ADVERTISEMENT

നുഷ്യ മഹാസൃഷ്ടികളുടെ പട്ടികയിൽ ഇത്രയേറെ ഗുണകരമായ മറ്റൊരു നിർമിതിയുണ്ടോയെന്ന് സംശയിക്കാം. അതാണ് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത ജലഗതാഗത മാർഗമായ സൂയസ് കനാൽ. അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഭാഗമായ മെഡിറ്ററേനിയൻ കടലിനെയും ഇന്ത്യൻ മഹാസമുദ്രത്തിലെ ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന കനാലിന് 193 കിലോമീറ്റർ നീളവും നൂറ് മീറ്ററിനടുത്ത് വീതിയുമുണ്ട്.

ആഫ്രിക്കയുടെയും ഏഷ്യയുടെയും അതിർത്തിയായി കണക്കാക്കുന്ന ഇൗജിപ്തിലെ ഇസ്തമസ് ഓഫ് സൂയസ് എന്ന പ്രദേശത്താണ് സൂയസ് കനാൽ സ്ഥിതി ചെയ്യുന്നത്. പൂർണമായും ഇൗജിപ്തിന്റെ അധീനതയിലാണ്. ഏഷ്യയിൽ ഏറ്റവുമധികം കോളനികളും വ്യാപാരവുമുണ്ടായിരുന്ന ബ്രിട്ടനും ഫ്രാൻസുമായിരുന്നു ആഫ്രിക്ക ചുറ്റാതെ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് കടക്കാനുള്ള ഇത്തരമൊരു കനാലിന്റെ സാധ്യതയെക്കുറിച്ച് ഗവേഷണങ്ങൾ നടത്തിയത്.

ബ്രിട്ടിഷുകാരനായ എഫ്.ആർ.ചെസ്നിയുടെ നേതൃത്വത്തിലാണ് സൂയസ് കനാലിന്റെ പ്രാരംഭ പഠനങ്ങൾ നടത്തിയത്. 1859ൽ ഫ്രഞ്ചുകാരനായ ഫെർഡിനാൻഡ് ഡി ലെപ്സസ് കനാലിന്റെ നിർമാണം തുടങ്ങി. 1869 നവംബർ 17ന് കനാൽ ഗതാഗതത്തിനായി തുറന്നു കൊടുത്തു. ഇതോടെ യൂറോപ്പിൽനിന്ന് ഏഷ്യയിലേക്കും തിരിച്ചുമുള്ള യാത്രയുടെ ചെലവും ദൈർഘ്യവും കുറഞ്ഞു. 

1200-sezus-ariel-view
ചരക്കുകപ്പലായ എംവി എവർഗിവൺ, സൂയസ് കനാലിൽ കുടുങ്ങിയതിനെത്തുടർന്നുണ്ടായ ഗതാഗത സ്തംഭനത്തിൽപെട്ട് ചെങ്കടലിൽ നിശ്ചലമായി കിടക്കുന്ന കപ്പലുകൾ. വിമാനത്തിൽ നിന്നു പകർത്തിയ ദൃശ്യം. (Photo by Mahmoud KHALED / AFP)

ഇന്ന് ലോകത്തെ ഏറ്റവും തിരക്കേറിയ കപ്പൽപാതയാണ് സൂയസ് കനാൽ. ദിവസേന നൂറിനടുത്ത് കപ്പലുകളാണ് കടന്നുപോകുന്നത്. ഏറ്റവുധികം എണ്ണടാങ്കറുകൾ കടന്നുപോകുന്ന സൂയസ് കനാലിലൂടെയുള്ള യാത്രയിൽ ഏഷ്യയിൽനിന്നു യൂറോപ്പിലേക്കുള്ള കപ്പലുകൾക്ക് പതിനായിരം കിലോമീറ്ററിനടുത്താണ് ദൂരലാഭം. 8–10 ദിവസങ്ങളും കുറവ് മതി.

സൂയസ് കനാലിലെ ഇപ്പോഴത്തെ പ്രതിസന്ധി യൂറോപ്യൻ രാജ്യങ്ങളെയും ഇന്ത്യയും ചൈനയുമടക്കമുള്ള ഏഷ്യൻ രാജ്യങ്ങളെയും സാരമായി ബാധിക്കുമെന്നാണു വിലയിരുത്തൽ. കപ്പൽ യാത്രയിലുള്ള പ്രധാന്യം കാരണം ചരിത്രത്തിൽ പലതവണ രക്തച്ചാലുകൾ കനാലിലെ ജലത്തിനെ ചുവപ്പണിയിച്ചു.

ഒന്നാം ലോകയുദ്ധകാലത്ത് ബ്രിട്ടിഷ്– ഫ്രഞ്ച് അധീനതയിലായിരുന്ന കനാലിന്റെ നിയന്ത്രണം പിടിക്കുന്നതിനായി ഓട്ടോമൻ സാമ്രാജ്യം സൈന്യത്തെ അയച്ചെങ്കിലും ഇൗ നീക്കം മുന്നിൽ കണ്ട് ബ്രിട്ടൻ ഇൗജിപ്തിൽ വിന്യസിച്ചിരുന്ന ബ്രിട്ടിഷ്–ഇന്ത്യൻ സൈന്യത്തിനോട് പരാജയപ്പെട്ടു. 

1939–ൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ സൂയസ് കനാൽ വീണ്ടും ആക്രമണകേന്ദ്രമായി. ബ്രിട്ടന്റെ സാമ്പത്തിക സ്രോതസ്സിന്റെ പ്രധാന വരുമാനമാർഗം ഏഷ്യയിൽനിന്നു സൂയസ് കനാലിലൂടെ കടന്നുവരുന്ന ചരക്കുകപ്പലുകളാണെന്ന് മനസ്സിലാക്കിയ ജർമൻ–ഇറ്റാലിയൻ സേനകൾ ഇൗജിപ്തിനെ ആക്രമിച്ചു. ലോകം കണ്ട ഏറ്റവും മികച്ച സേനാധിപന്മാരിലൊരാളായ ജർമൻ ഫീൽഡ് മാർഷൽ എർവിൻ റോമലിന്റെ നേതൃത്വത്തിൽ അച്ചുതണ്ട് സേന ബ്രിട്ടിഷ്–ഫ്രഞ്ച് പ്രതിരോധം തകർത്ത് മുന്നേറി.

സൂയസ് കനാലിന്റെ നിയന്ത്രണം ഏറെക്കുറെ കൈപ്പിടിയിലാക്കിയ സമയത്താണ് ബ്രിട്ടിഷ് സേനാനായകൻ ബർനാർഡ് മോണ്ട്ഗോമറിയുടെ വരവ്. തുടർന്ന് നടന്ന പോരാട്ടത്തിൽ മോണ്ട്ഗോമറിയുടെ തന്ത്രങ്ങൾക്കു മുന്നിൽ ജർമൻ–ഇറ്റാലിയൻ സേനകൾ പരാജയപ്പെട്ടതോടെ സൂയസ് കനാൽ ആ മഹായുദ്ധത്തെയും അതിജീവിച്ചു.

യുദ്ധത്തിന് ശേഷം ഇൗജിപ്തിൽ ബ്രിട്ടിഷ് അധിനിവേശത്തിനെതിരെ പ്രക്ഷോഭമാരംഭിച്ചു. ഇൗജിപ്തിലെ രാജഭരണത്തിന് അന്ത്യം കുറിച്ച് പട്ടാളവിപ്ലവം അരങ്ങേറി. ബ്രിട്ടിഷ് എംബസിക്കും ഓഫിസുകൾക്കുമെതിരെ കയ്റോയിലും മറ്റും അക്രമങ്ങൾ ഉണ്ടായെങ്കിലും 1954 ൽ ബ്രിട്ടനും ഇൗജിപ്തും തമ്മിൽ ഒപ്പുവച്ച കരാർ സൂയസ് കനാലിന്റെ ചരിത്രത്തിലെ പ്രധാന ഏടാണ്.

കനാൽ ഇൗജിപ്തിന്റെ നിയന്ത്രണത്തിലാണെങ്കിലും കനാലിലൂടെയുള്ള ഗതാഗതത്തിന് ഒരു തടസ്സവുമുണ്ടാക്കില്ല എന്നതായിരുന്നു കരാറിന്റെ പ്രധാനഭാഗം. പുറത്തുനിന്ന് ഏതെങ്കിലും ഭീഷണി കനാലിന് ഉണ്ടായാൽ ബ്രിട്ടിഷ് സൈന്യത്തിന് ഇടപെടാമെന്നതും കരാറിൽ ഉൾപ്പെടുത്തി.

1956–ൽ സൂയസ് കനാലിനു വേണ്ടി വീണ്ടും ആക്രമണമുണ്ടായി. ആറുദിവസത്തെ യുദ്ധമെന്ന് പേരുകേട്ട ഇസ്രയേൽ–ഇൗജിപ്ത് യുദ്ധത്തോടെയായിരുന്നു തുടക്കം. സൂയസ് കനാൽ ഇൗജിപ്ത് ദേശസാൽക്കരിച്ചതിനു ശേഷമായിരുന്നു ഇൗ ആക്രമണം. ഇസ്രയേൽ–ഈജിപ്ത് പോരാട്ടം കൊടുമ്പിരി കൊള്ളുന്നതിനിടയിൽ കനാൽ നിയന്ത്രണത്തിനായി ബ്രിട്ടിഷ് ഫ്രഞ്ച് സേനകൾ ആക്രമണം തുടങ്ങി.

നവംബർ 5ന് തുടങ്ങിയ ആക്രമണം ഒറ്റദിവസം കൊണ്ട് ഇൗജിപ്തിന്റെ പ്രതിരോധം തകർത്ത് തരിപ്പണമാക്കി. നൂറുകണക്കിന് ഇൗജിപ്ഷ്യൻ സൈനികർ തടവിലായി. നവബംർ 6ന് ഐക്യരാഷ്ട്ര സംഘടന വെടിനിർത്തലിന് ആഹ്വാനം ചെയ്തു. ആക്രമണം നിർത്തിവയ്ക്കേണ്ടി വന്നതിനാൽ സൂയസ് കനാലിന്റെ പൂർണ നിയന്ത്രണം കൈക്കലാക്കാൻ ആംഗ്ലോ–ഫ്രഞ്ച് സൈന്യത്തിന് സാധിച്ചില്ല. 

ലോകമൊട്ടാകെ ആക്രമണത്തിനെതിരെ പ്രതിഷേധമുയർന്നു. യുഎസ് പ്രസിഡന്റ് ഐസൻഹോവർ ബ്രിട്ടന്റെയും ഫ്രാൻസിന്റെയും ഇസ്രയേലിന്റെയും സൈന്യത്തോട് പിന്മാറണമെന്ന് ആവശ്യപ്പെട്ടു. ശീതയുദ്ധം ശക്തിപ്രാപിച്ചു കൊണ്ടിരുന്ന സമയത്ത് സോവിയറ്റ് യൂണിയന്റെ പിന്തുണയുള്ള ഇൗജിപത് കീഴടക്കുന്നത് സോവിയറ്റ് സേനയുടെ ഇടപെടലിന് കാരണമാകുമെന്ന് അമേരിക്ക കണക്കുകൂട്ടി. 

ഐക്യരാഷ്ട്ര സംഘടനയുടെ സമാധാനസേന ഇൗജിപ്തിലെത്തിയതോടെ സംഘർഷം പൂർണമായും അവസാനിച്ചു. വീണ്ടുമൊരു പോരാട്ടത്തിനുശേഷം സൂയസ് കനാൽ ഗതാഗതത്തിനായി തുറന്നുകൊടുത്തു. ബ്രിട്ടനും ഫ്രാൻസിനും ആഗോള തലത്തിലുണ്ടായിരുന്ന സ്വാധീനത്തിൽ വലിയ ഇടിവുതട്ടിയ സംഭവമായിരുന്നു അത്.

പശ്ചാത്യ മുന്നണിയിലെ അമേരിക്കൻ ആധിപത്യം ചോദ്യചെയ്യാനാവാത്ത വിധം ഇൗ സംഭവം അരക്കിട്ടുറപ്പിച്ചു.1967 ലെ അറബ് – ഇസ്രയേൽ യുദ്ധത്തെ തുടർന്നും സൂയസ് കനാൽ അടച്ചിരുന്നു. പിന്നീട് 1975–ലാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്.

English Summary: Suez Canal’s bumpy history and impact on global trade

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com