ADVERTISEMENT

ന്യൂഡൽഹി ∙ സർവേ ഓഫ് ഇന്ത്യയുടെ കുത്തകയായിരുന്ന ഭൂപട– ഭൗമശാസ്ത്ര വിവരങ്ങൾ ഇനി എല്ലാവർക്കും ആവശ്യാനുസരണം ഉപയോഗിക്കാൻ വേണ്ട നിയമഭേദഗതിയുമായി കേന്ദ്ര ശാസ്ത്ര–സാങ്കേതിക വകുപ്പ്.

ഇ–വ്യാപാരം ശക്തിപ്പെടുത്തുന്നതിനും നഗരവികസനത്തിനും ആസൂത്രണത്തിനും കാർഷിക വിളകൾ വിൽക്കുന്നതിനും കൃഷിക്കു മരുന്നടിക്കുന്നതിനും മുതൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഓരോ മേഖലയ്ക്കും ഈ നയംമാറ്റം വൻ സാധ്യതകളാണ് തുറക്കുന്നത്.

രാജ്യത്തെ നഗരത്തിലോ വിദൂരമായ ഒരു ഗ്രാമത്തിലോ ഉള്ള ഒരു വീട്ടിലേക്ക് കൊറിയർ വഴി ഒരു ഉൽപ്പന്നം എത്തിക്കുന്നതിനുള്ള എളുപ്പവഴി സംബന്ധിച്ച കംപ്യൂട്ടർ പ്രോഗ്രാം ലഭ്യമാക്കാൻ ഇത്തരം ഭൂപടങ്ങളും രൂപരേഖകളും ആവശ്യമാണ്. നാളിതുവരെ ഇത്തരം വിവരങ്ങൾ സുരക്ഷാകാരണങ്ങളാൽ സ്വകാര്യ മേഖലയ്ക്കു കൈമാറിയിരുന്നില്ല. അഥവാ ലഭ്യമാക്കണമെങ്കിൽ ഒട്ടേറെ അപേക്ഷകളും അനുമതികളും സാങ്കേതിക തടസ്സങ്ങളുമുണ്ടായിരുന്നു. ഇതെല്ലാം എടുത്തുമാറ്റി ഭൂപട വിവരങ്ങൾ സ്വന്തമാക്കാമെന്ന സ്ഥിതി സംജാതമാകുന്നതോടെ ലോകത്തെ മറ്റു രാജ്യങ്ങളെപ്പോലെ ഇന്ത്യയിലും ഇ–കൊമേഴ്സും മറ്റ് ബിസിനസ് ഇടപാടുകളും കൂടുതൽ സജീവമാകും. തൊഴിലവസരങ്ങൾ കൂടുതലായി സൃഷ്ടിക്കുന്നതിനും ഇതു സഹായകമാകും.

ഭൂപടാധിഷ്ടിത സർവേകൾക്ക് ഇനി മുതൽ പ്രത്യേക അനുമതി ആവശ്യമില്ലെന്നും ഇതു സംബന്ധിച്ച ചർച്ചയിൽ ശാസ്ത്ര സാങ്കേതിക സെക്രട്ടറി അശുതോഷ് ശർമ പറഞ്ഞു.

പ്രധാന കേന്ദ്രങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ എടുക്കാമെങ്കിലും ഭൂപടങ്ങൾ സ്വന്തമാക്കി വിശദാംശങ്ങൾ പുറത്തുവിടുന്നതു സംബന്ധിച്ചു നിയന്ത്രണങ്ങൾ തുടരും. നമ്മുടെ സ്റ്റാർട്ടപ്പ് സംരഭകരെ ഒരു പരിധിവരെ ഇക്കാര്യത്തിൽ വിശ്വസിക്കുകയാണു സർക്കാരെന്നും ശർമ വ്യക്തമാക്കി.

ലോകമെമ്പാടും നിർമിത ബുദ്ധിയും മറ്റും കളംപിടിക്കുന്നതിനൊപ്പം ഭൂപടാധിഷ്ടിത സാങ്കേതിക വിദ്യകൾക്കു (മാപ്പിങ്) വൻ പുരോഗതിയാണ്. ഇത് ഉപയോഗിച്ച് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാമെന്ന സാധ്യതയാണ് ആഗോളമായി ചിന്തിച്ച് പുതിയ നയം രൂപീകരിക്കാൻ കേന്ദ്രത്തെ പ്രേരിപ്പിച്ചത്.

ഭൂപടങ്ങളിലൂടെ ലഭ്യമാകുന്ന വിവരങ്ങൾ ഡൗൺലോഡ് ചെയ്ത് സ്വതന്ത്രമായി ഉപയോഗിക്കാനുള്ള അവകാശം തൽക്കാലം ഇവിടെ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്.  രാജ്യത്തിനു പുറത്തുള്ളവർക്കും ഇതു ലഭ്യമാകില്ല.

മാപ് മൈ ഇന്ത്യ പോലെയുള്ള കമ്പനികളിൽ കഴിഞ്ഞ 50 വർഷത്തെ ഭൂപടവിവരങ്ങളുടെ വൻ ശേഖരമുണ്ട്. സംഖ്യകളും അക്ഷരങ്ങളും ചേർന്ന (ആൽഫാന്യൂമെറിക്കൽ) ആറക്ക കോഡ് വഴി ഇന്ത്യയിലെ ഏതൊരു കുടിലും കൊട്ടാരവും ഇതിലൂടെ അറിയാനാവും. മേൽവിലാസം പോലുമെഴുതാതെ ഈ കോഡ് നൽകിയാൽ എന്തും ഇവിടെ എത്തിക്കാനാവും.

ജിപിഎസ് അധിഷ്ടിത രീതിയിലുടെ ഓരോ തുണ്ടു ഭൂമിയുടെയു അതിരും അളവും ഉടമസ്ഥാവകാശവും അറിയുക വഴി വസ്തുവായ്പ ഉൾപ്പെടെ വേഗത്തിലാക്കാൻ കഴിയുമെന്ന സാധ്യതയും പുതിയ നിയമഭേദഗതിയുടെ ഗുണമാണ്.

രാജ്യത്തെ ഓരോ മുക്കിലും മൂലയിലും നടക്കുന്ന റോഡ് പണികളോ വീടു പണികളെ എല്ലാം ഇതിലൂടെ ലഭ്യമാക്കാൻ കഴിയുന്നതോടെ പണികളുടെ വിലയിരുത്തലും നികുതി– സെസ് ഈടാക്കലും എളുപ്പമാക്കാം.

ബ്രീട്ടീഷ് ഭരണകാലം മുതൽ സർക്കാർ കുത്തകയാക്കി വച്ച ഭൂപട വിവരങ്ങൾ ജനങ്ങൾക്കു നൽകുക വഴി വിജ്ഞാന സമ്പദ്ഘടനയെ വികസിപ്പിക്കാൻ കഴിയുമെന്ന നേട്ടവുമുണ്ട്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു നടത്തിയ സർവേകളുടെ ഫലം ജനങ്ങൾക്കു നൽകുക തന്നെ വേണമെന്നതാണ് കേന്ദ്രത്തിന്റെ ഇതുസംബന്ധിച്ച പുതിയ കാഴ്ചപ്പാട്. എന്നാൽ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ തന്നെ സൂക്ഷിക്കും.

English Summary: Mapping and geology data can be used by anyone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com