വീട്ടാവശ്യത്തിന് കുഴൽകിണർ: അനുമതി നൽകി കേന്ദ്രം, കേരളത്തിൽ അവ്യക്തത

borewell
പ്രതീകാത്മക ചിത്രം
SHARE

തിരുവനന്തപുരം∙ വീട്ടാവശ്യങ്ങൾക്കും കൃഷിക്കും മറ്റുമായി കുഴൽക്കിണറുകൾ കുഴി‍ക്കാനും ഭൂ‍ഗർഭജലം ഉപയോഗിക്കാനും മുൻകൂർ അനുമതി വേണമെന്ന നിബന്ധന കേന്ദ്ര സർക്കാർ വിജ്ഞാപനത്തിലൂടെ ഒഴിവാക്കി 5 മാസമായിട്ടും നടപ്പാക്കാതെ കേരളം. കഴിഞ്ഞ വർഷം സെപ്റ്റംബർ 24 നാണു കേന്ദ്ര സർക്കാർ ഇതു സംബന്ധിച്ച് വിജ്ഞാപനവും മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചത്. എന്നാൽ, ഇതിന്മേൽ തീരുമാനമെടുക്കാതെ സംസ്ഥാന സർക്കാർ നടപടി വൈകിപ്പിക്കുകയാണ്. സംസ്ഥാനത്ത് കുഴൽക്കിണർ കുഴിക്കുന്നതുമായി ബന്ധപ്പെട്ട് അനുമതി നൽകുന്നതിൽ തദ്ദേശ വകുപ്പ് ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകളിൽ അവ്യക്തതയുമുണ്ട്.

2014 ൽ സംസ്ഥാന സർക്കാർ പുറത്തിറക്കിയ മാർഗനിർദേശ പ്രകാരം, കുഴൽക്കിണർ കുഴിക്കുന്നതി‍നു സംസ്ഥാന ഭൂജല വകുപ്പിന്റെ പെർമിറ്റും തദ്ദേശ വകുപ്പിന്റെ ‍നിരാക്ഷേപ പത്രവും (എൻഒസി) ആവശ്യമാണ്. ഭൂജല വകുപ്പ് നിർദേശിക്കുന്ന സ്ഥലങ്ങളിൽ മാത്രമേ കുഴൽക്കിണർ കുഴിക്കാൻ അനുവാദം നൽകുകയുള്ളൂവെന്നും വ്യവസ്ഥ ചെയ്തിരുന്നു. ഗ്രാമീണ മേഖലയിലെ ചെറുകിട കൃഷിക്കാർക്കും ചെറുകിട വ്യവസായ സംരംഭകർക്കും ഭൂജല വകുപ്പിന്റെ മാർഗനിർദേശങ്ങൾ തിരിച്ചടിയായി. കുഴൽക്കിണർ കുഴിക്കുന്നതു സംബന്ധിച്ച അപേക്ഷകൾ പരിശോധിച്ച് തീർപ്പാക്കുന്ന കാര്യത്തിൽ ഭൂജല വകുപ്പ് പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിൽ അവ്യക്തതയും കാലതാമസവും ഉണ്ടായി. പരാതികളും വ്യാപകമായി.

ഇതിനിടെയാണ്, കൃഷിക്കും വീട്ടാവശ്യങ്ങൾക്കും ചെറുകിട വ്യവസായ സംരംഭകർക്കും കുഴൽക്കിണർ കുഴിക്കുന്നതിന് എൻഒസി വേണ്ടെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം വിജ്ഞാപനം പുറപ്പെടുവിച്ചത്.  എന്നാൽ, േകര‍ളം ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ വിജ്ഞാപന പ്രകാരമുള്ള മാർഗരേഖ നടപ്പാ‍ക്കിയിട്ടും സംസ്ഥാന ഭൂജല വകുപ്പ് ഇക്കാര്യത്തിൽ ഇതു വരെ തീരുമാനമെടുത്തിട്ടില്ല.  ഇക്കാരണത്താൽ വീട്ടാവ‍ശ്യത്തിനായി, ഉപയോക്താവിന്റെ ആവശ്യ പ്രകാരം സംസ്ഥാനത്ത് കുഴൽക്കിണർ നിർമിക്കാനും കഴിയാത്ത സാഹചര്യമാണ്.

ബന്ധപ്പെട്ട വകുപ്പുകൾക്ക് കൃത്യമായ നിർദേശം നൽകാത്തതിനാൽ, കുഴൽക്കിണർ നിർമാണം തുടങ്ങുമ്പോൾത്തന്നെ എതിർപ്പുമായി തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും പൊലീസും തടസ്സവാദവുമായി എത്തുന്നതും പ്രശ്നങ്ങൾക്കിടയാക്കുന്നു. സർക്കാർ അംഗീകാരത്തോടെ ലൈസൻസ് എടുത്ത് കുഴൽക്കിണർ കുഴിക്കുന്ന ഏജൻസികളും പ്രതിസന്ധിയിലാണ്. കേന്ദ്ര വിജ്ഞാപനം സംസ്ഥാനത്തു നടപ്പാക്കുന്നതു സംബന്ധിച്ച് വകുപ്പുകളുടെ യോഗം വിളിച്ചിട്ടില്ല. അതേസമയം, വിഷയം പരിശോധിച്ചു വരികയാണെന്നാ‍ണു ഭൂജല വകുപ്പിന്റെ വിശദീകരണം. 

കേന്ദ്ര സർക്കാർ വിജ്ഞാപനത്തിൽ പറയുന്നത്

ശുദ്ധജലത്തിനും വീട്ടാ‍വശ്യങ്ങൾക്കുമായി ഭൂ‍ജലം എടുക്കുന്ന വ്യക്തികൾക്കും പ്രതിദിനം 10,000 ലീറ്ററിൽ കുറവ് വെള്ളം ഉപയോഗിക്കുന്ന സൂക്ഷ്മ–ചെറുകിട സംരംഭങ്ങൾ ഉൾപ്പെടെയുള്ളവർക്കും കുഴൽക്കിണർ കുഴിക്കാൻ എൻഒസി ആവശ്യമില്ല. എൻഒസി നൽകുന്നതിൽ 5 വിഭാഗം ഉപയോക്താക്കൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.  ഗ്രാമീണ–നഗര മേഖലകളിൽ ശുദ്ധജലത്തിനും ഗാർഹിക ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾ, ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതികൾ, ഗ്രാമീണ–നഗര പ്രദേശങ്ങളിലുള്ള സൈനിക–കേന്ദ്ര സേനകളുടെ കെട്ടിടങ്ങൾ, കാർഷിക പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്കാണ് ഇളവ്.

English Summary: Borewell Policy-Kerala has not Implemented the Central Government's Notification Yet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA