ADVERTISEMENT

മാന്നാർ (ആലപ്പുഴ) ∙ വിദേശത്തുനിന്നു മടങ്ങിയെത്തിയ യുവതിയെ വീട് ആക്രമിച്ചു തട്ടിക്കൊണ്ടുപോയത് സ്വർണക്കടത്ത് സംഘത്തിന്റെ നിർദേശ പ്രകാരമെന്ന് പൊലീസ്. യുവതിയുടെ പക്കൽ കൊടുത്തുവിട്ട സ്വർണം കേരളത്തിലെ ഇടപാടുകാരിൽ എത്താതിരുന്നതാണു തട്ടിക്കൊണ്ടുപോകാൻ കാരണമെന്നും വ്യക്തമായി. മാന്നാർ കുരട്ടിക്കാട് കോട്ടുവിളയിൽ വിസ്മയ വിലാസത്തിൽ ബിനോയിയുടെ ഭാര്യ ബിന്ദുവിനെയാണ് (39) അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചത്.

ദുബായിലായിരുന്നപ്പോൾ സ്വർണക്കടത്ത് സംഘത്തിലെ ചിലരുമായി സൗഹൃദമുണ്ടായിരുന്ന യുവതിയെ കേരളത്തിലേക്ക് സ്വർണം കടത്തുന്ന കാരിയർ ആയി ഉപയോഗിക്കുകയായിരുന്നു. ഇത്തവണ യുവതിയുടെ പക്കൽ കൊടുത്തുവിട്ടത് ഒന്നര കിലോ സ്വർണമായിരുന്നത്രെ.  പിടിക്കപ്പെടുമെന്ന ഭയത്താൽ സ്വർണം എയർപോർട്ടിൽ ഉപേക്ഷിച്ചെന്നാണ് യുവതി പറയുന്നത്. എന്നാൽ സ്വർണക്കടത്തു സംഘം ഇത് വിശ്വസിക്കാൻ തയാറായില്ല.

സ്വർണമോ പണമോ നൽകണമെന്നായിരുന്നു സംഘത്തിന്റെ ആവശ്യം. യുവതി വിദേശത്തുനിന്ന് വീട്ടിലെത്തിയ സമയംതന്നെ ഈ സംഘാംഗങ്ങളും മാന്നാറിൽ എത്തിയിരുന്നതായും വ്യക്തമായി. പ്രദേശത്തുള്ള ചിലരുടെ സഹായത്തോടെ മൂന്നു ദിവസം സംഘം മാന്നാറിലും പരിസരങ്ങളിലുമായി താമസിച്ചു. യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ മാത്രമാണ് ഇപ്പോൾ പൊലീസ് അന്വേഷണം.

ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് അടക്കമുള്ള മറ്റ് എജൻസികളുടെ അന്വേഷണം വൈകാതെ ഉണ്ടാകുമെന്നാണ് സൂചന. രാത്രി മാന്നാറിലെത്തിച്ച യുവതിയെ മൊഴി രേഖപ്പെടുത്തിയ ശേഷം ബന്ധുക്കൾക്കൊപ്പം പൊലീസ് വിട്ടയച്ചു. തട്ടിക്കൊണ്ടു പോയ സംഘത്തിന് സഹായം നൽകിയ ചിലരെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. 

നേരത്തെ ഖത്തറിൽ ജോലി ചെയ്തിരുന്ന ബിന്ദു നാട്ടിലെത്തിയ ശേഷം ജോലി തേടി 40 ദിവസം മുൻപ് സന്ദർശക വീസയിൽ ദുബായിലേക്കു പോയി. കഴിഞ്ഞ 19 നാണ് മടങ്ങിയെത്തിയത്. ഇതിനിടയിൽ ബിന്ദുവിനെ അന്വേഷിച്ച് ചിലർ പലവട്ടം കുരട്ടിക്കാട്ടെ വീട്ടിലെത്തി. 20ന് രാജേഷ് എന്നയാൾ വീട്ടിലെത്തി സ്വർണം ആവശ്യപ്പെട്ടു.

തന്റെ കയ്യിൽ ആരും സ്വർണം തന്നുവിട്ടിട്ടില്ലെന്നു ബിന്ദു പറഞ്ഞതോടെ ആളു മാറിപ്പോയതാണെന്നു പറഞ്ഞു രാജേഷ് മടങ്ങി. പിന്നെയും ചിലർ സ്വർണം ആവശ്യപ്പെട്ട് എത്തി. കഴിഞ്ഞദിവസം പുലർച്ചെ ഒന്നരയോടെയാണ് പതിനഞ്ചോളം പേരടങ്ങുന്ന സംഘം വീടു വളഞ്ഞത്. അവർ ആവശ്യപ്പെട്ടെങ്കിലും കതകു തുറക്കാത്തതിനാൽ മാരകായുധങ്ങളുപയോഗിച്ച് മുൻവാതിൽ തകർത്ത് അകത്തു കയറി.

മുറിയിൽ കയറി കതകടച്ച് പൊലീസിനെ വിളിക്കുകയായിരുന്ന ബിന്ദുവിനെ കതകു പൊളിച്ചു കയറിയാണ് സംഘം തട്ടിക്കൊണ്ടുപോയത്. സംഘത്തിന്റെ ആക്രമണത്തിൽ ബിന്ദുവിന്റെ അമ്മ ജഗദമ്മയ്ക്ക് പരുക്കേറ്റു. ഈ സമയത്ത് ബിന്ദുവിന്റെ ഭർത്താവും സഹോദരനും ഉൾപ്പെടെ 9 പേർ വീട്ടിലുണ്ടായിരുന്നെങ്കിലും എതിർക്കാനായില്ല. ബിന്ദുവിന്റെ മൊബൈൽ ഫോൺ സംഘം എറിഞ്ഞു പൊട്ടിച്ച ശേഷം എടുത്തു കൊണ്ടുപോയി.

അക്രമം നടന്ന് അരമണിക്കൂറിനു ശേഷമാണ് പൊലീസ് വീട്ടിലെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം ഉച്ചയോടെ ബിന്ദുവ‍ിനെ പാലക്കാട് വടക്കഞ്ചേരിക്കു സമീപം മുടപ്പല്ലൂരിൽ വഴിയിലുപേക്ഷിച്ചു കടന്നു. 1000 രൂപയും ബിന്ദുവിനു നൽകി. അവശനിലയിലായ ബിന്ദു ഓട്ടോറിക്ഷ വിളിച്ച് വടക്കഞ്ചേരി സ്‌റ്റേഷനിൽ എത്തി വിവരം അറിയിച്ചു. സ്റ്റേഷനിൽ ബോധരഹിതയായ യുവതിയെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

തുടർന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം മാന്നാറിലേക്കു കൊണ്ടുപോയി. കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘമാണ് അക്രമത്തിനു പിന്നിലെന്നാണു വീട്ടുകാരുടെ പരാതി. ശാസ്ത്രീയ പരിശോധന വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി. തന്നെ തട്ടിക്കൊണ്ടുപോയ വാഹനത്തിൽ 4 പേരാണ് ഉണ്ടായിരുന്നതെന്നും ഇവർ പണം ആവശ്യപ്പെട്ടിരുന്നെന്നും ബിന്ദു മാധ്യമപ്രവർത്തകരോടു പറഞ്ഞു.

English Summary: Kidnappers demanded money says Alappuzha woman: one Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com