ആഴക്കടൽ മത്സ്യബന്ധനം: തിരക്കിട്ട് നയരേഖ, വിദേശ നിക്ഷേപത്തിനും വഴിയൊരുക്കി കേന്ദ്രം

INDIA-WEATHER-RAIN
ചെന്നൈയിൽനിന്നുള്ള കാഴ്ച (ഫയൽ ചിത്രം: ARUN SANKAR / AFP)
SHARE

കൊച്ചി ∙ അമേരിക്കൻ കമ്പനിയുമായി സഹകരിച്ചുള്ള ആഴക്കടൽ മത്സ്യബന്ധന പദ്ധതിയിൽനിന്നു സംസ്ഥാന സർക്കാർ പിൻവാങ്ങിയെങ്കിലും കേന്ദ്ര നയത്തിന്റെ ബലത്തിൽ വിദേശ നിക്ഷേപ സംരംഭങ്ങൾ ഈ മേഖലയിൽ തഴച്ചുവളരുമോ? സമുദ്ര സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട മേഖലകളിൽ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ബ്ലൂ ഇക്കോണമി കരട് നയരേഖ പുറത്തുവന്നതോടെ മത്സ്യത്തൊഴിലാളി മേഖലയിൽ പ്രതിഷേധം കനക്കുകയാണ്.

മത്സ്യബന്ധന മേഖലയിൽ ഇന്ത്യൻ സമുദ്രാതിർത്തിയിൽ വിദേശ കപ്പലുകൾക്കു നിലവിൽ നിയന്ത്രണമുണ്ട്. ഇതിനിടെ, ആഴക്കടൽ മത്സ്യബന്ധന– ട്രോളർ നിർമാണ പദ്ധതിക്ക് അമേരിക്കൻ കമ്പനിയുമായി ധാരണയുണ്ടാക്കിയ സംസ്ഥാന സർക്കാരിനു കൈ പൊള്ളി. സംസ്ഥാനം കരാർ റദ്ദാക്കിയതിനു പിന്നാലെ, വിദേശ മൂലധന നിക്ഷേപം അനുവദിക്കുന്ന കേന്ദ്ര നയത്തിന്റെ കരട് പുറത്തുവന്നതാണു പുതിയ വിവാദം.  

ബ്ലൂ ഇക്കോണമി എന്നാൽ

സമുദ്ര ജലത്തിലും അടിത്തട്ടിലും തീരസമുദ്രത്തിലും (ഓഫ്ഷോർ) തീരമേഖലയിലുമുള്ള സമ്പത്തിനെ സംബന്ധിച്ചുള്ളതാണു ബ്ലൂ ഇക്കോണമി. മത്സ്യബന്ധനവും അനുബന്ധ പ്രവർത്തനങ്ങളും, മറൈൻ നിർമാണം, ഷിപ്പിങ്, തുറമുഖങ്ങൾ, ആഭ്യന്തര–രാജ്യാന്തര വ്യാപാരത്തിന്റെ ഭാഗമായ മാരിടൈം റൂട്ടുകൾ, ഓഫ് ഷോർ ഊർജസ്രോതസ്സുകൾ, സമുദ്രവുമായി ബന്ധപ്പെട്ട ടൂറിസം തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായി വരും. ഇന്ത്യയുടെ ജിഡിപിയുടെ 4% എന്നു കണക്കാക്കുന്ന ബ്ലൂ ഇക്കോണമിയുടെ വൻകുതിപ്പ് ലക്ഷ്യമിടുന്ന നയരേഖയിലെ ചില വിഷയങ്ങളെ ചൊല്ലിയാണു വിമർശനം. 

വിവാദ വിഷയങ്ങൾ

1. ബ്ലൂ ഇക്കോണമിയിൽ പൊതു–സ്വകാര്യ പങ്കാളിത്തത്തിന്റെ പതിവു മാതൃകകൾ ബാധകമാക്കുമ്പോൾ വിദേശ മൂലധനം ഉൾപ്പെടെ സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കാൻ നടപടി വേണമെന്നാണ്, ഇതു സംബന്ധിച്ച നയരേഖയിലെ ശുപാർശ. ബിസിനസ് സൗഹൃദാന്തരീക്ഷം വളർത്താനുള്ള ചട്ടങ്ങൾ ആവശ്യമാണെന്നും വർക്കിങ് ഗ്രൂപ്പ് വിലയിരുത്തി. ഇതുവരെ സ്വീകരിച്ചുവന്ന നയത്തിൽനിന്നുള്ള വ്യതിയാനമാണിതെന്നു മത്സ്യത്തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ ഉടമസ്ഥതയിൽ വിദേശ കപ്പലുകൾക്കു പ്രവർത്തിക്കാൻ ലെറ്റർ ഓഫ് പെർമിറ്റ് നൽകുന്ന സംവിധാനം പോലും മരവിപ്പിച്ചിരിക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു.   

2. തീര, ആഴക്കടൽ മേഖലകളിലുള്ള ധാതു–ലോഹങ്ങളും ഇന്ധനവും ഖനനം ചെയ്യാനുള്ള പദ്ധതി കരടിൽ ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യൻ തീരങ്ങളിൽ നിക്കൽ, യുറേനിയം, കോപ്പർ, തോറിയം, ടൈറ്റാനിയം, പോളി മെറ്റലിക് മാംഗനീസ്, ഇൽമനൈറ്റ്, ഗാർനെറ്റ്, സിൽകോൺ എന്നീ ധാതുക്കൾ സുലഭമാണ്. ഇവയുടെ വിവരശേഖരണവും ഖനന സാങ്കേതിക വിദ്യയുടെ വികസനവും ലക്ഷ്യമിടുന്നതാണു കരടു നയം. ഇതു സംസ്ഥാന സർക്കാരിന്റെ അധികാരത്തിൽ കടന്നുകയറുന്നതും ദൂരവ്യാപക പ്രത്യാഘാതമുള്ളതുമാണെന്ന വിമർശനമാണ് ഉയരുന്നത്. 

3. സാഗർമാല പദ്ധതിയുടെ ഭാഗമായി തീരദേശത്തു കൂറ്റൻ പദ്ധതികളും സംരംഭങ്ങളും കരടുനയത്തിൽ ലക്ഷ്യമിടുന്നു. തുറമുഖ കേന്ദ്രീകൃതമായി അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെ വിഭാവനം ചെയ്യുന്നു. എന്നാൽ വൻകിട പദ്ധതികൾ വന്നാൽ കുടിയൊഴിപ്പിക്കൽ വേണ്ടിവരുമെന്ന ആശങ്കയിലാണു തീരമേഖല. തീര ജനതയുടെ വാസ, ഉപജീവന അവകാശത്തിന് ഇതു വെല്ലുവിളിയാകുമെന്നു സംഘടനകൾ ആരോപിക്കുന്നു. 

4. ആഫ്രിക്കയുടെ കിഴക്കേതീരം മുതൽ പടിഞ്ഞാറൻ പസിഫിക് സമുദ്രം വരെ വളർന്നു വരുന്ന സാമ്പത്തിക–തന്ത്രപരമായ അച്ചുതണ്ടിന്റെ പ്രാധാന്യം ഇന്ത്യ തിരിച്ചറിയണമെന്നു നയരേഖയിൽ പറയുന്നതു സംശയത്തോടെയാണു തീരമേഖല കാണുന്നത്. അമേരിക്കയുടെ താൽപര്യങ്ങൾക്കു കുടപിടിക്കാനുള്ള നീക്കമെന്നും വിമർശനമുണ്ട്.

5. നയരേഖയെക്കുറിച്ച് അഭിപ്രായം അറിയിക്കാൻ സംസ്ഥാന സർക്കാരുകൾക്കും ബന്ധപ്പെട്ട സംഘടനകൾക്കും അനുവദിച്ചതു 10 ദിവസം മാത്രമാണെന്നാണു പ്രധാന ആക്ഷേപം. നയരേഖ പുറത്തിറക്കിയതു ഫെബ്രുവരി 17നാണ്. അഭിപ്രായം അറിയിക്കാനുള്ള സമയം കഴിഞ്ഞ ശേഷമാണു ബന്ധപ്പെട്ട പലരും ഇതേക്കുറിച്ച് അറിഞ്ഞത്.

സാധാരണ കേന്ദ്ര നയങ്ങളിൽ അഭിപ്രായം അറിയിക്കാൻ 60– 90 ദിവസങ്ങൾ അനുവദിക്കുമെന്നിരിക്കെ ഈ രേഖ തിരക്കിട്ട് അംഗീകരിക്കാനുള്ള നീക്കം ദുരൂഹമാണെന്നു മത്സ്യത്തൊഴിലാളി സംഘടനകൾ ആരോപിച്ചു. മതിയായ ചർച്ചകൾക്കു ശേഷം പുതിയ നയരേഖ തയാറാക്കണമെന്ന് ആവശ്യമുയർന്നു.

English Summary: Concern over Centre's Draft Policy on Blue Economy; Key Points

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA