മമ്മൂട്ടി, ലാൽ, പിണറായി...ട്വിറ്ററിൽ ഹിറ്റ് കേരളം; എന്തുകൊണ്ട് തിരഞ്ഞെടുപ്പ് പരസ്യങ്ങളില്ല?

Payal-Kamat-Twitter 1
പായൽ കാമത്ത്
SHARE

തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പരസ്യങ്ങൾക്കായി ഫെയ്സ്ബുക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ കോടികൾ ഒഴുകുമ്പോൾ ഒരു പരസ്യം പോലും സ്വീകരിക്കാത്ത പ്ലാറ്റ്ഫോമുണ്ട്–ട്വിറ്റർ. രാഷ്ട്രീയ പരസ്യങ്ങൾ സ്വീകരിക്കില്ലെന്ന് 2019ൽ എടുത്ത തീരുമാനത്തിൽ നിന്ന് ഒരു ശതമാനം പോലും പിന്നോട്ടുപോയിട്ടില്ല ഈ മൈക്രോബ്ലോഗിങ് സൈറ്റ്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും അതേ നിലപാട്തന്നെ. തിരഞ്ഞെടുപ്പിൽ ട്വിറ്ററിന്റെ ഒരുക്കങ്ങൾ സംബന്ധിച്ച് ട്വിറ്റർ ഇന്ത്യ പബ്ലിക് പോളിസി മാനേജർ പായൽ കാമത്ത് മനോരമ ഓൺലൈനോട് മനസ്സു തുറക്കുന്നു.

മറ്റ് സമൂഹമാധ്യമങ്ങളെ അപേക്ഷിച്ച് കേരളത്തിൽ മിക്കവർക്കും ട്വിറ്റർ അത്ര പരിചിതമല്ല. ഫെയ്സ്ബുക്കിൽ മറ്റും സദാസമയം ആക്ടിവ് ആയവർക്ക് ട്വിറ്റർ അക്കൗണ്ട് പോലുമുണ്ടാകില്ല. ട്വിറ്ററിനെ സംബന്ധിച്ച് കേരളം എത്ര വലിയ മാർക്കറ്റാണ്?

മലയാളം സിനിമ, ആഘോഷങ്ങൾ, രാഷ്ട്രീയം, കായികം തുടങ്ങിയ വിഷയങ്ങളിൽ ദക്ഷിണേന്ത്യയിൽനിന്നുള്ള ഓൺലൈൻ ട്വിറ്റർ സംഭാഷണങ്ങൾ റോക്കറ്റ് പോലെ കുതിച്ചുകയറുകയാണ്. മലയാളം ഉൾപ്പെടെ 10 ഭാഷകൾ ട്വിറ്റർ പിന്തുണയ്ക്കുന്നുണ്ട്. സംസ്ഥാനം തിരിച്ചുള്ള കണക്കുകൾ ഞങ്ങൾ പുറത്തുവിടാറില്ലെങ്കിലും കേരളത്തിൽ നിന്നടക്കം വലിയ ഇടപെടലാണ് ട്വിറ്ററിലുണ്ടാകുന്നത്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവരുടെ ആരാധകരുടെ സംഭാഷണങ്ങളാണ് എടുത്തുപറയേണ്ടത്. 2020ൽ ട്വിറ്ററിൽ ‘മെൻഷൻ’ ചെയ്യപ്പെട്ട 10 ദക്ഷിണേന്ത്യൻ താരങ്ങളിൽ ഒരാളായിരുന്നു മോഹൻലാൽ. പ്രളയമുണ്ടായപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് ട്വിറ്റർ നന്നായി ഉപയോഗിച്ചു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്വിറ്റർ സുതാര്യത ഉറപ്പാക്കി വരുന്നതെങ്ങനെ?

ജനങ്ങളുടെ വിശ്വാസം ഉറപ്പാക്കുകയാണ് പ്രധാനം. എങ്ങനെ വോട്ട് ചെയ്യണം, സ്ഥാനാർഥികളുടെ വിവരങ്ങൾ തുടങ്ങിയ കാര്യങ്ങൾ നൽകുന്നുണ്ട്. മുൻകാല തിരഞ്ഞെടുപ്പ് അനുഭവങ്ങളിൽനിന്ന് പാഠം ഉൾക്കൊണ്ട് അതത് പ്രദേശങ്ങളിലെ സംസ്കാരത്തെക്കുറിച്ച് അവബോധമുള്ള ഒരു ടീമിനെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. അക്രമത്തിനുള്ള ആഹ്വാനം, അധിക്ഷേപം തുടങ്ങിയ കർശനമായി വിലക്കിയിട്ടുണ്ട്. പോസ്റ്റുകൾ റിവ്യു ചെയ്യാൻ ജീവനക്കാരുടെ സേവനത്തിനു പുറമേ മെഷീൻ ലേണിങ്ങും ഉപയോഗിക്കുന്നുണ്ട്. ആളുകളുടെ ഇടപെടലുമായി ബന്ധപ്പെട്ട് 'ബിഹേവ്യർ ഫസ്റ്റ്' രീതിയാണ് ഞങ്ങൾ അവലംബിക്കുന്നത്. അതായത് ഒരു അക്കൗണ്ട് റിവ്യു ചെയ്യും മുൻപ് ആ അക്കൗണ്ടിന്റെ മുൻകാല ഇടപെടലുകൾ പരിശോധിക്കും. നിഷ്പക്ഷമായ രീതിയാണ് കൈക്കൊള്ളുന്നത്.

വ്യാജ സോഫ്റ്റ്‍വെയർ റോബട്ടുകൾ (ബോട്ട് ആർമി) തിരഞ്ഞെടുപ്പിൽ വ്യാപകമായി ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതു തടയാനുള്ള നടപടികൾ?

ബോട്ടുകൾ സംബന്ധിച്ച് ആളുകൾക്കിടയിൽ ആശയക്കുഴപ്പമുണ്ട്. ഓട്ടമേറ്റഡ് അക്കൗണ്ടുകളാണ് ബോട്ടുകൾ. സ്വന്തം പേരോ വ്യക്തിത്വമോ പുറത്തുവിടാത്ത അനോണിമസ് അക്കൗണ്ടുകൾ ബോട്ട് ആയി കണക്കാക്കാനാകില്ല. ഓട്ടമേറ്റഡ് അക്കൗണ്ടുകൾ തടയാൻ ട്വിറ്റർ എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്. ദശലക്ഷക്കണക്കിന് അക്കൗണ്ടുകളാണ് ഓരോ ആഴ്ചയും നടപടിക്കു വിധേയമാകുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഈ സമയങ്ങളിൽ ഇതിനായി പ്രത്യേക പരിശോധന നടത്തുന്നുണ്ട്. ട്വിറ്റർ പുറത്തിറക്കുന്ന ട്രാൻസ്പരൻസി റിപ്പോർട്ടിൽ ഇതു സംബന്ധിച്ച വിവരങ്ങളുണ്ടാകും.

Payal Kamat
പായൽ കാമത്ത്

ഹാഷ്ടാഗുകൾ സംഘടിതമായ ആശയപ്രചാരണത്തിനായി ഉപയോഗിക്കുന്നതായി തോന്നിയിട്ടുണ്ടോ?

ഓൺലൈൻ സംഭാഷണങ്ങളിൽ പ്രധാനമാണ് ഹാഷ്ടാഗുകൾ. ഹാഷ്ടാഗ് ട്രെൻഡുകൾ ആരോഗ്യകരമായ സംഭാഷണത്തിനു വഴിവയ്ക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. തിരഞ്ഞെടുപ്പു സമയത്ത് ട്രെൻഡുകളിൽ ഒരു തരത്തിലുള്ള പ്രശ്നങ്ങളുമുണ്ടാകാതിരിക്കാൻ പ്രത്യേക ജാഗ്രത എടുക്കുന്നുണ്ട്. എന്തൊക്കെ വിഷയങ്ങൾ ട്രെൻഡ് ചെയ്യണം എന്നു സംബന്ധിച്ച് കൃത്യമായ മാർഗരേഖയുണ്ട്. ഇതിനെതിരായി വരുന്നവ ഞങ്ങൾ വിലക്കാറുണ്ട്.

രാഷ്ട്രീയ പരസ്യങ്ങൾ സംബന്ധിച്ച് ട്വിറ്ററിന്റെ നിലപാട് എന്താണ്? 

2019ൽ തന്നെ ട്വിറ്റർ രാഷ്ട്രീയ പരസ്യങ്ങൾ നിരോധിച്ചിട്ടുണ്ട്. ഇത്തരമൊരു നിരോധനം ഏർപ്പെടുത്തിയ ഏക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ട്വിറ്റർ. ഞങ്ങളുടെ അഭിപ്രായത്തിൽ രാഷ്ട്രീയപരമായ സന്ദേശങ്ങളുടെ റീച്ച് സ്വയമുണ്ടാകേണ്ടതാണ്, അല്ലാതെ വില കൊടുത്ത് വാങ്ങേണ്ടതല്ല. ഒരു രാഷ്ട്രീയ പാർട്ടിയുടേയോ സ്ഥാനാർഥിയുടെയോ പരസ്യങ്ങൾ ഞങ്ങൾ സ്വീകരിക്കാറില്ല. ഇത്തരം കണ്ടന്റുകൾ ബ്ലോക്ക് ചെയ്യാനും സംവിധാനമുണ്ട്.

മലയാളം പോലുള്ള ഭാഷകൾ ഹാഷ്ടാഗ് സൗഹൃദമാണോ?

മലയാളം അടക്കം 10 ദക്ഷിണേന്ത്യൻ ഭാഷകൾ ട്വിറ്റർ പിന്തുണയ്ക്കുന്നുണ്ട്. ഇമോജി പിന്തുണയുള്ള ഒട്ടേറെ മലയാളം ഹാഷ്ടാഗുകൾ ഞങ്ങൾ പുറത്തിറക്കിയിരുന്നു. ഉദാഹരണത്തിന് ഇത്തവണത്തെ റിപബ്ലിക് ദിനത്തിന് #റിപ്പബ്ലിക്ദിനം എന്ന മലയാളം ഹാഷ്ടാഗ് സജീവമായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിന് ട്വിറ്ററിന്റെ ഒരുക്കങ്ങൾ എന്തൊക്കെ?

തിരഞ്ഞെടുപ്പ് കമ്മിഷനുകളുടെ അറിയിപ്പുകളും വിവരങ്ങളും പങ്കുവയ്ക്കാൻ തദ്ദേശ ഭാഷകളിൽ സമഗ്ര സെർച്ച് ഓപ്ഷനുകൾ ട്വിറ്റർ ലഭ്യമാക്കിയിട്ടുണ്ട്. സ്ഥാനാർഥികളുടെ വിവരങ്ങൾ, തിരഞ്ഞെടുപ്പ് തീയതി, പോളിങ് ബൂത്തുകൾ, ഇവിഎം വോട്ടർ റജിസ്ട്രേഷൻ തുടങ്ങിയ സമഗ്ര വിവരങ്ങൾ ഇതിൽ ലഭ്യമാകും. ഇതിനായി മാത്രം പ്രത്യേക ഇമോജിയും ലഭ്യമാക്കും. മെയ് 10 വരെ ഇത് ലഭ്യമാകും. ആറു ഭാഷകളിൽ ട്വീറ്റ് ചെയ്ത് ഇമോജി ആക്ടിവേറ്റ് ചെയ്യാൻ കഴിയും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് നിയന്ത്രിക്കാനായി പ്രീ ബങ്ക്, ഡീ ബങ്ക് എന്നീ സേവനങ്ങൾക്കും ട്വിറ്റർ തുടക്കമിട്ടിട്ടുണ്ട്.

English Summary: Talk with Twitter India Public Policy Manager Payal Kamat on Indian Elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA