ഇടുക്കിയിൽ ഇരിപ്പുറപ്പിക്കാൻ ഇടത്, ശക്തി തെളിയിക്കാൻ ജോസഫും; ‘ഹൈറേഞ്ച്’ പോരാട്ടം

idukki-election
തദ്ദേശതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കട്ടപ്പന അയ്യപ്പൻകോവിൽ തൂക്കുപാലത്തിൽ യുഡിഎഫ്, എൽഡിഎഫ് പ്രവർത്തകർ കണ്ടുമുട്ടിയപ്പോൾ. (ഫയൽ ചിത്രം by റെജു അർണോൾഡ് ∙ മനോരമ)
SHARE

സുഗന്ധവ്യഞ്ജനങ്ങളുടെയും വൈദ്യുതിയുടെയും കലവറയായ ഇടുക്കിക്ക് പ്രത്യേകതകൾ ഏറെയാണ്. മലയോര ജില്ലയായ ഇടുക്കിയുടെ രാഷ്ട്രീയവും ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. യുഡിഎഫിന് അനുകൂലമായി നിന്ന ജില്ലയിൽ എൽഡിഎഫ് കരുത്തുകാട്ടുന്ന കാഴ്ചയാണ് മുൻ തിരഞ്ഞെടുപ്പുകളിൽ കാണാൻ കഴിഞ്ഞത്.

ഉടുമ്പൻചോല, ദേവികുളം (പട്ടികജാതി), പീരുമേട്, തൊടുപുഴ, ഇടുക്കി എന്നിങ്ങനെ അഞ്ചു മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ ഉടുമ്പൻചോല, ദേവികുളം, പീരുമേട് എന്നീ മണ്ഡലങ്ങൾ എൽഡിഎഫിനെ പിന്തുണച്ചപ്പോൾ രണ്ടെണ്ണം യുഡിഎഫിനൊപ്പം നിന്നു. എം.എം. മണി, എസ്. രാജേന്ദ്രൻ, ഇ.എസ്. ബിജിമോൾ എന്നിവർ ജില്ലയിലെ ഇടതുപ്രതിനിധികളായി.

കേരള കോൺഗ്രസിന്റെ പി.ജെ.ജോസഫ് തൊടുപുഴയിൽനിന്നും റോഷി അഗസ്റ്റിന്‍ ഇടുക്കിയിൽനിന്നും യുഡിഎഫ് പ്രതിനിധികളായി. എന്നാൽ ഇക്കുറി സാഹചര്യം ആകെ മാറിമറിഞ്ഞു. കേരള കോൺഗ്രസ് (എം) ഇടതുപാളയത്തിലെത്തിയതോടെ റോഷി അഗസ്റ്റിൻ എൽഡിഎഫിന്റെ ഭാഗമായി. ഇതോടെ തൊടുപുഴയെ പ്രതിനിധാനം ചെയ്യുന്ന പി.ജെ. ജോസഫ് ജില്ലയിലെ യുഡിഎഫിന്റെ ഏക എംഎൽഎയായി.

PJ-Joseph
പി.ജെ.ജോസഫ്

എൽഡിഎഫിനും കേരള കോൺഗ്രസ് (എം)നും ഇത്തവണത്തെ തിരഞ്ഞെടുപ്പ് അഭിമാന പോരാട്ടമാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ല ഇടതുപക്ഷത്തെ പിന്തുണച്ചു എന്നു തന്നെ പറയാം. മാണി വിഭാഗം ഒപ്പം ഇല്ലെങ്കിലും സർക്കാരിനെതിരായ ആരോപണങ്ങളും ഭൂപ്രശ്നങ്ങളും നിയമസഭാ തിരഞ്ഞെടുപ്പിൽ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.

എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗത്തിനു കാര്യമായ നേട്ടമുണ്ടാക്കാൻ സാധിക്കാത്തതും ഗ്രൂപ്പ് തർക്കവും യുഡിഎഫിന് ജില്ലയിൽ വെല്ലുവിളി സൃഷ്ടിക്കുന്നു. കേരള കോൺഗ്രസ് എം ജോസ് വിഭാഗം ഒപ്പം നിൽക്കുമ്പോള്‍ യുഡിഎഫിനെ ഹൈറേഞ്ചിൽ നിന്നു പുറത്താക്കാം എന്ന ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷം.

ലോക്സഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണച്ച ‍ഇടുക്കിയിൽ നിന്നു ഡീൻ കുര്യാക്കോസ് റെക്കോർഡ് ഭൂരിപക്ഷത്തിലാണ് വിജയം നേടിയത്. സിറ്റിങ് എംപിയായിരുന്ന സിപിഎം സ്വതന്ത്രൻ ജോയ്സ് ജോർജിനെയാണു ഡീൻ പരാജയപ്പെടുത്തിയത്. പക്ഷേ തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ നേട്ടം യുഡിഎഫിനെ പിന്തുണച്ചില്ല. 52 ഗ്രാമപഞ്ചായത്തിൽ 22 എണ്ണം മാത്രമാണ് യുഡിഎഫ് നേടിയത്. എട്ടു ബ്ലോക്ക് പഞ്ചായത്തില്‍ നാലെണ്ണം വീതം എൽഡിഎഫും യുഡിഎഫും നേടി. ജില്ലാ പഞ്ചായത്തിന്റെ ഭരണവും എൽഡിഎഫ് സ്വന്തമാക്കി.

അണ്ണാഡിഎംകെയുമായി ചേർന്ന് തോട്ടം മേഖലയിൽ കരുത്തുകാട്ടാനാണ് എൻഡിഎയുടെ ശ്രമം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തോട്ടംമേഖല ഉൾപ്പെടുന്ന ദേവികുളം മണ്ഡലത്തിൽ എൻഡിഎ 9,592 വോട്ട് നേടിയിരുന്നു. തനിച്ചു മൽസരത്തിനിറങ്ങിയ അണ്ണാ ഡിഎംകെ 11,613 വോട്ടു നേടി. ഇത്തവണ അണ്ണാഡിഎംകെയുമായി ചേർന്ന് എൻഡിഎയ്ക്ക്് കാര്യമായ ചലനം സൃഷ്ടിക്കാൻ സാധിച്ചേക്കും.

പെമ്പിളൈ ഒരുമ, ഹൈറേഞ്ച് സംരംക്ഷണ സമിതി എന്നീ സംഘടനകൾക്കും ജില്ലയിൽ കാര്യമായ സ്വാധീനം ഉണ്ട്. പെമ്പിളൈ ഒരുമ മൽസരിക്കില്ലെന്ന് പ്രസി‍‍ഡന്റ് ലിസി സണ്ണി വ്യക്തമാക്കിയിരുന്നു.

English Summary: Kerala Assembly Election; Idukki Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA