ഹാജർ റജിസ്റ്ററിൽ അവസാന ആഴ്ച പുതിയ ജീവനക്കാരി; പിൻവാതിൽ നിയമനത്തിന്റെ വഴി

Mail This Article
കോഴിക്കോട് ∙ കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിക്കു (കെഎച്ച്ആർഡബ്ല്യുഎസ്) കീഴിലുള്ള എംആർഐ സ്കാനിങ് സെന്ററിൽ കഴിഞ്ഞ മാസത്തെ ശമ്പളം നൽകാൻ ജീവനക്കാരുടെ ഹാജർ നില പരിശോധിച്ച ഉദ്യോഗസ്ഥർ ഞെട്ടി. തങ്ങൾ പോലും അറിയാതെ പുതിയൊരു വനിതാ ജീവനക്കാരി അവസാനത്തെ ആഴ്ച ഹാജർ റജിസ്റ്ററിൽ ഒപ്പിട്ടിരിക്കുന്നു.
ഇതാരാണ് എന്ന് അന്വേഷിച്ചു ചെന്നതോടെയാണ് മറ്റൊരു പിന്നാമ്പുറ നിയമനക്കഥയുടെ കൂടി ചുരുളഴിഞ്ഞത്. സംഭവം പുറത്തറിയുകയും യൂത്ത് കോൺഗ്രസുകാർ പ്രതിഷേധവുമായി ഓഫിസിൽ എത്തുകയും ചെയ്തതോടെ ജീവനക്കാരിയോട് തൽക്കാലം വരേണ്ട എന്നു പറഞ്ഞ് തടി തപ്പിയിരിക്കുകയാണ് അധികൃതർ. ഇതോടൊപ്പം മൂന്ന് തസ്തികകളിലേക്ക് നിയമനം നടത്താനുള്ള ശ്രമം അപേക്ഷകരുടെ എണ്ണം കൂടിയതിനെ തുടർന്ന് നിർത്തി വയ്ക്കുകയും ചെയ്തു.
കെഎച്ച്ആർഡബ്ല്യുഎസ് എന്ന താൽക്കാലിക നിയമനക്കാരുടെ സ്ഥിരം ലാവണത്തിൽ എങ്ങനെയാണ് പിൻവാതിലിലൂടെ കാര്യങ്ങൾ നീക്കുന്നതെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഇതെന്ന് സംഘടനകൾ പറയുന്നു. എംആർഐ സ്കാനിങ് സെന്ററിൽ രണ്ടു പേർ കോവിഡ് കാരണം അവധിയെടുത്തിരുന്നു. ഇതിനു പകരമാണ് ഈ വനിതയെ ടൈപ്പിസ്റ്റ് ആയി നിയോഗിച്ചത്.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ പരസ്യം നൽകിയോ ഒന്നുമായിരുന്നില്ല നിയമനം. ഒരു പരിചയം വച്ച് നിയമിച്ചു. ഇങ്ങനെ കുറച്ചു ദിവസത്തേക്ക് താൽക്കാലികമായി നിയമിക്കുന്നവർക്ക് വൗച്ചർ എഴുതി വാങ്ങിയാണ് ജോലി ചെയ്യുന്ന ദിവസത്തെ ശമ്പളം കൊടുക്കുന്നത്. ഇതിനു വിപരീതമായി മറ്റു ജീവനക്കാർക്കൊപ്പം ഇവരുടെ പേരും റജിസ്റ്ററിൽ എഴുതിവച്ചു. ആറു ദിവസം ഒപ്പിടുകയും ചെയ്തു.
ശമ്പളക്കണക്കിൽപ്പെടുത്തി തിരുവനന്തപുരത്തേക്ക് അയച്ച ഹാജർ പട്ടിക അംഗീകരിക്കുന്നതിനു തൊട്ടു മുൻപാണ് സംഭവം പുറത്തറിയുകയും പ്രതിഷേധം ഉയരുകയും ചെ്യതത്. ഹാജർ പട്ടിക അംഗീകരിച്ചു പോയിരുന്നെങ്കിൽ ഇവരും കെഎച്ച്ആർഡബ്ല്യുഎസിലെ താൽക്കാലിക ജീവനക്കാരി ആയി മാറുമായിരുന്നു എന്ന് സംഘടനാ ഭാരവാഹികൾ പറയുന്നു. കോഴിക്കോട് അസിസ്റ്റന്റ് എൻജിനിയർ, ക്യാഷ് കൗണ്ടർ അസിസ്റ്റന്റ്, അറ്റൻഡർ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരുന്നത്.
സാധാരണയായി പത്രത്തിൽ ചെറിയൊരു വാർത്ത നൽകി, പരമാവധി രഹസ്യമാക്കിവച്ച ശേഷം തിരുവനന്തപുരത്ത് വച്ച് അഭിമുഖവും മറ്റും നടത്തുകയാണ് പതിവ്. ഇഷ്ടക്കാർ മാത്രമേ അവിടേക്ക് എത്തുകയുള്ളൂ. എന്നാൽ ഇത്തവണ യൂണിയൻകാർ ഈ തസ്തികയ്ക്ക് പരമാവധി പ്രചാരണം കൊടുത്തതോടെ ആയിരത്തി അഞ്ഞൂറിലേറെ പേരാണ് അപേക്ഷയുമായി എത്തിയത്. ഇതോടെ നടപടികൾ തൽക്കാലം നിർത്തിവയ്ക്കുകയായിരുന്നു എന്നാണ് സൂചന.
English Summary : Youth congress protest against backdoor appointment in KHRWS