പാർലമെന്റിൽ ഭൂഗർഭ തുരങ്കങ്ങളും; ഒറ്റവരി, പ്രധാനമന്ത്രിയുടെ വസതിയിലേക്കും പാത

1200-new-parliament
സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ രൂപരേഖ∙ (Image Courtesy - @loksabhaspeaker)
SHARE

ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരത്തിൽ ഭൂഗർഭ തുരങ്കങ്ങളുമുണ്ടാകുമെന്നു റിപ്പോർട്ട്. പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും വസതികളുമായും എംപിമാരുടെ ചേംബറുകളുമായും ബന്ധിപ്പിക്കുന്ന 3 തുരങ്കങ്ങളെങ്കിലും പണികഴിപ്പിക്കുമെന്നാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ രേഖാചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

പ്രോട്ടോക്കോൾ വ്യവസ്ഥകൾ കർശനമായി പാലിക്കുന്നതിനും രാജ്യത്തെ അതീവ സുരക്ഷാ മേഖലയില്‍ വിവിഐപികളുടെ സഞ്ചാര സ്വാതന്ത്യം സുഗമമാക്കുന്നതിനും വേണ്ടിയാണ് തുരങ്കങ്ങൾ നിർമിക്കുന്നത്. രാഷ്ട്രപതി ഭവൻ അധികം അകലെയല്ലാത്തതിനാലും രാഷ്ട്രപതിയുടെ പാർലമെന്റ് സന്ദർശനങ്ങൾ മുൻകൂട്ടി നിശ്ചയിക്കുന്നതിനാലും ഭൂഗർഭ തുരങ്കങ്ങൾ രാഷ്ട്രപതി ഭവനുമായി ബന്ധിപ്പിക്കാൻ നിർദേശമില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

വിവിഐപികൾ പൊതുപാത ഉപയോഗിക്കുമ്പോൾ നടപ്പാക്കേണ്ടി വരുന്ന ഗതാഗത നിയന്ത്രണങ്ങൾ സാധാരണക്കാരെ ബാധിക്കുന്നതു കൂടി കണക്കിലെടുത്താണ് ഭൂഗർഭ തുരങ്കങ്ങൾ നിർമിക്കാനുള്ള തീരുമാനം. പുറത്തുനിന്നുള്ള അനാവശ്യ ഇടപെടലുകളിൽനിന്നും കടന്നു കയറ്റത്തിൽനിന്നും പാർലമെന്റ് മന്ദിരത്തെ സംരക്ഷിക്കുക എന്നതും തുരങ്കങ്ങൾ നിർമിക്കുന്നതിന്റെ ലക്ഷ്യമാണ്.

കെട്ടിട സമുച്ചയത്തിന് അകത്തും പുറത്തുമുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഇവ സഹായിക്കും. ഒറ്റ വരിയായി നീണ്ടു കിടക്കുന്ന രീതിയിലാകും തുരങ്കങ്ങൾ നിർമിക്കുക. ഗോള്‍ഫ് കാര്‍ട്ടുകളിൽ കയറി സുഗമമായി പാർലമെന്റിൽ എത്തിച്ചേരാം. ഇപ്പോഴത്തെ പാർലമെന്റ് മന്ദിരത്തിനു സമീപം 971 കോടി രൂപ ചെലവിട്ടു നിർമിക്കുന്ന 64,000 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള പുതിയ മന്ദിരവും അനുബന്ധ ഓഫിസ് സമുച്ചയവും 2022ൽ പൂർത്തിയാകുമെന്നാണു പ്രതീക്ഷ.

പത്തോളം ഓഫിസ് സമുച്ചയങ്ങളിലായി 51 കേന്ദ്രസർക്കാർ വകുപ്പുകളിലെ 51,000 ജീവനക്കാർക്കുള്ള സൗകര്യങ്ങൾ ഇവിടെയുണ്ടാകും. എല്ലാ മന്ദിരങ്ങളെയും ബന്ധിപ്പിക്കുന്ന പ്രത്യേക ഭൂഗർഭ മെട്രോ പാതയും ഒരുക്കും. പുതിയ മന്ദിരത്തിൽ ലോക്സഭയിൽ 888 അംഗങ്ങൾക്കും രാജ്യസഭയിൽ 384 അംഗങ്ങൾക്കുമുള്ള ഇരിപ്പിടമൊരുക്കും.

നിലവിൽ ലോക്സഭയിൽ 543 അംഗങ്ങളും രാജ്യസഭയിൽ 245 അംഗങ്ങളുമാണുള്ളതെങ്കിലും ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള വർധന കണക്കിലെടുത്താണിത്. ഇതോടൊപ്പം ലൈബ്രറി, വിവിധ സമിതികൾക്കുള്ള മുറികൾ എന്നിവയും ക്രമീകരിക്കും. വായു, ശബ്ദ മലിനീകരണങ്ങൾ നിയന്ത്രിക്കാനും ഭൂകമ്പത്തെ ചെറുക്കാനും സംവിധാനമുണ്ടാകും.

ബേസ്മെന്റിനു പുറമേ 2 നിലകളുള്ള പുതിയ മന്ദിരം നിലവിലെ പാർലമെന്റ് മന്ദിരത്തോട് ഏകദേശം സാമ്യമുള്ളതാണ്. ഉയരവും തുല്യമാണ്. നിലവിൽ ശ്രംശക്തി ഭവനിരിക്കുന്ന സ്ഥലത്താണ് എംപിമാർക്കുള്ള ഓഫിസ് സമുച്ചയം നിർമിക്കുക. പ്രധാനമന്ത്രിയുടെ വസതിയും ഓഫിസ് സമുച്ചയവും സൗത്ത് ബ്ലോക്കിലും ഉപരാഷ്ട്രപതിയുടെ വസതി നോർത്ത് ബ്ലോക്കിലുമായിരിക്കും.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ കരാർ ടാറ്റ പ്രോജക്ട്സ് ലിമിറ്റഡാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴത്തെ മന്ദിരം പുരാവസ്തുവായി സംരക്ഷിക്കും. രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാഗേറ്റ് വരെ നവീകരിക്കുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരം. നിലവിലെ പാര്‍ലമെന്‍റിന്‍റെ ബലക്ഷയവും ഭാവിയില്‍ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം എംപിമാരുടെ എണ്ണം കൂടാന്‍ ഇടയുള്ളതും ചൂണ്ടിക്കാട്ടിയാണ് പുതിയ മന്ദിരം പണിയുന്നത്. 

English Summary: Underground tunnels to link Prime Minister, Vice President's homes to new Parliament: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA