ADVERTISEMENT

ന്യൂഡൽഹി∙ ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ പിഎസ്എൽവി വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് വിക്ഷേപിച്ചു. പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പി‌എസ്‌എൽ‌വി-സി 51) റോക്കറ്റിൽ ബ്രസീലിൽനിന്നുള്ള ആമസോണിയ -1 നൊപ്പം 18 ചെറിയ ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്. രാവിലെ 10.24 നായിരുന്നു വിക്ഷേപണം.

ഐഎസ്ആർഒയുടെ ആദ്യ സമ്പൂർണ വാണിജ്യ വിക്ഷേപണമാണിത്. ബ്രസീലിന്റെ ഉപഗ്രഹമായ ആമസോണിയ–1 ആണ് ഇത്തവണ വിക്ഷേപിച്ചത്. ബ്രസീൽ തദ്ദേശീയമായി നിർമിച്ച ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ആമസോണിയ–1. 637 കിലോ ഭാരമുള്ള ഈ ഉപഗ്രഹത്തിൽ 60എം റെസലൂഷനുള്ള വൈഡ് ഫീൽഡ് ഇമേജിങ് ക്യാമറയും ഉണ്ട്. ആമസോൺ കാടുകളുടെ നശീകരണം നിരീക്ഷിക്കാനും ബ്രസീലിലെ കാർഷിക മേഖലയ്ക്കും വേണ്ടിയാണ് ഈ ഉപഗ്രഹം വികസിപ്പിച്ചത്.

വാണിജ്യ വിക്ഷേപണത്തിനായി ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) എന്ന കമ്പനി കേന്ദ്രസർക്കാരിന്റെ ബഹിരാകാശ വകുപ്പിനു കീഴിൽ രൂപീകരിച്ചശേഷമുള്ള ആദ്യ വിക്ഷേപണമാണിത്. യുഎസിലെ സ്പേസ്ഫ്ലൈറ്റ് കമ്പനിയുമായി വാണിജ്യ ധാരണയ്ക്കു കീഴിലാണ് എൻഎസ്ഐഎൽ ദൗത്യങ്ങൾ നടത്തുന്നത്.  

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം, ഭഗവദ്ഗീതയുടെ ഇലക്ട്രോണിക് പതിപ്പ്, 25,000 ഇന്ത്യക്കാരുടെ പേരുകള്‍ എന്നിവയും പി‌എസ്‌എൽ‌വി-സി 51 വഴി ബഹിരാകാശത്തെത്തും. സതീഷ് ധവാൻ സാറ്റലൈറ്റ് (എസ്ഡി സാറ്റ്) വഴിയാണ് ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നത്. ഐഎസ്ആർഒ ചെയർപേഴ്‌സൺ ഡോ. കെ.ശിവൻ, ശാസ്ത്ര സെക്രട്ടറി ഡോ. ആർ.ഉമാ മഹേശ്വരൻ എന്നിവരുടെ പേരുകളും ഉപഗ്രഹത്തിന്റെ താഴത്തെ പാനലിൽ പതിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ സ്ഥാപക പിതാക്കന്മാരിൽ ഒരാളായ പ്രഫ. സതീഷ് ധവാന്റെ പേരിലാണ് ഉപഗ്രഹം അറിയപ്പെടുന്നത്. മൂന്ന് ശാസ്ത്രീയ പേലോഡുകളും ഇതിലുണ്ടാകും. ഒന്ന് ബഹിരാകാശ വികിരണം പഠിക്കുക, രണ്ടാമത് കാന്തികമണ്ഡലം പഠിക്കുക, മറ്റൊന്ന് ലോ–പവർ വൈഡ്-ഏരിയ ആശയവിനിമയ ശൃംഖല പരീക്ഷിക്കുക.

English Sumamry: ISRO launch Brazilian satellite, 3 Indian payloads

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com