‘കിഫ്ബിയുടേത് ഊതിപ്പെരുപ്പിച്ച വികസനം; ആർഎസ്എസ് – സിപിഎം ഗൂഢസഖ്യത്തിൽ’

SHARE

കേരളത്തിൽ വികസനം കൊണ്ടുവന്നുവെന്ന് അവകാശപ്പെടുന്ന കിഫ്ബിയുടേത് ഊതിപ്പെരുപ്പിച്ച വികസനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയോടും മന്ത്രിസഭയോടും ഉത്തരവാദിത്തമോ ബാധ്യതയോ ഇല്ലാത്ത സ്ഥാപനമായ കിഫ്ബി വലിയ തട്ടിപ്പാണ്. ജനാധിപത്യ സംവിധാനത്തില്‍ നിയമസഭ വോട്ട് ചെയ്തു പാസ്സാക്കുന്ന ഓരോ പൈസയുമാണു സർക്കാർ ചെലവഴിക്കേണ്ടത്. എന്നാല്‍ നിയമസഭയ്ക്കും ഭരണത്തിനും ധനകാര്യ വ്യവസ്ഥിതിക്കും പുറത്തു ധനസമാഹരണവും ചെലവിടലുമാണു കിഫ്ബിയില്‍. സ്വതന്ത്ര സാമ്രാജ്യത്തെപ്പോലെയാണു കിഫ്ബിയുടെ പ്രവര്‍ത്തനം. കിഫ്ബിയുടെ പ്രവര്‍ത്തനത്തില്‍ നിറഞ്ഞു നില്‍ക്കുന്നതു നിഗൂഢതയാണ്. ഇത് കേരളത്തെ കടക്കെണിയിലാക്കുമെന്നും അദ്ദേഹം ‘മനോരമ ഓൺലൈനിന്’ അനുവദിച്ച അഭിമുഖത്തിൽ ആരോപിച്ചു.

യുഡിഎഫ് അധികാരത്തില്‍ വന്നാൽ കേരളത്തിലെ യുവ സമൂഹത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാകും പ്രഥമ പരിഗണന. കേരളത്തിലെ ചെറുപ്പക്കാരെ സിപിഎം പൂര്‍ണമായും വഞ്ചിക്കുകയായിരുന്നു. കേരളത്തിന്റെ മതനിരപേക്ഷത അപായപ്പെടുത്താന്‍ സിപിഎം പോലുള്ള കക്ഷി ശ്രമിക്കുന്നത് അപകടകരമാണ്. കോണ്‍ഗ്രസ് മുക്തകേരളം എന്നത് ആര്‍എസ്എസിന്റെയും സിപിഎമ്മിന്റെയും അജൻഡയാണ്. ഈ ലക്ഷ്യത്തിനു വേണ്ടിയാണ് അവരുടെ പ്രവർത്തനം. ഈ തിരഞ്ഞെടുപ്പില്‍ ഗൂഢമായ സഖ്യമാണ് അവര്‍ ഉണ്ടാക്കിയിട്ടുള്ളത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വിവിധ പദ്ധതികളിലൂടെ 4.43 ലക്ഷം വീടുകൾ വച്ചുകൊടുത്തിട്ടുണ്ട്. അതിന്റെ പകുതി വീടുകളേ ഈ സര്‍ക്കാരിനു നല്‍കാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തലയുമായുള്ള ദീർഘമായ അഭിമുഖത്തിൽനിന്ന്:

∙ ഐശ്വര്യ കേരള യാത്ര കോണ്‍ഗ്രസിനും യുഡിഎഫിനും വലിയ ഊര്‍ജം നല്‍കിയല്ലോ. താങ്കളുടെ അനുഭവമെങ്ങനെ?

പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുസര്‍ക്കാരിനെ അധികാരത്തില്‍നിന്നു പുറത്താക്കാന്‍ ജനം കാത്തിരിക്കുകയാണ്. അതിന്റെ ആവേശമാണു യാത്രയിലുടനീളം ദൃശ്യമായത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളില്‍നിന്നും യാത്രയ്ക്കു ലഭിച്ച പിന്തുണ അമ്പരപ്പിക്കുന്നതായിരുന്നു. ഈ യാത്രയെ ജനം ഹൃദയത്തില്‍ ഏറ്റുവാങ്ങുകയായിരുന്നു. 14 ജില്ലകളിലെയും സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവരുമായും സംഘടനാ പ്രതിനിധികളുമായും എനിക്ക് ആശയവിനിമയം നടത്താന്‍ കഴിഞ്ഞു.

അവരെല്ലാം പിണറായി വിജയന്റെ നേതൃത്വം നൽകുന്ന ഇടതുഭരണം കേരളത്തിന്റെ അടിത്തറ തകര്‍ത്തുവെന്നു വിശ്വസിക്കുന്നവരാണ്. വികസനരാഹിത്യമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര എന്ന് എല്ലാ ജനങ്ങളും മനസ്സിലാക്കിക്കഴിഞ്ഞു. യുഡിഎഫിന്റെ നേതൃത്വത്തില്‍ വരുന്ന പുതിയ സര്‍ക്കാരിലാണ് അവരുടെ പ്രതീക്ഷ മുഴുവനും. വലിയ ഊര്‍ജമാണ് ഈ യാത്ര കോണ്‍ഗ്രസിനും യുഡിഎഫിനും നല്‍കിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ വലിയ വിജയത്തിലേക്ക് എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുക ഈ യാത്രയില്‍നിന്ന് ആര്‍ജിച്ച പുതിയ ചൈതന്യം തന്നെയായിരിക്കും.

Aishwarya Kerala Yathra
ഐശ്വര്യ കേരള യാത്രയ്ക്കിടെ രമേശ് ചെന്നിത്തല.

∙ ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ ഒപ്പുവപ്പിച്ചത് താങ്കള്‍ തന്നെയാണെന്നാണു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ആരോപണം. കരാറിൽ സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയെന്നതില്‍ ഉറച്ചുനില്‍ക്കുകയാണോ?

കടകംപള്ളിയുടെ ആരോപണം അസംബന്ധമാണ്. ആഴക്കടല്‍ മത്സ്യബന്ധനം ഇഎംസിസി എന്ന അമേരിക്കന്‍ കമ്പനിക്കു തീറെഴുതാന്‍ സര്‍ക്കാര്‍ നടത്തിയ ഗൂഢാലോചനയെ ഞാന്‍ ഇടപെട്ടു തകര്‍ത്തതോടെ സര്‍ക്കാരിനു സമനില നഷ്ടപ്പെട്ടു. അതിന്റെ ഭാഗമാണു കടകംപള്ളിയുടെ ജല്‍പ്പനങ്ങള്‍. മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും ഫിഷറീസ് മന്ത്രിയും ചേര്‍ന്നു വന്‍ അഴിമതിക്കാണ് ഇതിലൂടെ കളമൊരുക്കിയത്. 2018ല്‍ ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ന്യൂയോര്‍ക്കില്‍ ഇഎംസിസി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതോടെയാണ് ഈ ഇടപാടിന് തുടക്കം കുറിച്ചത്.

തുടര്‍ന്ന് 2019ല്‍ ഫിഷറീസ് നയത്തില്‍ മാറ്റം വരുത്തിയാണു പദ്ധതി സാധ്യമാക്കിയത്. ‘അസന്റില്‍’ വച്ച് 5000 കോടിയുടെ പദ്ധതി ഒപ്പിടുന്നതിനു മുന്‍പുതന്നെ ഫിഷറീസ് മന്ത്രി ഇതുസംബന്ധിച്ച ഫയല്‍ കണ്ടിരുന്നു എന്ന് ഇതിനകം വ്യക്തമായിട്ടുണ്ടല്ലോ. ഇംഎംസിസി അധികൃതര്‍ മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തിയിരുന്നു. ആ പദ്ധതിയുടെ ഭാഗമായി 400 ആഴക്കടല്‍ മത്സ്യബന്ധന ട്രോളറുകളും അഞ്ചു കപ്പലുകളും നിര്‍മിക്കുന്നതിനുള്ള ഉപധാരണാ പത്രത്തിലാണു കേരള ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ഒപ്പുവച്ചത്. പ്രൊസസിങ് യൂണിറ്റിനായി പള്ളിപ്പുറത്തു നാലേക്കര്‍ സ്ഥലം കെഎസ്ഐഡിസി നല്‍കിയതും ഈ പദ്ധതിയുടെ ഭാഗമായിട്ടാണ്.

N Prasanth, J Mercykutty Amma
എൻ.പ്രശാന്ത്, ജെ.മേഴ്‍സിക്കുട്ടിയമ്മ

പ്രതിപക്ഷത്തിന്റെ സമയോചിതമായ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ കേരളത്തിന്റെ മത്സ്യസമ്പത്ത് മുഴുവന്‍ അമേരിക്കന്‍ കമ്പനി കൊണ്ടുപോകുമായിരുന്നു. കച്ചവടം മുടങ്ങിയതിന്റെ ഇച്ഛാഭംഗമാണ് ഇടതു സര്‍ക്കാരിന്. ഇഎംസിസി അധികൃതര്‍ പ്രതിപക്ഷ നേതാവിനെ വന്നു കണ്ട്, അവർ സര്‍ക്കാരിന് സമർപ്പിച്ച 5000 കോടിയുടെ പദ്ധതി പൊളിച്ചുതരണമെന്ന് ആവശ്യപ്പെട്ടു എന്നാണോ സര്‍ക്കാര്‍ പറയുന്നത്?

∙ പിഎസ്‍സി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരം പ്രതിപക്ഷം ഏറ്റെടുത്തല്ലോ. യുഡിഎഫ് പ്രകടന പത്രികയില്‍ യുവാക്കള്‍ക്ക് എന്തെല്ലാം ഉറപ്പുകള്‍ പ്രതീക്ഷിക്കാം?

ആ സമരം പ്രതിപക്ഷം ഏറ്റെടുത്തതല്ല. പിഎസ്‍സി റാങ്ക് ഹോള്‍ഡേഴ്‌സ് തന്നെയാണു സമരം നടത്തിയത്. കഷ്ടപ്പെട്ടു പഠിച്ചു പിഎസ്‍സി റാങ്ക് പട്ടികയില്‍ ഇടം പിടിച്ച യുവാക്കള്‍ അര്‍ഹമായ ജോലി ചോദിച്ചാണു സെക്രട്ടേറിയറ്റ് പടിക്കല്‍ സമരത്തിനെത്തിയത്. അവര്‍ക്ക് അതു നിഷേധിച്ചു. മാത്രമല്ല, ഒരര്‍ഹതയുമില്ലാത്ത ഇഷ്ടക്കാരെ വന്‍മേള പോലെ പിന്‍വാതില്‍വഴി തിരുകിക്കയറ്റുകയും ചെയ്തു. ഈ നീതിനിഷേധത്തിന്റെ അവസരത്തില്‍ അത് കണ്ടില്ലെന്നു നടിക്കാന്‍ പ്രതിപക്ഷത്തിനാവില്ല. അതിനാലാണു സമരത്തിനു പിന്തുണ നല്‍കിയത്. കേരളത്തിലെ ചെറുപ്പക്കാരെ പൂര്‍ണമായും വഞ്ചിക്കുകയായിരുന്നു സിപിഎം. പിന്‍വാതിലിലൂടെ സിപിഎം നേതാക്കളുടെ ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ജോലി നേടിയപ്പോള്‍ പിഎസ്‍സി പരീക്ഷയെഴുതി കാത്തിരുന്ന ചെറുപ്പക്കാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സഹനസമരം നടത്തുന്നതു നൊമ്പരപ്പെടുത്തുന്ന കാഴ്ചയായി.‌
‌‌‌‌‌
ദിവസങ്ങളോളം സമരം ചെയ്ത അവരോട് ഒന്നു സംസാരിക്കാന്‍ പോലും മുഖ്യമന്ത്രി തയാറായില്ല. ഡിവൈഎഫ്ഐക്കാരെയും പൊലീസ് ഉദ്യോഗസ്ഥരെയുമൊക്കെ ചര്‍ച്ചയ്ക്കുവിട്ട് അവരെ അവഹേളിക്കുകയായിരുന്നു. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു ശേഷമാണു ചര്‍ച്ചയൊന്നൊക്കെ പറഞ്ഞു സര്‍ക്കാര്‍ രംഗത്തു വന്നത്. അതുകൊണ്ട് ഉദ്യോഗാർഥികള്‍ക്ക് എന്തു പ്രയോജനം? യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ യുവ സമൂഹത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലായിരിക്കും ഞങ്ങളുടെ പ്രഥമ പരിഗണന. കേരളത്തിലെ യുവസമൂഹത്തിന്റെ പ്രതീക്ഷകളെല്ലാം സാക്ഷാല്‍ക്കരിക്കുന്ന തരത്തിലായിരിക്കും യുഡിഎഫിന്റെ പ്രകടന പത്രിക. അതിനുള്ള നിയമ നിര്‍മാണവും ഉണ്ടാവും.

PSC Protest
പിഎസ്‍സി‍ ഉദ്യോഗാർഥികളുടെ സമരം

∙ യുഡിഎഫ് സര്‍ക്കാര്‍ വന്നാല്‍ ബന്ധുനിയമന വിവാദങ്ങളില്‍ എന്തു നടപടി സ്വീകരിക്കും?

തികച്ചും നിഷ്പക്ഷമായ നടപടികള്‍ ഉണ്ടാകുമെന്നു ജനത്തിന് ഉറപ്പു നൽകുന്നു.

∙ യുഡിഎഫില്‍ മുസ്‍ലിം ലീഗിന്റെ അപ്രമാദിത്വമാണെന്നാണു സിപിഎം വിമര്‍ശനം. ലീഗിനെ ബിജെപി ക്ഷണിക്കുകയും ചെയ്തിരിക്കുന്നു. ലീഗിനെ മുന്നില്‍നിര്‍ത്തിയുള്ള പ്രചാരണം എങ്ങനെ കാണുന്നു?

ഇന്ത്യന്‍ യൂണിയന്‍ മുസ്‍ലിം ലീഗ് യുഡിഎഫിലെ രണ്ടാമത്തെ ഏറ്റവും വലിയ ഘടക കക്ഷിയാണ്. സിപിഎമ്മിന്റെ വിമര്‍ശനത്തിനു പിന്നില്‍ മറ്റു ചില ഉദ്ദേശ്യങ്ങളാണ്. വര്‍ഗീയച്ചുവയോടെ ലീഗിനെ സിപിഎം കടന്നാക്രമിക്കുന്നതു തിരഞ്ഞെടുപ്പില്‍ വര്‍ഗീയത ഇളക്കിവിടാനാണ്. കേരളത്തിന്റെ മതനിരപേക്ഷത അപായപ്പെടുത്താന്‍ സിപിഎം പോലുള്ള കക്ഷി ശ്രമിക്കുന്നത് അപകടകരമാണ്.

∙ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ധാരണയുണ്ടെന്ന ഇടതുവിമര്‍ശനത്തോടുള്ള പ്രതികരണം?

യുഡിഎഫിനെ ഇല്ലാതാക്കാന്‍ വേണ്ടിയുള്ള ആര്‍എസ്എസ്– സിപിഎം അന്തര്‍ധാരയെ മറച്ചുപിടിക്കാനുള്ള അടവാണ് ഈ ആരോപണം. കോണ്‍ഗ്രസ് മുക്തകേരളം എന്നത് ആര്‍എസ്എസിന്റെയും സിപിഎമ്മിന്റെയും അജൻഡയാണ്. ഈ ലക്ഷ്യത്തിനു വേണ്ടിയാണ് അവര്‍ രണ്ടുപേരും പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ അവര്‍ ഇക്കാര്യത്തില്‍ ഒരുമിച്ചിരിക്കുന്നു. ഈ തിരഞ്ഞെടുപ്പില്‍ ഗൂഢമായ സഖ്യമാണ് അവര്‍ ഉണ്ടാക്കിയിരിക്കുന്നത്. കേരളത്തില്‍ യുഡിഎഫിനെയും കോണ്‍ഗ്രസിനെയും പരാജയപ്പെടുത്തേണ്ടതു സിപിഎമ്മിന്റെയും ബിജെപിയുടെയും ആവശ്യമാണ്. ഇതു ജനം തിരിച്ചറിയുമെന്നും തിരഞ്ഞെടുപ്പില്‍ അവര്‍ക്കു വന്‍ തിരിച്ചടി നല്‍കുമെന്നും ഞങ്ങള്‍ക്കുറപ്പുണ്ട്.

∙ കേരളത്തിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ഒത്തുകളിയാണെന്നാണോ താങ്കളുടെ ആരോപണം?

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കോ എതിരെ നിയമസഭയ്ക്കകത്തോ പുറത്തോ മുഖ്യമന്ത്രി വാ തുറക്കുന്നില്ല. സ്വർണക്കടത്തു കേസ് അന്വേഷണം മരവിപ്പിച്ചതും ലാവ്‌ലിൻ കേസ് തുടർച്ചയായി മാറ്റിവയ്ക്കുന്നതും കിഫ്ബി അന്വേഷണ നാടകവും സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണ്. മോദിയുടെ ഭാഷയിൽ രാഹുൽ ഗാന്ധിയെ വിമർശിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്.

Rahul Gandhi, Pinarayi Vijayan
രാഹുൽ ഗാന്ധി, പിണറായി വിജയൻ

ബിജെപിയുമായുള്ള ഒത്തുകളി മറച്ചുപിടിക്കാനുള്ള വെപ്രാളത്തിലാണു മുഖ്യമന്ത്രി കോൺഗ്രസിന്റെ മേൽ കുതിരകയറാൻ ശ്രമിക്കുന്നത്. ബംഗാളിലും ത്രിപുരയിലും സിപിഎം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കു പോയതു മിണ്ടുന്നില്ല. ആർഎസ്എസിന്റെയും സിപിഎമ്മിന്റെയും ഇടനിലക്കാരനായി പ്രവർത്തിച്ച സ്വാമിക്കു തിരുവനന്തപുരം നഗരത്തിൽ 17.5 കോടി രൂപ വിലയുള്ള നാല് ഏക്കർ സ്ഥലം നൽകിയതു പിണറായിയുടെ ആർഎസ്എസ് പ്രീണനത്തിന്റെ തെളിവാണ്.

∙ ഇത്തവണ സ്ഥാനാർഥികളിൽ സ്ഥിരംമുഖങ്ങള്‍ക്കു മാറ്റമുണ്ടാകുമോ? യുവാക്കൾക്കും വനിതകൾക്കും ഇടം കിട്ടുമോ?

തീര്‍ച്ചയായും ഈ തിരഞ്ഞെടുപ്പിൽ കൂടുതല്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രധാന്യം നൽകിയാകും സ്ഥാനാർഥി പട്ടിക തയാറാക്കുക.

∙ മേജര്‍ രവി, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി തുടങ്ങിയ സിനിമാ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്കു വന്നല്ലോ. ആരെല്ലാം മത്സരംഗത്തുണ്ടാകും?

ഇവരൊക്കെ മത്സരിക്കാന്‍ യോഗ്യര്‍ തന്നെയാണ്. സ്ഥാനാർഥിത്വമെല്ലാം പാര്‍ട്ടി കൂട്ടായി ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ടതാണ്.

∙ രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ മണ്ഡലം ഉള്‍ക്കൊള്ളുന്ന കേരളത്തിൽ അദ്ദേഹത്തിന്റെയും ഹൈക്കമാന്‍ഡിന്റെയും ഇടപെടലുകള്‍ എത്രത്തോളമുണ്ട്?

രാഹുൽ ഗാന്ധി കേരളത്തില്‍ പ്രചാരണത്തിനുള്ളതു യുഡിഎഫിനും കോണ്‍ഗ്രസിനും വലിയ ആത്മവിശ്വാസമാണു നല്‍കുന്നത്. കേരളത്തിലെ ആബാലവൃദ്ധം ജനവും അദ്ദേഹത്തെ സ്നേഹിക്കുന്നവരാണ്. അദ്ദേഹത്തിന്റെ നേതൃത്വം കോണ്‍ഗ്രസിനെയും യുഡിഎഫിനെയും വിജയത്തിലേക്കെത്തിക്കും എന്നുറപ്പുണ്ട്.

∙ മൂന്നു സര്‍വേ വന്നുകഴിഞ്ഞു. രണ്ടെണ്ണത്തില്‍ ഭരണത്തുടര്‍ച്ച, ഒന്നില്‍ ഒപ്പത്തിനൊപ്പം. എങ്ങനെ കാണുന്നു?

സര്‍വേകളില്‍ യുഡിഎഫ് വിശ്വസിക്കുന്നില്ല. ജനങ്ങളിലാണു വിശ്വാസം.

∙ കേരളത്തിന്റെ കോവിഡ് പ്രതിരോധം മികച്ചതാണെന്ന സർക്കാരിന്റെ അവകാശവാദത്തെ പിന്തുണയ്ക്കുന്നുണ്ടോ?

ഇപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ കേരളത്തിലാണ്. ഇന്ത്യയിലാകെ ഉണ്ടാകുന്ന കോവിഡ് ബാധയുടെ പകുതിയിലേറെയും കേരളത്തിലാണ്. പേരെടുക്കുന്നതിനു വേണ്ടി കോവിഡ് ടെസ്റ്റുകള്‍ കേരളം കുറച്ചതാണ് ഇപ്പോഴത്തെ ദുര്‍ഗതിക്കു കാരണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. രോഗവ്യാപനവും മരണനിരക്കും മറച്ചുവച്ചു. കേരളത്തിന്റെ കോവിഡ് പ്രതിരോധം മികച്ചതാണെന്ന സര്‍ക്കാരിന്റെ അവകാശവാദം ശുദ്ധ തട്ടിപ്പാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ട്.

∙ കിഫ്ബി വഴി ഒരുപാടു വികസനങ്ങള്‍ നടത്തിയെന്നാണ് ഇടതുമുന്നണിയുടെ അവകാശവാദം. കിഫ്ബിയോടും ലൈഫ് മിഷനോടുമുള്ള എതിര്‍പ്പ് യുഡിഎഫ് സര്‍ക്കാര്‍ വന്നാലും തുടരുമോ?

കിഫ്ബി വലിയൊരു തട്ടിപ്പാണ്. സംസ്ഥാനത്ത് ഒരു വികസനവും കൊണ്ടുവരാന്‍ കിഫ്ബിക്കു കഴിഞ്ഞിട്ടില്ല. ഊതിപ്പെരുപ്പിച്ച വികസനമാണ് കിഫ്ബിയുടേത്. നിയമസഭയോടും മന്ത്രിസഭയോടും യാതൊരു ഉത്തരവാദിത്തമോ ബാധ്യതയോ ഇല്ലാത്ത സ്ഥാപനമാണത്. ജനാധിപത്യ സംവിധാനത്തില്‍ നിയമസഭ വോട്ട് ചെയ്തു പാസ്സാക്കുന്ന ഓരോ പൈസയുമാണു സർക്കാർ ചെലവഴിക്കേണ്ടത്. എന്നാല്‍ നിയമസഭയ്ക്കും ഭരണത്തിനും നമ്മുടെ ധനകാര്യ വ്യവസ്ഥിതിക്കും പുറത്തു ധനസമാഹരണവും ചെലവിടലുമാണു കിഫ്ബിയില്‍ നടക്കുന്നത്. സ്വതന്ത്ര സാമ്രാജ്യത്തെപ്പോലെയാണു പ്രവര്‍ത്തിക്കുന്നത്. കിഫ്ബിയുടെ പ്രവര്‍ത്തനത്തില്‍ മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നതു നിഗൂഢതയാണ്.

കിഫ്ബിയിലെ അഴിമതിയും ധൂര്‍ത്തും പുറത്തു വരാതിരിക്കാനാണു സിഎജിയുടെ നിയമാനുസൃതമായ ഓഡിറ്റിങ് പോലും വേണ്ടെന്ന നിലപാട് സര്‍ക്കാര്‍ കൈക്കൊണ്ടത്. 65,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും ആകെ ഏഴായിരം കോടിയുടെ പദ്ധതികളേ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുള്ളൂ. റോഡുകളുടെയും പാലങ്ങളുടെയും പണി സാധാരണഗതിയില്‍ ഏതു സര്‍ക്കാരിനു കീഴിലും പൊതുമരാമത്ത് വകുപ്പ് വഴി നടക്കുന്നതാണ്. അതു കിഫ്ബി വഴി ആക്കിയിട്ട് എന്തോ വലിയ കാര്യം ചെയ്തു എന്ന് പ്രചരിപ്പിക്കുകയാണ്. ഭരണഘടനയെ ലംഘിച്ചു കൊണ്ടുള്ള കടമെടുപ്പാണു മസാലബോണ്ട് വഴി കൊള്ളപ്പലിശയ്ക്കു നടത്തിയത്. ഈ ഇടപാടും ദുരൂഹമാണ്. കേരളത്തിനെ കിഫ്ബി കടക്കെണിയിലാക്കും.

പാവങ്ങള്‍ക്കു വീടുവച്ചു കൊടുക്കുന്ന ഒരു പദ്ധതിക്കും യുഡിഎഫ് എതിരല്ല. എന്നാല്‍ പാവപ്പെട്ടവരുടെ പേരില്‍ വീടു വച്ചു കൊടുക്കാനെന്നു പറഞ്ഞു കൊണ്ടുവരുന്ന പദ്ധതി സ്വപ്ന സുരേഷിനെപ്പോലെയുള്ള ഇടനിലക്കാര്‍ക്കു കമ്മിഷന്‍ അടിക്കാന്‍ വേണ്ടിയാകുമ്പോള്‍ എതിര്‍ക്കാതിരിക്കുന്നതെങ്ങനെ? മുന്‍ യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്തും വിവിധ പദ്ധതികളിലൂടെ പാവപ്പെട്ടവര്‍ക്കു വീടുകള്‍ പണിതു കൊടുത്തിരുന്നു. എല്‍ഡിഎഫ് വന്നപ്പോള്‍ അതു ലൈഫ് എന്ന ഒറ്റപ്പദ്ധതിയാക്കി മാറ്റുകയായിരുന്നു.

ഈ സര്‍ക്കാര്‍ ലൈഫ് പദ്ധതി വഴി രണ്ടര ലക്ഷം പേര്‍ക്ക് വീട് വച്ചുകൊടുത്തു എന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വിവിധ പദ്ധതികളിലൂടെ 4.43 ലക്ഷം വീടുകളാണു വച്ചു കൊടുത്തത്. അതായതു സാധാരണ നല്‍കുന്ന വീടുകളുടെ പകുതി മാത്രമേ ഈ സര്‍ക്കാരിനു നല്‍കാന്‍ കഴിഞ്ഞിട്ടുള്ളൂ. എന്നിട്ടു വന്‍പ്രചാരണ കോലാഹലം നടത്തി എന്തോ വലുതു ചെയ്തുവെന്നു വരുത്തിത്തീര്‍ക്കുന്നു. കള്ളപ്രചാരണം നടത്തി ജനത്തെ പറ്റിക്കാതെ അവര്‍ക്കു കൂടുതല്‍ വീടുകള്‍ വച്ചുകൊടുക്കാനാണു യുഡിഎഫ് ശ്രമിക്കുക.

Thomas Isaac
ടി.എം.തോമസ് ഐസക്

∙ അഴിമതിയാരോപണങ്ങൾ സര്‍ക്കാരിനെതിരെ ഉന്നയിക്കുമ്പോഴും സ്വന്തം മുന്നണിക്കുള്ളിലെ ജനപ്രതിനിധികള്‍ കേസിൽപ്പെടുന്നതിനെ എങ്ങനെ പ്രതിരോധിക്കും?

സ്വര്‍ണക്കടത്ത്, സ്വജനപക്ഷപാതം, പിന്‍വാതില്‍ നിയമനം എന്നിവയില്‍ മുഖം നഷ്ടപ്പെട്ടു നില്‍ക്കുന്ന സര്‍ക്കാര്‍ അതില്‍നിന്നു കരകയറാനാണ് യുഡിഎഫിന്റെ ജനപ്രതിനിധികള്‍ക്കെതിരെ കേസെടുക്കുന്നത്. വിജിലന്‍സിനെ ഉപയോഗിച്ചു നടത്തുന്ന രാഷ്ട്രീയ പ്രതികാരമാണ് ഇബ്രാഹിംകുഞ്ഞിനെതിരായ കേസ്. എം.സി.കമറുദ്ദീന്‍ ഒരു ബിസിനസ് നടത്തി പൊളിഞ്ഞു പോയതാണ്. അല്ലാതെ അഴിമതി ആരോപണമൊന്നും അദ്ദേഹത്തിനു നേരെ ഉയര്‍ന്നിട്ടില്ല. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ യുഡിഎഫ് ജനപ്രതിനിധികളെ കേസില്‍ കുടുക്കുകയായിരുന്നു.

∙ ജോസ് കെ.മാണി വിഭാഗം മുന്നണി വിട്ടതും മാണി സി.കാപ്പന്‍ യുഡിഎഫിലേക്കു വന്നതും വിജയസാധ്യതയെ എങ്ങനെ ബാധിക്കും?

കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം മുന്നണി വിട്ടതു യുഡിഎഫിനെ ഒരു തരത്തിലും ബാധിക്കില്ല. മാണി സി.കാപ്പന്റെ പുതിയ പാർട്ടി ഘടകകക്ഷിയായി വന്നതു മുന്നണിക്കു ഗുണം ചെയ്യും.

∙ ഇ.ശ്രീധരനുള്‍പ്പെടെ ബിജെപിയിൽ ചേര്‍ന്നു. എന്‍ഡിഎ പിടിക്കുന്ന വോട്ടുകള്‍ ഏതു മുന്നണിയെയാണു ബാധിക്കുക?

ബിജെപി നേതൃത്വം നൽകുന്ന എന്‍ഡിഎക്ക് കേരളത്തില്‍ ഒരു ചലനവുമുണ്ടാക്കാന്‍ സാധിക്കില്ല.

∙ ശബരിമല നാമജപഘോഷയാത്രയുമായി ബന്ധപ്പെട്ട കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. വിശ്വാസവും വിശ്വാസികളും പ്രധാന അജന്‍ഡയാണോ?

വിശ്വാസ സംരക്ഷണത്തിനു വേണ്ടിയാണ് എക്കാലവും യുഡിഎഫ് നിലകൊണ്ടിട്ടുള്ളത്. അതു തുടരും.

∙ എന്‍എസ്എസ്, സഭാ നേതൃത്വങ്ങള്‍, സമുദായ സംഘടനകള്‍ എന്നിവരോടുള്ള യുഡിഎഫ് സമീപനമെന്താണ്?

എല്ലാ സമുദായ നേതൃത്വങ്ങളോളും വളരെ നല്ല ബന്ധമാണു യുഡിഎഫ് കാത്തുസൂക്ഷിക്കുന്നത്. ആരുമായും പ്രശ്നങ്ങളില്ല.

∙ ഡോളർ കടത്തുകേസിൽ മുഖ്യമന്ത്രിക്കു നേരിട്ടു പങ്കുണ്ടെന്ന രഹസ്യമൊഴി പുറത്തുവന്നിരിക്കുന്നു. സ്വർണക്കടത്ത് കേസ് വീണ്ടും ആയുധമാക്കുമോ?

സ്വർണക്കടത്തു കേസിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്നതാണു കസ്റ്റംസിന്റെ സത്യവാങ്മൂലം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഡോളർ കടത്തുകേസിൽ മുഖ്യമന്ത്രിക്കു നേരിട്ടു പങ്കുണ്ടെന്ന രഹസ്യമൊഴി കസ്റ്റംസ് ഹൈക്കോടതിയിൽ സമർപ്പിച്ച സാഹചര്യത്തിൽ അധികാരത്തിൽ തുടരാൻ അദ്ദേഹത്തിന് അർഹതയില്ല. രാജ്യദ്രോഹക്കുറ്റമാണു ആരോപിക്കപ്പെട്ടിരിക്കുന്നത്. പ്രതി സ്വപ്ന സുരേഷിന്റെ മൊഴി കസ്റ്റംസിനു ലഭിച്ചിട്ട് രണ്ടു മാസത്തിലേറെയായി. മൊഴിക്കു വിശ്വാസ്യതയുണ്ടെങ്കിലും ഇല്ലെങ്കിലും പ്രതിക്കൂട്ടിൽ മുഖ്യമന്ത്രിയും മൂന്നു മന്ത്രിമാരും സ്പീക്കറുമുള്ളപ്പോൾ ഉടൻ അന്വേഷിക്കാനുള്ള ചുമതല അന്വേഷണ ഏജൻസികൾക്കുണ്ട്. എന്നാൽ, മുഖ്യമന്ത്രിയിലേക്ക് അന്വേഷണം എത്തുമെന്നായപ്പോൾ കേസ് മരവിപ്പിച്ചു. ഏജൻസികൾക്കെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തയച്ച ശേഷമാണ് അട്ടിമറി നീക്കമുണ്ടായത്.

Kodiyeri Balakrishnan, Vinodini Balakrishnan
കോടിയേരി ബാലകൃഷ്ണൻ, വിനോദിനി ബാലകൃഷ്ണൻ

∙ കോടിയേരിയുടെ ഭാര്യ വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെ ഐ ഫോണ്‍ വിവാദത്തിലും വഴിത്തിരിവുണ്ടായോ?

ലൈഫ് പദ്ധതി കോഴക്കേസിലെ പ്രതികള്‍ എനിക്കാണു ഐഫോണ്‍ സമ്മാനിച്ചതെന്നു പത്രസമ്മേളനം നടത്തി പറഞ്ഞയാളാണു സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതേ ഐ ഫോൺ സ്വന്തം ഭാര്യയുടെ കയ്യിലിരിക്കെ പച്ചക്കള്ളം പറയുകയായിരുന്നു കോടിയേരി. നാണമില്ലേ ഇങ്ങനെ പച്ചക്കള്ളം പറയാന്‍?

കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നാണ് അന്നു കോടിയേരി പറഞ്ഞത്. ഇപ്പോള്‍ കൊല്ലത്തു മാത്രമല്ല തിരുവനന്തപുരത്തും ബെംഗളൂരും എല്ലാം കിട്ടിയല്ലോ. സത്യം എപ്പോഴായാലും പുറത്തു വരും. മാന്യതയുടെ ചെറു കണികയെങ്കിലുമുണ്ടെങ്കിൽ കോടിയേരി തെറ്റു പരസ്യമായി ഏറ്റുപറഞ്ഞു മാപ്പ് പറയണം.

∙ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വം തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് വേഗംകൂട്ടിയോ? യുഡിഎഫ് വന്നാൽ ആരായിരിക്കും മുഖ്യമന്ത്രി?

മുഖ്യമന്ത്രി ആരെന്നു തിരുമാനിക്കേണ്ടതു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ്. യുഡിഎഫിനെ വിജയത്തിലെത്തിക്കാനുള്ള ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്.

Oommen Chandy, Mullappally Ramachandran, Ramesh Chennithala
ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല.

English Summary: Exclusive interview with Opposition Leader Ramesh Chennithala, Kerala Assembly Election 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.