ഇമോജിയിലെ സീമയും സലിം കുമാറും; ‘കുഴപ്പമായീന്നാ തോന്നുന്നേ...!’

SHARE

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനോടു മാധ്യമപ്രവർത്തക വാർത്താപരമായ ഒരു കാര്യം ചോദിക്കുമ്പോൾ മറുപടിയായി സിനിമാനടിയുടെ ഇമോജി അയച്ചത് വിവാദമായി കത്തിക്കയറുകയാണ്. ഭാഷയുടെ സ്ഥാനത്ത് ഇമോജികൾ ഇടംപിടിക്കുമ്പോൾ അത് ഇത്തരത്തിൽ വിവാദങ്ങളിലേക്കും വഴിമാറുന്നു. സമൂഹമാധ്യമങ്ങളുടെയും മെസേജിങ് ആപ്പുകളുടെയും ഇക്കാലത്ത് ഇമോജികളും സ്റ്റിക്കറുകളുമില്ലാത്ത ചാറ്റുകൾ കറിയില്ലാതെ പുട്ടു കഴിക്കുന്നതു പോലെ ദുഷ്കരമാണ്.

ഭാഷയുടെ വൻകരവിരുതില്ലാതെതന്നെ അതിശക്തമായ വികാരം പ്രകടിപ്പിക്കാൻ സഹായിക്കുന്ന ഇമോജികൾ പലരുടെയും ജീവിതത്തോടു ചേർന്നു നിൽക്കുന്നതും അതിനാലാണ്. ഇക്കാര്യം തിരിച്ചറിഞ്ഞ ഓക്സ്ഫഡ് സർവകലാശാല 2015ലെ വേഡ് ഓഫ് ദി ഇയറായി തിരഞ്ഞെടുത്തത് ‘ചിരിച്ചു കണ്ണീർ വന്ന ഇമോജിയെ’യാണ്. ഭാഷാ ശാസ്ത്രത്തിലും നിത്യജീവിതത്തിലും പുതിയ വഴികൾ വെട്ടിയ ‘ചിത്രകമന്റുകൾ’ പലതും പറയാനുള്ള എളുപ്പവഴിയാണിന്ന്. ചിലപ്പോഴൊക്കെ അവ നമ്മെ വിവാദത്തിന്റെ ആഴക്കടലിൽ എത്തിക്കുകയും ചെയ്തേക്കാം.

ഇമോജിയുടെ ചരിത്രയാത്ര

ലോകത്തിലെ ഏറ്റവും പഴക്കമുള്ള സ്മൈലി ഇമോജി തുർക്കിയുടെയും സിറിയയുടെയും അതിർത്തി പ്രദേശത്തു നടന്ന പര്യവേക്ഷണത്തിലാണ് കണ്ടെത്തിയത്. 3700 വർഷം പഴക്കമുള്ള മൺപാത്രത്തിൽ സ്മൈലിയുടേതിനു സമാനമായ ഇമോജി പെയിന്റിങ് കണ്ടെത്തിയതോടെ ഇമോജികൾ ഇന്നലെ വന്ന ടൂളാണെന്നു കരുതാൻ വയ്യ. അതിന് വ്യക്തമായൊരു ചരിത്രമുണ്ടാകുമെന്നതും ഉറപ്പായി. ജപ്പാനിലെ സാങ്കേതിക വിദഗ്ധനായ ഷിഗേറ്റക കുറിറ്റ (Shigetaka Kurita)യാണ് ഇമോജികളെ അടുക്കി ഭംഗിയാക്കിയതെന്നു പറയാം. തൊണ്ണൂറുകളുടെ അവസാനം ജാപ്പനീസ് മൊബൈൽ നിർമാതാക്കളായിരുന്ന എൻടിടി ഡോക്കോമോയ്ക്കു വേണ്ടിയാണ് ചാറ്റുകളിലെ സചിത്ര കമന്റുകൾ ഇദ്ദേഹം നിർമിച്ചത്. ചാറ്റ് എന്ന സന്ദേശക്കൈമാറ്റം പ്രചാരം നേടിയതോടെ അതു തരംഗമായി മാറുകയായിരുന്നു.

പ്രണയം പറയുന്നതിനു പകരം പൂവ് കൊടുക്കുന്നതിലെ സൗകര്യം പോലെ യുവാക്കൾ ഇമോജിയെ കൂടെക്കൂട്ടി. എല്ലാ ചാറ്റിങ് പ്ലാറ്റ് ഫോമുകളിലും ഒഴിച്ചു കൂടാനാവാത്തതായി ഇതു മാറുകയും ചെയ്തു. മീമുകളുടെ വരവോടുകൂടി ഇമോജികൾക്കും നിറം വന്നു എന്നു പറയാം. ട്രോളുകളിലൂടെ ഹിറ്റായ മുഖങ്ങൾ ഇടത്തും വലത്തും ഓടാൻ തുടങ്ങിയതോടെ ഇമോജി ഭാഷ ശക്തിപ്പെട്ടു. ചുരുങ്ങിയ കാലത്തിനുള്ളിലാണ് സ്റ്റിക്കർ മേക്കർ ആപ്പുകൾ ആപ് സ്റ്റോറുകളിൽ ഹിറ്റായത്. മില്യൻ കണക്കിനു ഡൗൺലോഡും ഇവ നേടി. നമുക്കിഷ്ടമുള്ള വികാരം സ്റ്റിക്കറാക്കി ചാറ്റിലൊട്ടിച്ചു വിടാൻ തുടങ്ങിയതോടെ സ്റ്റിക്കർ പ്രീതി വർധിച്ചു.

എല്ലാവർക്കും സ്വന്തമായി സ്റ്റിക്കർ ലൈബ്രറി തന്നെയുണ്ടായി. പലരും സ്വന്തം നർമബോധം ഉപയോഗിച്ച് ‘കസ്റ്റമൈസ്ഡ്’ സ്റ്റിക്കറുകൾ വരെ ഒരുക്കി. ഒരാളുടെ സ്റ്റിക്കർ ലൈബ്രറി നോക്കിയാൽ അറിയാം ആ വ്യക്തിയുടെ മനോവ്യാപാരങ്ങൾ. നർമബോധം, രാഷ്ട്രീയം, സംസ്കാരം എന്നിവയൊക്കെ സ്റ്റിക്കറുകളിലൂടെയും വായിച്ചെടുക്കാം. സിനിമാ മുഖങ്ങൾ സ്റ്റിക്കറിൽ കയറിയതോടെ ആ സിനിമാ സന്ദർ‍ഭത്തിന്റെ കൂടി വൈകാരിക പിന്തുണ സ്റ്റിക്കറിനു കിട്ടി. ഓരോ മറുപടിക്കും ചിത്രങ്ങൾ ഗാലറിയിൽ സേവ് ചെയ്തു വയ്ക്കേണ്ട കാര്യവുമില്ല. ഏതാനും എംബികളിൽ സ്റ്റിക്കർ കലക്‌ഷൻ കീബോർഡിൽ ചേർന്നു കിടക്കും. അതു സമയാസമയം എടുത്തു വീശിയാൽ മതി.

രാഷ്ട്രീയം, സംസ്കാരം

‘ഹഹ’ ഇമോജി ആദ്യം ഒതുങ്ങിക്കഴിയുകയായിരുന്നെങ്കിലും ലൈക്ക് ബട്ടണിൽ ഇമോജികൾ കൂടി പോസ്റ്റ് ചെയ്യാനുള്ള അവസരം വന്നതോടെ ‘ഹഹ’ വൻ രാഷ്ട്രീയ ആയുധമായി മാറി. പിണറായി വിജയൻ മുതൽ നരേന്ദ്ര മോദി വരെ പോസ്റ്റുകൾക്കു താഴെ ‘ഹഹ’ വാരിക്കൂട്ടി. ഈ ഇമോജി കിട്ടുന്നതാണ് ഏറ്റവും വേദനയെന്ന് ഒരു നേതാവ് പറയാതെ പറഞ്ഞു. സചിത്ര കമന്റുകളും പലരെയും വേദനിപ്പിക്കുന്നുണ്ട് എന്നതാണു യാഥാർഥ്യം. പ്രതിലോമകരമായ പലതിനെയും ഈ സ്റ്റിക്കർ പ്രയോഗവും കൊണ്ടുനടക്കുന്നുണ്ട്. വ്യക്തിയധിക്ഷേപം, സെക്സിസം, ജാതീയത തുടങ്ങിയവ എളുപ്പത്തിൽ സ്റ്റിക്കറിലൂടെ ഒളിച്ചു കടത്താനാവും. അതു ടൈപ് ചെയ്ത് സന്ദേശമായി നൽകുന്നതിലെ ബുദ്ധിമുട്ടുമില്ല.

ഒരാളെ ആക്ഷേപിക്കാൻ നാലു വരി എഴുതുന്നത് നിയമപ്രശ്നങ്ങൾക്കു വരെ വഴിവച്ചേക്കാം. എന്നാൽ സ്റ്റിക്കർ താരതമ്യേന സുരക്ഷിതമാണെന്ന തോന്നലുണ്ട്. ‘ഞാനുദ്ദേശിച്ചത് അതല്ല ഇതാ..’ എന്നു പറ‍ഞ്ഞ് തടിയൂരാം. കറുത്തവരെ ആക്ഷേപിക്കുന്ന തരം സ്റ്റിക്കർ കമന്റുകൾക്കെതിരെ യൂറോപ്പിൽ പല പ്രതിഷേധങ്ങളും നടന്നിട്ടുണ്ട്. ഫെയ്സ്ബുക് ഉൾപ്പെടെയുള്ളവയിൽ ആദ്യം ഒറ്റ നിറം മാത്രമുണ്ടായിരുന്ന ഇമോജികൾക്ക് ഇന്നു പല നിറം കാണുന്നതും ഈ പ്രതിഷേധങ്ങളെത്തുടർന്നാണ്. വർണ വിവേചനം ഒഴിവാക്കാൻ പല സ്കിൻ ടോണിലുള്ള ഇമോജികളും ഇന്നുണ്ടല്ലോ.

അർഥ വ്യത്യാസം

സ്റ്റിക്കറോ ഇമോജികളോ ഇട്ടു വിവാദമായാൽപ്പിന്നെ ന്യായീകരിച്ചു മടുക്കും. ഞാനുദ്ദേശിച്ചത് ഇതല്ല എന്നൊക്കെ പറയാൻ കൊള്ളാം. എന്നാൽ ഇമോജികൾ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ പണി വേറെ വഴിക്കും വരാം. എല്ലാ ഇമോജികളും എല്ലാ സ്ഥലങ്ങളിലും സ്വീകാര്യമല്ല. ഭാഷയുടെ കാര്യത്തിലെന്ന പോലെ നമ്മൾ നല്ല ഉദ്ദേശ്യത്തോടെ ഉപയോഗിക്കുന്ന പല ഇമോജികളും ആക്ഷേപമായി വ്യാഖ്യാനിച്ചേക്കാം. കണ്ണുകിട്ടാതിരിക്കട്ടെ എന്നാശംസിക്കാനായി പല രാജ്യങ്ങളിലും ഉപയോഗിക്കുന്ന ആംഗ്യത്തിന് ഇറ്റലി, സ്പെയിൻ, പോർചുഗൽ, ഗ്രീസ്, അർജന്റീന, ബ്രസീൽ, കൊളംബിയ, ക്യൂബ, യുറഗ്വായ് എന്നിവിടങ്ങളിൽ സുഖകരമല്ലാത്ത മറ്റൊരർഥം കൂടിയുണ്ട്. ‘ഹോൺ’ ഇമോജിക്ക് ഈ ദേശങ്ങളിൽ പങ്കാളി വഞ്ചിച്ചു എന്ന അർഥമാണ് കൂടുതൽ പ്രസിദ്ധം.

സൗഹൃദപൂർവം കൈവീശി യാത്ര ചോദിക്കുന്ന ഇമോജിക്ക് ചൈനയിൽ ഒട്ടുമില്ല സൗഹൃദം. നീയുമായുള്ള കൂട്ടുകെട്ട് ഇന്നത്തോടെ അവസാനിപ്പിച്ചു, ഗുഡ്ബൈ എന്നാണ് ചൈനയിൽ ‘വേവിങ് ഹാൻഡ്’ ഇമോജിയുടെ വ്യാഖ്യാനം. ലോകമെങ്ങും ഒരു ലൈക്ക് കൊടുക്കാൻ ഉപയോഗിക്കുന്ന തംപ്സ് അപ്പ് ഇറാൻ, ഇറാഖ്, അഫ്ഗാനിസ്ഥാൻ, നൈജീരിയ എന്നിവിടങ്ങളിൽ പ്രകോപനപരമാണ്. അതായത്, പോസ്റ്റും മുൻപ് കളമറിഞ്ഞിരിക്കണം എന്നു ചുരുക്കം.

കോടതി കയറുന്ന ഇമോജികൾ

സംഗതി വെറും പാവം ഒരു ഇമോജി. ഒരു തോക്കിന്റെ ചിത്രം മാത്രം. അത് ലോകത്തുണ്ടാക്കിയ പൊല്ലാപ്പ് ചില്ലറയല്ല. നൂറുകണക്കിന് കേസുകൾ ഈ ഇമോജി കാരണം കോടതികയറി. 2015ൽ യുഎസിൽ ബ്രൂക്‌ലിൻ എന്ന വിദ്യാർഥി ഈ ഇമോജി പോസ്റ്റ് ചെയ്തതിനെത്തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ടു. ഫ്രാൻസിലും സമാനമായ കേസുണ്ടായി. തന്റെ മുൻ കാമുകിക്ക് നിരന്തരം ഈ തോക്കിന്റെ ഇമോജി അയച്ചത് കൊല്ലുമെന്ന ഭീഷണയായി കാണണമെന്ന് കോടതി പറഞ്ഞു. ചിത്ര കമന്റുകൾ അയച്ച കേസുകൾ കോടതിയിലെത്തിയാൽ ഫൊറൻസിക് ലിംഗ്വിസ്റ്റിക്സിന്റെ സഹായത്തോടെ നടപടിയെടുക്കണമെന്നാണു പല വിദേശ കോടതികളും പറയുന്നത്.

പിന്നീട് തോക്ക് വേണ്ട എന്നു പ്രഖ്യാപിച്ചു തോക്കിന്റെ ഇമോജി മാറ്റി പകരം വെള്ളംചീറ്റുന്ന കളിത്തോക്കിന്റെ ഇമോജി ആദ്യം പ്രതിഷ്ഠിച്ചത് ആപ്പിളാണ്. പിന്നാലെ വാട്സാപ്പും ട്വിറ്ററും സാംസങ്ങും തോക്കുൾപ്പെടെയുള്ള മാരകായുധങ്ങൾ മാറ്റി പകരം കളിപ്പാട്ടങ്ങൾ സ്ഥാപിച്ചു. നടുവിരൽ ഉയർത്തുന്ന ഇമോജി വാട്സാപ് നീക്കം ചെയ്യണം എന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ ഒരു അഭിഭാഷകൻ കോടതിയെ സമീപിച്ചിരുന്നു. നമ്മുടെ നാട്ടിൽ ഇമോജികളും ചിത്ര കമന്റുകളും കോടതി കയറിത്തുടങ്ങിയിട്ടേയുള്ളൂ. യുണികോഡ് പ്രചാരത്തിലായതോടെ പ്രാദേശിക ഭാഷയിൽ സ്റ്റിക്കർ കമന്റുകളും സാധ്യമായി. മലയാളത്തിലെഴുതിയ സ്റ്റിക്കറുകൾ ഉൾപ്പെടെ പ്രചാരം നേടിയത് അങ്ങനെയാണ്. ട്രോളുകളിലൂടെ താരമായ മീമുകൾ സ്റ്റിക്കറിലും മുന്നിലെത്തി. സലിം കുമാർ, സുരാജ് വെഞ്ഞാറമ്മൂട്, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, ജഗതി എന്നിവർ കൂടാതെ വിവാദ നായകർ വരെ സ്റ്റിക്കറിൽ എളുപ്പത്തിൽ കയറി.

‘എന്റെ മുഖങ്ങൾ ഇമോജികളിൽ വന്നതു ഞാൻ തന്നെ വൈകിയാണ് കണ്ടത്. എന്റെ ഇമോജികളും ട്രോളുകളും ഞാൻ നന്നായി ആസ്വദിക്കാറുണ്ട്. ഞാൻ സിനിമയിൽ ഇല്ലാതിരുന്ന കുറച്ചുകാലം എന്നെ സജീവമാക്കി നിർത്തിയതുതന്നെ ഇത്തരം ഇമോജികളും ട്രോളുകളുമാണ്.മറ്റൊരാളെ ആക്ഷേപിക്കാൻ നമ്മുടെ മുഖം ഉപയോഗിക്കുമ്പോൾ അതു വിഷമകരമാണ്...’–മലയാളത്തിലെ ഇമോജികളുടെ തമ്പുരാൻ സലിംകുമാറിന്റെ നിരീക്ഷണം ഇതാണ്. രാഷ്ട്രീയ സംഭവ വികാസങ്ങളും വിവാദങ്ങളുമെല്ലാം കേരളത്തിൽ ഇമോജിയും സ്റ്റിക്കറുമെല്ലാമാകുന്നതു പതിവാണ്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മുതൽ ഏറ്റവുമൊടുവിൽ സ്വർണക്കടത്ത് വിവാദത്തിലെ സ്വപ്ന സുരേഷിന്റെ വരെ പേരിൽ സ്റ്റിക്കറെത്തിയിരുന്നു. യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ‘സ്റ്റിക്കർ നിർമാതാക്കളുടെ’ പ്രിയ താരമാണ്.

അഭിപ്രായ സ്വാതന്ത്ര്യത്തിന് പച്ചക്കൊടി

വാട്സാപ്പിലോ ഫെയ്സ്ബുക്കിലോ പോസ്റ്റിനു താഴെ ചിരിയുടെയോ കരച്ചിലിന്റെയോ ഇമോജി പോസ്റ്റ് ചെയ്യുന്നത് അധിക്ഷേപമായി കണക്കാക്കാനാവില്ലെന്നു മദ്രാസ് ഹൈക്കോടതി വിധിച്ചത് 2018ലാണ്. ബിഎസ്എൻഎൽ ജീവനക്കാരിയായ വിജയലക്ഷ്മി സഹപ്രവർത്തകർക്കെതിരെ നൽകിയ പരാതി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി മധുര ബെഞ്ചിന്റെ ഉത്തരവ്. ബിഎസ്എൻഎൽ സേവനവുമായി ബന്ധപ്പെട്ട് ഉപഭോക്താവിന്റെ പരാതിയടങ്ങുന്ന വിഡിയോ സന്ദേശം വിജയലക്ഷ്മി സഹപ്രവർത്തകരുടെ വാട്സാപ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. മറുപടിയായി സഹപ്രവർത്തകർ കൂട്ടത്തോടെ പോസ്റ്റ് ചെയ്ത ഇമോജി തന്നെ അപകീർത്തിപ്പെടുത്തുന്നതാണെന്നു കാണിച്ചു വിജയലക്ഷ്മി പരാതി നൽകി. തുടർന്നു പൊലീസ് കേസെടുത്തു. എന്നാൽ സഹപ്രവർത്തകർ തെറ്റുകാരല്ലെന്നും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നുമായിരുന്നു കോടതി വിധി.

English Summary: The rise of emojis, memes, and stickers; How it leads to cases and controversies?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.