യുഎസ് ‘ഔട്ട്’, ചൈനയും റഷ്യയും ‘ഇൻ’; ലോകക്രമം മാറ്റുമോ വാക്സീൻ നയതന്ത്രം?

Chile Vaccination | Chinese Sinovac vaccine | (Photo by MARTIN BERNETTI / AFP)
ചിലെയിലെ വാക്സിനേഷനിൽനിന്ന്. ചൈനയുടെ സൈനോവാക് വാക്സീനാണ് ഇവിടെ ഉപയോഗിക്കുന്നത്. (Photo by MARTIN BERNETTI / AFP)
SHARE

വർഷങ്ങളായി റഷ്യയും ചൈനയും പാശ്ചാത്യ രാജ്യങ്ങളെ വെല്ലുവിളിക്കുന്നു. സൈനിക ശക്തി വർധിപ്പിച്ചും മറ്റു രാജ്യങ്ങളിലേക്ക് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ എത്തിച്ചും സാമ്പത്തിക പിന്തുണ നൽകിയും തങ്ങളുടെ ആഗോള സ്വാധീനം നിലനിർത്താൻ ഇരു രാജ്യങ്ങളും വളരെയേറെ ശ്രദ്ധിക്കുന്നുണ്ട്. രാജ്യാന്തര തലത്തിൽ നിലനിന്നു പോകുന്ന ലോകക്രമത്തെ തകർക്കുകയാണ് ഇരു രാജ്യങ്ങളുമെന്ന വിമർശനം ഉയരുന്നുണ്ടെങ്കിലും അതു വകവയ്ക്കാതെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള നീക്കത്തിലാണ് അവർ. ഇതിനിടയിലാണ് കോവിഡ്19 മഹാമാരിയുടെ വരവ്. ലോകത്തെ ബാധിച്ച മഹാമാരിക്കാലത്ത് ഈ രണ്ട് രാജ്യങ്ങളും ഇപ്പോൾ ഏറ്റെടുത്ത റോൾ ആഗോള രക്ഷകരുടേതാണ്. കോവിഡ് വാക്സീനുകൾ എല്ലാ ഭൂഖണ്ഡങ്ങളിലേക്കു കയറ്റി അയയ്ക്കുകയാണ് ഇരു രാജ്യങ്ങളും.

ഇരു രാജ്യങ്ങളുടെയും പൊതു ശത്രുവും ലോകത്ത് എവിടെ പ്രശ്നങ്ങളുണ്ടായാലും കയറി ഇടപെടുന്ന രാജ്യവുമായ യുഎസ് ഈ കളിയിൽ ഇപ്പോൾ പിന്നിലാണ്. കോവിഡിൽ വലഞ്ഞുപോയ അമേരിക്കൻ ജനതയെയും സമ്പദ്‌വ്യവസ്ഥയെയും എങ്ങനെയെങ്കിലും രക്ഷിച്ചെടുക്കാനുള്ള നീക്കത്തിലാണ് ജോ ബൈഡന്റെ നേതൃത്വത്തിലുള്ള യുഎസ് ഭരണകൂടം. സ്വന്തം പൗരന്മാരെ മുഴുവൻ വാക്സിനേഷൻ എടുപ്പിക്കാനുള്ള നീക്കങ്ങളാണ് യുഎസിന്റേത്. തൽക്കാലം പുറത്തേക്ക് വാക്സീൻ കൊടുക്കാനോ അത്തരം പരിപാടികളിൽ പങ്കുചേരാനോ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നാണ് നിലപാട്. ആഗോള രക്ഷാ ദൗത്യത്തിൽ പങ്കുചേരാതെ യുഎസ് മാറിനിൽക്കുമ്പോൾ ആ ഒഴിവിലൂടെ തങ്ങളുടെ സ്വാധീനം കൂട്ടാനുള്ള ശ്രമത്തിലാണ് റഷ്യയും ചൈനയും.

Mexico Vaccination | Russian Sputnik V vaccine | (Photo by ALFREDO ESTRELLA / AFP)
മെക്സിക്കോയിലെ വാക്സിനേഷനിൽനിന്ന്. റഷ്യയുടെ സ്പുട്നിക് 5 വാക്സീനാണ് ഇവിടെ ഉപയോഗിക്കുന്നത്. (Photo by ALFREDO ESTRELLA / AFP)

എന്താണ് ഇവരുടെ ഉദ്ദേശ്യം?

ഇന്ന് ലോകത്തിന് ഏറ്റവും ആവശ്യമുള്ള ഒന്ന് – അതാണ് റഷ്യയും ചൈനയും ഇപ്പോൾ വിതരണം ചെയ്യുന്നത് – കോവിഡ് പ്രതിരോധ വാക്സീൻ! വാക്സിനേഷൻ ഫലപ്രാപ്തിയിലെത്തുന്നതോടെ കോവിഡ് മഹാമാരിയെ ‘പമ്പ കടത്താ’മെന്നാണു വിശ്വാസം. പല രാജ്യങ്ങളിലും ഇപ്പോഴും വാക്സിനേഷൻ ആരംഭിച്ചിട്ടില്ല. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽപോലും ഉൽപാദനക്കുറവു മൂലം വാക്സീൻ വിതരണം മന്ദഗതിയിലാണ്. ഈ സാഹചര്യത്തിലാണ് കോവിഡിനെതിരെ ആദ്യം കണ്ടുപിടിച്ച റഷ്യയുടെ സ്പുട്നിക് 5, ചൈനയുടെ രണ്ട് വാക്സീനുകൾ എന്നിവ കളം പിടിക്കാനിറങ്ങിയിരിക്കുന്നത്.

നയതന്ത്രത്തിന്റെ ഭാഗമായി മാസ്കുകളും പിപിഇ കിറ്റുകളും കോവിഡ് ബാധ രൂക്ഷമായ രാജ്യങ്ങളിലേക്ക് റഷ്യയും ചൈനയും കഴിഞ്ഞ വർഷം തന്നെ കയറ്റി അയച്ചുതുടങ്ങിയിരുന്നു. അതിന്റെ ബാക്കിയായാണ് വാക്സീൻ വിതരണത്തെയും ഇരു രാജ്യങ്ങളും അവതരിപ്പിക്കുന്നത്. അവികസിത, വികസ്വര രാജ്യങ്ങളിലേക്ക് പാശ്ചാത്യ ശക്തികളുടെ ശ്രദ്ധയെത്തുന്നതിനു മുൻപുതന്നെ അവരെ സാമ്പത്തികമായി സഹായിക്കുകയും വിവിധ പദ്ധതികളിൽ പങ്കാളികളാക്കുകയും ചെയ്തിരുന്നു ഇവർ. ബെൽറ്റ് ആന്‍ഡ് റോഡ് പദ്ധതിയും സാമ്പത്തിക സഹകരണവുമായി ചൈനയും വിവിധ മധ്യപൂർവേഷ്യൻ രാജ്യങ്ങളിലെ ആണവ പദ്ധതികളും സൈനിക സഹകരണവുമായി റഷ്യയും നയതന്ത്രത്തിന്റെ പല മേഖലകൾ ഉപയോഗിച്ചിട്ടുണ്ട്. ഈ നീക്കത്തിന്റെ പുതിയൊരു ചുവടുവയ്പ്പാണ് വാക്സീൻ നയതന്ത്രമെന്നാണ് വിലയിരുത്തപ്പെടുന്നത്.

യൂറോപ്യൻ യൂണിയന്റെ വാക്സീൻ പ്രതീക്ഷിച്ചിരുന്ന സെർബിയയും ഹംഗറിയും ഇപ്പോൾ ചൈനീസ് വാക്സീൻ ഉപയോഗിച്ച് കുത്തിവയ്പ്പെടുത്തു തുടങ്ങി. മധ്യ യൂറോപ്പിലേക്കു ചൈനയുടെ വിജയകരമായ കടന്നുവരവായാണ് ഈ നീക്കത്തെ കാണുന്നത്. നേരത്തേതന്നെ യൂറോപ്യൻ യൂണിയനെ വിമർശിക്കുന്ന ഇരു രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ചൈന ഈ വാക്സീൻ നയതന്ത്രം ഉപയോഗിക്കുമെന്ന് ഉറപ്പാണ്. യൂറോപ്പിൽ ആദ്യമായി ചൈനീസ് വാക്സീൻ വിതരണം ചെയ്തത് സെർബിയയാണ്. ജനുവരിയിൽ വിതരണം ആരംഭിച്ചിരുന്നു. റഷ്യയുടെ വാക്സീനും ഫൈസർ വാക്സീനും ചെറിയ അളവിൽ ഇവർ വാങ്ങിയിട്ടുമുണ്ട്. സെർബിയയുടെ അയൽരാജ്യമായ ഹംഗറിയാണ് ചൈനീസ് വാക്സീന് അംഗീകാരം നൽകുന്ന യൂറോപ്യൻ യൂണിയനിൽ അംഗമായ ആദ്യ രാജ്യം.

Thailand | Chinese Sinovac Covid-19 coronavirus vaccine | (Photo by Lillian SUWANRUMPHA / AFP)
മെക്സിക്കോയിലെ വാക്സിനേഷനിൽനിന്ന്. റഷ്യയുടെ സ്പുട്നിക് 5 വാക്സീനാണ് ഇവിടെ ഉപയോഗിക്കുന്നത്. (Photo by ALFREDO ESTRELLA / AFP)

വാക്സീൻ അസമത്വം രൂക്ഷം

വാക്സീൻ പരീക്ഷണങ്ങൾ തകൃതിയായി മുന്നേറുന്നതിനിടെത്തന്നെ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) തലവൻ ഡോ. ടെഡ്രോസ് അഥാനോസ് ഗബ്രയെസസ് മുന്നറിയിപ്പ് നൽകിയിരുന്നു, വാക്സീൻ വിതരണത്തിൽ അസമത്വം ഉണ്ടാകുമെന്ന്, സമ്പന്ന രാജ്യങ്ങൾ ആവശ്യത്തിൽക്കൂടുതൽ വാങ്ങിക്കൂട്ടുമ്പോൾ ദരിദ്ര രാജ്യങ്ങൾ മറ്റുള്ളവരുടെ കരുണയ്ക്കായി കാത്തിരിക്കേണ്ടി വരുമെന്ന്. ഇതേത്തുടർന്ന് ഡബ്ല്യുഎച്ച്ഒയുടെ നേതൃത്വത്തിൽ കോവാക്സ് പദ്ധതി രൂപീകരിച്ചു. പാവപ്പെട്ട രാജ്യങ്ങളിലേക്ക് വാക്സീൻ എത്തിക്കാനുള്ള ദൗത്യമാണ് കോവാക്സ്. ഡബ്ല്യുഎച്ച്ഒയുടെ നേതൃത്വത്തിലൊരുക്കിയ പദ്ധതിയിൽ 2020 ജൂലൈ 15 വരെ 165 രാജ്യങ്ങൾ പങ്കുചേർന്നിരുന്നു. 92 അവികസിത രാജ്യങ്ങളിലേക്കു കോവാക്സിന്റെ നേതൃത്വത്തിൽ വാക്സീൻ പെട്ടികൾ പറന്നു. പുണെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച ഓക്സ്ഫഡ് – അസ്ട്രാസെനക കോവിഡ് വാക്സീനും ഇതിൽ പങ്കാളിയായിട്ടുണ്ട്. പൂർണമായും സൗജന്യമല്ല വാക്സീൻ വിതരണം. നിർമാണ, വിതരണ ചെലവുകളുടെ ഇനത്തിൽ ചെറിയ തുക ഈ രാജ്യങ്ങളിൽനിന്ന് വാങ്ങുന്നുണ്ട്.

2021 ലേക്കായി 2.1 ബില്യൻ‍ ഡോസുകൾ ശേഖരിച്ചുവച്ചിട്ടുണ്ടെന്നാണ് കോവാക്സ് അറിയിച്ചത്. എന്നാൽ അതിൽ എത്ര ഡോസ് വിതരണം ചെയ്യുമെന്ന് വ്യക്തമല്ല. ദരിദ്ര രാജ്യങ്ങളിലേക്ക് എത്രയും പെട്ടെന്ന് ഇവ എത്തുമെന്നു പ്രതീക്ഷിക്കാം. ഓക്സ്ഫഡ് – അസ്ട്രാസെനക വാക്സീൻ ഫെബ്രുവരി 24ന് ഘാനയിലേക്ക് അയച്ച് കോവാക്സ് പദ്ധതിക്കു ഔദ്യോഗിക തുടക്കമായിരുന്നു. ഐവറി കോസ്റ്റിലേക്ക് മാർച്ച് ഒന്നിന് മുംബൈയിൽനിന്ന് യുണിസെഫിന്റെ നേതൃത്വത്തിൽ സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ 5 ലക്ഷം ഡോസ് വാക്സീനുകളും എത്തി. അതേസമയം, ഈ തോതിൽ വാക്സിനേഷൻ നടക്കുകയാണെങ്കിൽ ഈ വർഷം അവസാനത്തോടെ വികസിത – ഉയർന്ന വരുമാന രാജ്യങ്ങളിലെ 75% പേരും വാക്സീൻ സ്വീകരിക്കുമ്പോൾ താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലുള്ള 25 ശതമാനത്തിനേ വാക്സീൻ പ്രാപ്യമാകുകയുള്ളുവെന്ന് ബിൽ ആൻ‍ഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ ആഗോള വിതരണ പദ്ധതി ഡയറക്ടർ ഒർവിൻ ലെവിൻ പറഞ്ഞിരുന്നു.

ഈ കളിയിൽനിന്ന് യുഎസ് ‘ഔട്ട്’

അമേരിക്ക ആദ്യം എന്ന ട്രംപ് ഭരണകൂടത്തിന്റെ നയത്തിന്റെ ഭാഗമായി 2020 സെപ്റ്റംബർ 1 ന് അവർ പ്രഖ്യാപിച്ചു കോവാക്സ് പദ്ധതിയുടെ ഭാഗമാകുന്നില്ലെന്ന്. അതിനു കാരണമായി പറഞ്ഞത് ഡബ്ല്യുഎച്ച്ഒയുടെ ചൈന സഹകരണമാണ്. കോവിഡിന്റെ പ്രഭവസ്ഥാനമായ ചൈനയ്ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം ഒപ്പം നിൽക്കുന്ന സമീപനം സ്വീകരിച്ച ഡബ്ല്യുഎച്ച്ഒയിൽനിന്ന് പിന്മാറാനുള്ള നീക്കം യുഎസ് നടത്തുകയായിരുന്നു അപ്പോൾ. പിന്നീട് ജനുവരി 20ന് അധികാരത്തിലെത്തിയ ബൈഡൻ ഭരണകൂടം ആദ്യ ദിവസംതന്നെ പ്രഖ്യാപിച്ചു കോവാക്സിൽ പങ്കുചേരുമെന്നും ഡബ്ലുഎച്ച്ഒയിൽനിന്നു പിന്മാറില്ലെന്നും. 4 ബില്യൻ ഡോളർ ആണ് ഫെബ്രുവരി 19 ന് യുഎസ് കോവാക്സ് ഫണ്ടിലേക്ക് നൽകാമെന്നു സമ്മതിച്ചത്. എന്നാൽ ഇപ്പോൾ സ്വന്തം പൗരന്മാരെ കുത്തിവയ്പ്പിക്കുന്നതിലാണ് യുഎസിന്റെ ശ്രദ്ധ. ‘ഈ ഗ്യാപ്പിൽ കയറി ഗോൾ അടിക്കുകയാണ്’ റഷ്യയുടെയും ചൈനയുടെയും ഉന്നം.

San Marino | Russian Sputnik V vaccine delivery | (Photo by Handout / PRESS OFFICE OF THE REPUBLIC OF SAN MARINO / AFP)
ചെറു രാജ്യമായ സാൻ മറീനോയിൽ റഷ്യയുടെ സ്പുട്നിക് 5 വാക്സീൻ വിതരണത്തിന് എത്തിയപ്പോൾ. (Photo by Handout / PRESS OFFICE OF THE REPUBLIC OF SAN MARINO / AFP)

‘ഞങ്ങൾ ലോകത്തെ രക്ഷിക്കും’

സ്വന്തം പൗരന്മാരെ പൂർണമായി കുത്തിവയ്പ്പെടുപ്പിക്കാൻ വൻ ശക്തികളായ അമേരിക്കയും യൂറോപ്യൻ യൂണിയനും ശ്രമിക്കുമ്പോൾ റഷ്യയും ചൈനയും ഈ അവസരം ഏറ്റെടുത്തു പറഞ്ഞു: ‘ഞങ്ങൾ ലോകത്തെ രക്ഷിക്കും.’ എട്ടു മാസത്തിൽ താഴെ സമയം കൊണ്ട് വികസിപ്പിച്ചതാണ് റഷ്യയുടെ സ്പുട്നിക് 5 എന്ന വാക്സീൻ. ലോകത്തെ ആദ്യത്തെ ബഹിരാകാശ വാഹനത്തിന്റെ പേരാണ് വാക്സീന് റഷ്യ നൽകിയത്. ഇതുതന്നെ ആ മേൽക്കോയ്മയെ സൂചിപ്പിക്കുന്നു. അലക്സി നവൽനി വിഷയവും കോവിഡും ആഭ്യന്തര പ്രശ്നങ്ങളും മൂലം നട്ടംതിരിഞ്ഞ റഷ്യയ്ക്ക്, വാക്സീൻ രാജ്യത്തും പുറത്തും വലിയൊരു ഊർജം നൽകി. പ്രസിഡന്റിന്റെ മകൾ തന്നെ വാക്സീൻ സ്വീകരിച്ച് വിശ്വാസ്യത നൽകി. രാജ്യമെങ്ങും വാക്സിനേഷൻ ആരംഭിക്കുകയും ചെയ്തു. ‘ഞങ്ങൾക്ക് ഈ പ്രതിസന്ധിയെ നേരിടാൻ കഴിയും’ എന്ന് ഈ നീക്കത്തോടെ ആഗോളതലത്തിൽ ഒരു സന്ദേശം നൽകുകയാണ് റഷ്യ ചെയ്തത്. പിന്നാലെ സൗഹൃദ – സഖ്യ രാജ്യങ്ങൾക്ക് തങ്ങളുടെ വാക്സീൻ നൽകാമെന്നും റഷ്യ വാഗ്ദാനം ചെയ്തു.

തൊട്ടുപിന്നാലെ ചൈനയും അവരുടെ സർക്കാർ നിയന്ത്രിത കമ്പനികളായ സൈനോവാക്, സൈനോഫാം എന്നിവയുടെ വാക്സീനും പുറത്തിറക്കി. പൗരന്മാർക്ക് നൽകുന്നതിനൊപ്പം മറ്റു രാജ്യങ്ങൾക്കും ഇതു വാഗ്ദാനം ചെയ്തു. ക്ലിനിക്കൽ പരീക്ഷണങ്ങൾക്കു മുൻപു തന്നെ ദരിദ്ര രാജ്യങ്ങൾക്കു വാക്സീൻ വാഗ്ദാനം ചെയ്ത് ചൈനയെത്തിയിരുന്നു. പ്രധാനമായും ചൈന കണ്ണു പതിപ്പിച്ചത് ആഫ്രിക്കൻ രാജ്യങ്ങളിലാണ്. കോവി‍ഡ് പൊട്ടിപ്പുറപ്പെട്ടത് ചൈനയിൽനിന്നാണെന്നും ഇതിൽ അന്വേഷണം നടത്താൻ ഒരു വർഷത്തിനുശേഷമാണ് ഡബ്ല്യുഎച്ച്ഒയെ അനുവദിച്ചതെന്നും സുതാര്യതയില്ലാത്ത നീക്കങ്ങളാണ് ചൈന നടത്തിയതെന്നുമാണ് യുഎസ് ഉൾപ്പെടെയുള്ള ലോക രാജ്യങ്ങൾ കുറ്റപ്പെടുത്തിയിരുന്നത്. ഈ മോശം പ്രതിച്ഛായയിൽനിന്ന് എത്രയും പെട്ടെന്ന് ഒരു മാറ്റമാണ് ചൈന വാക്സീൻ നയതന്ത്രത്തിലൂടെ ലക്ഷ്യമിടുന്നത്.

Turkey | Chinese Sinovac Vaccine | (Photo by Adem ALTAN / AFP)
തുർക്കിയിലെ അങ്കാറയിലെത്തിച്ച ചൈനയുടെ സൈനോവാക് വാക്സീൻ. (Photo by Adem ALTAN / AFP)

വാക്സീൻ വേണം, ആശങ്കകൾ ബാക്കി

സൗജന്യമായല്ല ചൈന എല്ലാ രാജ്യത്തും വാക്സീനുകൾ വിതരണം ചെയ്യുന്നത്. ഓരോ രാജ്യവുമായുള്ള കരാർ എന്തെന്നതും പുറത്തുവിട്ടിട്ടില്ല. രാജ്യങ്ങളെ സാമ്പത്തിക പിന്തുണ നൽകി കടക്കെണിയിലാക്കി തങ്ങൾക്കൊപ്പം നിർത്തുന്ന തന്ത്രമാണ് പലപ്പോഴും ചൈന പയറ്റിയിരുന്നത്. അതുകൊണ്ടുതന്നെ ചൈനയുടെ നീക്കങ്ങളെ സംശയദൃഷ്ടിയോടെയാണ് പല രാജ്യങ്ങളും കാണുന്നത്. എന്നാൽ യുഎസും യൂറോപ്യൻ യൂണിയനും പരാജയപ്പെട്ടിടത്ത്, എന്നു വാക്സീൻ എത്തുമെന്ന് അറിയാതിരിക്കുന്ന രാജ്യങ്ങൾക്കുമുന്നിൽ ഞങ്ങൾ സഹായിക്കാമെന്നേറ്റ് ചൈന നിൽക്കുമ്പോൾ അവർ ഏതു കരം പിടിക്കും. ആശങ്കകളെ തൽക്കാലം പിന്നിലേക്കു മാറ്റിനിർത്തി ബെയ്ജിങ്ങിൽ പ്രതീക്ഷ വയ്ക്കുക എന്ന മാർഗമേ ആ രാജ്യങ്ങൾക്കു മുന്നിലുള്ളൂ. അങ്ങനൊരു അവസരം തട്ടിക്കളഞ്ഞാൽ കോവിഡ് രൂക്ഷമായി ബാധിച്ച സ്വന്തം ജനങ്ങളോട് എന്ത് ഉത്തരമാണ് അവർക്കു പറയാനുണ്ടാകുക. ഇതു പുതിയ കരാറുകൾക്കും ധാരണകൾക്കും ഇടംകൊടുക്കും. ഇതാണ് ഇപ്പോൾ സംഭവിക്കുന്നത്. മാത്രമല്ല, പാശ്ചാത്യ രാജ്യങ്ങളുടെ വാക്സീൻ ഉത്പാദനം വൈകുന്നതും കൊറോണ വൈറസിന് പുതിയ വകഭേദങ്ങൾ ഉണ്ടാകുന്നതും എത്രയും പെട്ടെന്ന് ജനങ്ങളെ കുത്തിവയ്പ്പെടുപ്പിക്കുക എന്ന ചിന്തയിലേക്ക് രാജ്യങ്ങളെ എത്തിക്കുന്നു.

അർജന്റീന, ഹംഗറി, ടുണീഷ്യ, തുർക്ക്മെനിസ്ഥാൻ തുടങ്ങി 26 രാജ്യങ്ങളാണ് റഷ്യൻ വാക്സീന് അംഗീകാരം കൊടുത്തിരിക്കുന്നത്. 53 രാജ്യങ്ങൾക്കു വാക്സീൻ സഹായം നൽകുന്നുണ്ടെന്നും 27 രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നുണ്ടെന്നുമാണ് ചൈനയുടെ നിലപാട്. എന്നാൽ ഔദ്യോഗികമായി രാജ്യങ്ങളുടെ പേര് ചൈന പുറത്തുവിട്ടിട്ടില്ലെങ്കിലും ബ്രസീൽ, ഇന്തൊനീഷ്യ, തായ്‌ലൻഡ്, യുഎഇ തുടങ്ങിയ രാജ്യങ്ങൾ ചൈനീസ് വാക്സീൻ വാങ്ങിയെന്ന് വ്യക്തമായിട്ടുണ്ട്.

കുറവ് – ഇടത്തരം വരുമാനക്കാരായ രാജ്യങ്ങളെയാണ് ചൈന ലക്ഷ്യമിട്ടിരിക്കുന്നത്. യുഎസിന്റെ ഫൈസർ, മോഡേർണ തുടങ്ങിയ വിലകൂടിയ വാക്സീനുകൾ ഇവർക്ക് അപ്രാപ്യമാണ്. ചിലെയുടെ കാര്യമെടുക്കാം. 10 ദശലക്ഷം ഫൈസർ വാക്സീൻ ഡോസുകള്‍ക്കാണ് ഈ തെക്കനമേരിക്കൻ രാജ്യം ഓർഡർ കൊടുത്തത്. ഡിസംബർ അവസാനം ആരംഭിച്ച വാക്സിനേഷൻ പദ്ധതിയിൽ ഒരു മാസത്തിനുശേഷവും ഒന്നര ലക്ഷത്തോളം വാക്സീൻ ഡോസുകളേ ഫൈസർ എത്തിച്ചിരുന്നുള്ളൂ. ഈ രാജ്യത്തിനു മുന്നിലേക്കാണ് ചൈന സൈനോവാക് ബയോടെക് കമ്പനിയുടെ 4 ദശലക്ഷം വാക്സീനുകളുമായി എത്തിയത്. ജനുവരി അവസാനത്തോടെയെത്തിയ ചൈനീസ് വാക്സീൻ ചിലെ സ്വന്തം പൗരന്മാർക്കു വിതരണം ചെയ്തു. ഇപ്പോൾ രാജ്യത്ത് വാക്സിനേഷന്റെ വേഗം വളരെ വർധിച്ചു. ലോകമെങ്ങുമുള്ള ആളോഹരി വാക്സിനേഷൻ നിരക്ക് പരിശോധിച്ചാൽ ചിലെ അഞ്ചാമതാണെന്ന് ഓക്സ്ഫഡ് സർവകലാശാലയുടെ കണക്ക് വ്യക്തമാക്കുന്നു.

ലോകത്ത് ആകെ വാങ്ങിയ 8.2 ബില്യൻ ഡോസ് വാക്സീനിൽ 5.8 ബില്യൻ ഡോസും സമ്പന്ന രാജ്യങ്ങളുടെ കൈവശമാണെന്ന് ഡ്യൂക് സർവകലാശാല നടത്തിയ പഠനത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എപി റിപ്പോർട്ട‌് ചെയ്തിരുന്നു. മൈനസ് 70 ഡിഗ്രി താപനിലയിൽ സൂക്ഷിക്കേണ്ട വാക്സീനുകൾക്കു പകരം, സാധാരണ ഫ്രിജുകളിൽ സൂക്ഷിക്കാവുന്ന ചൈനീസ് വാക്സീനുകൾ പല വികസ്വര രാജ്യങ്ങളും തിരഞ്ഞെടുക്കും.

Hungary | China Sinopharm Vaccine | (Photo by ATTILA KISBENEDEK / AFP)
ഹംഗറിയിലെത്തിച്ച ചൈനയുടെ സൈനോഫാം വാക്സീൻ. (Photo by ATTILA KISBENEDEK / AFP)

വേട്ടയാടി ചരിത്രവും

ചൈനയിലെ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിനു നേർക്കു മുൻപും ആരോപണങ്ങൾ ഉയർന്നിരുന്നു. 2018ൽ ചൈനയുടെ വലിയ വാക്സീൻ കമ്പനികളിൽ ഒന്ന് റാബീസ് വാക്സീനുകൾ വിൽക്കുന്നതിനായി വ്യാജ ഡേറ്റയാണ് ഹാജരാക്കിയത് എന്ന വിവരം പുറത്തുവന്നിരുന്നു. അതേ വർഷം തന്നെ കോവിഡ് വാക്സീൻ ഉത്പാദിപ്പിക്കുന്ന സൈനോഫാം കമ്പനിയുടെ ഉപ കമ്പനി, ഗുണനിലവാരം കുറഞ്ഞ ഡിഫ്തീരിയ വാക്സീനുകൾ നിർമിച്ചതും വാർത്തയായി. നിർബന്ധിത ഇമ്യൂണൈസേഷന്റെ ഭാഗമായി ആഗോള അടിസ്ഥാനത്തിൽ എല്ലാവർക്കും നൽകുന്ന വാക്സീനാണ് ഇവ. ‘മെയ്ഡ് ഇൻ ചൈന’ എന്ന ടാഗ് കാണുമ്പോഴേ വിശ്വാസ്യതയില്ലെന്ന ചിന്ത പലരിലും ഉടലെടുക്കുമെന്ന് യുകെയിലെ കെന്റ് സർവകലാശാല പ്രഫസർ ജോയ് ഴാങ്ങിനെ ഉദ്ധരിച്ച് എപി റിപ്പോർട്ട് ചെയ്തു.

പിന്നോട്ടില്ലാതെ ഇന്ത്യ

റഷ്യയ്ക്കും ചൈനയ്ക്കുമൊപ്പം ഇന്ത്യയും ഈ നയതന്ത്രം കൃത്യമായി പയറ്റുന്നുണ്ട്. ചൈനീസ് വാക്സീനുകളേക്കാൾ വിശ്വാസ്യത ഇന്ത്യ തദ്ദേശീയമായി നിർമിച്ചതും പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ചതുമായ വാക്സീനുകൾക്ക് ഉണ്ടെന്നുള്ളതു തന്നെയാണ് മേന്മ. മാത്രമല്ല, ചൈനയുയർത്തുന്ന ആശങ്കകൾക്ക് ഇന്ത്യ ഒരു പരിഹാരമാണെന്നതും. നേപ്പാൾ, ബംഗ്ലദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് ദശലക്ഷക്കണക്കിന് ഡോസ് വാക്സീനുകൾ ഇന്ത്യ കയറ്റി അയച്ചിട്ടുണ്ട്. ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും ഇന്ത്യൻ വാക്സീൻ വിതരണം തുടങ്ങി. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ വൈറസ് വകഭേദത്തോട് സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാക്സീൻ ഫലപ്രദമായി പ്രതികരിക്കില്ലെന്നു വ്യക്തമായതോടെ തൽക്കാലം ഇവയുടെ വിതരണം നിർത്തിവച്ചിരിക്കുകയാണ്.

സാമ്പത്തിക ഇടനാഴിയും വ്യാപാര കരാറുകളും ഒക്കെയായി അയൽരാജ്യങ്ങളിൽ പിടിമുറുക്കിയ ചൈനയെ കോവിഡ് വാക്സീൻ നയതന്ത്രത്തിൽ തളയ്ക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. അതും പല രാജ്യങ്ങളും ചൈനീസ് വാക്സീനോട് താൽപര്യം കാണിക്കാതെ ഇന്ത്യയുടേതു മതിയെന്ന് നിലപാട് എടുത്ത പശ്ചാത്തലത്തിൽ ഈ വാക്സീൻ നയതന്ത്രത്തിന് പ്രാധാന്യമേറുന്നു. മികച്ച വാക്സീൻ നൽകി ആഗോള തലത്തിൽ സ്വാധീനം മെച്ചപ്പെടുത്തുക എന്നതും ഇന്ത്യ ലക്ഷ്യമിടുന്നു.

English Summary: As Russia and China seek to boost their global influence, analysts warn about vaccine diplomacy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA