ADVERTISEMENT

കൊച്ചി∙ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ വിമർശിച്ച സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വിജയയാത്ര കൊച്ചിയിൽ രണ്ടാം ദിവസം തുടരുന്നതിനിടെ മാധ്യമങ്ങളെ കാണുമ്പോഴാണ് തോമസ് ഐസക്കിന്റേത് അസഹിഷ്ണതയും അൽപത്തരവുമാണെന്നു തിരിച്ചടിച്ചത്. വസ്തുതയ്ക്കു നിരക്കാത്ത കാര്യങ്ങൾ ആരോ എഴുതിക്കൊടുത്തത് യാന്ത്രികമായി വായിക്കുന്നതിലൂടെ നിർമല സീതാരാമനെ വിഡ്ഢിവേഷം കെട്ടിക്കുകയാണെന്നായിരുന്നു തോമസ് ഐസക്കിന്റെ പരിഹാസം.

ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും ഫലപ്രദമായ സാമ്പത്തിക മാനേജ്മെന്റിൽ ലോകം മുഴുവൻ അംഗീകരിക്കുന്ന ധനമന്ത്രിയാണ് നിർമല സീതാരാമൻ. ആരോ പ്രസംഗം എഴുതിക്കൊടുക്കുന്നു എന്നതുപോലെയുള്ള വിലകുറഞ്ഞ പ്രസ്താവന അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണ്. ഇന്ത്യൻ സമ്പദ്ഘടനയെ പിടിച്ചു നിർത്തിയ നിർമല സീതാരാമനെ ആക്ഷേപിക്കുന്നത് സിആൻഡ്എജി റിപ്പോർട് ചോർത്തിക്കൊടുത്തു പരിഹാസ്യനായ ധനമന്ത്രിയാണ്. ഇങ്ങനെ ഒരു ധനമന്ത്രിയും ചെയ്തിട്ടില്ല.

ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണ് അദ്ദേഹം നടത്തിയത്. സ്ഥാപനങ്ങളുടെ മഹത്വം ഇല്ലാതാക്കി അവമതിപ്പുണ്ടാക്കിയ ആളാണ് തോമസ് ഐസക്. തോമസ് ഐസക്കിന്റെ സാമ്പത്തിക വൈദഗ്ധ്യം മുഖ്യമന്ത്രി പിണറായി വിജയൻ പോലും അംഗീകരിക്കുന്നില്ല. ഇത് പല തവണ അദ്ദേഹം പറയാതെ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ വച്ചതു മുതൽ ഇങ്ങോട്ട് കിഫ്ബി വിഷയത്തിൽ ഉൾപ്പെടെ സർക്കാരിനു പോലും വിശ്വാസമില്ലാത്ത ആളാണ് കേരളത്തിലെ ധനമന്ത്രി.

എന്താണ് കിഫ്ബിയെന്നാണ് കേന്ദ്ര ധനമന്ത്രി ചോദിച്ചത്. ഇതിന് ഭരണഘടനാ ബാഹ്യമായ അധികാരം ആര് തന്നു? എവിടെ അനുമതി തേടിയിട്ടാണ് മസാല ബോണ്ടും മറ്റും ഇവിടെ അവതരിപ്പിച്ചത്? കുറഞ്ഞ പലിശയ്ക്കു കിട്ടുന്ന പണം കൂടിയ പലിശയ്ക്കെടുക്കുന്നതാണോ സാമ്പത്തിക വൈദഗ്ധ്യം? തുടങ്ങിയവയാണ് ചോദ്യങ്ങൾ. കടമെടുത്ത പണം ഉൽപാദനപരമല്ലാത്ത കാര്യങ്ങൾക്ക് ചെലവഴിച്ച് ധൂർത്തടിക്കുകയാണ് അദ്ദേഹം. സിആൻഡ്എജിയുടെ ചോദ്യത്തെ രാഷ്ട്രീയപരമായി നേരിടുമെന്നാണ് പറഞ്ഞത്. സിആൻഡ്എജി ചോദിച്ച രാഷ്ട്രീയപരമായ ചോദ്യങ്ങൾക്ക് അങ്ങനെയും ഭരണഘടനാപരമായ ചോദ്യങ്ങൾക്ക് അങ്ങനെയും ഉത്തരം നൽകണം. കേരളം തെരുവിൽ നേരിടുമെന്നൊക്കെയാണ് പറഞ്ഞത്. തിരഞ്ഞെടുപ്പു കാലത്ത് ചർച്ചയാവാതിരിക്കാൻ നേരത്തെ ചർച്ചയാക്കുകയായിരുന്നു. നിർമല സീതരാമൻ ഒരു സംസ്ഥാനത്തെ ധനമന്ത്രിക്കെതിരെ വസ്തുതാപരമായി പ്രതികരിക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ അത് സംസ്ഥാനത്തിന്റെ പിടിപ്പു കേടാണ്.

വിനാശകരമായ മാതൃകയാണ് സംസ്ഥാന ധനമന്ത്രി പിന്തുടരുന്നത്. ഇത് രാജ്യത്തിന് യോജിക്കാൻ പറ്റുന്നതല്ല. ജനങ്ങളെ ഈടുനിർത്തിയാണ് വായ്പ എടുക്കുന്നത്. ഈ പണത്തിനു ജാമ്യം നിൽക്കുന്നത് പാർട്ടി ഓഫിസോ എകെജി സെന്ററോ തോമസ് ഐസക്കോ ഒന്നുമല്ല, പകരം ജനങ്ങളാണ്. വായ്പയെടുത്തു ധൂർത്തടിക്കുന്നതിനാണ് സെസ് കൊടുക്കേണ്ടി വരുന്നത്. 6000 കോടിയുടെ പദ്ധതി നടപ്പാക്കിയപ്പോൾ 5000 കോടി ഖജനാവിൽനിന്നു പോയി.

തോമസ് ഐസക്കിന്റെ വികസന മാതൃകയുടെ ക്ലാസിക് ഉദാഹരണമാണ് ചെല്ലാനം. എന്താണ് കേരളത്തിന്റെ വികസന മാതൃക എന്നതിന്റെ ഉദാഹരണം. ഇത് ഓരോ ജില്ലയിലുമുണ്ട്. ചെല്ലാനം ജനത അനുഭവിക്കുന്ന പ്രശ്നത്തിനു പരിഹാരം കാണാൻ 200 കോടിയാണ് കേന്ദ്രം അനുവദിച്ചത്. അതിൽ 175 കോടിയും ധനമന്ത്രി വകമാറ്റി ചെലവഴിച്ചു. 25 കോടി രൂപയാണ് ചെലവഴിക്കാൻ തീരുമാനിച്ചത്. പുലിമുട്ടുമില്ല, കടൽ ഭിത്തിയുമില്ല. പകരം ആളെ പറ്റിക്കുന്ന സൈക്കിൾ ട്യൂബുകൊണ്ട് ചാക്ക് വച്ചിരിക്കുന്നു. തന്ന കാശ് വകമാറ്റികൊണ്ടു പോയി. ചെല്ലാനത്തെ ആയിരക്കണക്കിന് ജനങ്ങളെ വഞ്ചിച്ചു. കെഎസ്ആർടിസി നടത്തിക്കൊണ്ടു പോകാൻ കഴിയാത്ത മാന്യനാണ് ധനമന്ത്രി നിർമല സീതാരാമനെ വിമർശിക്കുന്നത്. കെഎസ്ആർടിസി ലാഭകരമായി നടത്താൻ സാധിക്കാത്ത സാമ്പത്തിക വിദഗ്ധനാണ് വലിയ സംഭവമാണെന്നു പറഞ്ഞ് മറ്റുള്ളവരെ ആക്ഷേപിക്കുന്നത്. അതുകൊണ്ടാണ് ഇത്രയും പറയേണ്ടി വന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

English Summary: K Surendran against Thomas Isaac 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com