ADVERTISEMENT

തിരുവനന്തപുരം∙ പിഎസ്‌സി ഉദ്യോഗാർഥികളുമായി ആഭ്യന്തര സെക്രട്ടറിയും എഡിജിപിയും നടത്തിയ യോഗത്തിലെ തീരുമാനങ്ങൾ ഉത്തരവായി പുറത്തിറങ്ങി. സെക്രട്ടേറിയറ്റിനു മുന്നിലെ സമരം അവസാനിപ്പിക്കാനുള്ള പുതിയ ഉറപ്പുകളൊന്നും സർക്കാർ ഉത്തരവിലില്ല. സിവിൽ പൊലീസ് ഓഫിസറുടെ ലിസ്റ്റിൽനിന്നും 7,580 പേരിൽ 5,609 പേർക്ക് പിഎസ്‌സി അഡ്വൈസ് നൽകിയതായും സിപിഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂർത്തിയായതിനാൽ അതിൽനിന്ന് നിയമനം നടത്താന്‍ കഴിയില്ലെന്ന് ഉദ്യോഗാർഥികളെ അറിയിച്ചതായും ഉത്തരവിൽ പറയുന്നു. കൃത്യമായ ഉത്തരവ് ഇറങ്ങാതെ സമരം അവസാനിപ്പിക്കില്ലെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു.

ഉദ്യോഗാർഥികളെ അറിയിച്ച കാര്യങ്ങളായി സർക്കാര്‍ ഉത്തരവിൽ പറയുന്നതിങ്ങനെ: ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിന്റെ കാലാവധി 2021 ഓഗസ്റ്റ് 4 വരെ നീട്ടിയിട്ടുണ്ട്. ഇതുവരെ ഏകദേശം 6000 പേർക്ക് റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം നൽകി. പരമാവധി ഒഴിവുകൾ റിപ്പോർട്ടു ചെയ്യാൻ വകുപ്പുകൾക്കു നിര്‍ദേശം നൽകി. പരമാവധി ഉദ്യോഗാർഥികൾക്കു നിയമനം നൽകാനുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. നിയമപരമായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങൾ ചെയ്ത് ലിസ്റ്റിൽനിന്നും പരമാവധി ഉദ്യോഗാർഥികൾക്ക് നിയമനം നൽകുകയെന്നതാണ് സർക്കാർ നിലപാട്.

1200 തസ്തികകൾ പിഎസ്‌സിക്ക് റിപ്പോർട്ടു ചെയ്തിട്ടില്ലെന്നു ഉദ്യോഗാർഥികൾ യോഗത്തിൽ വ്യക്തമാക്കിയിരുന്നു. ഇതു വസ്തുതാപരമല്ലെന്നും 2021 ഡിസംബർ 31 വരെയുള്ള പ്രതീക്ഷിത ഒഴിവുകൾ ഉൾപ്പെടെ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്തതായും ഉത്തരവിൽ വിശദീകരിക്കുന്നു. 1200 തസ്തികകളിൽ 154 എണ്ണം ഇന്ത്യാ റിസർവ് ബറ്റാലിയനായി നീക്കിവച്ചതാണ്. ബാക്കി 1046 തസ്തികകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്തതിന്റെ കണക്കും ഉത്തരവിൽ വിവരിക്കുന്നു.

നൈറ്റ് വാച്ച്മാൻമാരുടെ ജോലി സമയം 8 മണിക്കൂറായി നിജപ്പെടുത്തണമെന്ന ഉദ്യോഗാർഥികളുടെ ആവശ്യം മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പരിശോധിച്ചുവരികയാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ 5 വർഷക്കാലത്താണ് ഏറ്റവും കൂടുതൽ തസ്തികകൾ സൃഷ്ടിച്ചതും നിയമനം നടത്തിയതും എന്ന വസ്തുത റാങ്ക് ഹോൾഡേഴ്സ് പ്രതിനിധികളെ അറിയിച്ചതായും ഉത്തരവിൽ പറയുന്നു. ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്ത് നിയമനം നടത്തും. സർക്കാരിന് ഉദ്യോഗാർഥികളോട് സൗഹാർദപരമായ സമീപനമാണെന്നും ഉത്തരവിൽ പറയുന്നു.

English Summary: PSC Rank Holders Protest - Kerala government issues order

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com