്കുന്ന മാറ്റങ്ങളാണ് ഗവേഷകർ പുതിയ വാക്സീൻ കണ്ടെത്തുന്നതിനു മുൻപു തിരിച്ചറിയേണ്ടത്. ഒരു ജീനിലെ ന്യൂക്ലിയോടൈഡുകളുടെ സീക്വൻസ് തയാറാക്കുന്നതിനെയാണു ജീനോം സീക്വൻസിങ് എന്നുവിളിക്കുന്നത്. എ,ബി,സി,ഡി... അക്ഷരങ്ങൾ പോലെയാണത്. ആർഎൻഎയുടെയോ ഡിഎൻഎയുടേയോ അടിസ്ഥാന ഘടകമാണ് ന്യൂക്ലിയോടൈഡുകൾ. കയറു പിരിച്ചതുപോലെ രണ്ടു നാരുകളായാണ് (strand) ഡിഎൻഎയുടെ രൂപം. എന്നാൽ ഒരൊറ്റ നാരിനാലാണ് ആർഎൻഎ രൂപപ്പെടുത്തിയിരിക്കുന്നത്.

English Summary: Amid Mutant Strain Fears, Experts Call For Genome Tests On "War-Footing"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA