ADVERTISEMENT

കൊച്ചി ∙ ‘അരുതാത്തതെന്തോ അന്നു രാത്രി ആ ഫ്ലാറ്റിൽ സംഭവിച്ചിട്ടുണ്ട്’ കാക്കനാട് 13 വയസ്സുകാരി വൈഗയെ മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെ പൊലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത് അതാണ്. പക്ഷേ പിതാവ് സനു മോഹനെ കണ്ടെത്താനാകാത്തതിനാൽ ദുരൂഹതയുടെ കുരുക്കഴിക്കാനാകുന്നില്ല പൊലീസിന്. കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽ കണ്ടെത്തിയത് മനുഷ്യ രക്തമാണെന്ന് ഫൊറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. വീട്ടിൽനിന്ന് മറ്റു ചില തെളിവുകളും ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാൽ കൃത്യമായ സൂചനകൾ ലഭിക്കുന്നതു വരെ വിവരങ്ങൾ പുറത്തു വിടേണ്ടെന്നാണ് പൊലീസ് നിലപാട്.

ഫ്ലാറ്റിലെ രക്തം ആരുടേതാണെന്നു പരിശോധിക്കുന്നുണ്ട്. വൈഗയുടെ ശരീരത്തിൽ മുറിവുകളോ പാടുകളോ ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കപ്പെട്ടതിന്റെ പ്രത്യക്ഷ സൂചനകളോ ഇല്ലെന്നും കുട്ടി മുങ്ങിമരിച്ചതാണെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പക്ഷേ ഫ്ലാറ്റിൽനിന്നു ലഭിച്ച പുതിയ തെളിവുകൾ സനു മോഹന് എതിരാണെന്നാണ് പൊലീസ് വിലയിരുത്തൽ. സനു ജീവനോടെയുണ്ടെന്നും മറ്റു സംസ്ഥാനങ്ങളിലെവിടെയോ ഒളിവിലാണെന്നുമാണ് പൊലീസ് കരുതുന്നത്. ഡിസിപി ഐശ്വര്യ ഡോങ്റെയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. സനുവിന്റെ കാർ വാളയാർ ചെക്പോസ്റ്റ് കടന്നതായി കണ്ടെത്തിയെങ്കിലും കാറിലുണ്ടായിരുന്നത് അയാൾ തന്നെയാണോ എന്നു സ്ഥിരീകരിക്കാനായിട്ടില്ല.

കുഞ്ഞുങ്ങളെ എടുത്തു കൊണ്ടു പോകുന്നതു പോലെ പുതപ്പിച്ചാണ് വൈഗയെ അന്നു രാത്രി സനു കാറിലേക്കു കയറ്റിയതെന്ന് സുരക്ഷാ ജീവനക്കാരുടെ മൊഴിയുണ്ട്. അപ്പോൾ കുട്ടിക്കു ബോധമുണ്ടായിരുന്നില്ല എന്നാണ് വിലയിരുത്തൽ. അതെങ്ങനെയെന്നു വ്യക്തമല്ല. ഫ്ലാറ്റിനുള്ളിൽ പിടിവലി നടന്നതിന്റെ സൂചനകളും കണ്ടെത്താനായിട്ടില്ല. പെൺകുട്ടിയുടെ ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം ലഭിച്ചാലേ ഇതിൽ വ്യക്തത വരൂ. അബോധാവസ്ഥയിലായ കുട്ടിയെ സനു പുഴയിലെറിഞ്ഞതാവാമെന്നാണ് പൊലീസിന്റെ നിഗമനം.

ഇയാൾ പണം നൽകാനുള്ളവരാരെങ്കിലും ഫ്ലാറ്റിൽ എത്തിയിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അങ്ങനെ ആരെങ്കിലും എത്തിയതായി സുരക്ഷാ ജീവനക്കാരുടെ മൊഴിയിലില്ല. എന്നാൽ സനുവിനു സാമ്പത്തിക ഇടപാടുകൾ ഉള്ളതിനാൽ അത്തരമൊരു സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

ഇതിനിടെ, സനു മോഹൻ പുണെയിൽ സാമ്പത്തിക തട്ടിപ്പു കേസിൽ അന്വേഷണം നേരിടുന്നയാളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അവിടെ മെറ്റൽ ബിസിനസ് നടത്തി സാമ്പത്തിക തിരിമറി നടത്തിയ ശേഷം മുങ്ങുകയായിരുന്നു എന്നാണ് വിവരം. നാട്ടിൽ സ്ഥിരതാമസമാക്കിയ ശേഷം ഇവിടെയും സാമ്പത്തിക ഇടപാടുകളുണ്ടായിട്ടുണ്ടെന്നും കണ്ടെത്തി. കൊച്ചിയിലെ ഒരു സ്ഥാപനത്തിൽ ഒന്നേകാൽ ലക്ഷം രൂപ നൽകാനുണ്ട്. ഫ്ലാറ്റിലുള്ള പലരോടും വാങ്ങിയ കടം തിരിച്ചുനൽകിയിട്ടുമില്ല. 2016 ലാണ് ഭാര്യയുടെ പേരിൽ സനുമോഹൻ ഫ്ലാറ്റ് വാങ്ങിയത്.

English Summary : Vaiga death and Sanu Mohan missing updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com