ADVERTISEMENT

റബിക്കടലും അഷ്ടമുടിക്കായലും ശാസ്താംകോട്ട തടാകവും കല്ലടയാറും ഓളം തീർക്കുന്ന കൊല്ലം ജില്ലയിൽ വേനൽച്ചൂടും തിരഞ്ഞെടുപ്പ് ആവേശവും കത്തിക്കയറുകയാണ്. കഴിഞ്ഞതവണ 11 മണ്ഡലങ്ങളും തൂത്തുവാരിയ എൽഡിഎഫിന് അതു നിലനിർത്തണം. പരമാവധി സീറ്റ് നേടുകയെന്ന ജീവന്മരണ പോരാട്ടത്തിലാണു യുഡിഎഫ്. ഒരു ലക്ഷത്തോളം കന്നിവോട്ടർമാരുള്ള കൊല്ലത്ത്, അവരൊന്നും ജനിച്ചശേഷം ജില്ലയിൽനിന്നു പാർട്ടിക്ക് എംഎൽഎ ഉണ്ടായിട്ടില്ലെന്ന ചീത്തപ്പേര് മാറ്റേണ്ട അധികബാധ്യത കൂടിയുണ്ട് കോൺഗ്രസിന്.

ജില്ലയിൽനിന്ന് 2001 ലാണ് ഒരു കോൺഗ്രസ് പ്രതിനിധി അവസാനമായി നിയമസഭ കണ്ടത്. അന്ന് 12 സീറ്റിൽ ഒൻപതും യുഡിഎഫിനായിരുന്നു, അതിൽ നാലിലും കോൺഗ്രസ്. ഇക്കുറി 7 സീറ്റിലാണു കോൺഗ്രസിന്റെ മത്സരം. നാലരവർഷം ഡിസിസി പ്രസിഡന്റായി പ്രവർത്തിച്ച ബിന്ദു കൃഷ്ണ കർമമണ്ഡലമായ കൊല്ലം നിയോജക മണ്ഡലത്തിൽ സ്ഥാനാർഥിയാണ്. കൂടുതലും പുരുഷന്മാർ മാത്രം വാഴുന്ന ഡിസിസി പ്രസിഡന്റ് പദവിയിലെ അപൂർവ വനിതാനേതാവ് എന്ന വിശേഷണം കൂടിയുണ്ട് ബിന്ദു കൃഷ്ണയ്ക്ക് (ബിന്ദു സ്ഥാനാർഥിയായതോടെ ഡിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല വ്യാഴാഴ്ച മുതൽ പുനലൂർ മധുവിനാണ്).

ആദിച്ചനല്ലൂർ കട്ടച്ചൽ ജംക്‌ഷനിൽ ചായക്കട നടത്തി ജീവിച്ച, ചിന്നക്കടയിൽ ഇപ്പോഴും വാടകയ്ക്കു താമസിക്കുന്ന, ദുരിതകാലങ്ങളുടെ തീച്ചൂളയിലൂടെ കടന്നുപോയ അനുഭവങ്ങളുടെ കരുത്തിലാണു താൻ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നതെന്നു ബിന്ദു പറയുന്നു. ജില്ലയിൽ നിർജീവമായിരുന്ന സംഘടനാ സംവിധാനത്തെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെട‌ുപ്പിനു ശേഷമുള്ള നാലര വർഷം കൊണ്ടു തന്റെ നേതൃത്വത്തിൽ സജീവമാക്കിയതിന്റെ പ്രതിഫലനം ഇത്തവണ കാണാനാകുമെന്നാണ് അവരുടെ ആത്മവിശ്വാസം. സിറ്റിങ് എംഎൽഎയും നടനുമായ എം.മുകേഷ് (എൽഡിഎഫ്), എം.സുനിൽ (എൻഡിഎ) എന്നിവരാണ് എതിർ സ്ഥാനാർഥികൾ. ബിന്ദു കൃഷ്ണയുമായുള്ള അഭിമുഖത്തിൽനിന്ന്.

∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമ്പോഴുള്ള പ്രതികരണം?

പ്രചാരണം ആവേശത്തിലായിക്കഴിഞ്ഞു. ദിവസവും രാവിലെ അഞ്ചര–ആറോടെ പ്രചാരണത്തിന് ഇറങ്ങും. ഓരോ പ്രദേശത്തെയും പ്രമുഖരെ കാണുന്നുണ്ട്. കവലകളിലും മറ്റും ചെന്നു നാട്ടുകാരെക്കണ്ടു വോട്ട് അഭ്യർഥിക്കും. പരമാവധി എല്ലാവരെയും കാണാനുള്ള ശ്രമത്തിലാണ്. കശുവണ്ടി ഫാക്ടറികളിലും തൊഴിലുറപ്പു സ്ഥലങ്ങളിലും മത്സ്യത്തൊഴിലാളികേന്ദ്രങ്ങളിലുമെല്ലാം എത്തുന്നുണ്ട്. ജനങ്ങളിൽനിന്നു കിട്ടുന്ന ഹൃദ്യസ്വീകരണം വോട്ടായി മാറിയാൽ ജയം ഉറപ്പാണ്. അതിനു തീവ്രയജ്ഞം നടത്തേണ്ടതുണ്ട്.

∙ കൊല്ലത്തുനിന്ന് ആദ്യമായി മത്സരിക്കുകയാണല്ലോ?

കൊല്ലത്തുനിന്ന് ആദ്യമാണെങ്കിലും നിയമസഭയിലേക്കുള്ള രണ്ടാമത്തെ മത്സരമാണിത്. 2011 ൽ ചാത്തന്നൂരിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

∙ നിലവിൽ കേരളത്തിലെ ഏക വനിതാ ഡിസിസി പ്രസിഡന്റാണല്ലോ. സംഘടനാതല വെല്ലുവിളികളെ എങ്ങനെ നേരിട്ടു?

വനിതയായതിനാൽ ഇരട്ടി അധ്വാനിക്കണം. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ഒഴികെയുള്ള സീറ്റുകളിലെല്ലാം കോൺഗ്രസ് വൻ ഭൂരിപക്ഷത്തിൽ തോറ്റിരിക്കുമ്പോഴാണു ഞാൻ ചുമതലയേൽക്കുന്നത്. കരുനാഗപ്പള്ളിയിൽ നേരിയ വ്യത്യാസത്തിലായിരുന്നു തോൽവി. തിരഞ്ഞെടുപ്പ് രാഷ്ട്രീയം മാനദണ്ഡമാണെങ്കിൽ വൻ തകർച്ചയുടെ സമയത്താണു ഡിസിസി പ്രസിഡന്റായി അവസരം ലഭിക്കുന്നത്. വലിയ വെല്ലുവിളിയായിരുന്നു.

നിരാശരായ പാർട്ടി പ്രവർത്തകർക്കു പ്രതീക്ഷ കൊടുക്കാനും ഊർജസ്വലരാക്കാനും അത്യധ്വാനം ചെയ്യേണ്ടിവന്നു. ചെറിയ യോഗങ്ങളിൽ പോലും പങ്കെടുത്തു. ഏതെങ്കിലും പ്രവർത്തകനെതിരെ പൊലീസ് കേസുണ്ടായാൽ നേരിട്ടു പോയി അന്വേഷിക്കും. പകലെന്നോ രാത്രിയെന്ന ഭേദമില്ലാതെ പാർട്ടിക്കായി പ്രവർത്തിച്ചു. ഭൂരിഭാഗം പേരും കൂടെനിന്നു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാഭൂരിപക്ഷത്തോടെ പാർട്ടിക്കും യുഡിഎഫിനും തിരിച്ചുവരാനായി. പക്ഷേ, തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയം ആവർത്തിക്കാനായില്ല.

സ്ഥാനാർഥിത്വം ഉൾപ്പെടെയുള്ള പ്രാദേശിക വിഷയങ്ങൾ കാരണം കൊല്ലം കോർപറേഷനിലും ജില്ലാ പഞ്ചായത്തിലും തിരിച്ചടിയുണ്ടായി. അതേസമയം, 2015 ൽ 8 പഞ്ചായത്ത് മാത്രം നേടിയ സ്ഥാനത്തുനിന്ന് 2020 ആയപ്പോൾ 22 പഞ്ചായത്ത് നേടുന്നതിലേക്കു കാര്യങ്ങളെത്തി. ഒന്നുമില്ലാതിരുന്നതിനു പകരമായി ഇത്തവണ ഒന്നു വീതം മുനിസിപ്പാലിറ്റിയും ബ്ലോക്ക് പ‍ഞ്ചായത്തും ഭരിക്കാനുമായി. എങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയപരമായി പരാജയമുണ്ടായെന്നു സമ്മതിക്കുന്നു.

∙ 2016 ൽ കോൺഗ്രസിനു മാത്രമല്ല, യുഡിഎഫിനും ഒരു സീറ്റു പോലും ലഭിക്കാത്ത ജില്ലയാണു കൊല്ലം. തിരിച്ചുവരവിനുള്ള പദ്ധതിയെന്താണ്?

ജനകീയ വിഷയങ്ങളിൽ ഇടപെട്ടു നിരന്തരമായ സംഘടനാ പ്രവർത്തനം നടത്തിയിട്ടുണ്ട്. എംഎൽഎമാർ എത്തുന്നതിനുമുൻപേ പല സ്ഥലങ്ങളിലും ആദ്യമെത്തി ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ പരാജയം സംഭവിച്ചെങ്കിലും നിരാശ ബാധിച്ചിരിക്കാതെ, ബൂത്ത് കമ്മിറ്റികൾ രൂപീകരിച്ചു നിയമസഭാ പോരാട്ടത്തിനൊരുങ്ങി. 1948 ബൂത്ത് കമ്മിറ്റികൾ രൂപീകരിച്ച് സംഘടനയെ ശക്തമാക്കിയ ആത്മവിശ്വാസത്തിലാണ് അങ്കത്തട്ടിൽ ഇറങ്ങുന്നത്.

Bindu Krishna
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിന്ദു കൃഷ്ണ.

∙ താങ്കളുടെ എതിർസ്ഥാനാർഥി സിറ്റിങ് എംഎൽഎ എം.മുകേഷ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണു വോട്ട് തേട‌ുന്നത്. ആ പ്രചാരണത്തെ എങ്ങനെ നേരിടും?

എംഎൽഎ എന്നു പറഞ്ഞാൽ നിയമസഭയിൽ പോവുക മാത്രമല്ല ജോലി. മണ്ഡലത്തിൽ തനിക്കു വോട്ടു ചെയ്തവരുടെയും ചെയ്യാത്തവരുടെയും പ്രതിനിധിയാണ് എംഎൽഎ. ജനങ്ങളുടെ സുഖത്തിലും ദുഃഖത്തിലും നാടിന്റെ പൊതുവായ വികസനത്തിലും ക്ഷേമ പ്രവർത്തനങ്ങളിലും മുൻപിൽ നിൽക്കേണ്ട ആളാണ്. ഒരു കുടുംബത്തിലൊരു മരണമുണ്ടായാൽ ആ വീട്ടുകാരുടെ വേദനയുടെ പങ്ക് ഹൃദയത്തിലേറ്റു വാങ്ങേണ്ടയാളുമാണ് എംഎൽഎ എന്നു ഞാൻ വിശ്വസിക്കുന്നു.‌ ജനങ്ങളുടെ ആപത്തിലും സന്തോഷത്തിലും ഓടിയെത്തണം. ഈ അർഥത്തിൽ കൊല്ലത്തെ എംഎൽഎ തികഞ്ഞ പരാജയമാണ്. മികച്ച കലാകാരനെന്ന നിലയിൽ അദ്ദേഹത്തെ ഞാനും സ്നേഹിക്കുന്നു. പക്ഷേ ജനപ്രതിനിധിയായി അദ്ദേഹം വന്നപ്പോൾ, കൊല്ലത്തു മുൻപുണ്ടായിരുന്ന എംഎൽഎമാരെപ്പോലെ ആയിരുന്നില്ല. നേരത്തേ കോൺഗ്രസും സിപിഎമ്മും ആർഎസ്പിയും മണ്ഡലത്തിൽ ജയിച്ചിട്ടുണ്ട്. അവരൊക്കെ മണ്ഡലത്തിൽ സജീവമായിരുന്നു.

നിലവിലെ എംഎൽഎ ഇക്കുറി പ്രചാരണത്തിനായി കശുവണ്ടി ഫാക്ടറിയിൽ ചെന്നപ്പോൾ ജോലിക്കാരായ സ്ത്രീകൾ ചോദിച്ചുവത്രേ അഞ്ചു വർഷം എവിടെയായിരുന്നു, കണ്ടില്ലല്ലോ എന്ന്. നിങ്ങൾ എന്നെ വിളിച്ചില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഞാൻ എത്തിയപ്പോൾ നേരേ തിരിച്ചായിരുന്നു പ്രതികരണം. ഫാക്ടറിയിലെ സ്ത്രീകൾ എന്ന പൊതിയുകയായിരുന്നു. ജനപ്രതിനിധി അല്ലെങ്കിൽപോലും പലപ്പോഴും അവരെന്നെ കാണുന്നുണ്ട് എന്നതുതന്നെ കാരണം.

ഈ കാര്യങ്ങളിലും വികസന പ്രവർത്തനത്തിലും ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹം പരാജയമാണ്. 1330 കോടിയുടെ കിഫ്ബി പദ്ധതിയാണ് എംഎൽഎ ഉയർത്തിക്കാട്ടുന്നത്. നമ്മളിപ്പോൾ നിൽക്കുന്നതു മുകേഷിന്റെ പേരെഴുതിവച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മുന്നിലാണ്. ലക്ഷക്കണക്കിനു രൂപ ചെലവായെന്നാണ് എഴുതിവച്ചിരിക്കുന്നത്. കൊള്ളാവുന്ന പഴയൊരു വെയിറ്റിങ് ഷെഡ് അറ്റകുറ്റപ്പണി നടത്തിയതിനാണ് ഇത്രയും തുകയായത്. ഇമ്മാതിരി പ്രഹസനങ്ങൾ കാണിക്കുന്നതല്ലാതെ കാര്യക്ഷമമായ വികസനം ചൂണ്ടിക്കാട്ടാനില്ല.

പെരുമൺ പാലമാണു നേട്ടങ്ങളിൽ അദ്ദേഹം ഉയർത്തിക്കാട്ടുന്നത്. തിരഞ്ഞെ‌ടുപ്പിനു മുൻപു ധൃതിപിടിച്ച് ഉദ്ഘാടനം നടത്തുകയായിരുന്നു. കൊല്ലം, കുന്നത്തൂർ താലൂക്കുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമാണോദ്ഘാടനം കഴിഞ്ഞ നവംബറിലാണു മുഖ്യമന്ത്രി നിർവഹിച്ചത്. ജങ്കാറിലാണ് നേരത്തേയും ഇപ്പോഴും ആളുകൾ അക്കരെയിക്കരെ പോകുന്നത്. ഉത്തരവാദിത്തമുള്ള എംഎൽഎ ആയിരുന്നെങ്കിൽ സർക്കാരിന്റെ അഞ്ചാം വർഷത്തിൽ പാലം തുറന്നുകൊടുക്കുകയാണു ചെയ്യേണ്ടിയിരുന്നത്. അനുഭവവേദ്യമായ വികസനമില്ലെന്നു നിസ്സംശയം പറയാനാകും.

∙ മത്സ്യത്തൊഴിലാളികൾ തിരഞ്ഞെടുപ്പിൽ നിർണായക ഘടകമാണല്ലോ. അവർക്കുവേണ്ടിയും നിരവധി കാര്യങ്ങൾ ചെയ്തെന്നു സർക്കാർ അവകാശപ്പെടുന്നുണ്ട്?

ഡിസിസി പ്രസിഡന്റായ ശേഷം ഏറ്റവും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതു മത്സ്യമേഖലയിലാണ്. ഈ സർക്കാർ ഏറ്റവും ദ്രോഹിച്ചിട്ടുള്ളതും മത്സ്യമേഖലയെത്തന്നെയാണ്. ഓഖി സമയത്ത് എംഎൽഎയേക്കാൾ മുൻപേ എത്തുകയും രക്ഷാപ്രവർത്തനത്തിനും മറ്റുമായി കൂടുതൽ സമയം ചെലവഴിക്കുകയും ചെയ്തിരുന്നു. അന്നു ദുരിതബാധിതർക്കു സർക്കാർ പല വാഗ്ദാനങ്ങളും നൽകി, ഒന്നും നടപ്പാക്കിയിട്ടില്ല. പ്രളയസമയത്തു രക്ഷാപ്രവർത്തനത്തിന് ഏറ്റവും കൂടുതൽ വള്ളങ്ങൾ പോയതു കൊല്ലത്തുനിന്നാണ്. കേടായ വള്ളങ്ങൾ നന്നാക്കാനുള്ള പണം പോലും സർക്കാർ കൊടുത്തില്ല.

കഴിഞ്ഞ സെപ്റ്റംബറിൽ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് മത്സ്യത്തൊഴിലാളികളുടെ തലയ്ക്കടിക്കുന്നതിനു തുല്യമായിരുന്നു. കടലിൽപോയി മീൻപിടിച്ചു വന്നാൽ വിൽക്കണമെങ്കിൽ സ്ഥലത്തെ പ്രധാന ദിവ്യൻമാരുടെ അനുമതി വേണം. മത്സ്യത്തിന്റെ അടിസ്ഥാന വില ഹാര്‍ബര്‍ മാനേജ്മെന്റ് കമ്മിറ്റി നിശ്ചയിക്കും. ലേലം നടത്താന്‍ പ്രത്യേക അനുമതി വാങ്ങണം. ഫിഷ് ലാന്‍ഡിങ് സെന്റര്‍, ഹാര്‍ബര്‍, മാര്‍ക്കറ്റ് എന്നിവിടങ്ങളിലല്ലാതെ ലേലം പാടില്ല. ലേലത്തുകയുടെ 5% ശതമാനം കമ്മിഷന്‍. നിയമങ്ങൾ ലംഘിച്ചാല്‍ തടവുശിക്ഷ തുടങ്ങിയവയാണ് ഓർഡിനൻസിലുള്ളത്.

പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ അധ്വാനത്തിന്റെ 5% കപ്പം കൊടുക്കണമെന്ന് ആവശ്യപ്പെട്ട, ജനങ്ങളെ പരമാവധി പിഴിഞ്ഞ സർക്കാരാണിത്. ഇതൊന്നും പോരാഞ്ഞിട്ടാണ്, ആഴക്കടൽ മത്സ്യബന്ധന കരാറിൽ അറബിക്കടലിനെ അമേരിക്കൻ കമ്പനിക്കു വിൽക്കാൻ ധാരണയായത്. കടലും ആകാശവും വിറ്റാലും പത്തു പുത്തൻ എന്നതാണു സർക്കാർ നയം. മത്സ്യത്തൊഴിലാളികൾ ഇതെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്. രാഹുൽ ഗാന്ധി മത്സ്യത്തൊഴിലാളികളുടെ കൂടെ കട‌ലിലിറങ്ങിയതും തിരഞ്ഞെടുപ്പിൽ നേട്ടമാകും.

∙ ബിന്ദുവിന്റെ അച്ഛൻ സുകുമാരൻ താങ്കളുടെ കുട്ടിക്കാലത്തെപ്പറ്റി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അക്കാലം ഓർക്കാറുണ്ടോ?

അതൊക്കെ ഓർക്കുമ്പോൾ സങ്കടം വരും. ഒരുപാട് കഷ്ടപ്പെട്ടാണ് ഈ നിലയിൽ എത്തിയത്. ഈശ്വരാനുഗ്രഹത്താൽ കഷ്ടപ്പാടുകളെ അവസരങ്ങളാക്കി മാറ്റാൻ സാധിച്ചിട്ടുണ്ട്. ആദിച്ചനല്ലൂർ മണ്ഡലം മുൻ പ്രസിഡന്റായിരുന്നു അച്ഛൻ പി.സുകുമാരൻ. കട്ടച്ചൽ ജംക്‌ഷനിൽ ഓലമേഞ്ഞ ചായക്കട നടത്തിയാണു ഞങ്ങൾ ജീവിച്ചത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ കട തുടങ്ങിയത്. അമ്മ വസുമതി കശുവണ്ടി തൊഴിലാളിയായിരുന്നു. അമ്മ ദീർഘകാലം ചികിത്സയിലായതും കുടുംബത്തെ തളർത്തി.

Bindu Krishna Family
ബിന്ദു കൃഷ്ണ തന്റെ പോസ്റ്റർ അച്ഛൻ സുകുമാരനു കാണിച്ചു കൊടുക്കുന്നു. സഹോദരൻ ബിജു സമീപം.

ഞങ്ങൾ നാലു മക്കളാണ്. ചായക്കടയിലും മറ്റു ജോലികളിലുമെല്ലാം ഞങ്ങൾ സഹായിക്കുമായിരുന്നു. ചായക്കടയിലേക്ക് അരി ഇടിക്കുകയും അരയ്ക്കുകയുമെല്ലാം ഞാൻ ചെയ്തിട്ടുണ്ട്. കരനെൽക്കൃഷി ചെയ്യുമ്പോൾ അച്ഛനുമമ്മയ്ക്കുമൊപ്പം കൊയ്യുന്നതും കറ്റ കൊണ്ടുവരുന്നതും ഞങ്ങളും ചേർന്നായിരുന്നു. കുടുംബ ബന്ധത്തിന്റെ ഇഴയടുപ്പം ഇപ്പോഴും സൂക്ഷിക്കുന്നു.‍

ഞാൻ രണ്ടാമത്തെ കുട്ടിയാണ്. മൂത്തത് ബിജു. ഞങ്ങളുടെ ഇളയ സഹോദരങ്ങളായ സജിയും സന്തോഷും കുമ്മല്ലൂർ ആറ്റിൽ ആഴക്കയത്തിൽപ്പെട്ടു മരിച്ചിട്ട് 30 വർഷത്തോളമാകുന്നു. അതിന്റെ വേദന ഇപ്പോഴും മാറിയിട്ടില്ല. ചിന്നക്കട ശാന്തിനഗറിലെ ഫ്ലാറ്റിൽ വാടകയ്ക്കാണു താമസിക്കുന്നത്. 87 വയസ്സുള്ള അച്ഛനും ഒപ്പമുണ്ട്. ഞാനില്ലാത്തപ്പോൾ മകനാണ് അച്ഛനെ നോക്കുക. സഹോദരൻ ബിജു ദിവസവും വരാറുണ്ട്.

∙ കോൺഗ്രസിന്റെ സ്ഥാനാർഥിപ്പട്ടികയ്ക്കെതിരായ പ്രതിഷേധം കെട്ടടങ്ങിയിട്ടില്ല. മഹിളാ കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷ് തല മുണ്ഡനം ചെയ്ത് സ്ഥാനം രാജിവച്ച് ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിക്കുന്നു. ഇതെല്ലാം എങ്ങനെ കാണുന്നു?

ചേച്ചിയുടെ (ലതിക സുഭാഷ്) സങ്കടം ഞങ്ങൾക്കെല്ലാവർക്കുമുണ്ട്. രാഷ്ട്രീയത്തിന് അപ്പുറത്തേക്കു കുടുംബപരമായിത്തന്നെ ആത്മബന്ധമുള്ളവരാണ്. ഏറ്റുമാനൂർ സീറ്റ് ഘടകകക്ഷിയുടെ കയ്യിലുള്ളതാണ്. കോൺഗ്രസ് പിടിച്ചുവാങ്ങിക്കാൻ ശ്രമിച്ച്, കിട്ടിയില്ലെങ്കിൽ എന്തു ചെയ്യും? ആ സീറ്റിൽ ഇങ്ങനെയൊരു പ്രയാസം വരാനിടയുണ്ടെന്നു നേതൃത്വം നേരത്തേ സൂചിപ്പിച്ചിരുന്നു. വലിയ സങ്കടമായിപ്പോയി. ചേച്ചിയോടു സംസാരിച്ചിരുന്നു, ഇത്രയും വലിയ സ്റ്റെപ്പ് എടുക്കേണ്ട എന്നു പറഞ്ഞു. പ്രതിപക്ഷനേതാവ് പറഞ്ഞതുപോലെ അടഞ്ഞ അധ്യായമാണല്ലോ അത്, കൂടുതൽ ചർച്ച ചെയ്തിട്ട് കാര്യമില്ല. ചേച്ചിയുടെ തുടർ നടപടികൾ വേണ്ടിയിരുന്നില്ല എന്നു മാത്രമേ ഇപ്പോൾ പറയാനാകൂ.

∙ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ സ്ത്രീകളുടെ പ്രാതിനിധ്യം കോൺഗ്രസിലും മറ്റു പാർട്ടികളിലും ആവശ്യത്തിനുണ്ടോ?

സ്ത്രീകൾ മാത്രമല്ല, എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും പുരുഷ നേതാക്കളും പൊതുവേദിയിൽ സംസാരിക്കുമ്പോൾ വനിതാപ്രാതിനിധ്യം കൂട്ടേണ്ടതിനെപ്പറ്റി പറയും. അവരുടെ ആഗ്രഹവും അതുതന്നെയാണ്. വ്യത്യസ്ത കാരണങ്ങളാൽ നടക്കുന്നില്ല. തിരഞ്ഞെടുപ്പ് രംഗത്തു വളരെ കുറവാണു സ്ത്രീസാന്നിധ്യം. സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണു പാർട്ടികളിലും കാണാനാവുക. ഇന്ത്യ പോലൊരു രാജ്യത്ത് ഇക്കാര്യത്തിൽ നിയമപരമായ സംരക്ഷണമുണ്ടാവുക പ്രധാനമാണ്. അടിയന്തരമായി വനിതാ സംവരണ ബിൽ പാസാക്കുകയാണു പോംവഴി.

∙ ഡിസിസി പ്രസിഡന്റായി സജീവ പ്രവർത്തനം കാഴ്ചവച്ചിട്ടും സീറ്റ് കിട്ടാൻ താങ്കൾക്കു പൊട്ടിക്കരയേണ്ടി വന്നല്ലോ?

ഏറെ തെറ്റിദ്ധരിക്കപ്പെട്ട സംഭവമാണത്. കൊല്ലത്തെ സ്ഥാനാർഥിത്വത്തെപ്പറ്റി നേരത്തേ ധാരണയുള്ളതിനാൽ ജില്ലാ ചുമതലകൾക്കൊപ്പം മണ്ഡലത്തിലും പ്രത്യേക ശ്രദ്ധവച്ചിരുന്നു. പട്ടിക തയാറായി വരുന്ന സമയത്താണ് എന്നോടു കൊല്ലത്തുനിന്നു മാറി കുണ്ടറയിൽ മത്സരിക്കാമോ എന്നു ചോദിക്കുന്നത്. പറന്നിറങ്ങി ഒരു മണ്ഡലത്തിൽ മത്സരിക്കാതെ, താഴെത്തട്ടിൽ പ്രവർത്തിച്ചിട്ടുള്ള പ്രദേശത്തു മത്സരിക്കാനാണു താൽപര്യമെന്നു മറുപടി നൽകി.

അപ്പോഴേക്കും ബിന്ദു കൃഷ്ണയ്ക്കു സീറ്റില്ലെന്നു വാർത്ത പ്രചരിച്ചു. ഇതിൽ പ്രതിഷേധിച്ചു മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാർ രാജിവച്ചു. ഇതിന്റെ വാർത്താക്കുറിപ്പ് മാധ്യമങ്ങൾക്കു നൽകിയ ശേഷമാണ് എന്നോടു പറയുന്നത്. മറ്റു ചിലരും രാജി സന്നദ്ധത അറിയിച്ചു. കടപ്പുറത്തു മീൻ വിൽക്കുകയായിരുന്ന സ്ത്രീകൾ ഞാനെത്തിയതിനു പിന്നാലെ വാർത്തയറിഞ്ഞു ഡിസിസി ഓഫിസിൽ വന്നു. അവരെന്നെ കെട്ടിപ്പിടിച്ചു, ഞങ്ങളുടെ കണ്ണീരൊപ്പാൻ ഈ കുട്ടിയേ ഉണ്ടായിരുന്നുള്ളൂ എന്നെല്ലാം പറഞ്ഞു കരയാൻ തുടങ്ങി. അവരുടെ കരച്ചിൽ കണ്ടപ്പോൾ അറിയാതെ എന്റെയും കണ്ണു നിറഞ്ഞുപോയി. അതു പിന്നീട്, ബിന്ദു കൃഷ്ണ കരഞ്ഞു സീറ്റ് വാങ്ങിച്ചു എന്നു വ്യാഖ്യാനിക്കപ്പെട്ടു. സീറ്റ് കിട്ടാൻ വേണ്ടി കരഞ്ഞതല്ല. എന്നാലും അങ്ങനെ പറയുന്നതിൽ ആരോടും പരിഭവവുമില്ല. കൂട്ടത്തിലൊരാൾ കരയുന്നതു കണ്ടാൽ കരയാതെ ചിരിച്ചു നിൽക്കാനുള്ള കഴിവൊന്നും എനിക്കില്ല. ഞാൻ അഭിനേതാവല്ല.

Bindhu Krishna
ഒരു പ്രതിഷേധ പരിപാടിക്കിടെ ബിന്ദു കൃഷ്ണയെ അറസ്റ്റ് ചെയ്തപ്പോൾ.

‌∙ ബിജെപി സംസ്ഥാന നേതൃത്വവും സിപിഎമ്മുമായി ഡീൽ ഉണ്ടെന്ന ബിജെപി ഇന്റലക്ച്വൽ സെൽ മുൻ കൺവീനർ ആർ.ബാലശങ്കറിന്റെ ആരോപണത്തോടുള്ള പ്രതികരണമെന്താണ്?

സിപിഎമ്മിന്റെയും ബിജെപിയുടെയും പ്രഖ്യാപിത ശത്രു കോൺഗ്രസാണ്. കോൺഗ്രസ് മുക്ത ഭാരതമാണു രണ്ടു കൂട്ടരും ആഗ്രഹിക്കുന്നത്. കോൺഗ്രസിനെ പരാജയപ്പെടുത്താൻ എല്ലാ സാധ്യതകളും അവരുപയോഗിക്കും. ബാലശങ്കറിന്റെ ആരോപണത്തിൽ വസ്തുതയുണ്ടെന്നു ന്യായമായും സംശയിക്കുന്നു. അതിനെ അതിജീവിക്കുകയും വേണം.

‌∙ കൊല്ലം ജില്ലയിൽ എത്ര സീറ്റിൽ വിജയിക്കുമെന്നാണു കണക്കുകൂട്ടൽ?

11 സീറ്റിലും ജയിക്കണമെന്നാണ് ആഗ്രഹം. എങ്ങനെ പോയാലും 5–6 സീറ്റ് ഇത്തവണ യുഡിഎഫിനു കിട്ടുമെന്നാണ് എന്റെ വിലയിരുത്തൽ.

English Summary: Exclusive interview with Kollam DCC President and Congress-UDF candidate Bindu Krishna, Kerala Assembly Election 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com