ADVERTISEMENT

മുംബൈ ∙ മുകേഷ് അംബാനിയുടെ വസതിക്കു മുൻപിൽ സ്‌ഫോടക വസ്തുക്കളുമായി കണ്ടെത്തിയ കാറിന്റെ ഉടമസ്ഥനെന്ന് അവകാശപ്പെട്ടിരുന്ന മൻസുഖ് ഹിരണിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ വെളിപ്പെടുത്തലുമായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). 2 പൊലീസ് ഇൻസ്‌പെക്ടർമാരും ഒരു സീനിയർ പൊലീസ് ഓഫിസറും നിരീക്ഷണത്തിലാണെന്നും ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നും എൻഐഎ അറിയിച്ചു. 

മുൻ മുംബൈ പൊലീസ് കമ്മിഷണർ പരംബീർ സിങ് ആരോപിച്ചതുപോലെ, കേസിൽ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയ്ക്ക് ‘ഹഫ്ത’ നൽകാൻ ഈ മാസം 3ന് അദ്ദേഹത്തിന്റെ ഓഫിസിൽ ചെന്നിരുന്നുവെന്നു ഹോട്ടലുടമ എൻഐഎയ്ക്ക് മൊഴി നൽകി.  ഈ സമയം വാസെയുടെ ഒപ്പമുണ്ടായിരുന്ന 2 പൊലീസ് ഉദ്യോഗസ്ഥരിൽ ഒരു പൊലീസ് ഇൻസ്‌പെക്‌റെയാണ് എൻഐഎ ഉടൻ ചോദ്യംചെയ്യാനിടയുള്ളത്.

ഒപ്പമുണ്ടായിരുന്ന കോൺസ്റ്റബിൾ വിനായക് ഷിൻഡെയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വാസെ പഞ്ചനക്ഷത്ര ഹോട്ടലിൽ 100 ദിവസം താമസിച്ചതിന്റെ ബിൽ ഇനത്തിൽ 13 ലക്ഷം രൂപ അടയ്ക്കാൻ ദക്ഷിണ മുംബൈയിലെ ബിസിനസുകാരനെ ഫോണിൽ വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണു ചോദ്യം ചെയ്യപ്പെടാൻ ഇടയുള്ള രണ്ടാമത്തെയാൾ.

ബാറുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽനിന്നു പ്രതിമാസം 100 കോടി രൂപ പിരിച്ചെടുത്ത് നൽകാൻ വാസെയോട് ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടെന്നാണ് പരംബീർ സിങ് ആരോപിച്ചിരുന്നത്. ഹിരണിന്റെ മൃതദേഹം കണ്ടെത്തിയതിന്റെ അടുത്ത ദിവസം സച്ചിൻ വാസെ, ഔദ്യോഗിക ഫോൺ അടക്കം 5 മൊബൈൽ ഫോണുകൾ നശിപ്പിച്ചെന്ന് എൻഐഎ കണ്ടെത്തി. ഔദ്യോഗിക ഫോണിൽനിന്നുള്ള രേഖകൾ ശേഖരിക്കാൻ വിദഗ്ധ സഹായം തേടി.

ഹിരണിന്റെ മരണവുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ ഇതിൽ ഒളിഞ്ഞിരിപ്പുണ്ടാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ആകെ 13 ഫോണുകളാണ് സച്ചിൻ വാസെ ഉപയോഗിച്ചിരുന്നത്. ഈ മാസം 2ന് മുംബൈ പൊലീസ് ആസ്ഥാനത്ത് വാസെയും 2 സഹപ്രവർത്തകരും പങ്കെടുത്ത കൂടിയാലോചനയിലാണു ഹിരണിന്റെ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് എടിഎസ് കണ്ടെത്തിയിരുന്നു.

English Summary: Sachin Vaze destroyed five cellphones after Mansukh Hiren's body found: NIA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com