ADVERTISEMENT

കോവിഡ് ചികിത്സയും തുടർചികിത്സയുമെല്ലാം കഴിഞ്ഞ് പ്രചാരണത്തിനിറങ്ങാൻ അൽപം വൈകിയെങ്കിലും ആവേശം ഒട്ടും കുറയാതെ കളത്തിൽ സജീവമാണ് തൊടുപുഴ സ്ഥാനാർഥിയും ബ്രാക്കറ്റില്ലാത്ത കേരള കോൺഗ്രസിന്റെ ചെയർമാനുമായ പി.ജെ. ജോസഫ്. സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപു തന്നെ പ്രവർത്തകർ മണ്ഡലത്തിൽ സജീവമായതിനാൽ താൻ വൈകിയത് പ്രചാരണത്തെ ബാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. മൽസരിച്ച പത്തിൽ ഒൻപതു തവണയും വിജയം ഒപ്പമായിരുന്നു എന്നതും പി.ജെ.ജോസഫിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം തന്നെ നേടിയതിനാൽ അതിലും തിളങ്ങുന്ന ജയമാണ് ഇത്തവണ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. മകൻ അപു ജോസഫാണ് തൊടുപുഴയിൽ ജോസഫിന്റെ പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്നത്. കേരള കോൺഗ്രസിനെ ഒരു കൊടിക്കീഴിലാക്കണമെന്ന സ്വപ്നത്തിലേയ്ക്കുള്ള ചുവടുവയ്പിനിടെ മാണി ഗ്രൂപ്പുമായി വഴിപിരിയേണ്ടി വന്നെങ്കിലും ബ്രാക്കറ്റില്ലാത്ത കേരള കോൺഗ്രസ് ചെയർമാനായതിന്റെ ആഹ്ലാദവുമുണ്ട് അദ്ദേഹത്തിന്റെ വാക്കുകളിൽ. തിരഞ്ഞെടുപ്പിലെ പ്രതീക്ഷകളും നിലപാടുകളും അദ്ദേഹം മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

∙ ഒരു ഘട്ടത്തിൽ മക്കൾ രാഷ്ട്രീയത്തെ എതിർത്ത ആളാണ് താങ്കൾ. മകൻ അപു ജോസഫ് ഇപ്പോൾ പ്രചാരണ രംഗത്ത് സജീവമാണ്. മകൻ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേയ്ക്ക് ഉടൻ വരാൻ സാധ്യതയുണ്ടോ?

എനിക്കായി പ്രചാരണ കാര്യങ്ങളിൽ മുൻപന്തിയിലുണ്ടെങ്കിലും സാമൂഹിക സേവന രംഗത്താണ് അപു സജീവമായിട്ടുള്ളത്. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേയ്ക്കു അപു വരുന്നതിനെക്കുറിച്ച് ഇപ്പോൾ എങ്ങനെ പറയാനാകും

∙ കർഷകർക്ക് മാനസിക അടുപ്പമുള്ള ട്രാക്ടർ ചിഹ്നമായി വന്നത് രണ്ടിലയെക്കാൾ നേട്ടമായെന്നു കരുതുന്നുണ്ടോ?

ട്രാക്ടർ ചിഹ്നമായി കിട്ടിയത് പ്രചാരണത്തെ കുറച്ചു കൂടി എളുപ്പമുള്ളതാക്കി. ട്രാക്ടറുകളുമായി ഇറങ്ങാനും പ്രദർശിപ്പിക്കാനുമെല്ലാം സാധിക്കുന്നുണ്ട്. ഓരോ സ്ഥലത്തും രണ്ടും മൂന്നും ട്രാക്ടറുകളുമായാണ് പ്രവർത്തകർ എത്തുന്നത്. അതിന്റെ ഒരു ആവേശം പ്രകടമാണ്. 

∙ തൃക്കരിപ്പൂരിൽ അട്ടിമറിയുണ്ടാകുമെന്നാണ് ചില പ്രവചനങ്ങൾ. ജോസ് കെ. മാണിയുടെ അളിയനെ തന്നെ അവിടെ സ്ഥാനാർഥിയാക്കിയതിനു പിന്നിൽ?

തൃക്കരിപ്പൂർ എൽഡിഎഫിന് മുൻതൂക്കമുള്ള സീറ്റാണ്. അവിടെ നമുക്കു വലിയ പ്രതീക്ഷയില്ല. പ്രവചനങ്ങളിൽ പറയുന്നതൊന്നും അവിടെ പ്രായോഗികമല്ല. അവരുടെ ശക്തികേന്ദ്രമാണ്. അവിടെ എം.പി. ജോസഫ് മൽസരിക്കാൻ തയാറായി വന്നപ്പോൾ സമ്മതിക്കുകയായിരുന്നു. ബാക്കി ഒൻപതു മണ്ഡലങ്ങളിലും കേരള കോൺഗ്രസ് സ്ഥാനാർഥി ജയിക്കുമെന്നത് ഉറപ്പാണ്. 

∙ രാഹുൽ ഗാന്ധിക്കെതിരെയുള്ള ജോയ്സ് ജോർജിന്റെ പരാമർശം പെൺകുട്ടികളെ മൊത്തത്തിൽ അധിക്ഷേപിക്കുന്നതല്ലേ?

വളരെ ബാലിശവും പക്വത ഇല്ലാത്തതുമായ വിലകുറഞ്ഞ ഒരു പ്രതികരണമായി മാത്രമേ അതിനെ കാണുന്നുള്ളൂ. 

∙ തിരഞ്ഞെടുപ്പു സമയത്ത് ജോസ് കെ. മാണി ലൗ ജിഹാദ് വിഷയം ഉയർത്തിക്കൊണ്ടു വന്നത് ക്രിസ്ത്യൻ വോട്ടെടുപ്പ് ലക്ഷ്യമിട്ടാണ്.. ഈ സമയത്ത് ചർച്ച ചെയ്യേണ്ട ഒരു വിഷയമാണോ ഇത്?

തീർച്ചയായും അല്ല. ഇടതുപക്ഷക്കാർ പോലും ഇക്കാര്യത്തിൽ ജോസിനെ പിന്തുണച്ചിട്ടില്ല. ക്രിസ്ത്യൻ വോട്ടുകളൊന്നും ഇതിന്റെ പേരിൽ അവർക്കു ലഭിക്കുമെന്നു കരുതുന്നില്ല. 

∙ പി.സി. തോമസുമായുള്ള ലയനത്തോടെ ഐക്യ കേരള കോൺഗ്രസ് എന്ന താങ്കളുടെ സ്വപ്നത്തിലേയ്ക്ക് കാര്യങ്ങൾ അടുക്കുകയാണോ?

ബ്രാക്കറ്റില്ലാതെ കേരള കോൺഗ്രസ് എന്ന പേര് ലഭിച്ചത് തന്നെ വലിയ കാര്യമാണ്. കേരള കോൺഗ്രസ് എന്ന പേരിൽ ഒരു പാർട്ടിയുള്ളത് കേരള കോൺഗ്രസുകാർക്ക് ആവേശമാണ്. ജോസ് കെ. മാണിയുമായി അടുക്കുന്ന ഒരു സാഹചര്യവും ഇപ്പോൾ ഇല്ല. ഭാവിയിൽ ഉണ്ടാകുമോ എന്ന് ഇപ്പോൾ പറയുന്നതിൽ പ്രസക്തിയില്ല. 

പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിലെ ഓശാന ഞായർ തിരുക്കർമങ്ങൾ കഴിഞ്ഞ് പുറത്തേക്കിറങ്ങിയ തൊടുപുഴ മണ്ഡലത്തിലെ യു‍‌‍‍ഡിഎഫ് സ്ഥാനാർഥി പി.ജെ.ജോസഫ് ഇടവക അംഗങ്ങളുമായി സൗഹൃദം പങ്കിടുന്നു.
പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിലെ ഓശാന ഞായർ തിരുക്കർമങ്ങൾ കഴിഞ്ഞ് പുറത്തേക്കിറങ്ങിയ തൊടുപുഴ മണ്ഡലത്തിലെ യു‍‌‍‍ഡിഎഫ് സ്ഥാനാർഥി പി.ജെ.ജോസഫ് ഇടവക അംഗങ്ങളുമായി സൗഹൃദം പങ്കിടുന്നു.

∙ എൻഡിഎയുടെ ഭാഗമായിരുന്ന പി.സി. തോമസിന്റെ വരവ് എത്രത്തോളം നേട്ടമായിട്ടുണ്ട്? കേരള കോൺഗ്രസിനെ എൻഡിഎയിൽ എത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ആരോപണമുണ്ട്.

പി.സി. തോമസ് വന്നത് അദ്ദേഹത്തിനും നമുക്കും നേട്ടമാണ്. ഇത് അണികളുടെ ഇടയിൽ ഒരു ആവേശമുണ്ടാക്കിയിട്ടുണ്ട്. പിന്നെ കേരള കോൺഗ്രസിനെ എൻഡിഎയിൽ എത്തിക്കാനുള്ള നീക്കമാണെന്നു പറയുന്നതിൽ ഒരു കാര്യവുമില്ല. ഒരു അടിസ്ഥാനവുമില്ല. അങ്ങനെ ഒരു കാലത്തും എൻഡിഎയുമായി ബന്ധം പുലർത്താൻ പോയിട്ടില്ല. 

∙ യുഡിഎഫിൽ കേരള കോൺഗ്രസിനു ലഭിച്ചത് 10 സീറ്റാണ്. എൽഡിഎഫിൽ മാണി ഗ്രൂപ്പിന് 12 സീറ്റു ലഭിച്ചു. മുന്നണിയിൽ ജോസഫ് പക്ഷത്തിനു വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന ആക്ഷേപമുണ്ടോ?

എത്ര സീറ്റു ലഭിച്ചു എന്നല്ല, എത്ര സീറ്റിൽ ജയിക്കുന്നു എന്നതാണ് പ്രധാനം. കേരള കോൺഗ്രസിന്റെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സീറ്റു ലഭിച്ചിട്ടുണ്ട്. തിരുവല്ല, ചങ്ങനാശേരി, ഏറ്റുമാനൂർ, തൊടുപുഴ, ഇടുക്കി, കോതമംഗലം, ഇരിങ്ങാലക്കുട തുടങ്ങി പരമ്പരാഗത കേരള കോൺഗ്രസ് സീറ്റുകളിലെല്ലാം നമ്മളാണു മൽസരിക്കുന്നത്. നമുക്കു പ്രാധാന്യമുള്ള സീറ്റുകളിലെല്ലാം മൽസരിക്കാൻ സാധിക്കുന്നു എന്നത് നേട്ടമായാണു കാണുന്നത്. ഈ സീറ്റുകളെല്ലാം ജയസാധ്യതയുള്ളതാണ്. 

യുഡിഎഫ്‌ സ്ഥാനാർഥി പി.ജെ.ജോസഫ്‌ മങ്ങാട്ടുകവലയിൽ വോട്ട്‌ അഭ്യർഥിച്ച്‌  എത്തിയപ്പോൾ.
യുഡിഎഫ്‌ സ്ഥാനാർഥി പി.ജെ.ജോസഫ്‌ മങ്ങാട്ടുകവലയിൽ വോട്ട്‌ അഭ്യർഥിച്ച്‌ എത്തിയപ്പോൾ.

∙ കേരള കോൺഗ്രസിലെ രണ്ടാമൻ ആരെന്നതാണ് പലപ്പോഴും തർക്കമുണ്ടാക്കിയിട്ടുള്ളത്. മോൻസ് ജോസഫ്, ജോണി നെല്ലൂർ, ഫ്രാൻസിസ് ജോർജ് ഇങ്ങനെ പലരും രണ്ടാമൻ പദവിക്ക് അർഹരോ ആഗ്രഹിച്ചവരോ ആണ്. പിസിയുടെ വരവോടെ രണ്ടാം സ്ഥാനം അദ്ദേഹത്തിനുള്ളതായി. ഇത് പാർട്ടിയിൽ ഒരു അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ടോ?

ഇതുവരെയും പാർട്ടിയിൽ ഇക്കാര്യത്തിൽ ഒരു തർക്കമുണ്ടായിട്ടില്ല. ആരും ഉണ്ടാക്കിയിട്ടുമില്ല. എല്ലാവരോടും ചോദിച്ചിട്ടാണ് തോമസിനു പാർട്ടിയിൽ ഡപ്യൂട്ടി ചെയർമാൻ സ്ഥാനം കൊടുത്തത്.

English Summary: Interview with PJ Joseph on Kerala Assembly Elections 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com