മുംബൈ മോഡല്‍ 'ബ്ലാക്ക് ഔട്ട്'; ചൈനീസ് ഹാക്കര്‍മാരുടെ തെലങ്കാന നീക്കം പൊളിച്ചു

china-cyber-attack
പ്രതീകാത്മക ചിത്രം (Image Courtesy - trambler58 / Shutterstock)
SHARE

ഹൈദരാബാദ്∙ ചൈനീസ് ഹാക്കര്‍മാര്‍ മുംബൈയ്ക്കു പിന്നാലെ തെലങ്കാനയിലെ വൈദ്യുതവിതരണം അട്ടിമറിക്കാനും ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍. രാജ്യത്തെ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് തെലങ്കാനയിലെ ടിഎസ് ട്രാന്‍സ്‌കോ, ടിഎസ് ജെന്‍കോ എന്നിവയ്ക്കു നേരെയുള്ള ചൈനീസ് ഹാക്കിങ് ശ്രമം പരാജയപ്പെടുകയായിരുന്നു. വിവരങ്ങള്‍ ചോര്‍ത്തി വൈദ്യുതി വിതരണം തകര്‍ക്കുകയായിരുന്നു ചൈനീസ് ഹാക്കര്‍മാരുടെ ലക്ഷ്യം. 

മുന്നറിയിപ്പ് ലഭിച്ചതിനു പിന്നാലെ സംശയകരമായ ഐപി അഡ്രസുകള്‍ ജെന്‍കോ ബ്ലോക്ക് ചെയ്തു. തന്ത്രപ്രധാനമായ പവര്‍ ഗ്രിഡുകളില്‍ ഉപയോഗിച്ചിരുന്ന എല്ലാ യൂസര്‍ വിവരങ്ങളിലും മാറ്റം വരുത്തുകയും ചെയ്തു. തെലങ്കാന ലോഡ് ഡെസ്പാച്ച് സെന്ററിലെ (എസ്ഡിഎല്‍സി) സംവിധാനങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു സൈബര്‍ ആക്രമണശ്രമം. ഇക്കാര്യത്തില്‍ മുന്നറിയിപ്പ് ലഭിച്ചതോടെ സുരക്ഷ ശക്തമാക്കുകയായിരുന്നു. എസ്ഡിഎല്‍സിക്കു കീഴിലുള്ള 44 സബ് സ്‌റ്റേഷനുകളായിരുന്നു ഹാക്കര്‍മാരുടെ ലക്ഷ്യം. ചൈനീസ് മാല്‍വെയറുകള്‍ ഉപയോഗിച്ച് കംപ്യൂട്ടര്‍ സംവിധാനം തകര്‍ത്ത് വൈദ്യുതി വിതരണം അട്ടിമറിക്കാനുള്ള നീക്കമാണ് നടന്നത്. 

കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ - ചൈന സേനകള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ കഴിഞ്ഞ ഒക്ടോബര്‍ 12നു രാവിലെ മുംബൈയില്‍ 5 മണിക്കൂര്‍ വൈദ്യുതി മുടങ്ങിയത് ചൈനയുടെ സൈബര്‍ ആക്രമണത്തിലാകാം എന്നു ന്യൂയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തിയിരുന്നു. 

യുഎസ് സൈബര്‍ സുരക്ഷാ കമ്പനി റെക്കോര്‍ഡഡ് ഫ്യൂച്ചര്‍ ആണ് മാല്‍വെയര്‍ കണ്ടെത്തിയത്. സിസ്റ്റത്തില്‍ കയറിയിട്ടുള്ള മിക്ക മാല്‍വെയറുകളും സജീവമാക്കിയിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. സംഭവത്തിനു പിന്നില്‍ ചൈനീസ് ഗ്രൂപ്പ് റെഡ് എക്കോയാണെന്നും റെക്കോര്‍ഡഡ് ഫ്യൂച്ചര്‍ അറിയിച്ചിരുന്നു. 

ചൈനീസ് സര്‍ക്കാര്‍ പിന്തുണയ്ക്കുന്ന ഹാക്കിങ് സംഘങ്ങള്‍ വ്യാപകമായി സൈബര്‍ ആക്രമണത്തിനു പദ്ധതിയിടുന്നതായി മുന്നറിയിപ്പുണ്ടായിരുന്നു. നൂതന സൈബര്‍ നുഴഞ്ഞുകയറ്റ വിദ്യകള്‍ റെഡ് എക്കോ ഉപയോഗപ്പെടുത്തിയെന്നും റെക്കോര്‍ഡഡ് ഫ്യൂച്ചര്‍ പറയുന്നു. വൈദ്യുതി പ്രസരണ കമ്പനിയുടെ സെര്‍വറുകളില്‍ ഫെബ്രുവരി മുതല്‍ ഹാക്കിങ് ശ്രമങ്ങള്‍ കണ്ടെത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ മുന്‍പു പറഞ്ഞിരുന്നു.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എന്‍ടിപിസി ലിമിറ്റഡ് അടക്കം 12 ഓളം ഇന്ത്യന്‍ വൈദ്യുതി പ്രസരണ കമ്പനികളുടെ സെര്‍വറുകളില്‍ സൈബര്‍ ആക്രമണത്തിന് റെഡ് എക്കോ പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

അപ്രതീക്ഷിത വൈദ്യുതി മുടക്കത്തില്‍ മുംബൈയും സമീപ പ്രദേശങ്ങളും സ്തംഭിച്ചിരുന്നു. ലോക്കല്‍ ട്രെയിനുകള്‍ നിശ്ചലമായി. ട്രാഫിക് സിഗ്‌നലുകള്‍ പ്രവര്‍ത്തിച്ചില്ല. മുംബൈ കോര്‍പറേഷനിലെ ആശുപത്രികള്‍ ശസ്ത്രക്രിയകള്‍ മാറ്റിവച്ചു. കോളജുകളിലെ ഓണ്‍ലൈന്‍ പരീക്ഷകളും മാറ്റി. ആളുകള്‍ ലിഫ്റ്റില്‍ കുടുങ്ങിയതോടെ രക്ഷിക്കാനായി അഗ്‌നിശമനസേന എത്തേണ്ടിവന്നു.

ടെലികോം, റെയില്‍വേ മേഖലകളെല്ലാം സ്തംഭിച്ച സംഭവത്തില്‍ സൈബര്‍ വിഭാഗം അട്ടിമറിസംശയം പ്രകടിപ്പിച്ചിരുന്നു. സിംഗപ്പൂരില്‍നിന്നും ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള അക്കൗണ്ടുകളില്‍ നിന്നാണു സംശയാസ്പദമായ നീക്കങ്ങള്‍ ഉണ്ടായതെന്നായിരുന്നു മുംബൈ സൈബര്‍ വിഭാഗത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്.

English Summary: Telangana Power Utilities Dodge Chinese Hacking Attempt After Alert

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA