പൂഞ്ഞാർ ചതുഷ്കോണ മത്സരത്തിനോ?; പി.സി.യുടെ രാഷ്ട്രീയ‘പക്ഷം’ എന്താകും?

1200-pc-george-12
പി.സി ജോർജ്
SHARE

കോട്ടയം ∙ എല്ലാ പക്ഷത്തും നിന്നു, ഒറ്റയ്ക്കും. ഇത്തവണ പി.സി.ജോർജിന്റെ ജനപക്ഷം ഏതു പക്ഷത്തു ചേരും? അതോ ഇത്തവണയും ‘പൂഞ്ഞാർ ആശാൻ’ ഒറ്റയ്ക്കു മൂന്നു മുന്നണികളെയും നേരിടുമോ? പൂഞ്ഞാറിൽ പി.സി. ജോർജിന്റെ നീക്കങ്ങളും നീക്കുപോക്കുകളും കൗതുകത്തോടെ ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.

മാറിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ യുഡിഎഫിനൊപ്പം അണിചേരാനാകുമെന്ന പ്രതീക്ഷയാണ് പി.സി. വച്ചുപുലർത്തിയത്. എന്നാൽ പ്രാദേശിക കോൺഗ്രസ് നേതൃത്വം അനുകൂല നിലപാടെടുക്കാത്തത് ഇതിനു തടസ്സമാണ്. അന്തിമ തീരുമാനം വരാത്തതിൽ ക്ഷമ നശിച്ച പി.സി. ഫെബ്രുവരി 24 വരെ മാത്രമേ യുഡിഎഫ് പ്രവേശനത്തിൽ നേതാക്കളുടെ തീരുമാനത്തിനായി കാത്തിരിക്കൂ എന്ന മുന്നറിയിപ്പും നൽകിക്കഴിഞ്ഞു.

‘‘ഒറ്റക്കെട്ടായി മുന്നോട്ടുപോയാൽ നേരിയ ഭൂരിപക്ഷത്തിന് യുഡിഎഫിന് അധികാരത്തിൽ തിരിച്ചെത്താനാകും. അതല്ലെങ്കിൽ പിണറായി വിജയനും ഇടതുപക്ഷത്തിനുമാകും നേട്ടം.’’ – പിന്നിട്ട ആഴ്ച പി.സി.ജോർജ് പ്രഖ്യാപിച്ചതിങ്ങനെ. ആരുടെ സഹായമില്ലെങ്കിലും പൂഞ്ഞാറിൽ ജയിക്കാനാകുമെന്ന ഉത്തമവിശ്വാസവും ഇതിനൊപ്പം പി.സി. പങ്കുവച്ചു. കേരള ജനപക്ഷം(സെക്യുലർ) ആയി തന്നെ തിരഞ്ഞെടുപ്പിനെ നേരിട്ടാലും പൂ‍ഞ്ഞാറിൽ 35,000 വോട്ടിനു ജയിക്കുമെന്നാണ് പി.സി.യുടെ അവകാശവാദം.

ഇതിനിടെ, അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് ആയിരം രൂപ സംഭാവന നൽകി എൻഡിഎ സ്നേഹം വെളിപ്പെടുത്താനും പി.സി. മടിച്ചില്ല. കോട്ടയം പള്ളിക്കത്തോട്ടിലെ ഒരു വിവാഹചടങ്ങിനിടെയാണ് തന്നെ കണ്ട ബിജെപി–ആർഎസ്എസ് നേതാക്കൾക്ക് സംഭാവന നൽകാൻ പി.സി. സന്നദ്ധത കാട്ടിയത്. കോട്ടയം സേവാപ്രമുഖ് ആർ. രാജേഷിന് ആയിരം രൂപ നൽകിയ പി.സി., ഒരു ജനപ്രതിനിധി എല്ലാവരെയും ഒരു പോലെ കാണേണ്ടതുണ്ടെന്നാണ് സംഭാവന നൽകിയ നിലപാടിന് പിൻബലമായി പറഞ്ഞതും.

pc-george-1

‘‘റോമന്‍ കത്തോലിക്കന്‍ ആണ്. ദൈവ വിശ്വാസിയാണ്. ഞാന്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നു. ചിലര്‍ അള്ളാഹുവില്‍, ചിലര്‍ പരമേശ്വരനില്‍, എല്ലാം ദൈവ വിശ്വാസം. ദൈവ വിശ്വാസികളുടെ അഭിപ്രായം അനുസരിച്ച് ചെയ്യുക. മോസ്‌ക് പണിയാനും പള്ളി പണിയാനും കാശ് കൊടുത്തിട്ടുണ്ട്. രാമക്ഷേത്രത്തിനു പണം കൊടുത്തു. ചോദിച്ചാല്‍ ഇനിയും കൊടുക്കും. ഇത് പറഞ്ഞ് ആരും പേടിപ്പിക്കാന്‍ വരേണ്ട. – പി.സി. ഇങ്ങനെ ഉറപ്പിച്ചു പറയുമ്പോൾ ആർക്കും മറുപടി പറയാനുമില്ല.

2016 തിരഞ്ഞെടുപ്പ് ഫലം

കേരള രാഷ്ട്രീയത്തെയാകെ 2016ൽ അമ്പരപ്പിച്ച തിരഞ്ഞെടുപ്പ് ഫലം സമ്മാനിച്ച മണ്ഡലമാണ് പൂഞ്ഞാർ. മൂന്നു മുന്നണികളോടും ഒറ്റയ്ക്ക് ഏറ്റുമുട്ടിയാണ് സ്വതന്ത്ര സ്ഥാനാർഥിയായി പി.സി.ജോർജ് പൂഞ്ഞാറിൽ വമ്പൻവിജയം നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ സ്ഥാനാർഥി, യുഡിഎഫിലെ ജോർജ്കുട്ടി ആഗസ്തിയെക്കാൾ 27,821 വോട്ടുകളാണ് പി.സി.ജോർജ് അന്ന് അധികം നേടിയത്.

pc-george

വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ മുതൽ വ്യക്തമായ ഭൂരിപക്ഷം നിലനിർത്താനായ പി.സി.ജോർജിന്റെ വിജയക്കുതിപ്പിന് ഒരുതവണപോലും കടിഞ്ഞാണിടാൻ മൂന്നു മുന്നണികൾക്കുമായില്ല. പിണറായി വിജയൻ നേരിട്ടെത്തി പ്രചാരണം നടത്തിയിട്ടും എൽഡിഎഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

ആകെ പോൾ ചെയ്ത 1,45,753 വോട്ടുകളിൽ 63,621 വോട്ടുകളാണ് പി.സി.ജോർജ് നേടിയത്. അതായത് 43.65% വോട്ട്. ജോർജ്കുട്ടി ആഗസ്തി (കേരള കോൺഗ്രസ് എം) 35,800 വോട്ടുകളാണ് (24.56%) നേടിയത്. പി.സി.ജോസഫ് (ജനാധിപത്യ കേരള കോൺഗ്രസ്) 22,270 വോട്ടുകളും (15.28%), എം.ആർ.ഉല്ലാസ് (ബിഡിജെഎസ്) 19,966 വോട്ടുകളും (13.70%) നേടി.

ഈരാറ്റുപേട്ട (2,952 വോട്ടിന്റെ ഭൂരിപക്ഷം), തീക്കോയി (729 വോട്ട്), പൂഞ്ഞാർ തെക്കേക്കര (2,210 വോട്ട്), പൂഞ്ഞാർ (1,689 വോട്ട്), തിടനാട് (2,328 വോട്ട്), മുണ്ടക്കയം (6,363 വോട്ട്), പാറത്തോട് (1,930 വോട്ട്), കൂട്ടിക്കൽ (455 വോട്ട്), കോരുത്തോട് (2,394 വോട്ട്), എരുമേലി (6,791 വോട്ട്) എന്നിങ്ങനെ നഗരസഭ, ഗ്രാമപഞ്ചായത്ത് തലങ്ങളിലെല്ലാം പി.സി.ജോർജ് ലീഡ് നേടി.

2019 ലോക്സഭാ തിരഞ്ഞെടുപ്പ്

2016 ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് ചരിത്ര വിജയം നേടിയ പി.സി. ജോർജ് 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കൊപ്പമായിരുന്നു. പത്തനംതിട്ടയിൽ ശബരിമല വികാരവും പൂഞ്ഞാറിൽ പി.സി. ജോർജിന്റെ പിന്തുണയും കൂടിയാകുമ്പോൾ വിജയിക്കാമെന്നു ബിജെപിയും കരുതി. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ യുഡിഎഫിനായിരുന്നു മേൽക്കൈ. നിയമസഭാ തിരഞ്ഞെടുപ്പിൽ പി.സി. ജോർജിന് ലഭിച്ച് 27,821 വോട്ടിന്റെ ലീഡ് മറികടന്ന് ലോക്സഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ നിന്ന് ആന്റോ ആന്റണി 17,921 വോട്ടിന്റെ ലീഡ് നേടി. 

1200-P-C-George-P-C-Thomas-Rajnath-S
എൻഡിഎ കോട്ടയം പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് യോഗം നാഗമ്പടം മൈതാനത്ത് ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനൊപ്പം പി.സി.ജോർജ് എംഎൽഎ, എൻഡിഎ സ്ഥാനാർഥി പി.സി.തോമസ്, ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരി എന്നിവർ. ഫയൽ ചിത്രം ∙ റെജു അർണോൾഡ്

2021 ലെ തിരഞ്ഞെടുപ്പ് ചിത്രം

യുഡിഎഫ് മുന്നണിയുടെ ഭാഗമായി നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് പി.സി. ജോർജ് ആദ്യം താൽപര്യം പ്രകടിപ്പിച്ചത്. മുന്നണി പ്രവേശനം സംബന്ധിച്ച ജോർജിന്റെ ആവശ്യത്തിൽ ചർച്ച അവസാന ഘട്ടം വരെ എത്തിയിരുന്നു. പൂഞ്ഞാറിലോ, മാണി സി. കാപ്പൻ യുഡിഎഫിൽ വന്നില്ലെങ്കിൽ പാലായിൽ ജോസ് കെ. മാണിക്കെതിരെയോ ജോർജിനെ മത്സരിപ്പിക്കാൻ കോൺഗ്രസിൽ ആലോചനയും നടന്നിരുന്നു.

രണ്ടു വർഷം മുൻപ് പി.സി. ജോർജ് നടത്തിയ ന്യൂനപക്ഷ വിരുദ്ധ പരാമർശവും ഇടയ്ക്ക് എൻഡിഎ മുന്നണിയിൽ അംഗമായതും യുഡിഎഫിനു തിരിച്ചടിയാകുമെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വവും മുസ്‍ലിം ലീഗും വാദിച്ചതും പി.സിയുടെ വലതു മുന്നണിപ്രവേശത്തിനു  വിലങ്ങുതടിയാകുമെന്നാണ് വിലയിരുത്തൽ. പി.സി. ജോർജിന്റെ പാർട്ടിയെ എൽഡിഎഫിൽ ഘടകകക്ഷിയാക്കാൻ സാധ്യതയില്ല. യുഡിഎഫിന്റെ ഭാഗമാകാൻ സാധിച്ചില്ലെങ്കിൽ ഇത്തവണയും ഒറ്റയ്ക്ക് മത്സരിക്കാനാണ് പി.സി. ജോർജിന്റെ നീക്കമെന്നാണ് സൂചന.

English Summary: Poonjar may witness four-cornered battle again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA