5000 കോടിയുടെ ധാരണാപത്രം റദ്ദാക്കിയിട്ടില്ല; 2018 മുതൽ ഗൂഢാലോചന നടന്നു: ചെന്നിത്തല

Ramesh Chennithala
രമേശ് ചെന്നിത്തല
SHARE

തിരുവനന്തപുരം ∙ ഇഎംസിസിയും കെഎസ്ഐഡിസിയും തമ്മിലുള്ള ധാരണാപത്രവും ഇഎംസിസിക്ക് 4 ഏക്കർ നൽകാനുള്ള ഉത്തരവും റദ്ദാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആഴക്കടൽ മത്സ്യബന്ധനം സംബന്ധിച്ച കരാറിന്റെ ഒരു ഭാഗം മാത്രമേ സംസ്ഥാന സർക്കാർ റദ്ദ് ചെയ്തിട്ടുള്ളുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ വർഷം ഫെബ്രുവരി 28ന് അസെൻഡ് നിക്ഷേപക ഉച്ചകോടിയിൽ ഒപ്പിട്ട 5000 കോടി രൂപയുടെ ധാരണാപത്രം നിലനിൽക്കുകയാണെന്നും അതു റദ്ദാക്കുന്നതിനെപ്പറ്റി സർക്കാർ ഒന്നും പറയുന്നില്ലെന്നു രമേശ് ചെന്നിത്തല പറഞ്ഞു. അമേരിക്കൻ കമ്പനിക്ക് ആലപ്പുഴയിലെ പള്ളിപ്പുറത്തു നൽകിയ 4 ഏക്കർ സ്ഥലം തിരികെ വാങ്ങാൻ നടപടിയില്ല. പദ്ധതിക്കു വഴിതുറന്ന മത്സ്യനയത്തിൽ തിരുത്തൽ വരുത്താനും സർക്കാർ തയാറായിട്ടില്ല. എപ്പോൾ വേണമെങ്കിലും നടപ്പിലാക്കാൻ കഴിയുന്ന രീതിയിൽ കരാർ നിലനിർത്തിയിരിക്കുന്നത് അപകടകരമായ സൂചനയാണെന്നു ചെന്നിത്തല പറഞ്ഞു.

സർക്കാർ ഒപ്പിട്ട ധാരണാപത്രത്തിന്റെ കാലാവധി ആറു മാസമാണെന്നും അതു കഴിഞ്ഞാൽ റദ്ദാകുമെന്നുമുള്ള പ്രചാരണം ശരിയല്ല. മത്സ്യസമ്പത്ത് വൻതോതിൽ കൊള്ളയടിക്കാനും മത്സ്യത്തൊഴിലാളികളെ ചൂഷണം ചെയ്യാനുമുള്ള ഗൂഢാലോചനയാണ് നടന്നത്. 2018 മുതൽ ആസൂത്രിതമായ ഗൂഢാലോചന നടന്നു. മുഖ്യമന്ത്രിയുമായി കമ്പനി പ്രതിനിധികൾ ചർച്ച നടത്തിയെന്ന് ഇതിനോടകം വ്യക്തമായിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് കമ്പനി പദ്ധതിരേഖ സമർപ്പിച്ചത്. ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ദിവസവും ഓരോ കള്ളം പറയുകയാണ്.

ഇഎംസിസി മാത്രമല്ല മറ്റു കുത്തക കമ്പനികളും പദ്ധതിക്കു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. ഓൺലൈൻ മാർക്കറ്റിങ് കമ്പനികളും പദ്ധതിക്കു പിന്നിലുണ്ടെന്നു സംശയമുണ്ട്. പള്ളിപ്പുറത്തെ ഫാക്ടറിയിൽനിന്ന് കുത്തക കമ്പനികളുടെ സ്റ്റോറേജിലേക്കാണ് സംസ്കരിച്ച മത്സ്യം പോകുന്നത്. മത്സ്യത്തൊഴിലാളികളെ പറ്റിച്ച് കോടികളുടെ ലാഭമുണ്ടാക്കാനാണ് പദ്ധതി. പ്രതിപക്ഷം കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ നാലോ അഞ്ചോ വർഷം കൊണ്ട് കേരള തീരത്തെ ഇവർ കൊള്ളയടിക്കുമായിരുന്നു.

കരാർ സംബന്ധിച്ച് അഡീഷനൽ ചീഫ് സെക്രട്ടറി അന്വേഷിച്ചതുകൊണ്ട് പ്രയോജനമില്ല. ഇപ്പോൾ പ്രഖ്യാപിച്ച അന്വേഷണം തൃപ്തികരമല്ല. മുഖ്യമന്ത്രിയും 2 മന്ത്രിമാരും ഉൾപ്പെടുന്ന കേസിൽ ജുഡീഷ്യൽ അന്വേഷണം വേണം. ഇഎംസിസിയുമായി ബന്ധപ്പെട്ട എല്ലാ ധാരണാപത്രങ്ങളും റദ്ദാക്കി സർക്കാർ ജനങ്ങളോടു മാപ്പു പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുന്ന നടപടിക്കെതിരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകും. മത്സ്യത്തൊഴിലാളികൾ 27ന് നടത്തുന്ന തീരദേശ ഹർത്താലിനു യുഡിഎഫ് പൂർണ പിന്തുണ പ്രഖ്യാപിച്ചു. തീരദേശത്ത് ഇക്കാര്യങ്ങൾ വിശദീകരിച്ച് ജാഥ നടത്തുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

സുപ്രീം കോടതിയിൽ ലാവ്‌ലിൻ കേസ് വീണ്ടും മാറ്റാനുള്ള നീക്കം സിപിഎം–ബിജെപി അവിശുദ്ധബന്ധത്തിന്റെ ഭാഗമാണെന്നു സംശയിച്ചാൽ കുറ്റപ്പെടുത്താനാകില്ല. പുതുച്ചേരിയിലെ അട്ടിമറി ജനാധിപത്യവിരുദ്ധമാണ്. അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തിരിച്ചുവരും. യുഡിഎഫ് സീറ്റ് വിഭജന ചർച്ച പകുതിയിലേറെ പൂർത്തിയായി. ബാക്കി കാര്യങ്ങൾ ഈയാഴ്ച തീരുമാനിക്കും. മാണി സി. കാപ്പൻ വിഷയം യുഡിഎഫിൽ ചർച്ച ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

English Summary: Ramesh Chennithala against Deep Sea Trawling Deal by kerala government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA