ADVERTISEMENT

കൊച്ചി∙ സാമ്പത്തിക ഇടപാടു കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ എപ്പോൾ വേണമെങ്കിലും ഹാജരാകാമെന്ന് ഹൈക്കോടതിയിൽ ബോളിവുഡ് നടി സണ്ണി ലിയോണിയുടെ ഉറപ്പ്. പ്രതികൾ ഇന്ത്യ വിടുന്നതിനു അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതി വാങ്ങണമെന്ന് നിർദേശിക്കണമെന്ന പരാതിക്കാരന്റെ അഭിഭാഷകൻ ആവശ്യം ഉയർത്തിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. വിദേശത്ത് പരിപാടികൾ നടത്താമെന്ന് ഏറ്റിട്ടുള്ളതിനാൽ യാത്രകൾ ആവശ്യമുണ്ടെന്ന് സണ്ണി ലിയോണി അറിയിച്ചു. നോട്ടിസ് നൽകിയാൽ ഹാജരാകുമെന്നും കോടതിയിൽ ഉറപ്പു നൽകി. തുടർന്ന് ജസ്റ്റിസ് അശോക് മേനോൻ പരാതിക്കാരന്റെ അഭിഭാഷകന്റെ ആവശ്യം നിരസിച്ചു.

കഴിഞ്ഞ ദിവസം സണ്ണി ലിയോണി ഉൾപ്പടെയുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പരാതിക്കാർക്ക് വിശദീകരണം സമർപ്പിക്കാൻ സമയം അനുവദിക്കണമെന്ന് അഭ്യർഥിച്ചിരുന്നു. ഇത് കോടതി അനുവദിച്ചിട്ടുണ്ട്. 2019ലെ വാലന്റൈൻസ് ദിനത്തിൽ കൊച്ചിയിൽ സ്റ്റേജ് പരിപാടി നടത്താമെന്ന് ഏറ്റ് പണം വാങ്ങിയിട്ട് സമയത്ത് എത്താതെ പിൻമാറിയെന്നു കാണിച്ച് പെരുമ്പാവൂർ സ്വദേശി നൽകിയ പരാതിയിലാണ് ഇവർ മുൻകൂർ ജാമ്യം തേടിയിരിക്കുന്നത്. 2019ലാണ് പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്തത്. കേസിൽ ഇവരെ അറസ്റ്റു ചെയ്യുന്നത് കോടതി നേരത്തെ തടഞ്ഞിട്ടുണ്ട്. പണം മുഴുവൻ നൽകാതെ പരിപാടിയിൽ പങ്കെടുക്കാൻ നിർബന്ധിച്ചതിനാലാണ് ഷോയ്ക്ക് എത്താതിരുന്നത് എന്നാണ് ഇവരുടെ വാദം.

അതേസമയം ക്രൈംബ്രാഞ്ച് പരാതിക്കാരുടെ മൊഴി വീണ്ടും രേഖപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. പ്രതികൾ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ എത്തിയ സാഹചര്യത്തിൽ തെളിവുകളിൽ കൂടുതൽ വ്യക്തത വരുത്തി മുന്നോട്ടു പോകാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. വിശ്വാസ വഞ്ചന, ചതി, പണം തട്ടിയെടുക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചാർത്തിയിരിക്കുന്നത്. സണ്ണി ലിയോണിക്കു പുറമേ ഭർത്താവ് ഡാനിയൽ വെബർ, മാനേജർ സണ്ണി രജനി എന്നിവരെയാണ് പ്രതികളാക്കിയിട്ടുള്ളത്. ഇവർ കേരളത്തിൽ എത്തിയപ്പോൾ അന്വേഷണ സംഘം തിരുവനന്തപുരത്തെത്തി പ്രതികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. 

താൻ പരിപാടിയുടെ സംഘാടകനാണെന്നും പരിപാടിക്കായി ഓൺലൈൻ വഴി ഇവരുടെ അക്കൗണ്ടിലേയ്ക്ക് പണം നിക്ഷേപിച്ചത് മറ്റു പലരുമാണെന്നും പരാതിക്കാരൻ ഷിയാസ് പെരുമ്പാവൂർ പറഞ്ഞിട്ടുണ്ട്. പണം നിക്ഷേപിച്ചു എന്നു പറയുന്നവരിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഇതിനകം അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. 

English Summary: HC declines petition to restrain Sunny Leone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com