ADVERTISEMENT

കൊച്ചി ∙ മഹാരാജാസ് കോളജിൽ എസ്എഫ്ഐക്കാരനായ ഒന്നാംവർഷ വിദ്യാർഥിക്കുനേരെ മുതിർന്ന എസ്എഫ്ഐ നേതാക്കളുടെ റാഗിങ്. മലപ്പുറം അരീക്കോട് സ്വദേശിയും ബിഎ ഒന്നാംവർഷ വിദ്യാർഥിയുമായ റോബിൻസനാണു മർദനമേറ്റത്. ഗുരുതരമായി പരുക്കേറ്റ വിദ്യാർഥി കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു രാത്രി മുഴുവൻ റൂമിൽ പൂട്ടിയിട്ട് മർദിക്കുകയും തലയിലൂടെ വെള്ളമൊഴിക്കുകയും ചെയ്തെന്നാണു പരാതി. പൊലീസിൽ പരാതി നൽകിയതറിഞ്ഞ് എതിർഭാഗം റോബിൻസനെതിരെ, സഹപാഠിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പേരിൽ മറ്റൊരു പരാതി നൽകി.

കഴിഞ്ഞ ശനിയാഴ്ചയാണു സംഭവം. വൈകിട്ട് ആറോടെ സഹപാഠികളിൽ ഒരാളാണു ഹോസ്റ്റൽ അപേക്ഷയുടെ കാര്യത്തിൽ എന്തോ തടസ്സമുണ്ടെന്നും ശരിയാക്കാമെന്നും പറഞ്ഞ് ഹോസ്റ്റൽ മുറിയിലേയ്ക്കു വിളിച്ചു കൊണ്ടുപോകുന്നത്. മുറിയിൽ എത്തിയ ഉടനെ തന്റെ മുഖത്ത് അടിച്ചെന്നും താഴെ വീണെന്നും റോബിൻ പറയുന്നു. എന്തിനാണ് അടിക്കുന്നതെന്നു ചോദിച്ചപ്പോൾ നിനക്ക് അറിയില്ല അല്ലേ എന്നു ചോദിച്ചു തലങ്ങുംവിലങ്ങും മർദിച്ചു. കോളജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയാണ് ആദ്യം അടിച്ചത്. കൂടെയുണ്ടായിരുന്ന പതിനാറോളം പേരും മർദിച്ചു. പിവിസി പൈപ്പ് പൊട്ടുന്നതു വരെ കാലിൽ തല്ലി. കരഞ്ഞ് അപേക്ഷിച്ചിട്ടും നിർത്താതെ അവശനായി വീഴുന്നതു വരെ അടിച്ചു.

തളർന്നു വീണപ്പോൾ എഴുന്നേറ്റു ചാടാൻ ആവശ്യപ്പെട്ടു. വെള്ളംകോരി തലയിലൂടെ ഒഴിച്ചു. രാത്രി മുറിയിൽ പൂട്ടിയിട്ടു പോയി രാവിലെ വന്നാണു പുറത്തു പോകാൻ അനുവദിച്ചത്. ഇടയ്ക്കു മൂത്രം ഒഴിക്കാൻ പോകണം എന്നു പറ‍ഞ്ഞപ്പോൾ ഇവിടെതന്നെ കാര്യം സാധിച്ചോളാൻ പറഞ്ഞു. രാത്രി കൂട്ടുകാരും വീട്ടുകാരും വിളിച്ചപ്പോൾ ഫോൺ എടുക്കാൻ സമ്മതിച്ചില്ല. ഉപദ്രവിച്ച കാര്യം പുറത്തു പറഞ്ഞാൽ വീണ്ടും മർദിക്കുമെന്നും പീഡനക്കേസ് കൊടുപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. പരാതി നൽകിയതറിഞ്ഞ് ഒരു പെൺകുട്ടിയെ ഉപയോഗിച്ച് രാവിലെ പീഡനത്തിനു പരാതി നൽകി കേസെടുപ്പിച്ചു.

രാവിലെ പുറത്തിറങ്ങി വീണുപോയപ്പോൾ കൂട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. രാത്രി എട്ടോടെ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകി. റാഗിങ്ങാണെന്നു പലപ്രാവശ്യം  പറഞ്ഞിട്ടും അതിനു കേസെടുക്കാൻ പൊലീസ് തയാറായില്ല. മർദിച്ചു എന്നു പറഞ്ഞാണ് കേസെടുത്തിരിക്കുന്നത്. പ്രിൻസിപ്പലിനും യുജിസിക്കും പരാതി നൽകി. കോളജ് പ്രിൻസിപ്പലിനെ വിളിച്ചു പറയുകയും പരാതി നൽകുകയും ചെയ്തിട്ടും അന്വേഷിച്ചില്ല. പരാതിയുമായി മുന്നോട്ടു പോകാനാണ് തീരുമാനം. മഹാരാജാസിൽ എത്തിയപ്പോൾ മുതൽ പണം പിരിക്കാൻ ചെല്ലണമെന്ന് എസ്എഫ്ഐ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. അതു നിരസിച്ചപ്പോൾ മുതൽ ഭീഷണിപ്പെടുത്തുന്നുണ്ട്.

എൻസിസി കേഡറ്റായതിനാൽ രാഷ്ട്രീയത്തിൽ പ്രവർത്തിക്കരുത് എന്നു നിർദേശമുണ്ടായിരുന്നു. അതിനാൽ വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമാകാൻ താൽപര്യമില്ലെന്ന് അറിയിച്ചതാണ്. ഇതിനിടെ കെഎസ്‍യുക്കാരായ ക്ലാസിലെ വിദ്യാർഥികൾക്കൊപ്പം നടക്കരുതെന്നു പറഞ്ഞും ഭീഷണിപ്പെടുത്തി. തൊട്ടു പിന്നാലെയാണ് കഴിഞ്ഞ ദിവസം കോളജിലെത്തിയപ്പോൾ പിടിച്ചു കൊണ്ടുപോയി മർദിച്ചത്. താൻ ഇടത് അനുഭാവിയും എസ്എഫ്ഐക്കു വേണ്ടി പ്രവർത്തിച്ചിട്ടുള്ള ആളാണെന്നും റോബിൻ പറയുന്നു. സ്വന്തം സംഘടനക്കാരായ വിദ്യാർഥികളിൽനിന്നുണ്ടായ ക്രൂരമായ പീഡനത്തിന്റെ ഞെട്ടലിലാണ്.

സംഭവം വീട്ടിൽ പറഞ്ഞിട്ടില്ലെന്നും അറിഞ്ഞാൽ ഇവിടെ പഠിപ്പിക്കാൻ അനുവദിക്കില്ലെന്ന ഭയമുണ്ടെന്നും റോബിൻ പറയുന്നു. അതേസമയം, തന്റെകയ്യിൽനിന്ന് ചിലർ നിർബന്ധിച്ച് പരാതി എഴുതി വാങ്ങിയതായി വിദ്യാർഥിനി, മർദനമേറ്റ യുവാവിനോടു പറയുന്ന ഓഡിയോ പുറത്തു വന്നു. കഴിഞ്ഞ ദിവസം വിദ്യാർഥി പരാതി നൽകിയപ്പോൾതന്നെ കേസെടുത്തതായി എറണാകുളം സെൻട്രൽ സ്റ്റേഷൻ സിഐ ‘മനോരമ ഓൺലൈനോടു’ പറഞ്ഞു. റാഗിങ്ങാണെന്നു മൊഴിയിൽ ഇല്ല. കെഎസ്‍യുവിൽ പ്രവർത്തിക്കരുതെന്നു പറഞ്ഞ് എസ്എഫ്ഐക്കാർ മർദിച്ചെന്നാണ് പറഞ്ഞിട്ടുള്ളത്. ഒന്നര ദിവസം മുറിയിൽ അടച്ചിട്ടു മർദിച്ചെന്നു പറയുന്നുണ്ടെങ്കിലും ശരീരത്തിൽ പരുക്കേറ്റ പാടുകളില്ല. സംഭവം അന്വേഷിക്കുന്നുണ്ടെന്നും സിഐ പറഞ്ഞു. 

English Summary: First-year student locked, beaten up by SFI workers at Ernakulam Maharaja's College hostel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com