ബംഗാളിനു തിരഞ്ഞെടുപ്പ് സമ്മാനം; ചണത്തിന്റെ താങ്ങുവില കൂട്ടാൻ കേന്ദ്രം
Mail This Article
ന്യൂഡൽഹി ∙ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചണത്തിന്റെ താങ്ങുവില വർധിപ്പിക്കാൻ കേന്ദ്രം. രാജ്യമെങ്ങും കർഷക പ്രതിഷേധം പുകയുന്നതിനിടെയാണ് പുതിയ നീക്കം. ക്യാബിനറ്റ് കമ്മിറ്റി ഓഫ് ഇക്കണോമിക് അഫയർ (സിസിഇഎ) 6–7 ശതമാനം വില വർധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
2019 ഫെബ്രുവരിയിൽ അസംസ്കൃത ചണത്തിന് 3700ൽനിന്ന് 3950 രൂപയായി താങ്ങുവില വർധിപ്പിച്ചിരുന്നു. താങ്ങുവില വർധന കർഷകർക്ക് ആശ്വാസമാകുമെന്നും ചണത്തിന്റെ ഉൽപാദനം വർധിക്കുമെന്നുമാണു കേന്ദ്രത്തിന്റെ വിലയിരുത്തൽ. രാജ്യത്തെ 70% ചണ മില്ലുകളും പ്രവർത്തിക്കുന്നത് ബംഗാളിലാണ്. അതിൽതന്നെ 60% ഹൂഗ്ലി നദിയുടെ തീരത്താണ്. രാജ്യത്തെ 4 ലക്ഷം ചണത്തൊഴിലാളികളിൽ 2 ലക്ഷവും ബംഗാളിലാണ്.
ബംഗാളിൽ മമത ബാനർജി സർക്കാരിനെ താഴെയിറക്കുന്നതിന് വൻ പ്രചാരണമാണ് ബിജെപി നടത്തുന്നത്. പിഎം കിസാൻ സമ്മാൻ നിധിയിലൂടെ കർഷകർക്ക് നേരിട്ട് കേന്ദ്രം 6000 രൂപ നൽകുന്നത് മുഖ്യമന്ത്രി മമത തടഞ്ഞു. സംസ്ഥാന സർക്കാരിലൂടെ മാത്രമേ പണം കൈമാറാൻ സാധിക്കൂ എന്ന നിലപാടാണ് സ്വീകരിച്ചത്. കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മമത സർക്കാരും മോദി സർക്കാരും തമ്മിൽ തർക്കം രൂക്ഷമാണ്. അധികാരത്തിലെത്തി കേന്ദ്രനയങ്ങൾ നേരിട്ടു നടപ്പാക്കുകയാണു ലക്ഷ്യമെന്നു ബിജെപി പറയുന്നു.
Content Highlights: Modi cabinet likely to raise MSP for Jute