‘ലീഗ് ഇക്കുറി കൂടുതൽ സീറ്റിൽ മത്സരിക്കും; ശോഭയുടെ ക്ഷണം പുച്ഛിച്ചു തള്ളുന്നു’

SHARE

നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗ് കൂടുതൽ സീറ്റുകളിൽ മത്സരിക്കുമെന്നു സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. യുഡിഎഫിൽ സീറ്റുവിഭജന ചർച്ചകൾ പുരോഗമിക്കുകയാണ്. സ്ഥാനാർഥികളിലും മണ്ഡലങ്ങളിലും മാറ്റമുണ്ടായേക്കാം. എൽഡിഎഫ് സർക്കാരിനു വികസന നേട്ടങ്ങളൊന്നും പറയാനില്ലാത്തതിനാലാണു വർഗീയ പ്രചാരണം നടത്തുന്നത്. ആഴക്കടൽ മത്സ്യബന്ധന കരാറിലുൾപ്പെടെ പിണറായി വിജയൻ സർക്കാർ നടത്തിയ തിരിമറികൾ പുറത്തുകൊണ്ടുവരും. ബിജെപിയിലേക്കു ശോഭ സുരേന്ദ്രൻ ക്ഷണിച്ചതിനെ പുച്ഛിച്ചു തള്ളുന്നതായും അദ്ദേഹം പറഞ്ഞു. കെ.പി.എ. മജീദ് ‘മനോരമ ഓൺലൈനിന്’ നൽകിയ അഭിമുഖത്തിൽനിന്നുള്ള പ്രസക്തഭാഗങ്ങൾ.

∙ കഴിഞ്ഞ തവണ സ്വതന്ത്രരുൾപ്പെടെ ലീഗ് 24 സീറ്റിലാണു മത്സരിച്ചത്. 18 എണ്ണം ജയിച്ചു. ഇത്തവണ 30 സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടെന്നാണല്ലോ കേൾക്കുന്നത്?

യുഡിഎഫിൽ ഞങ്ങളുമായുള്ള സീറ്റുചർച്ച നടക്കുന്നതേയുള്ളൂ, ഈ ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാകുമെന്നു വിചാരിക്കുന്നു. സീറ്റ് കൂടുതൽ ചോദിച്ചിട്ടുണ്ട്. എത്ര സീറ്റ് എന്നതു പരസ്യപ്പെടുത്താനായിട്ടില്ല. എന്തായാലും പാർട്ടിക്കു കഴിഞ്ഞ തവണത്തേക്കാൾ അധികം സീറ്റ് കിട്ടുമെന്നാണു പ്രതീക്ഷിക്കുന്നത്. വലിയ തർക്കങ്ങളില്ലാതെ സീറ്റുവിഭജനം പൂർത്തിയാകും.

∙ 1996 ൽ ആണ് കേരളത്തിൽ ലീഗ് ആദ്യമായി വനിതാ സ്ഥാനാർഥിയെ പരിഗണിച്ചത്. പിന്നീടുണ്ടായില്ല. ഖമറുന്നിസ അൻവറിനു പിൻഗാമിയായി ഇത്തവണ വനിതാ സ്ഥാനാർഥിയുണ്ടാകുമോ?

സ്ഥാനാർഥി നിർണയത്തിലേക്കു പാർട്ടി കടന്നിട്ടില്ല. മണ്ഡലനിർണയത്തിലും സീറ്റു വിഭജനത്തിലും തീരുമാനമാകുന്ന മുറയ്ക്കായിരിക്കും സ്ഥാനാർഥികളെ പരിഗണിക്കുക. പ്രാതിനിധ്യം വേണമെന്ന് വനിതാ ലീഗ് ആവശ്യപ്പെട്ടിരുന്നു. ഇതുൾപ്പെടെ ഒരാളുടെ കാര്യത്തിലും തീരുമാനമൊന്നും എടുത്തിട്ടില്ല.

∙ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര മുന്നണിക്ക് എത്രമാത്രം ഗുണകരമായി?

കേരളയാത്ര പ്രതീക്ഷിച്ചതിനേക്കാളും വിജയകരമാണ്. യുഡിഎഫിനാകെ നല്ല ആവേശം കിട്ടി. ഭരണത്തിലേക്കു തിരിച്ചുവരവിനുള്ള പ്രതീക്ഷ നൽകുന്നതായി യാത്ര. കാസർകോട്ടുനിന്ന് ആരംഭിച്ചതു മുതൽ ജാഥയ്ക്ക് എല്ലാ മണ്ഡലങ്ങളിലും വലിയ സ്വീകരണമാണു ലഭിച്ചത്. വലിയ ജനപങ്കാളിത്തമുണ്ടായി. രാഹുൽ ഗാന്ധിയുടെ വരവ് യാത്രയ്ക്കു മാറ്റു കൂട്ടി.

Aishwarya Kerala Yatra
ഐശ്വര്യ കേരള യാത്രയുടെ സമാപനത്തിൽ പങ്കെടുക്കുന്നവർ

∙ പിണറായി സർക്കാരിനെതിരായ ആക്രമണങ്ങൾക്കു മൂർച്ച കൂടുമോ?

പ്രതിപക്ഷവും പ്രതിപക്ഷ നേതാവും ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയാണെന്നു തെളിഞ്ഞല്ലോ. ഏറ്റവുമൊടുവിൽ ആഴക്കടൽ മത്സ്യബന്ധന കരാറിലുൾപ്പെടെ കേരളം അതു കണ്ടതാണ്. അമേരിക്കൻ കമ്പനിയായ ഇഎംസിസിയുടെ പ്രതിനിധികളെ കണ്ടോ എന്ന് അറിയില്ലെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം പറഞ്ഞത്. പൊതുവേ മുഖ്യമന്ത്രിയെ കാണാൻതന്നെ പ്രയാസമാണ്. ദിവസം അഞ്ചോ ആറോ ആളുകളെ മാത്രമേ കാണൂ. അങ്ങനെ നേരത്തേ അനുവാദം വാങ്ങി, രേഖപ്പെടുത്തി വന്നു കണ്ടവരെ ഓർമയില്ലെന്നു പറയാൻ എങ്ങനെ സാധിക്കും?

ആൾക്കൂട്ടത്തിനുള്ളിൽ കഴിയുന്ന ഉമ്മൻചാണ്ടിയാണ് ഇങ്ങനെ പറയുന്നതെങ്കിൽ ശരി. പിണറായിയെ പോലുള്ള ഒരാൾ ഇങ്ങനെ ഓർമയില്ലെന്നു പറയുന്നതു സത്യമല്ലെന്ന് എല്ലാവർക്കും അറിയാമല്ലോ. പിൻവാതിൽ നിയമനങ്ങൾ, താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തൽ, പിഎസ്‍‍സി ഉദ്യോഗാർഥികളുടെ സമരം, മത്സ്യബന്ധന മേഖലയിലെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളെല്ലാം തിരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമാണ്.

∙ കോൺഗ്രസ് നേതൃത്വം പാണക്കാട്ടു പോയത് മതമൗലികവാദ – മതാധിഷ്ഠിത രാഷ്ട്രീയ കൂട്ടുകെട്ട് ശക്തമാക്കാ‍ൻനാണെന്ന സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്റെ ആരോപണത്തോടുള്ള മറുപടിയെന്താണ്?

ഈ സർക്കാരിനു വികസന നേട്ടങ്ങളൊന്നും പറയാനില്ലാത്തതു കൊണ്ടാണല്ലോ വർഗീയപരവും ജാതിപരവുമായ ആക്ഷേപങ്ങൾ ഉന്നയിക്കുന്നത്. അവരുടെ സർക്കാർ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അതാണു പറയേണ്ടത്. യുഡിഎഫിലെ ഘടകകക്ഷിയുടെ നേതാവിനെ കാണാൻ കോൺഗ്രസ് നേതാക്കൾ വന്നാൽ അതിലെന്തു പരാതിയാണ്, ആക്ഷേപമാണ് പറയാനുള്ളത്? എന്തു വർഗീയതയാണ് അതിലുള്ളത്? ബിജെപി രാജ്യത്തു നടത്തുന്ന അതേ സംഗതിയാണ് ഇത്തരം ആക്ഷേപമുന്നയിക്കുന്നവർ കേരളത്തിൽ ചെയ്യുന്നത്. ഈ പരാമർശങ്ങൾ കേരളത്തിലെ സാമൂഹികാന്തരീക്ഷത്തിൽ വളരെ മോശപ്പെട്ട സ്ഥിതിയുണ്ടാക്കും.

കേരളത്തിലെ തിരഞ്ഞെടുപ്പു രാഷ്ട്രീയം ജനാധിപത്യരീതിയിൽ നടക്കുന്ന പ്രക്രിയയാണ്. മത്സരിക്കുന്ന രണ്ടു കൂട്ടരും പ്രകടനപത്രിക പുറത്തിറക്കി, നാടിനെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്താണ് എല്ലാക്കാലത്തും ഇവിടെ പ്രചാരണം നടത്താറുള്ളത്. ഇത്തവണ അതിനു വ്യത്യസ്തമായി അവർ ജാതിയും മതവും വർഗീയതയും പറയുകയാണ്. ജയിക്കുമെന്ന്, ഭരണത്തുടർച്ച കിട്ടുമെന്ന് ഒട്ടുമേ പ്രതീക്ഷ ഇല്ലാത്തതിനാലാണ് ഇത്തരം പ്രചാരണം നടത്തുന്നത്. ഇതു സിപിഎമ്മിനുതന്നെ അടിസ്ഥാനപരമായി ദോഷമുണ്ടാക്കും എന്നാണ് എന്റെ കാഴ്ചപ്പാട്.

∙ എന്താണ് ഇക്കുറി ലീഗിന്റെയും യുഡിഎഫിന്റെ മുഖ്യ പ്രചാരണ വിഷയം?

അഞ്ചു കൊല്ലം കൊണ്ട് ഈ സർക്കാർ നടത്തിയിട്ടുള്ള അഴിമതി, ക്രമക്കേട്, സ്വജനപക്ഷപാതം, ഒളിച്ചുനടത്തിയ ഇടപാടുകൾ, വികസനത്തിന് ഉതകാത്ത നയനിലപാടുകൾ.. ഇതൊക്കെ മതി ഞങ്ങൾക്കു പ്രചാരണം നടത്താൻ. വർഗീയതയൊന്നും പറയേണ്ട കാര്യമില്ല. ഈ സർക്കാരിന്റെ പോരായ്മകൾ പറഞ്ഞാൽ ജനത്തിനു മനസ്സിലാകും.

∙ കോവിഡിനെ ഫലപ്രദമായി നേരിട്ടെന്നാണ് സർക്കാർ പറയുന്നത്. വിമർശനമുണ്ടോ?

സർക്കാരിന്റെ അവകാശവാദങ്ങളെല്ലാം പൊളിഞ്ഞുപോയി. ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും വ്യാപകമായും മാരകമായും കോവിഡ് വരുന്നതു കേരളത്തിലാണ്. ഇവിടെ കോവിഡ് പരിശോധന പൂർണമല്ല. മരണത്തിന്റേതുൾപ്പെടെ പല കണക്കുകളും മറച്ചുവയ്ക്കുകയാണ്. എല്ലാം മെച്ചപ്പെട്ട രീതിയിലാണെന്നു വരുത്തിത്തീർക്കുകയാണു ചെയ്തത്. തെറ്റായ നയസമീപനാണ് ഇതിനു കാരണം. കേരളം മുൻപന്തിയിലാണെന്നു കാണിച്ചു കയ്യടി വാങ്ങാനായിരുന്നു സർക്കാരിനു വ്യഗ്രത. 

ആദ്യഘട്ടത്തിൽ ക്വാറന്റീനും ഭക്ഷണത്തിനും സൗകര്യം ഏർപ്പെടുത്തുമെന്നായിരുന്നു വാഗ്ദാനം. താമസിയാതെ, പുറത്തുനിന്നു വരുന്നവരോടടക്കം നിങ്ങൾ വീട്ടിൽ പോയ്ക്കൊള്ളൂ എന്നു പറയാൻ തുടങ്ങി. മഞ്ചേരി മെഡിക്കൽ കോളജിനുതന്നെ, കോവിഡ് ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയതിനു സർക്കാർ എട്ടു കോടി രൂപ ഇനിയും കൊടുത്തിട്ടില്ല. കോവിഡ് രോഗി മരിച്ചാൽ ബന്ധുക്കളെ കാണാൻ അനുവദിക്കില്ല, മതപരമായ ചടങ്ങുകൾ നടത്താനാവില്ല എന്നൊക്കെ നിബന്ധനകളുണ്ടായി. ലോകത്തെവിടെയും കാണാനാകാത്ത കാര്യങ്ങളാണിതെല്ലാം.

കോവിഡ് രോഗി മരിച്ചാൽ മൃതദേഹത്തിൽനിന്നു വൈറസ് പകരില്ലെന്നു ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതാണ്. അതൊക്കെ ലംഘിച്ചു ജനങ്ങളെ ദ്രോഹിക്കുകയാണു ചെയ്തത്. ബന്ധുക്കൾക്കു വിട്ടുകൊടുക്കാൻ തീരുമാനമുണ്ടായെങ്കിലും പത്തടി താഴ്ചയിലേക്കു മൃതദേഹം തള്ളിയിടുന്നത് അടക്കമുള്ള നിബന്ധനകളിൽ മാറ്റമൊന്നുമില്ല. കോവിഡ് പരിശോധനയ്ക്ക് ഇവിടെ മാത്രമാണ് 1700 രൂപ ഈടാക്കുന്നത്. മധുരയിലോ ഹൈദരാബാദിലോ ചെറിയ തുകയ്ക്കു പരിശോധന നടത്താനാകും.

∙ ലീഗിന്റെ വലിയ വോട്ടുബാങ്ക് ആണല്ലോ പ്രവാസികൾ. അവരോടുള്ള സർക്കാരിന്റെ സമീപനമെന്താണ്?

കോവിഡ് കാലം മാത്രമെടുത്താൽത്തന്നെ, പ്രവാസികൾക്ക് എതിരായിരുന്നു സർക്കാർ നടപടികളെന്നു കാണാനാകും. കോവിഡ് കാലത്തു നാട്ടിലേക്കു വരാൻ അനുവദിക്കാതെ പ്രവാസികളെ കഷ്ടപ്പെടുത്തി. കോവിഡ് വ്യാപനം തുടങ്ങിയപ്പോൾ പ്രവാസികളെല്ലാം മരണത്തിന്റെ മുനമ്പിലായിരുന്നു. ഒരു മുറിയിൽ 8–9 ആളുകളാണു കഴിയുന്നത്. അവരെ മടക്കിക്കൊണ്ടു വരാൻ ഒന്നും ചെയ്തില്ലല്ലോ. നോർക്ക കൈകെട്ടി നിന്നു. പ്രവാസി കുടുംബങ്ങളിലെ എത്രയോ പേർ മരിച്ചു. പത്തു പൈസയുടെ സഹായം കൊടുത്തോ? പ്രവാസികളുടെ വോട്ടവകാശത്തിനു വേണ്ടിയും കേരളത്തിലെയും കേന്ദ്രത്തിലെയും സർക്കാരുകൾ ഒന്നും ചെയ്യുന്നില്ല. പ്രവാസി കാര്യങ്ങളിൽ സംസ്ഥാന സർക്കാരിനു യാതൊരു ആത്മാർഥതയുമില്ല. മടങ്ങിയെത്തിയവരുടെ കടബാധ്യത തീർക്കാനുൾപ്പെടെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതു നടപ്പായില്ല.

∙ ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, റോഡ് എന്നിവയിൽ വൻവികസനം നടത്തിയെന്ന അവകാശവാദം അംഗീകരിക്കുമോ?

ഇതെല്ലാം പബ്ലിസിറ്റി മാത്രമാണ്. അടിസ്ഥാനസൗകര്യ മേഖലയിൽ എന്താണ് ഇവർ ചെയ്തിട്ടുള്ളത്? ഉമ്മൻചാണ്ടിയുടെ കാലത്ത് എത്ര പാലങ്ങളുണ്ടാക്കി, ഇവരുടെ കാലത്ത് എത്ര പാലങ്ങളുണ്ടാക്കി എന്നു നോക്കിയാൽ മതി. വിവാദമായ പാലാരിവട്ടം പാലം പണിത ആർഡിഎസ് പ്രോജക്ടിനു  വീണ്ടുംവീണ്ടും പദ്ധതികൾ നൽകുകയാണ്. കഴക്കൂട്ടം ജംക്‌ഷനിലെ മേൽപാലം, ആലപ്പുഴ, കൊല്ലം ബൈപാസ് നിർമാണക്കരാറുകൾ എന്നിവ ആർഡിഎസ് ഉൾപ്പെടെയുള്ള കൺസോർഷ്യത്തിനായിരുന്നു.

Pinarayi Vijayan
പിണറായി വിജയൻ

പാലാരിവട്ടത്തു ഭാരപരിശോധനയ്ക്ക് സർക്കാർ തയാറായില്ല. നിർമാണ കമ്പനിക്കു പകരം അന്നു വകുപ്പിന്റെ ചുമതലിയിലുണ്ടായിരുന്ന മന്ത്രിയെ കരിമ്പട്ടികയിൽ പെടുത്താനാണു ശ്രമിച്ചത്. ഇത്രയധികം പരസ്യങ്ങൾ കൊടുത്ത സർക്കാരുണ്ടോ? ധൂർത്തല്ലേ ഇത്. പരസ്യച്ചെലവെല്ലാം അടുത്ത സർക്കാരിന്റെ തലയിൽ വച്ചുകെട്ടുകയല്ലേ. ചെയ്യാത്ത കാര്യം ചെയ്തുവെന്നു വരുത്തുകയാണ്. മത്സ്യബന്ധന കരാർ നേട്ടമായാണല്ലോ പരസ്യങ്ങളിൽ കാണിച്ചത്. വിവാദമായപ്പോഴല്ലേ റദ്ദാക്കിയത്. വികസനമുണ്ടായി എന്നത് ആളുകളെ പറ്റിക്കാനുള്ള കൺകെട്ടു വിദ്യയാണ്.

∙ മുസ്‍ലിം ലീഗ് ദേശീയധാര അംഗീകരിച്ച് എന്‍ഡിഎയോടൊപ്പം വരാന്‍ തയാറായാല്‍ സ്വീകരിക്കുമെന്നു ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ പറഞ്ഞല്ലോ. അങ്ങനെയുള്ള നീക്കങ്ങളുണ്ടോ?

ബിജെപിക്കാരി ആണെങ്കിലും ഔദ്യോഗിക വിഭാഗത്തിനൊപ്പം നിൽക്കുന്ന ആളല്ല ശോഭ സുരേന്ദ്രൻ. ശോഭ ബിജെപിയിൽനിന്നു പുറത്താണ്. അവർ എന്തിനാണ് ആ ചൂണ്ടയിട്ടത് എന്നു ഞങ്ങൾക്കറിയില്ല. ബിജെപിയുമായി സഹകരിക്കുന്ന പ്രശ്നം ലീഗിനെ സംബന്ധിച്ചില്ല. ഇന്ത്യയിൽ ബിജെപിക്ക് എതിരായി സിപിഎം അടക്കം എല്ലാ പാർട്ടികളെയും ഒരുമിച്ചുനിർത്തി പോരാടുകയാണ്. ജനാധിപത്യവും മതേതരത്വവും പാർലമെന്റും ജുഡിഷ്യറിയും എല്ലാം ബിജെപി കുഴപ്പത്തിലാക്കി. അതിനെതിരെ പോരാടുന്ന ഘട്ടത്തിൽ എങ്ങനെയാണു ബിജെപിയുമായി സഹകരിക്കുക? മതന്യൂനപക്ഷങ്ങൾക്ക് ഒരിക്കലും സഹകരിക്കാൻ പറ്റില്ലല്ലോ. ഏകപക്ഷീയമായാണു ബിജെപി കാര്യങ്ങൾ നടത്തുന്നത്. ശോഭയുടെ ക്ഷണത്തെ ഞങ്ങൾ മുഖവിലയ്ക്ക് എടുത്തിട്ടില്ല, പുച്ഛിച്ചു തള്ളുന്നു.

∙ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് പാർട്ടിക്ക് ഗുണപ്രദമാണോ?

കേരളത്തിലെ യുഡിഎഫ് സംവിധാനത്തിൽ ഒരുപാട് കാര്യങ്ങൾ ഫലപ്രാപ്തിയോടെ ചെയ്യാൻ സാധിക്കുമെന്നു മനസ്സിലാക്കിയാണ് അദ്ദേഹത്തോടു തിരിച്ചുവരാൻ പറഞ്ഞത്. ഡൽഹിയിലേക്ക് ആരെയും പറഞ്ഞയയ്ക്കാനാവും. പക്ഷേ ഇവിടെ ഭരണത്തിൽ തിരിച്ചുവരാനും യുഡിഎഫിനെ ശക്തിപ്പെടുത്താനും കുഞ്ഞാലിക്കുട്ടി വേണം. ഇവിടെയും ഡൽഹിയിലും ഒരുമിച്ചു ജോലി ചെയ്യുക പ്രയാസമാണെന്ന ഉത്തമബോധ്യത്തിൽ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെടുകയും ദേശീയ സമിതി അംഗീകരിക്കുകയും ചെയ്തപ്പോഴാണ് അദ്ദേഹം മടങ്ങിയെത്തിയത്.

∙ തദ്ദേശ തിരഞ്ഞെടുപ്പിൽ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ലീഗ് സഹകരിച്ചതിനെ ഇടതുപക്ഷം കാര്യമായി വിമർശിച്ചു. നിയമസഭയിലും സഹകരണമുണ്ടാകുമോ?

ഞങ്ങൾ ചെയ്യുന്നതെല്ലാം പരസ്യമായിരിക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ 32 പഞ്ചായത്തിൽ വെൽഫെയർ പാർട്ടിയുമായി ഞങ്ങൾക്കു ധാരണയുണ്ടായിരുന്നു. സഖ്യമല്ല, നീക്കുപോക്കാണ് ഉണ്ടായിരുന്നത്. ഇക്കാര്യം തുറന്നു പറയാൻ മടിയില്ല. അതേസമയം, മുൻ തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് അവരുമായി സഖ്യമുണ്ടായിരുന്നു. അവരൊന്നിച്ചു മലപ്പുറം ജില്ലയിലെ പല പഞ്ചായത്തുകളും ഭരിച്ചു. ജമാഅത്തെ ഇസ്‍ലാമിയുമായി യോജിച്ചു പോകാൻ പ്രയാസമില്ലെന്നു പാലൊളി മുഹമ്മദ്കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നല്ലോ. അവർ ചെയ്തൊരു കാര്യത്തിനു തിരിച്ചടി നൽകുകയാണു ചെയ്തത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ മാത്രം പ്രാദേശിക നീക്കുപോക്കാണത്. നിയമസഭാ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി സഹകരണമുണ്ടാകില്ല.

PK Kunhalikutty
പി.കെ.കുഞ്ഞാലിക്കുട്ടി

∙ സർക്കാരിനെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും സ്വന്തം പാർട്ടിയിലെ എംഎൽഎമാരും അഴിമതിക്കേസുകളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇതിനെ എങ്ങനെ പ്രതിരോധിക്കും? വി.കെ.ഇബ്രാഹിംകുഞ്ഞ് വീണ്ടും മത്സരിക്കുമോ?

പാലാരിവട്ടം പാലം കേസ് വിജിലൻസ് അന്വേഷിച്ചു മാറ്റിവച്ചതാണ്. എന്നിട്ടും ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇബ്രാഹിംകുഞ്ഞ് ഇത്തവണ മത്സരിക്കണോ എന്നതു തീരുമാനിച്ചിട്ടില്ല. എം.സി.കമറുദ്ദീന്റെ കാര്യത്തിൽ, ഒരു ബിസിനസ് സംരംഭത്തിന്റെ  ചെയർമാൻ മാത്രമാണ് അദ്ദേഹം. ഇതേ കേസിലെ മറ്റു പ്രതികൾ സിപിഎം സംരക്ഷണത്തിൽ കഴിയുകയാണ്. അവരെ അറസ്റ്റ് ചെയ്തിട്ടില്ല. എത്രയോ കച്ചവടങ്ങൾ പൊളിയുന്നുണ്ട്. നിലമ്പൂർ എംഎൽഎ പി.വി.അൻവറിന്റെ ബിസിനസ് പൊളിഞ്ഞിട്ടില്ലേ? ഞങ്ങളുടെ നേതാക്കൾക്കും എംഎൽഎമാർക്കും എതിരായ ആരോപണങ്ങളും കേസുകളും രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയാണ്.

∙ താങ്കൾ നിയമസഭയിലേക്കു മത്സരിക്കുമോ?

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ താല്‍പര്യമനുസരിച്ചാകും സ്ഥാനാര്‍ഥി തീരുമാനം. തങ്ങള്‍ക്കൊപ്പം കഴിഞ്ഞ 10 വര്‍ഷത്തിലധികമായി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. 

∙ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ചാണ് യുഡിഎഫ് പ്രചാരണം നയിക്കുന്നത്. ആരാണ് മുഖ്യമന്ത്രിയാകാൻ സാധ്യത?

കോൺഗ്രസിന്റെ രീതിയനുസരിച്ചു തിരഞ്ഞെടുപ്പിനു മുൻപു മുഖ്യമന്ത്രി ആരാണെന്നു പറയാറില്ല. തിരഞ്ഞെടുപ്പിനുശേഷം ഹൈക്കമാൻഡ് പറയുന്നയാളാകും മുഖ്യമന്ത്രി. മുഖ്യപാർട്ടിയായ കോൺഗ്രസ് എന്തു തീരുമാനിച്ചാലും ലീഗ് അതിനൊപ്പം നിൽക്കും. അതിൽ ഞങ്ങളോടു പ്രത്യേക അഭിപ്രായം ചോദിക്കേണ്ടതില്ല.

Oommen Chandy, Ramesh Chennithala
ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല

∙ ശബരിമല യുവതീപ്രവേശം, പൗരത്വ ഭേദഗതി നിയമം എന്നിവയുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു നടന്ന പ്രക്ഷോഭങ്ങളിൽ, ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത എല്ലാ കേസുകളും പിൻവലിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തോടുള്ള പ്രതികരണം?

ശബരിമല വിഷയത്തിൽ സർക്കാരിന്റെ നിലപാട് വ്യക്തമാണ്. യുവതീപ്രവേശം പാടില്ലാത്ത ശബരിമലയിൽ യുവതികളെ വേഷംമാറ്റി പൊലീസിന്റെ സഹായത്തോടെ കയറ്റി ആചാരലംഘനം നടത്തുകയല്ലേ ചെയ്തത്. ഓരോ ആരാധനാലയത്തിനും പ്രത്യേക ആചാരങ്ങളുണ്ട്. ആചാരങ്ങൾ അംഗീകരിച്ചു വിശ്വാസികളോടൊപ്പം നിൽക്കുകയല്ലേ വേണ്ടത്. നിയമനിർമാണം നടത്താൻ സംസ്ഥാനവും കേന്ദ്രവും ഇടപെട്ടില്ല. യുഡിഎഫ് ശക്തമായ നിലപാടെടുത്തതു കൊണ്ടാണ് കേസുകൾ പിൻവലിക്കാൻ തയാറായത്.

ദേശീയ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. പക്ഷേ ആ സമരങ്ങളിൽ പങ്കെടുത്ത എല്ലാവരുടെ പേരിൽ കേസെടുത്തു. ലീഗുകാർ മാത്രമല്ല പ്രസംഗിക്കാനെത്തിയ സാംസ്കാരിക നായകർ വരെ കേസിലുൾപ്പെട്ടു. ന്യൂനപക്ഷത്തിന്റെ ഒപ്പമെന്നു പ്രസംഗിക്കുകയും അവർക്കെതിരെ കേസെടുക്കുകയുമാണ്. ഇത്തരം വിഷയങ്ങളിലെല്ലാം സർക്കാരിന് ഇരട്ടത്താപ്പാണ്. ജനം അതെല്ലാം തിരിച്ചറിയും.

English Summary: IUML state general secretary KPA Majeed's interview, Kerala Assembly Election 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.