കാണികളുടെ കയ്യടിയാണ് ഏതു പ്രസംഗത്തിന്റെയും ഊർജം. സദസ്സറിഞ്ഞുവേണം പ്രസംഗസദ്യ വിളമ്പാൻ. മുന്നിലിരിക്കുന്നവർക്കു തിരിയാത്ത ഭാഷയിലാണു പ്രസംഗമെങ്കിൽ സദസ്സിൽനിന്നുള്ള പ്രതികരണം കിട്ടാതെയാകും. അപ്പോൾ പരിഭാഷയാണു പ്രസംഗത്തിന്റെ വിധി കുറിക്കുക. പ്രസംഗ പരിഭാഷയ്ക്കു കയ്യടി വാങ്ങി ഏവരുടെയും ഹൃദയം കവർന്നയാളാണു ജ്യോതി വിജയകുമാർ. ഐശ്വര്യ കേരളയാത്രയുടെ സമാപനത്തിൽ ശംഖുമുഖം കടപ്പുറത്തു രാഹുൽ ഗാന്ധിയുടെ തീപ്പൊരിപ്രസംഗം ആശയവും ആവേശവും ചോരാതെ പരിഭാഷപ്പെടുത്തിയാണു കെപിസിസി സെക്രട്ടറി ജ്യോതി വിജയകുമാർ വീണ്ടും താരമായത്.
വാചകങ്ങൾ പദാനുപദം തർജമ ചെയ്യുമ്പോഴല്ല, പ്രസംഗിക്കുന്നയാളുടെ വൈകാരികത കൂടി കേൾവിക്കാരിലേക്കു പകരുമ്പോഴേ പരിഭാഷ വിജയിക്കൂവെന്നാണു ജ്യോതിയുടെ അനുഭവവും അഭിപ്രായവും. കൃത്യമായ പരിഭാഷ, മികച്ച ഉച്ചാരണം, ആശയ വ്യക്തത എന്നിവ മികവായി ചൂണ്ടിക്കാട്ടുമ്പോൾ, ആദ്യമായി പ്രസംഗിക്കുന്നതിന്റെ ടെൻഷനും തയാറെടുപ്പും എപ്പോഴുമുണ്ട് എന്നാകും ജ്യോതിയുടെ മറുപടി. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ പ്രസംഗങ്ങൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
മൂന്നു പേരുടെയും പ്രസംഗങ്ങൾ മികച്ചതും വ്യത്യസ്തവുമാണ്. രാഹുലിന്റെ പ്രസംഗങ്ങൾ സ്ഥിരമായി കേൾക്കാറുണ്ടെന്നും അദ്ദേഹത്തിന്റെ ചിന്താധാരകളുമായി താദാത്മ്യം പ്രാപിക്കാൻ പറ്റുന്നെന്നും ജ്യോതി പറയുന്നു. 2011ൽ രാഹുൽ കേരളത്തിൽ എത്തിയപ്പോഴായിരുന്നു ജ്യോതിയുടെ ആദ്യ ദൗത്യം. പ്രസംഗ പരിഭാഷ ഒരു പതിറ്റാണ്ടു പിന്നിടുന്ന വേളയിൽ ജ്യോതി വിജയകുമാറുമായി നടത്തിയ അഭിമുഖത്തിൽനിന്ന്.
∙ കോവിഡ് ഭേദമായ ശേഷമായിരുന്നല്ലോ രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയത്. ടെൻഷനുണ്ടായിരുന്നോ?
ഡിസംബർ അവസാനം കോവിഡ് നെഗറ്റീവായതാണ്. പക്ഷേ ഇപ്പോഴും ചില പ്രയാസങ്ങളുണ്ട്. ദീർഘനേരം സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഏകാഗ്രതയെയും ചിന്തിക്കാനും പഠിക്കാനുമുള്ള കഴിവിനെയും കോവിഡ് ബാധിക്കും. രാഹുൽജിയുടെ ചടങ്ങിലേക്കു വിളിച്ചപ്പോൾ പതിവിലേറെ ടെൻഷനടിച്ചു. എന്നാൽ വേദിയിൽ അദ്ദേഹത്തിനൊപ്പം മൈക്കിനു മുന്നിൽ നിന്നപ്പോൾ, പേടിച്ചതുപോലെ ബുദ്ധിമുട്ടുകളൊന്നും അനുഭവപ്പെട്ടില്ലെന്നതിൽ സമാധാനമുണ്ട്.

∙ കേരളത്തിൽ രാഹുലിന്റെ സ്ഥിരം പരിഭാഷകയാണല്ലോ. എന്താണ് അനുഭവം?
അങ്ങനെ പറയാൻ പറ്റില്ല. എങ്കിലും പരിഭാഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു വിളിക്കുന്ന പരിപാടികൾക്കു പോകാറുണ്ട്. കൂടുതലും തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ടാണ്.
∙ രാഹുലിന്റെ വിരലനക്കം വരെ അനുകരിച്ചെന്നു പലരും പ്രശംസിച്ചല്ലോ. മനഃപൂർവമായിരുന്നോ അത്?
അടുത്തകാലത്തായി പരിഭാഷയുടെ വിഡിയോകൾ കാണുമ്പോൾ രാഹുലിന്റെ ബോഡി ലാംഗ്വേജ് അറിയാതെ വരുന്നുണ്ടോയെന്ന് എനിക്കും സംശയം തോന്നാറുണ്ട്. സാധാരണ ഞാൻ വലതുകൈ ഉയർത്തിയാണു സംസാരിക്കാറുള്ളത്. രാഹുൽജി ഇടതുകൈ ഉയർത്തി പ്രസംഗിക്കുമ്പോൾ ഞാനും ഇടതുകൈ ഉയർത്തുന്നുണ്ടോ എന്നൊരു സംശയമുണ്ട്.
∙ പ്രസംഗത്തിലെ പരകായപ്രവേശമാണോ ശരീരഭാഷയിലൂടെ വരുന്നത്?
പ്രസംഗം മുന്നോട്ടു പോകുമ്പോൾ രാഹുൽജിയുടെ മനസ്സുമായി നമ്മൾ കണക്ടഡ് ആകും. പിന്നീട് ആലോചിച്ചപ്പോൾ തോന്നിയത്, രാഹുലിനു സന്തോഷം വരുമ്പോൾ എനിക്കുമത് അനുഭവപ്പെടുന്നുണ്ട് എന്നതാണ്. പരിഭാഷയുടെ സമയത്ത് അദ്ദേഹത്തിന്റെ മാനസികാവസ്ഥ മനസ്സിലാക്കാൻ പറ്റാറുണ്ട്. പരിഭാഷക എന്ന നിലയിൽ ഞാൻ ഇല്ലാതാവുകയും അദ്ദേഹത്തിന്റെ പ്രസംഗം ജനങ്ങളിലെത്തിക്കുന്ന മാധ്യമം മാത്രമായി മാറുകയും ചെയ്യും. അങ്ങനൊരു ഹൃദയൈക്യം സംഭവിച്ചാലേ പരിഭാഷ നന്നാവൂ എന്നാണു തോന്നിയിട്ടുള്ളതും.
∙ പരിഭാഷയ്ക്കിടെ നഷ്ടപ്പെട്ടു പോകുന്നതാണു കവിതയെന്നാണല്ലോ ചൊല്ല്. പ്രസംഗം പരിഭാഷപ്പെടുത്തി ആരാധകരെ സൃഷ്ടിക്കുന്നത് എങ്ങനെയാണ്?
പ്രസംഗിക്കുന്നയാളുടെ വാചകങ്ങൾ മാത്രമല്ല, അതുപറയുമ്പോൾ അവരുടെ ഉള്ളിലുള്ള വികാരം കൂടി എന്തെന്നറിഞ്ഞാലേ പരിഭാഷ വിജയകരമാകൂ. രാഹുലിന്റെ കാര്യത്തിലാണെങ്കിൽ, അദ്ദേഹത്തെ ഞാൻ നന്നായി പിന്തുടരുന്നുണ്ട്. രാഹുലിന്റെ എല്ലാ പ്രസംഗങ്ങളും കേൾക്കും. അതിനാൽത്തന്നെ അദ്ദേഹത്തിന്റെ ചിന്തകളിലും ആശയങ്ങളിലും വന്നിട്ടുള്ള മാറ്റങ്ങൾ സൂക്ഷ്മമായി അറിയാം. കേരളത്തിൽനിന്ന് എംപി ആയ ശേഷം അദ്ദേഹം ദേശീയ വിഷയങ്ങളിൽ എങ്ങനെയാണു ചിന്തിക്കുന്നത്, കാഴ്ചപ്പാട് എന്താണ് എന്നതിൽ എനിക്കു ധാരണയുണ്ട്.
ദേശീയ വിഷയങ്ങളാണെങ്കിൽ പ്രസംഗത്തിൽ അദ്ദേഹം എന്തൊക്കെയായിരിക്കും പറയുക എന്ന് ചിലപ്പോൾ ഊഹിക്കാനാകും. പക്ഷേ ശംഖുമുഖത്തെ പ്രസംഗം പതിവിൽനിന്നു വ്യത്യസ്തമായിരുന്നു. ദേശീയ വിഷയങ്ങൾ ഉന്നയിച്ചുള്ള പതിവു പ്രസംഗത്തിനു പകരം, കേരളത്തിലെ വിഷയങ്ങളിലൂന്നി, ഇടതു സർക്കാരിനെതിരെ ആഞ്ഞടിച്ചുള്ള പ്രസംഗമായിരുന്നു അത്. പരിഭാഷക എന്ന നിലയ്ക്കു വലിയ മുന്നൊരുക്കങ്ങൾക്ക് അവസരമില്ലായിരുന്നു.

∙ പരിഭാഷകയോടു രാഹുൽ ഗാന്ധിയുടെ പ്രതികരണം എന്തായിരുന്നു?
പ്രസംഗങ്ങൾക്കുശേഷം അങ്ങോട്ടു ചെന്നു ചോദിക്കുകയാണു പതിവ്. നന്നായിരുന്നു എന്നാണു പൊതുവേ പറയാറുള്ളത്. മാറ്റങ്ങൾ വരുത്തണമെന്നൊന്നും പറഞ്ഞിട്ടില്ല. ഈ വർഷം വയനാട്ടിലായിരുന്നു ആദ്യ പ്രസംഗം. അദ്ദേഹം മാസ്ക് വച്ചു സംസാരിച്ചതിനാൽ കേൾക്കാൻ കുറച്ചു പ്രയാസമുണ്ടായി. ഇതു ചൂണ്ടിക്കാട്ടിയപ്പോൾ പിന്നീടുള്ള പ്രസംഗങ്ങളിൽ അദ്ദേഹം മാസ്ക് മാറ്റി. കൊല്ലത്തു മത്സ്യത്തൊഴിലാളികളോടുള്ള പ്രസംഗത്തിന്റെ അവസാനം ‘എല്ലാവർക്കും നമസ്കാരം’ എന്നു മലയാളത്തിൽ അങ്ങോട്ടു പറഞ്ഞുകൊടുത്തതു പറയാനും അദ്ദേഹം തയാറായി.
∙ പരിഭാഷപ്പെടുത്തിയതിൽ മറക്കാനാവാത്ത പ്രസംഗങ്ങൾ ഏതൊക്കെയാണ്?
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ പ്രസംഗങ്ങൾ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മൂവരുടെയും ശൈലികൾ വ്യത്യസ്തമാണ്. വ്യക്തിപരമായതു പറയുമ്പോൾ സോണിയയുടെ തൊണ്ടയിടറും, കണ്ണുനിറയും. രാഹുൽ ഗാന്ധി പ്രസംഗത്തിനിടെ വികാരഭരിതനാകാറില്ല. ചെറിയ വാചകങ്ങളാണ് അദ്ദേഹത്തിനിഷ്ടം. നീറ്റലോടെ സംസാരിക്കുമ്പോഴും പ്രിയങ്കയുടെ മുഖത്തെ ചിരി മായില്ല. നീണ്ട വാചകങ്ങളിലാണു പ്രിയങ്ക സംസാരിക്കുക.
ഒരിക്കൽ സോണിയാജി രാജീവ് ഗാന്ധിയുടെ മരണത്തെപ്പറ്റി പറഞ്ഞതു വല്ലാത്ത അനുഭവമായിരുന്നു. ‘മരണം വരെ ഞാൻ ഇന്ത്യക്കാരിയായിരിക്കും. എന്റെ ചിതാഭസ്മം ഇവിടെ നിമജ്ജനം ചെയ്യും..’ എന്ന പ്രസംഗം വൈകാരികമായിരുന്നു. വയനാട്ടിൽ രാഹുലിന്റെ പ്രചാരണത്തിന് എത്തിയപ്പോഴുള്ള പ്രിയങ്കയുടെ പ്രസംഗവും മറക്കാനാകില്ല. ‘മുത്തശ്ശി മരിക്കുമ്പോൾ എനിക്കു വയസ്സ് 12, ചേട്ടന് 14. ഇപ്പോഴും ആ ഓർമകൾ എന്റെയുള്ളിൽ വിങ്ങലായുണ്ട്..’ എന്ന് ഓർമകളിലേക്കു പ്രിയങ്ക പിൻനടന്നപ്പോൾ എനിക്കും വാക്കിടറി.
‘I trust you with Rahul...’ എന്ന പ്രിയങ്കയുടെ വാചകം ‘ഞാൻ രാഹുലിനെ നിങ്ങളെ ഏൽപിക്കുകയാണ്...’ എന്നു പറഞ്ഞതാണു പരിഭാഷയിലെ അമൂല്യനിമിഷമായി സൂക്ഷിക്കുന്നത്. പാർട്ടി വേദികളിൽ കടുത്ത നിറത്തിലുള്ള വസ്ത്രധാരണത്തിലേക്കു ഞാൻ മാറിയതിന്റെ ക്രെഡിറ്റ് പ്രിയങ്കയ്ക്കാണ്. രാഹുൽ ഇത്രയൊന്നും വൈകാരികമല്ല. 2019 ൽ വയനാട്ടിൽ അദ്ദേഹം നടത്തിയ പ്രസംഗം ഏറെ ഇഷ്ടപ്പെട്ടതാണ്. വയനാടിനോടുള്ള അടുപ്പം മനസ്സിലാക്കാൻ പറ്റിയതായിരുന്നു അത്. രാഹുലുമായി വ്യക്തിപരമായ ബന്ധമില്ല. പരിഭാഷാ വേദികളിൽ കാണുന്നതു മാത്രമേയുള്ളൂ.

∙ രാഹുലിന്റെ പ്രസംഗങ്ങളിലെ പ്രത്യേകത എന്താണ്?
പ്രസംഗം എന്നതിനേക്കാൾ സംവാദത്തിലാണ് അദ്ദേഹത്തിനു താൽപര്യമെന്നാണു തോന്നിയിട്ടുള്ളത്. വേദിയിലും സദസ്സിലും സ്ത്രീകളുടെ പങ്കാളിത്തം കുറയുമ്പോൾ അദ്ദേഹം ചൂണ്ടിക്കാട്ടാറുണ്ട്. എഴുതിത്തയാറാക്കാതെ, സന്ദർഭത്തിന് അനുസരിച്ചാണു മിക്ക പ്രസംഗങ്ങളും. കുറിപ്പുപോലും കയ്യിലുണ്ടാകില്ല. ആദ്യകാലത്തു ഞാൻ രാഷ്ട്രീയത്തിലുണ്ടായിരുന്നില്ല. ഇപ്പോൾ സ്ഥിരമായി പിന്തുടരുന്നതിനാൽ അദ്ദേഹത്തിന്റെ വിപുലമായ കാഴ്ചപ്പാട് ഉൾക്കൊണ്ട് സംസാരിക്കാൻ പറ്റാറുണ്ട്. വാക്കിനും ഭാഷയ്ക്കും അപ്പുറം വൈകാരികതയുടെ തലവും പരിഭാഷയ്ക്കുണ്ട്.
ജനങ്ങളോടു വലിയ സ്നേഹമാണു രാഹുലിന്. ജനശക്തിയിലുള്ള വിശ്വാസം, ജനങ്ങളെ കേൾക്കേണ്ടതിന്റെ പ്രാധാന്യം ഒക്കെ അതിലുണ്ട്. രാഷ്ട്രീയം മാത്രമല്ല, തത്വചിന്താപരമായ തലം കൂടി അദ്ദേഹത്തിന്റെ ചിന്തകൾക്കുണ്ട്. ആന്തരികമാറ്റത്തെയും പ്രാധാന്യത്തോടെയാണു രാഹുൽ കാണുന്നതെന്നാണു തോന്നിയിട്ടുള്ളത്. സത്യസന്ധതയും സ്നേഹവും ഉൾക്കൊള്ളലും അടങ്ങിയ ജനാധിപത്യത്തിന്റെയും വൈവിധ്യത്തിന്റെയും രാഷ്ട്രീയമാണ് അദ്ദേഹം പറയുന്നത്. ഏറിയപങ്കും അതിനോടു പൊരുത്തപ്പെടുന്നതാണ് എന്റെയും നിലപാടുകൾ. പ്രസംഗം പരിഭാഷപ്പെടുത്തുമ്പോൾ വലിയ ഊർജ കൈമാറ്റം നടക്കുന്നുണ്ട്. വാക്കുകൾകൊണ്ട് വിവരിക്കുക ബുദ്ധിമുട്ടാണ്.
∙ പ്രത്യേക തയാറെടുപ്പു നടത്താറുണ്ടോ?
ഇപ്പോഴും വെറുംകയ്യോടെ പോകാനുള്ള ആത്മവിശ്വാസമില്ല. വളരെയധികം തയാറെടുപ്പു നടത്താറുണ്ട്. രാഹുലിന്റെ മുൻ പ്രസംഗങ്ങളെല്ലാം വീണ്ടും കേൾക്കും. പരിപാടി നടക്കുന്ന സ്ഥലത്തു പരമാവധി നേരത്തേ എത്തും. ആ പരിസരവുമായി ഐക്യപ്പെടാൻ ശ്രമിക്കും. ശബ്ദ സംവിധാനം പ്രധാനപ്പെട്ടതായതിനാൽ മൈക്ക് പരിശോധിക്കും. ചിലയിടത്തൊക്കെ പ്രധാന പോയിന്റുകൾ പറയാനാവാതെ പോയതു മൈക്കിന്റെ പ്രശ്നം കൊണ്ടായിരുന്നു.
തൊട്ടടുത്താണെങ്കിലും, മൈക്കിന്റെ എക്കോ കാരണമോ മറ്റോ ഒരു വാക്ക് കേൾക്കാനായില്ലെങ്കിൽപോലും മൊത്തം അർഥം മാറിപ്പോകും. പരിഭാഷകർക്കു സഹായകമായ തരത്തിലാണു രാഹുലിന്റെ പ്രസംഗം. 2014 ൽ മൈക്ക് ഓൺ ചെയ്യാതെയാണു പരിഭാഷപ്പെടുത്തി തുടങ്ങിയത്. സദസ്സിനു കേൾക്കുന്നില്ലെന്ന് എന്നെക്കാളാദ്യം മനസ്സിലായത് അദ്ദേഹത്തിനായിരുന്നു. എന്റെയടുത്തുവന്ന് അദ്ദേഹമാണ് മൈക്ക് ഓൺ ചെയ്തത്. 2017 ൽ അദ്ദേഹത്തിന്റെ ഒരു വാക്ക് പറഞ്ഞതു തെറ്റായാണു കേട്ടതും പരിഭാഷപ്പെടുത്തിയതും. പക്ഷേ പരിഭവം കാണിക്കാതെ ആശ്വസിപ്പിച്ച് കൂടെക്കൂട്ടി.
∙ പരിഭാഷകയുടെ റോളിലേക്കു വരുന്നത് എങ്ങനെയാണ്?
ചെങ്ങന്നൂരാണു സ്വദേശം. അവിടെ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന അഡ്വ. ഡി.വിജയകുമാറാണു പിതാവ്. അമ്മ രാധിക. തിരുവനന്തപുരം മാർ ഇവാനിയോസിലായിരുന്നു ബിരുദ പഠനം. കോളജിലെ ആദ്യ വനിതാ ചെയർപഴ്സൻ ആയിരുന്നു. കോളജ് രാഷ്ട്രീയമാണു പ്രസംഗക്കളരി.
2011 ൽ ചെന്നൈയിലായിരിക്കുമ്പോൾ ടിവിയിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം കേട്ടു. അപ്പോൾ എനിക്കിതു പരിഭാഷപ്പെടുത്താനാവുമല്ലോ എന്നുതോന്നി. അച്ഛനോട് ഇക്കാര്യം പറഞ്ഞു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ, ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിൽ പി.സി.വിഷ്ണുനാഥിന്റെ പ്രചാരണത്തിനു രാഹുൽ എത്തുന്നുണ്ടെന്നും പരിഭാഷയുടെ ചുമതല എനിക്കാണെന്നും പാർട്ടി അറിയിച്ചു. കന്നി പരിഭാഷ വലിയ കുഴപ്പമില്ലാതെ നടന്നു. തുടർന്നും പാർട്ടി നേതൃത്വം വിളിക്കുകയായിരുന്നു.
∙ പരിഭാഷയുടെ തിളക്കത്തിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമെന്നു കേൾക്കുന്നല്ലോ?
അതിനെപ്പറ്റി അറിയില്ല, ഒന്നും പറയാനുമില്ല.
∙ പൊതുപ്രവർത്തന രംഗത്തു സ്ത്രീകളുടെ സാന്നിധ്യം കുറവാണല്ലോ. മാറ്റം വരേണ്ടതല്ലേ?
സ്ത്രീകളുടെ സാന്നിധ്യം കൂടിയാൽ മാത്രം പോരാ, സ്വന്തമായ നിലപാടുകളും അഭിപ്രായങ്ങളും ഉയർത്തിപ്പിടിച്ച് സ്വാശ്രയരായി നിൽക്കാനും സാധിക്കണം. അച്ഛൻ രാഷ്ട്രീയക്കാരനാണെങ്കിലും അദ്ദേഹത്തിൽനിന്നു സ്വതന്ത്രയായ വ്യക്തിയാണ് ഞാൻ. നമ്മുടേതായ ഇടമുണ്ടാകണം. സ്ത്രീകളായല്ല, തുല്യരായി കാണപ്പെടുന്ന സാഹചര്യമാണ് ഉണ്ടാകേണ്ടതെന്ന് ആഗ്രഹിക്കുന്നു. എല്ലാ വ്യത്യസ്തതകളെയും ഉൾക്കൊള്ളാൻ രാഷ്ട്രീയത്തിനാകണം, പരിവർത്തനാത്മകമായിരിക്കണം. ജോലിയുടേതായ പരിമിതികൾക്കുള്ളിൽനിന്നു ചില പൊതുവിഷയങ്ങളിൽ ഇടപെടാറുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ വേദികളിലാണു കൂടുതൽ സംസാരിച്ചിട്ടുള്ളത്.

∙ കുടുംബം, കരിയർ, മറ്റ് ഇഷ്ട മേഖലകൾ?
തിരുവനന്തപുരത്തു മകനൊപ്പമാണു താമസം. മകൻ ഗോവർധൻ അമൻജ്യോതി മൂന്നാം ക്ലാസിൽ പഠിക്കുന്നു. ഏറെക്കാലം ദൂരദർശനിൽ അവതാരകയായിരുന്നു. ചെന്നൈയിൽ മാധ്യമ പ്രവർത്തകയായിരുന്നു. ചില ബഹുരാഷ്ട്ര കമ്പനികളിൽ കോപ്പി എഡിറ്ററായും ജോലി ചെയ്തു. മുംബൈയിൽ ഐടി കമ്പനിയിലെ ജോലിക്കു ശേഷം ചെന്നൈയിലെ കോളജിൽ ഇംഗ്ലിഷ് അധ്യാപികയായി. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിലും എൻഎസ്എസ് അക്കാദമിയിലും ഫാക്കൽറ്റിയായിരുന്നു. അഭിഭാഷകയായി തിരുവനന്തപുരം കോടതിയിൽ പ്രാക്ടീസ് ചെയ്തിരുന്നു.
∙ ഇനിയാരുടെയെങ്കിലും പ്രസംഗം പരിഭാഷപ്പെടുത്തണമെന്ന് ആഗ്രഹമുണ്ടോ?
മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയെയും ഭാര്യ മിഷേൽ ഒബാമയെയും വലിയ ഇഷ്ടമാണ്. അവസരം കിട്ടിയാൽ ഇരുവരുടെയും പ്രസംഗം മലയാളത്തിലേക്കു പരിഭാഷപ്പെടുത്തണം.
English Summary: Exclusive interview with Rahul Gandhi's speech translator Jyothi Vijayakumar, Kerala Assembly Election 2021