ADVERTISEMENT

കൊച്ചി∙ വിവാദം കത്തിനിൽക്കുന്ന ആഴക്കടൽ മൽസ്യ ബന്ധന പദ്ധതിയെക്കുറിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകയെ അശ്ലീലം കലർന്ന സ്റ്റിക്കറുകൾകൊണ്ട് കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെഎസ്ഐഎൻസി) എംഡി എൻ. പ്രശാന്ത് ആക്ഷേപിച്ചെന്നു പരാതി. കരാറുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോദിക്കാൻ കഴിഞ്ഞ ദിവസം ഉച്ചയോടെ എൻ. പ്രശാന്തിനെ കൊച്ചിയിലെ മാധ്യമപ്രവർത്തക ഫോണിൽ വിളിച്ചെങ്കിലും പ്രതികരിക്കാതിരുന്നപ്പോൾ വാട്സാപ്പിൽ ഇതു സംബന്ധിച്ചു സന്ദേശം അയയ്ക്കുകയായിരുന്നു. തുടർന്നായിരുന്നു വിവാദത്തിനാസ്പദമായ സംഭവങ്ങൾ. എന്നാൽ പത്രപ്രവർത്തകയ്ക്കു മറുപടി അയച്ചത് പ്രശാന്തല്ലെന്നും താനാണെന്നും വ്യക്തമാക്കി ഭാര്യ ലക്ഷ്മിയും രംഗത്തെത്തി.

പത്രത്തിന്റെ റിപ്പോർട്ടർ ആണെന്ന വിവരം ചൂണ്ടിക്കാട്ടി പ്രശാന്തിനു സന്ദേശമയച്ചപ്പോൾ നടൻ സുനിൽ സുഖദയുടെ ചിത്രമുള്ള സ്റ്റിക്കർ അയച്ചായിരുന്നു ആദ്യ മറുപടി. എന്താണു പ്രതികരണം എന്നറിയാൻ മാത്രമാണ് എന്നറിയിച്ചപ്പോൾ നടിയുടെ അശ്ലീലമുഖമുള്ള സ്റ്റിക്കറായിരുന്നു മറുപടി. എന്തു തരത്തിലുള്ള പ്രതികരണമാണ് ഇതെന്നു ചോദിച്ചപ്പോൾ വീണ്ടും മറ്റൊരു നടിയുടെ മുഖമുള്ള സ്റ്റിക്കർ മറുപടിയായെത്തി. ഇത്ര തരംതാഴ്ന്ന പ്രതികരണം താങ്കളെപ്പോലെ ഒരു സർക്കാർ പദവിയിൽ ഇരിക്കുന്ന ആളിൽ നിന്നു പ്രതീക്ഷിച്ചില്ലെന്നും ഇക്കാര്യം അധികാരികളോടു പരാതിപ്പെടുമെന്നും സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്നാണ് താങ്കൾ ആദ്യം പഠിക്കേണ്ടതെന്നും പറഞ്ഞപ്പോഴാണ് ഒരു ടെക്സ്റ്റിലൂടെ പ്രശാന്ത് ഐഎഎസിന്റെ മറുപടി നൽകാൻ തയാറായത്. 

‘വാർത്ത ചോർത്തിയെടുക്കാനുള്ള വിദ്യ കൊള്ളാം, തെറ്റായ ആളുടെ അടുത്ത് തെറ്റായ വിദ്യയായിപ്പോയി’ എന്നുപറഞ്ഞു സംഭാഷണം അവസാനിപ്പിച്ചു. തൊട്ടു പിന്നാലെ ചില മാധ്യമപ്രവർത്തകരെ ശവംതീനികളുമായി (Scavenger) താരതമ്യപ്പെടുത്തുന്നതിൽ അദ്ഭുതമില്ലെന്നു വീണ്ടും ഒരു മെസേജ് കൂടി. തുടർന്ന് പത്രസ്ഥാപനത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇദ്ദേഹത്തെ വിളിക്കാൻ ശ്രമിച്ചെങ്കിലും മറുപടിയുണ്ടായില്ല. മാത്രമല്ല, ആദ്യം അയച്ച സ്റ്റിക്കർ മെസേജുകൾ ഡിലീറ്റും ചെയ്തു. സംഭവത്തിൽ പ്രതികരണം ആരാഞ്ഞ മനോരമ ഓൺലൈനോട് ‘എന്തു നിലവാരം, ശരിക്കും ശവംതീനി’ എന്നായിരുന്നു എൻ. പ്രശാന്തിന്റെ പ്രതികരണം.

അതേസമയം കെഎസ്ഐഎൻസി എംഡിയുടെ സമൂഹമാധ്യമത്തിലൂടെയുള്ള മോശം പെരുമാറ്റത്തിനെതിരെ എന്തു തുടർ നടപടി സ്വീകരിക്കണമെന്നതിൽ തന്റെ മേലുദ്യോഗസ്ഥരുടെ നിലപാട് അംഗീകരിക്കുമെന്നു മാധ്യമ പ്രവർത്തക മനോരമ ഓൺലൈനോടു പ്രതികരിച്ചു. അതിനിടെ, പുറത്തുവന്നത് ‘നിർമിത വാർത്ത’യാണെന്ന പ്രതികരണവുമായി പ്രശാന്തിന്റെ ഭാര്യ ലക്ഷ്മി സമൂഹമാധ്യത്തിലൂടെ രംഗത്തെത്തി. പ്രശാന്ത് ഊണ് കഴിക്കുമ്പോൾ തന്റെ കയ്യിലായിരുന്ന ഫോണിലേക്ക് വന്ന ചാറ്റിന് മറുപടി ഇട്ടത് താനാണെന്നും അവർ വ്യക്തമാക്കി. മാധ്യമ പ്രവർത്തക വിഡിയോ കോളിനു ശ്രമിച്ചെന്നും വിമർശനമുണ്ട്. പത്രത്തിൽ അച്ചടിച്ചു വന്ന സ്ക്രീൻഷോട്ടിൽ മാധ്യമ പ്രവർത്തക വിഡിയോ കോൾ വിളിച്ചത് എഡിറ്റ് ചെയ്തു മാറ്റിയെന്നും ലക്ഷ്മി ആരോപിച്ചു. 

ആഴക്കടൽ മത്സ്യബന്ധന കരാർ സംബന്ധിച്ച വാർത്തകൾ പുറത്തു വന്നതിനു പിന്നാലെ തന്നെ കെഎസ്ഐഎൻസിക്കെതിരെ വിമർശനങ്ങൾ ശക്തിമായിരുന്നു. ഇതിനെ ന്യായീകരിക്കുന്നതിനായിരുന്നു എംഡി എൻ.പ്രശാന്ത് തുടക്കം മുതൽ ശ്രമിച്ചിരുന്നത്. മത്സ്യ മേഖലയിലെ ഗവേഷണ സ്ഥാപനമായ സിഎംഎഫ്ആർഐയുടെ കണ്ടെത്തലിന്റെയും ഉപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് മത്സ്യ ബന്ധന കരാർ നീക്കമെന്നായിരുന്നു വാദം.

അതേ സമയം എൻ. പ്രശാന്തിനെതിരെ രൂക്ഷമായ വിമർശനമാണ് കഴിഞ്ഞ ദിവസം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉയർത്തിയത്. ഐഎഎസുകാർക്ക് കാര്യങ്ങളിൽ മിനിമം ധാരണയെങ്കിലും വേണമെന്നായിരുന്നു അവരുടെ വാക്കുകൾ. ആഴക്കടൽ മത്സ്യബന്ധന പദ്ധതിക്കായി അമേരിക്കൻ കമ്പനിയായ ഇഎംസിസിയുമായി കെഎസ്ഐഎൻസി ഒപ്പിട്ട ധാരണാപത്രം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഇടപെട്ടു റദ്ദാക്കുകയും ചെയ്തു. ധാരണാപത്രത്തിലേക്കു നയിച്ച സാഹചര്യം അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസിനോടു നിർദേശിക്കുകയും ചെയ്തു.

English Summary: Sticker response in whatsapp by KSINC MD N. Prasanth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com