ADVERTISEMENT

വിമോചന സമരത്തെ തുടർന്ന് ആദ്യ മന്ത്രിസഭയെ കേന്ദ്രസർക്കാർ പിരിച്ചുവിട്ടതോടെ കേരളം  രാഷ്ട്രപതി ഭരണത്തിലായി. ആറു മാസമാണ് രാഷ്ട്രപതി ഭരണം നീണ്ടുനിന്നത്. 1959 ജൂലൈ 31ന് ഇഎംഎസ് സർക്കാരിനെ പിരിച്ചുവിട്ടു. 1960 ഫെബ്രുവരി ഒന്നിനായിരുന്നു അടുത്ത തിരഞ്ഞെടുപ്പ്. വിമോചന സമരത്തെ തുടർന്നുള്ള രാഷ്ട്രീയാന്തരീക്ഷത്തിൽ സ്വാഭാവികമായും കമ്യൂണിസ്റ്റ് വിരുദ്ധരെല്ലാം ഒരു ചേരിയിൽ അണിനിരന്നു. ഇന്ത്യൻ നാഷനൽ കോൺഗ്രസ്, പ്രജാ സോഷ്യലിസ്റ്റ് പാർട്ടി (പിഎസ്പി), മുസ്‌ലിം ലീഗ് എന്നീ പാർട്ടികളുടെ മുന്നണിയും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയും തമ്മിൽ നേരിട്ടായിരുന്നു മത്സരം. 

ഫലം വന്നപ്പോൾ കമ്യൂണിസ്റ്റ് പാർട്ടി 29 സീറ്റിൽ ഒതുങ്ങി. 108 സീറ്റിലാണ് അവർ മത്സരിച്ചത്. 80 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 63 സീറ്റിലും മിന്നുന്ന ജയം നേടി. 33 സീറ്റിൽ മത്സരിച്ച പിഎസ്പി 20 സീറ്റിൽ ജയിച്ചപ്പോൾ 12 സീറ്റിൽ മത്സരിച്ച മുസ്‌ലിം ലീഗ് ഒന്നൊഴികെ എല്ലാ സീറ്റിലും വിജയക്കൊടി പാറിച്ചു. മത്സരിച്ച സീറ്റുകളിലെ വോട്ട് ശതമാനം ഇങ്ങനെയായിരുന്നു: കോൺഗ്രസ് 45.37, സിപിഐ 43.79, പിഎസ്പി 38.41, മുസ്‌ലിം ലീഗ് 47.79, സ്വതന്ത്രർ 13.96.  

126 അംഗ സഭയിൽ 94 സീറ്റിന്റെ വമ്പൻ ഭൂരിപക്ഷത്തോടെ പുതിയ സർക്കാർ അധികാരത്തിലേറിയെങ്കിലും മുന്നണിക്കകത്തെ തർക്കങ്ങളിൽപെട്ട് ആടിയുലഞ്ഞു. രണ്ടു മന്ത്രിസഭകൾ വന്നിട്ടും കാലാവധി തികയ്ക്കാൻ ഈ നിയമസഭയ്ക്കായില്ല. 

മത്സരിച്ച 80 സീറ്റുകളിൽ അറുപതിലും ജയിച്ചിട്ടും മുഖ്യമന്ത്രി സ്ഥാനം നേടാൻ കോൺഗ്രസിനായില്ല. 33 സീറ്റിൽ മത്സരിച്ച് 20 സീറ്റിൽ വിജയിച്ച പട്ടം താണുപിള്ളയുടെ പിഎസ്പി മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി പിടിവാശി പിടിച്ചു. കോൺഗ്രസിന് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷമില്ലാത്തതിനാൽ ആരുടെയെങ്കിലും പിന്തുണയില്ലാതെ മന്ത്രിസഭ രൂപീകരിക്കാൻ കഴിയുമായിരുന്നില്ല. മുസ്‌ലിം ലീഗിന്റെ പിന്തുണയോടെ ഭരണം സാധ്യമായിരുന്നെങ്കിലും ലീഗിനെ ഭരണത്തിൽ പങ്കാളിയാക്കാൻ കോൺഗ്രസ് കേന്ദ്രനേതൃത്വം അനുമതി നൽകിയില്ല. തുടർന്ന് പിഎസ്പിയുടെ പട്ടം എ.താണുപിള്ള മുഖ്യമന്ത്രിയായി 11 അംഗ മന്ത്രിസഭ രൂപീകരിച്ചു. കോൺഗ്രസ് നേതാവ് ആർ.ശങ്കർ ഉപമുഖ്യമന്ത്രിയായി. പി.ടി.ചാക്കോ (ആഭ്യന്തരം), കെ.എ.ദാമോദര മേനോൻ (വ്യവസായം), പി.പി.ഉമ്മർകോയ (വിദ്യാഭ്യാസം), കെ.ടി.അച്യുതൻ (തൊഴിൽ, ഗതാഗതം), ഇ.പി.പൗലോസ് (ഭക്ഷ്യം, കൃഷി), വി.കെ.വേലപ്പൻ (ആരോഗ്യം, വൈദ്യുതി), കെ.കുഞ്ഞമ്പു (ഹരിജനക്ഷേമം) എന്നിവരായിരുന്നു കോൺഗ്രസ് മന്ത്രിമാർ.  ഡി.ദാമോദരൻ പോറ്റി (പൊതുമരാമത്ത്), കെ.ചന്ദ്രശേഖരൻ (റവന്യു, നിയമം) എന്നിവർ പിഎസ്പി നിരയിൽനിന്നും മന്ത്രിമാരായി. മുസ്‌ലിം ലീഗിലെ കെ.എം.സീതി സാഹിബ് സ്പീക്കറായി. അടുത്ത വർഷം ഏപ്രിലിൽ അദ്ദേഹം അന്തരിച്ചതിനെ തുടർന്ന് സി.എച്ച്.മുഹമ്മദ് കോയ സ്പീക്കർ സ്ഥാനം ഏറ്റെടുത്തു. ഇഎംഎസ് ആയിരുന്നു പ്രതിപക്ഷ നേതാവ്.

കോൺഗ്രസ് നിരയിൽ എ.എ.റഹീം, സി.എം.സ്റ്റീഫൻ, എം.എം.മത്തായി, നഫീസത്ത് ബീവി, കെ.ടി.തോമസ്, കെ.എം.ജോർജ്, ടി.എ.തൊമ്മൻ, കെ.കെ.വിശ്വനാഥൻ, കെ.എ.ദാമോദരമേനോൻ, ലീല ദാമോദരമേനോൻ, പിഎസ്പിയിൽ പൊന്നറ ശ്രീധർ, സി.ജി.ജനാർദനൻ, പി.കെ.കുഞ്ഞ്, കമ്യൂണിസ്റ്റ് പാർട്ടിയിൽ സി.അച്യുതമേനോൻ, കെ.ആർ.ഗൗരി, ടി.കെ.രാമകൃഷ്ണൻ, ആർ.സുഗതൻ,  എൻ.ഇ.ബാലറാം, ഇ.പി.ഗോപാലൻ, മുസ്‌ലിം ലീഗിൽ അവുക്കാദർ കുട്ടി നഹ, അഹമ്മദ് കുരിക്കൾ, ഹസൻ ഗനി, സ്വതന്ത്രാംഗം ബേബി ജോൺ തുടങ്ങിയവർ ഈ നിയമസഭയിലെ മറ്റു പ്രമുഖരായിരുന്നു.

മുഖ്യമന്ത്രി പട്ടം താണുപിള്ളയും കോൺഗ്രസും തമ്മിലുള്ള ബന്ധം ഒട്ടും സുഖകരമായിരുന്നില്ല. ഒടുവിൽ പട്ടം താണുപിള്ളയെ പഞ്ചാബ് ഗവർണറായി നിയമിച്ചാണ് കേന്ദ്രസർക്കാർ ഈ തർക്കത്തിനു വിരാമമിട്ടത്. 1962 സെപ്റ്റംബർ 24ന് പട്ടം രാജിവച്ചു. തുടർന്ന് ആർ.ശങ്കർ മുഖ്യമന്ത്രിയായി അധികാരമേറ്റു. കേരളചരിത്രത്തിലെ കോൺഗ്രസിന്റെ ആദ്യ മുഖ്യമന്ത്രി. മന്ത്രിമാരേറെയും തുടർന്നു. ഒരു മാസം കഴിയും മുൻപേ പിഎസ്പി മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിച്ചു. എങ്കിലും കോൺഗ്രസ് ഭരണം തുടർന്നു.  പിഎസ്പി മന്ത്രിമാർ രാജിവച്ചതിനു പകരം എം.പി.ഗോവിന്ദൻ നായർ ആരോഗ്യമന്ത്രിയായി. വൈകാതെ മുസ്‌ലിം ലീഗും കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ചു. സിഎച്ച് സ്ഥാനം ഒഴിഞ്ഞതോടെ കോൺഗ്രസിലെ അലക്സാണ്ടർ പറമ്പിത്തറ സ്പീക്കറായി. 

ഇതിനിടെ, പി.ടി.ചാക്കോയുടെ പീച്ചി യാത്രയുമായി ബന്ധപ്പെട്ട് ആരോപണമുയർന്നതോടെ അദ്ദേഹത്തിന്റെ രാജിക്കായി മുറവിളി ഉയർന്നു. പ്രതിപക്ഷം മാത്രമല്ല, പാർട്ടിയിലെ ഒരു വിഭാഗവും രാജി ആവശ്യം ഉയർത്തി. മന്ത്രിയിൽ തനിക്കു വിശ്വാസം നഷ്ടപ്പെട്ടെന്ന് മുഖ്യമന്ത്രി ആർ.ശങ്കറും പറഞ്ഞതോടെ 1964 ഫെബ്രുവരി 20ന് പി.ടി.ചാക്കോ രാജിവച്ചു. ജൂൺ നാലിന് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കെ.സി.ഏബ്രഹാമിനോടു പരാജയപ്പെട്ടതോടെ പി.ടി.ചാക്കോ സജീവ രാഷ്ട്രീയത്തിൽനിന്ന് പിൻവാങ്ങി. അഭിഭാഷക ജോലിയിലേക്കു മടങ്ങിയ പി.ടി.ചാക്കോ മാസങ്ങൾക്കകം, 1964 ഓഗസ്റ്റ് ഒന്നിന് അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങി. ഇതോടെ പി.ടി.ചാക്കോയുടെ പക്ഷത്തുള്ള എംഎൽഎമാർ സർക്കാരിന് എതിരായി. നിയമസഭയിൽ അവർ പ്രത്യേക ബ്ലോക്കായി. തുടർന്ന് പ്രതിപക്ഷം സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. പിഎസ്പിയിലെ പി.കെ.കുഞ്ഞ് ആണ് പ്രമേയം കൊണ്ടുവന്നത്. കെ.എം.ജോർജും ആർ.ബാലകൃഷ്ണപിള്ളയും നേതൃത്വം നൽകിയ കോൺഗ്രസിലെ വിഭാഗവും പിന്തുണച്ചതോടെ 1964 സെപ്റ്റംബർ 10ന് ആർ.ശങ്കർ രാജിവച്ചു. അപ്പോൾ രണ്ടാം കേരള നിയമസഭയുടെ കാലാവധി പൂർത്തിയാകാൻ അഞ്ചു മാസം കൂടി ബാക്കിയുണ്ടായിരുന്നു. തുടർന്ന് കേരളം വീണ്ടും രാഷ്ട്രപതി ഭരണത്തിനു കീഴിലായി. അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ആദ്യ കേരള മന്ത്രിസഭ എന്ന രീതിയിലും ആർ.ശങ്കർ മന്ത്രിസഭ ചരിത്രത്തിൽ ഇടംപിടിച്ചു.

രണ്ടാം മന്ത്രിസഭയുടെ കാലഘട്ടത്തിൽ ഉടനീളം തുടർന്ന രാഷ്ട്രീയ ചേരിപ്പോര് മന്ത്രിസഭ വീണിട്ടും തുടർന്നു. കോൺഗ്രസ് സർക്കാരിനെതിരെ വോട്ടുചെയ്ത 15 എംഎൽഎമാരടങ്ങുന്ന കോൺഗ്രസ് വിഭാഗം  1964 ഒക്ടോബർ 9ന് കേരള കോൺഗ്രസ് രൂപീകരിച്ചു. ഈ കാലഘട്ടത്തിൽ തന്നെയാണ് കമ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പും സംഭവിച്ചത്. സിപിഐ പിളർന്ന് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) എന്ന പുതിയ പാർട്ടി രൂപപ്പെട്ടു.

English Summary: History of second kerala legislative assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com