റഡാറുകളിൽ മറഞ്ഞിട്ടും ദുരൂഹം ആ ഉപഗ്രഹ സിഗ്നൽ; അജ്ഞാത ആഴങ്ങളിൽ എംഎച്ച്370

MH 370 Missing
എംഎച്ച് 370 കണ്ടെത്താനായി ഓസ്ട്രേലിയൻ സർവേ കപ്പലായ എം/വി ഫുർഗോ ഡിസ്‍കവറി കടലിന്റെ അടിത്തട്ടിലേക്കിറങ്ങിയ ഓട്ടണോമസ് അണ്ടർവാട്ടർ വെഹിക്കിളിന്റെ ഛായാചിത്രം (AFP PHOTO/FUGRO)
SHARE

2014 മാർച്ച് 8... നിലാവുള്ള ആ രാത്രിയിലാണ് മലേഷ്യൻ എയർലൈൻസിന്റെ ബോയിങ് വിമാനം എംഎച്ച് 370 മലേഷ്യൻ തലസ്ഥാനം ക്വാലലംപൂരിലെ എയർപോർട്ടിൽനിന്നു പറന്നുയർന്ന് ചൈനയിലെ ബെയ്‌ജിങ് ലക്ഷ്യമാക്കി യാത്ര തുടങ്ങിയത്. തദ്ദേശസമയം പുലർച്ചെ 12.41ന്. സാഹറി അഹമ്മദ് ഷാ എന്ന അനുഭവ സമ്പന്നനായ പൈലറ്റായിരുന്നു വിമാനത്തിന്റെ പ്രധാന ക്യാപ്റ്റൻ. ഒരു ഉപപൈലറ്റും 10 ഫ്ലൈറ്റ് അറ്റൻഡന്റുമാരും 227 യാത്രക്കാരുമുണ്ടായിരുന്നു. ആകെ 239 പേർ വിമാനത്തിനുള്ളിൽ. കൂടുതൽ പേരും ചൈനയിൽനിന്നും മലേഷ്യയിൽനിന്നുമുള്ളവർ. 5 ഇന്ത്യക്കാരും കൂട്ടത്തിലുണ്ടായിരുന്നു.

അർധരാത്രി ഒന്നോടെ 35,000 അടി വരെ പൊങ്ങിയ വിമാനം 1.07നു ക്വാലലംപൂർ എയർ ട്രാഫിക് കൺട്രോൾ സ്റ്റേഷനിലേക്കു സന്ദേശമയച്ചു. വിയറ്റ്നാമിലെ ഹോചിമിൻ സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന് കൺട്രോൾ സ്റ്റേഷനിൽനിന്നു വന്ന നിർദേശത്തിനുള്ള മറുപടിയായിരുന്നു ആ സന്ദേശം. കൺട്രോൾ സ്റ്റേഷനിലുള്ളവർക്ക് ശുഭരാത്രിയും പൈലറ്റ് സാഹറി ആശംസിച്ചു. ആ വിമാനത്തിൽനിന്നുള്ള അവസാന സന്ദേശം! എന്നാൽ വിമാനം വിയറ്റ്നാമീസ് വ്യോമമേഖലയുടെ സമീപമെത്തിയെങ്കിലും ഹോചിമിൻ സ്റ്റേഷനിൽ ഒരു റിപ്പോർട്ടും നൽകിയില്ല. വിമാനത്തിന്റെ പൈലറ്റുമായി ബന്ധപ്പെടാനുള്ള വിയറ്റ്നാമീസ് എയർ ട്രാഫിക് കൺട്രോൾ ജീവനക്കാരുടെ ശ്രമങ്ങളും വൃഥാവിലായി. ഒടുവിൽ അവർ ക്വാലലംപൂരിലേക്കു വിളിച്ചു വിവരം പറഞ്ഞു. 

എന്നാൽ തെക്കൻ ചൈനാക്കടലിൽ വച്ചുതന്നെ വിമാനം ദിശ മാറിയിരുന്നു. മലേഷ്യയ്ക്കു കുറുകെ പറന്ന വിമാനം പിന്നീട് മലാക്ക കടലിടുക്കിനു നേർക്കും അവിടെനിന്നു വടക്കുപടിഞ്ഞാറൻ ദിശയിൽ ആൻഡമാൻ കടലിനു നേരെയുമാണു പറന്നതെന്ന് മലേഷ്യൻ സൈനിക റഡാറുകൾ കണ്ടെത്തി. 2.22നു സൈനിക റഡാറിന്റെ പരിധിയിൽനിന്നു വിമാനം തിരോഭവിച്ചു. രണ്ടരയോടെ ഉന്നത വ്യോമ അധികൃതർ വിഷയത്തിൽ ഇടപെട്ടു.

MH-370-missing-search-planer
ന്യൂസീലൻഡ് വ്യോമസേനയുടെ നേതൃത്വത്തിൽ തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ എംഎച്ച് 370ക്കായി തിരച്ചിൽ നടത്തുമ്പോൾകടന്നുപോകുന്ന തിരച്ചിൽ കപ്പലായ എച്ച്എംഎസ് പെർത്ത്. AFP PHOTO/AUSTRALIAN DEFENCE/ABIS NICOLAS GONZALEZ

പിന്നീട് നാലു മണിക്കൂർ കഴിഞ്ഞ് വിമാനത്തിനായി ഊർജിതമായ തിരച്ചിൽ തുടങ്ങി. ആ സമയത്ത് വിമാനം ബെയ്‌ജിങ്ങിൽ എത്തേണ്ടതായിരുന്നു. അതൊരു തുടക്കമായിരുന്നു. ലോകവൈമാനിക ചരിത്രത്തിലെ ഏറ്റവും വലിയ തിരച്ചിലുകളിലൊന്നിന്റെ തുടക്കം. എത്ര തിരഞ്ഞിട്ടും ആ മലേഷ്യൻ വിമാനം കണ്ടെത്താനായില്ല. നിഗൂഢതകളുടെ പുകമറയിൽ പോയൊളിച്ച എംഎച്ച് 370 ഇന്നും പ്രഹേളികയായി അവശേഷിക്കുന്നു. വർത്തമാന ചരിത്രത്തിലെ ഏറ്റവും ദുരൂഹമായ സംഭവത്തിന്റെ ഏഴാം വാർഷികമാണ് ഈ മാർച്ച് എട്ടിന് കടന്നു പോകുന്നത്.

അരിച്ചുപെറുക്കി തിരച്ചിൽ

ആദ്യഘട്ടത്തിൽ മലേഷ്യയ്ക്കും വിയറ്റ്നാമിനും ഇടയ്ക്കുള്ള കടൽമേഖലയായിരുന്നു പ്രധാനമായി തിരഞ്ഞത്. 34 കപ്പലുകളും 28 വിമാനങ്ങളും ഇതിനായി നിയോഗിക്കപ്പെട്ടു. ഏഴു രാജ്യങ്ങളും തിരച്ചിലിൽ പങ്കു ചേർന്നു. പിന്നീടുള്ള തിരച്ചിലുകളിൽ സർക്കാർ, സർക്കാരിതര ഏജൻസികൾ ധാരാളമായി പങ്കെടുത്തു. 19ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈജിപ്തിലും മറ്റും നിധിവേട്ട നടത്തിയതുപോലെ ഒരു ഹരത്തിന്റെ ഭാഗമായി ഇതിൽ പങ്കുചേർന്ന തിരച്ചിൽകാരുമുണ്ട്.

MH 370 Missing
എംഎച്ച് 370ക്കായി തിരച്ചിൽ നടത്തുന്ന യുഎസ് പി8 പൊസെയ്ഡൻ വിമാനം ന്യൂസീലൻഡ് വ്യോമസേനയുടെ വിമാനത്തിന്റെ കോക്ക്പി‌റ്റിലെ സ്ക്രീനിൽ തെളിഞ്ഞപ്പോൾ (ഫയൽ ചിത്രം) Photo: ROB GRIFFITH / POOL / AFP

നേരിട്ടു പങ്കെടുക്കാൻ കഴിയാതിരുന്നവർ ഗൂഗിൾ മാപ്പിന്റെയും ഗൂഗിൾ എർത്തിന്റെയും സാറ്റലൈറ്റ് വിവരങ്ങളുടെയും പിൻബലത്തിൽ തങ്ങളാലാവുംവിധം വെർച്വൽ തിരച്ചിലും നടത്തി. മധ്യേഷ്യ മുതൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ വിവിധ ഭാഗങ്ങൾ വരെ തിരച്ചിലിനു വിധേയമായി. ഇത്തരത്തിൽ ഏഴുലക്ഷത്തിലധികം ചതുരശ്ര കിലോമീറ്റ‍ർ പ്രദേശത്തു തിരച്ചിൽ നടത്തിയെന്നാണു കണക്ക്. 

എംഎച്ച് 370ന്റെ വ്യക്തമായ തെളിവുകൾ ലഭിച്ചില്ലെങ്കിലും കടലിൽ തകർന്നുവീണ് അജ്ഞാതമായി കിടന്ന കുറേയേറെ വിമാനങ്ങളെയും കപ്പലുകളെയും കണ്ടെത്താൻ തിരച്ചിലുകൾ സഹായിച്ചു, 1877ൽ സ്കോട്‌ലൻഡിൽനിന്ന് ഓസ്ട്രേലിയയിലേക്കു പോകുന്നതിനിടെ മുങ്ങിയ ഗോൾഡൻ കപ്പൽ, 1883ൽ ഇംഗ്ലണ്ടിൽനിന്ന് ഇന്ത്യയിലേക്കു പോകും വഴി മുങ്ങിയ വെസ്റ്റ് റിജ് കപ്പൽ തുടങ്ങിയവ ഇതിൽ ചിലത്. എന്നാൽ വിമാനം മാത്രം കണ്ടെത്തിയില്ല.

ഇത്രയും സാങ്കേതികമായി പുരോഗമിച്ച ഒരു യുഗത്തിൽ സർവ ആശയവിനിമയ സംവിധാനങ്ങളുമായി പറന്ന ഒരു വിമാനം എങ്ങനെ ഇത്തരത്തിൽ മാഞ്ഞുപോകും? അന്നുമുതൽ ഇന്നുവരെ ദുരൂഹതയുടെ മേമ്പൊടിയില്ലാതെ എംഎച്ച് 370 ഒരിടത്തും ഓ‍ർക്കപ്പെട്ടിട്ടില്ല. ഓസ്ട്രേലിയ, മലേഷ്യ, ചൈന എന്നീ രാജ്യങ്ങൾ രണ്ടു വർഷത്തിനുശേഷം തിരച്ചിൽ അവസാനിപ്പിച്ചു. പിന്നീട് രണ്ടു വർഷങ്ങൾ സർക്കാർ നിയോഗിച്ച സ്വകാര്യ ഏജൻസികളും തിരച്ചിൽ നടത്തി.

2018ൽ ഈ ദുരൂഹ വിമാനത്തിനായുള്ള എല്ലാ ഔദ്യോഗിക തിരച്ചിലുകളും അവസാനിപ്പിച്ചു. എന്നാൽ ലോകമെമ്പാടുമുള്ള അന്വേഷണകുതുകികളും ഗൂഢാലോചനാ സിദ്ധാന്തക്കാരും ഇന്നും ഈ വിമാനത്തെ തിരഞ്ഞുകൊണ്ടിരിക്കുന്നു. 4 ഭൂഖണ്ഡ‍ങ്ങളിലെ ആയിരക്കണക്കിനാളുകൾ വിമാനത്തോടൊപ്പം മറഞ്ഞ തങ്ങളുടെ സ്വന്തക്കാർക്കു വേണ്ടി കാത്തിരിപ്പ് തുടരുന്നു. ഇനിയും അവസാനിക്കാത്ത, ഹൃദയത്തെ ഇന്നും ഇഞ്ചിഞ്ചായി വേദനിപ്പിക്കുന്ന കാത്തിരിപ്പ്.

MH 370 Missing
ഇന്ത്യൻ മഹാസമുദ്രത്തിന്റെ ആഴങ്ങളിൽ അന്തർവാഹിനി ഉപയോഗിച്ചു നടത്തുന്ന പരിശോധന നിരീക്ഷിക്കുന്ന ഓസ്ട്രേലിയൻ ഗവേഷകര്‍.AFP PHOTO / AUSTRALIAN DEFENCE/MC1 PETER D. BLAIR

തകർച്ചയുടെ തെളിവുകൾ

മലേഷ്യൻ റഡാറുകളിൽനിന്നു മറയപ്പെട്ട ശേഷവും ഇൻമർസാറ്റ് എന്ന ബ്രിട്ടിഷ് ഉപഗ്രഹം എംഎച്ച് 370 വിമാനത്തിന്റെ സിഗ്നലുകൾ പിടിച്ചെടുത്തിരുന്നു. മധ്യേഷ്യയിലെ ഏതോ അജ്ഞാത സ്ഥലത്തു ചെന്ന് എംഎച്ച് 370 ലാൻഡ് ചെയ്തെന്ന് ആദ്യകാലത്ത് സിദ്ധാന്തങ്ങളുണ്ടായിരുന്നു. ഉപഗ്രഹത്തിൽനിന്നുള്ള വിവരങ്ങൾ അപഗ്രഥിച്ച് ഏതാനും പേരാണ് ഈ വാദവുമായി വന്നത്. എന്നാൽ പിന്നീട് ഇത് ശരിയല്ലെന്ന് ഇൻമർസാറ്റ് എന്ന ഉപഗ്രഹത്തിന്റെ ഉടമകളായ കമ്പനിതന്നെ പറഞ്ഞു.‌

ഇതു കഴിഞ്ഞ് മലേഷ്യൻ പ്രധാനമന്ത്രി നജീബ് റസാഖ് വിമാനം ഓസ്ട്രേലിയയുടെ തെക്കുപടിഞ്ഞാറൻ തീരത്തിനു 2500 കിലോമീറ്റർ അകലെ ഏതോ മേഖലയിൽ തകർന്നു വീണെന്നു പ്രസ്താവിച്ചു. യാത്രക്കാരാരും രക്ഷപ്പെടാൻ സാധ്യതയില്ലെന്നും റസാഖ് പറഞ്ഞു. 2015ൽ കിഴക്കൻ ആഫ്രിക്കൻ തീരത്തിനു സമീപമുള്ള റീയൂണിയൻ ദ്വീപിലെ ബീച്ചിൽനിന്നു വിമാനത്തിന്റെ ചിറകിന്റെ ഭാഗം കണ്ടെത്തി.

MH 370
ന്യൂസീലൻഡ് വ്യോമസേനയുടെ നേതൃത്വത്തിൽ തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ എംഎച്ച് 370ക്കായി തിരച്ചിൽ നടത്തുന്നു (ഫയൽ ചിത്രം) Photo: AFP PHOTO/AUSTRALIAN DEFENCE/ABIS NICOLAS GONZALEZ

പിന്നീട് ടാൻസാനിയ, മൊസാംബിക്, ദക്ഷിണ ആഫ്രിക്ക, മഡഗാസ്കർ, മൗറീഷ്യസ് തുടങ്ങിയ രാജ്യത്തിന്റെ കരകളിൽ നിന്നും ഇരുപത്തിയേഴോളം വിമാന അവശിഷ്ട ഭാഗങ്ങൾ കിട്ടി. ഇതിൽ 3 ഭാഗങ്ങൾ എംഎച്ച് 370ന്റേതാണെന്നു സ്ഥിരീകരിക്കപ്പെട്ടു. 17 ഭാഗങ്ങൾ ഇതിന്റേതാണെന്നു ശക്തമായ സാധ്യതയും കൽപിച്ചു.

പടിഞ്ഞാറൻ ഓസ്ട്രേലിയയ്ക്കു സമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ വിമാനം തകർന്നു വീണെന്നും അവശിഷ്ടങ്ങൾ തിരമാലകളിൽ പെട്ട് ആഫ്രിക്കയുടെ തീരങ്ങളിലെത്തിയതാകാമെന്നും സിദ്ധാന്തമായി. എന്നാൽ ഈ സിദ്ധാന്തത്തിനൊപ്പം മറ്റൊരു സാധ്യതയും ഉയർന്നു. എംഎച്ച് 370 വിമാനത്തിനുള്ളിൽ ഓക്സിജൻ ഇല്ലാത്ത അവസ്ഥ (ഹൈപ്പോക്സിയ) ഉടലെടുത്തെന്നും ഇതേത്തുടർന്ന് യാത്രക്കാരും പൈലറ്റുമാരും മറ്റു വിമാന ജീവനക്കാരുമുൾപ്പെടെ അബോധാവസ്ഥയിലായെന്നും ഇതു പറയുന്നു.

MH 370
എംഎച്ച് 370 സേഫ്റ്റി ഇൻവെസ്റ്റിഗേഷൻസ് റിപ്പോർട്ട് മാധ്യമങ്ങൾക്കു മലേഷ്യൻ സർക്കാർ കൈമാറിയപ്പോള്‍ (ഫയൽ ചിത്രം) Photo: Mohd RASFAN / AFP

ഓട്ടോപൈലറ്റിലായ വിമാനം ഇവരെയുംകൊണ്ട് ദീർഘദൂരം പറന്നെന്നും ഒടുവിൽ ഇന്ധനം തീർന്ന് കടലിൽ വീഴുകയായിരുന്നെന്നും ഇതു പറഞ്ഞുവയ്ക്കുന്നു. മലേഷ്യൻ സർക്കാരിന്റെ ഔദ്യോഗികമായ വിശദീകരണവും ഇതായിരുന്നു. പിന്നീട് പലഭാഗങ്ങളിൽനിന്നു വിമാനത്തിന്റേതെന്നു സംശയിക്കുന്ന പല തെളിവുകളും കണ്ടെത്തി. കഴിഞ്ഞമാസം ദക്ഷിണാഫ്രിക്കൻ തീരത്ത് അടിഞ്ഞ വിമാനാവശിഷ്ടങ്ങളാണ് ഇതിൽ അവസാനത്തേത്. എന്നാൽ വിമാനത്തിന്റെ പ്രധാനഭാഗങ്ങൾ ഇനിയും കണ്ടെത്തിയിട്ടില്ലാത്തത് ഇപ്പോഴും കുഴപ്പിക്കുന്ന പ്രതിഭാസമാണ്.

ഗൂഢാലോചനക്കാരുടെ പ്രിയവിമാനം

മലേഷ്യൻ വിമാനത്തിന്റെ തിരോധാനത്തെത്തുടർന്ന് ഒട്ടേറെ ഗൂഢാലോചനാ സിദ്ധാന്തങ്ങളാണു പുറത്തിറങ്ങിയത്. പലതും ഭാവനയിൽ മെനഞ്ഞെടുത്തതും ചിലതൊക്കെ ആശ്ചര്യജനകവും ആയിരുന്നു. വിമാനത്തിന്റെ പ്രധാന പൈലറ്റിന് ഒരു അവിഹിത പ്രണയമുണ്ടായിരുന്നെന്നും ഭാര്യയെ കബളിപ്പിച്ച് തന്റെ കാമുകിക്കൊപ്പം കഴിയാനായി അയാൾ നടപ്പാക്കിയ നാടകമായിരുന്നു ഇതെന്നുമായിരുന്നു അതിലൊന്ന്. വിമാനം തകരുന്നതിനു തൊട്ടുമുൻപായി അയാൾ പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടെന്നും ഈ കഥ പറയുന്നു.

എംഎച്ച് 370ന്റെ സൈബർ സംവിധാനങ്ങൾ ഹാക്ക് ചെയ്യപ്പെട്ടതു മൂലം ഓട്ടോ പൈലറ്റിൽ സംഭവിച്ച പിഴവാണ് അപകടകാരണം എന്നായിരുന്നു ചരിത്രകാരനായ നോർമൻ ഡേവിസിന്റെ സിദ്ധാന്തം. 2018ലാണു കംബോഡിയ തിയറി എന്ന പേരിൽ ഇതു സംബന്ധിച്ച പുതിയൊരു പ്രശസ്ത വാദം ഉയർന്നത്. ബ്രിട്ടിഷ് വിഡിയോ നിർമാതാവായ ഇയാൻ വിൽസൻ, ഗൂഗിൾ മാപ്പ് ഇമേജുകള്‍ ഉപയോഗിച്ച് കംബോഡിയയിലെ ഒരു വനത്തിൽ വിമാനം കിടക്കുന്നതു കണ്ടെത്തിയെന്നു പറഞ്ഞത് ലോകമെങ്ങും ആവേശം സൃഷ്ടിച്ചു. ചിത്രങ്ങളുമുണ്ടായിരുന്നു. എന്നാൽ കംബോഡിയ വാദം നിരസിച്ചു.

MH 370
എംഎച്ച് 370 അപകടത്തിൽ കാണാതായവരുടെ ഓർമയ്ക്കായി സംഘടിപ്പിച്ച ചടങ്ങിൽനിന്ന് (ഫയൽ ചിത്രം) Photo: Manan VATSYAYANA / AFP

മുൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയായ ടോണി ആബട്ട് പ്രധാന പൈലറ്റിനെയാണു കുറ്റപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും വലിയ നിഗൂഢത സൃഷ്ടിക്കാനുള്ള പൈലറ്റിന്റെ ശ്രമമായിരുന്നു എംഎച്ച് 370 തിരോധാനമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വളരെ അതിശയോക്തി കലർന്ന സിദ്ധാന്തങ്ങളുമുണ്ടായിരുന്നു. ഒരു തമോഗർത്തം വിമാനത്തെ പിടിച്ചെടുത്തെന്നും, വിമാനം നേരെ ചന്ദ്രനിലേക്കു പോയെന്നും, അന്യഗ്രഹജീവികൾ തട്ടിയെടുത്താതാകാം എന്നൊക്കെ പറയപ്പെട്ടത് ഇക്കൂട്ടത്തിൽപ്പെടും. 

ഉത്തര കൊറിയ വിമാനം പിടിച്ചെടുത്തെന്നും സാൻ ഡിയഗോയിലേക്കു പോയ വിമാനത്തെ അവിടെയുള്ള അമേരിക്കൻ വ്യോമസേന വെടിവച്ചിട്ടെന്നുമൊക്കെ വേറെയും വാദങ്ങളുയർന്നു. 2017 ഓഗസ്റ്റിൽ മഡഗാസ്‌കറിലെ മലേഷ്യൻ സ്ഥാനപതിയായ സഹീദ് റാസ വെടിയേറ്റ് കൊല്ലപ്പെട്ടത് ഇത്തരം അഭ്യൂഹങ്ങൾക്ക് വളമേകി. മലേഷ്യൻ വിമാനത്തിന്റെ തിരച്ചിലിനായി ഏറ്റവും കൂടുതൽ പ്രവർത്തിച്ച മലേഷ്യൻ ഉദ്യോഗസ്ഥനായിരുന്നു റാസ. യുഎസിന്റെ ആഗോളനിരീക്ഷണ സംവിധാനത്തിന്റെ സാങ്കേതികവിദ്യ നിർമിച്ച ഫ്രീസ്‌കെയിൽ സെമികണ്ടക്ടർ എന്ന കമ്പനിയുടെ 20 ജീവനക്കാർ വിമാനത്തിലുണ്ടായിരുന്നു. ഇവരെ പിടികൂടാൻ വേണ്ടി ചൈന ആസൂത്രണം ചെയ്തതാണു വിമാനത്തിന്റെ തിരോധാനം എന്നും ഒരു വാദം ഇടയ്ക്ക് ഉയർന്നിരുന്നു.

ഈ വിമാനത്തെ പറ്റി ഗൂഢാലോചന സിദ്ധാന്തങ്ങൾ ഇറക്കരുതെന്ന് പല രാജ്യങ്ങളും ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. വിമാനത്തോടൊപ്പം കാണാതായവരുടെ ബന്ധുക്കളെ വേദനിപ്പിക്കരുതെന്ന ലക്ഷ്യം മുൻനിർത്തിയാണിത്. എന്നാൽ ഈ അപേക്ഷകളൊന്നും എങ്ങുമേറ്റിട്ടില്ല. നിരവധി ഫോറങ്ങളിലും, സമൂഹമാധ്യമ ഗ്രൂപ്പുകളിലും മറ്റുമായി ഇന്നും ചർച്ചകൾ തുടരുന്നു. പുതിയ പുതിയ വിചിത്ര സാധ്യതങ്ങൾ പങ്കുവച്ചുകൊണ്ട്!

സംശയനിഴലിൽ സാഹറി

വിമാനം അപകടത്തിൽ തകർന്നെന്ന കാര്യത്തിൽ ഭൂരിഭാഗം പേർക്കും സംശയങ്ങളില്ല. ഈ സംശയനിഴൽ ഏറ്റവും കൂടുതൽ നീളുന്നത് പ്രധാന പൈലറ്റായിരുന്ന സാഹറി അഹമ്മദിലേക്കാണ്. 2016ൽ ചില യുഎസ് അന്വേഷകർ സാഹറിയുടെ വീട്ടിൽനിന്ന് ഒരു ഫ്ലൈറ്റ് സിമുലേറ്റർ പ്രോഗ്രാം കണ്ടെത്തിയിരുന്നു. വിമാനത്തിന്റെ കോക്ക്പിറ്റ് നിയന്ത്രണങ്ങൾ വെർച്വലായി അവതരിപ്പിക്കുന്ന ഈ പ്രോഗ്രം പൈലറ്റുമാരുടെ ട്രെയിനിങ്ങിലും ചില ഗെയിമുകളിലുമൊക്കെ ഉപയോഗിക്കാറുണ്ട്.

ഇതിൽ സാഹറി വരച്ച റൂട്ടുകളിലൊന്നിനോട് സാമ്യമുള്ള ഒരു റൂട്ടിലാണ് വഴി തെറ്റിയ വിമാനം പറന്നതെന്ന് പിന്നീട് ഒരു അഭ്യൂഹം പുറത്തു വന്നു. ഇതോടെ സാഹറി ആത്മഹത്യാശ്രമം നടത്തിയതാണെന്നും ആ ശ്രമത്തിന്റെ ഭാഗമായി ഒട്ടേറെ യാത്രക്കാരും ഇരയായതാണെന്നും അഭ്യൂഹമുയർന്നു. പലപ്പോഴും പൈലറ്റുമാർ ഇത്തരത്തിൽ ആത്മഹത്യ നടത്തിയിട്ടുള്ള സംഭവങ്ങളും ഉദാഹരണങ്ങളായി ഉണ്ടായിരുന്നു.

എന്നാൽ ഫ്ലൈറ്റ് സിമുലേറ്റർ കണ്ടെത്തിയ അന്വേഷകർതന്നെ ഈ വാദം നിരാകരിച്ചു. സാഹറിയുടെ കുടുംബാംഗങ്ങളും മലേഷ്യൻ സർക്കാരും സാഹറിയുടെ  ഇതുവരെയുള്ള തെറ്റുകുറ്റങ്ങളില്ലാത്ത കരിയർ ചൂണ്ടിക്കാട്ടി. ജീവിതത്തെ ഏറെ സ്നേഹിച്ചിരുന്നയാളാണ് സാഹറിയെന്നും ഇവർ പറഞ്ഞു. 2017 ആയപ്പോഴേക്കും ഓസ്ട്രേലിയൻ അധികൃതർ വിമാനം കാണാതായതു സംബന്ധിച്ച ഏറ്റവും ബൃഹത്തായ റിപ്പോർട്ട് പുറത്തിറക്കി.

MH 370
എംഎച്ച് 370ന്റെ അവശിഷ്ടങ്ങൾക്കായി ഇന്ത്യൻ മഹാസമുദ്രത്തിൽ തിരച്ചിൽ നടത്തുന്ന ഓസ്ട്രേലിയൻ ഡൈവർമാർ. (ഫയൽ ചിത്രം) Photo: LEUT RYAN DAVIS / AUSTRALIAN DEFENCE / AFP

ഓസ്ട്രേലിയയായിരുന്നു ഈ വിഷയത്തിൽ ഏറ്റവും സജീവമായ തിരച്ചിൽ നടത്തിയത്. 25,000 ചതുരശ്ര കിലോമീറ്റർ സമുദ്രമേഖലയിൽ തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. അബോധാവസ്ഥയിലായിരുന്ന ഒരു പൈലറ്റുമായി പറക്കുന്ന വിമാനം വീഴേണ്ടിയിരുന്ന സ്ഥലത്ത് അതു വീണിട്ടില്ലെന്നത്, സാഹറിക്കു ബോധമുണ്ടായിരുന്നു എന്നതിനു തെളിവായിരുന്നെന്നും സാഹറിയാണ് ഇതിലെ വില്ലനെന്നും പിന്നീട് വീണ്ടും വാദമുയർന്നു.

പുറത്തു കാണുന്നതു പോലെ അത്ര സന്തുഷ്ടനല്ലായിരുന്നു സാഹറിയെന്ന് പിന്നീട് ചില പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അവിഹിത ബന്ധങ്ങളുണ്ടായിരുന്ന സാഹറിയുടെ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നെന്നും മാധ്യമങ്ങളെഴുതി. ഇതിനും ശക്തമായ തെളിവുകളുണ്ടായിരുന്നില്ല.

പലവിധ അഭ്യൂഹങ്ങൾക്കിടയിൽ ഇന്നും എംഎച്ച് 370 ഒരു കടങ്കഥയാണ്. ഇതിനു മുൻപും പിൻപുമൊക്കെ പല വിമാനങ്ങൾ തിരോഭവിച്ചിട്ടുണ്ടെങ്കിലും ഇത്രത്തോളം പോപ്പുലർ കൾച്ചറിൽ ഇടം നേടിയ ഒരു വൈമാനിക സംഭവം വേറെയുണ്ടായിട്ടില്ല. ഒട്ടേറെ ഡോക്യുമെന്ററികൾക്കും മാനിഫെസ്റ്റ് തുടങ്ങിയ സീരീസുകൾക്കുമെല്ലാം എംഎച്ച് 370 വഴിവച്ചു. ഏഴാം വാർഷികത്തിലും ആ ചോദ്യം ബാക്കി: എവിടെയാണ് എംഎച്ച് 370?

English Summary: 7 Mysterious Years of Missing Malaysia Airlines Flight MH370: Where Is It?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA