ചരിത്രത്തിലെ ഏറ്റവും ഉയർന്ന എണ്ണം പോളിങ് സ്റ്റേഷനുകളോടെ ഏപ്രിൽ ആറിന് കേരളത്തിൽ വോട്ടെടുപ്പ്. കോവിഡിനെത്തുടർന്ന് 40,771 പോളിങ് സ്റ്റേഷനുകളാണ് ഇത്തവണ സജ്ജമാക്കിയിരിക്കുന്നത്. 2016ൽ ഇത് 21,498 ആയിരുന്നു. മുൻപൊരു നിയമസഭാ തിരഞ്ഞെടുപ്പിലും ഇല്ലാത്ത വിധത്തിലുള്ള ക്രമീകരണങ്ങളും ഇത്തവണ പോളിങ് സ്റ്റേഷനിൽ വോട്ടർമാരെ കാത്തിരിക്കുന്നുണ്ട്. വോട്ടു ചെയ്യാൻ പോകുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?
വോട്ടർ പട്ടികയിൽ പേരുണ്ടാകണം
വോട്ടർ പട്ടികയിൽ പേരുള്ളവർക്കു മാത്രമാണ് വോട്ടു ചെയ്യാനാവുക. മുൻ തിരഞ്ഞെടുപ്പുകളിൽ വോട്ടു ചെയ്തവരുടെ പേര് ഇത്തവണയും ഉണ്ടാകണമെന്ന് നിർബന്ധമില്ല. അതിനാൽ www.voterportal.eci.gov.in, www.ceo.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ വോട്ടർ തിരിച്ചറിയൽ കാർഡ് നമ്പർ ഉപയോഗിച്ചു തിരഞ്ഞാൽ പട്ടികയിൽ പേരുണ്ടോയെന്ന് ഉറപ്പു വരുത്താം. വോട്ടർ ഹെൽപ്ലൈൻ എന്ന ആപ്പിലും പരിശോധിക്കാം (ആപ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക) ഓഫിസ് സമയത്ത് 1950 എന്ന നമ്പറിൽ വിളിച്ചാൽ ബന്ധപ്പെട്ട ജില്ലയിലെ കലക്ടറേറ്റുകളിൽനിന്നും തിരഞ്ഞെടുപ്പു സംബന്ധിച്ച സംശയങ്ങൾക്കു മറുപടി ലഭിക്കും. മൊബൈൽ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പോളിങ് ബൂത്തിൽ അനുവദിക്കില്ല.
എവിടെ വോട്ടുചെയ്യാം?
വോട്ടു ചെയ്യാനുള്ള പോളിങ് സ്റ്റേഷന് കണ്ടെത്താനും മൊബൈൽ സഹായിക്കും. www.voterportal.eci.gov.in എന്ന വെബ്സൈറ്റിലും വോട്ടർ ഹെൽപ്ലൈൻ എന്ന മൊബൈൽ ആപ്പിലും ഇതിനുള്ള സൗകര്യമുണ്ട്. 1950 എന്ന നമ്പറിലേക്ക് ECIPS<Space>ID card number എന്ന ഫോർമാറ്റിൽ എസ്എംഎസ് അയച്ചാലും പോളിങ് സ്റ്റേഷന്റെ വിവരം ലഭിക്കും. ഉദാഹരണം: ECIPS MST178XXX6
വോട്ടർ സ്ലിപ്പിലും പോളിങ് സ്റ്റേഷൻ രേഖപ്പെടുത്തിയിട്ടുണ്ടാകും. എല്ലാ വോട്ടർമാർക്കും വോട്ടർ ഇൻഫർമേഷൻ സ്ലിപ് ബിഎൽഒമാർ വീട്ടിലെത്തിക്കും. സ്ലിപ്പിൽ പോളിങ് സ്റ്റേഷന്റെ പേരിനൊപ്പം വോട്ടെടുപ്പ് തീയതി, പോളിങ് സമയം എന്നിവയുണ്ടാകും. വോട്ടറുടെ ഫോട്ടോ സ്ലിപ്പിൽ ഉണ്ടാകില്ല. വോട്ടർ ഹെൽപ് ലൈൻ ആപ് വഴിയും സ്ലിപ് കരസ്ഥമാക്കാം. പോളിങ് സ്റ്റേഷനു സമീപമുള്ള വിവിധ പാർട്ടികളുടെ ബൂത്തില്‍നിന്നും സ്ലിപ് ലഭിക്കും. വോട്ടു ചെയ്യാൻ സ്ലിപ് നിർബന്ധമായും കയ്യിൽ കരുതണം.

വോട്ടുചെയ്യാൻ കൈപിടിച്ച്...
കാഴ്ചാപരമായ വെല്ലുവിളി നേരിടുന്ന വോട്ടർമാർക്ക് ഇക്കുറി ബ്രെയിൽ സ്ലിപ് നൽകും. എല്ലാ പോളിങ് സ്റ്റേഷനുകളിലും ഡമ്മി ബ്രെയിൽ ബാലറ്റ് പേപ്പറും ഉണ്ടാകും. വോട്ടർമാർക്ക് ഈ ഡമ്മി ബാലറ്റ് പരിശോധിച്ച് സ്ഥാനാർഥികളുടെ സ്ഥാനം കണ്ടെത്താം. ഭിന്നശേഷി വോട്ടർമാർക്കു പ്രത്യേക യാത്രാസൗകര്യം ഒരുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ അറിയിച്ചിട്ടുണ്ട്. അല്ലെങ്കിൽ കെഎസ്ആർടിസി സൗജന്യ യാത്രാ പാസ് നൽകും. ഭിന്നശേഷിക്കാർക്കായി പോളിങ് ബൂത്തുകളിൽ പ്രത്യേക വൊളന്റിയർ സേവനവും ലഭ്യമാക്കും.

എപ്പോൾ വോട്ടു ചെയ്യാം?
രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെയാണ് വോട്ടെടുപ്പ്. ഇതിൽ അവസാനത്തെ ഒരു മണിക്കൂർ കോവിഡ് ബാധിതർക്കാണ്. മാവോയിസ്റ്റ് ഭീഷണിയുള്ള നിലമ്പൂര്‍, മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, ഏറനാട്, വണ്ടൂര്‍, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ മണ്ഡലങ്ങളിലെ 298 ബൂത്തുകളിൽ വൈകിട്ട് ആറു വരെയായിരിക്കും പോളിങ്. വോട്ടു ചെയ്യാന്‍ താഴെപ്പറയുന്ന തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലുമൊന്നു കയ്യിൽ കരുതാനും മറക്കരുത്

പോളിങ് സ്റ്റേഷനിൽ കയറും മുൻപ്
പോളിങ് സ്റ്റേഷനിൽ പ്രവേശിക്കുന്നതിനു മുൻപ് വോട്ടറുടെ ശരീര താപനില തെർമൽ സ്കാനർ ഉപയോഗിച്ചു പരിശോധിക്കും. നിശ്ചിത പരിധിയിലും കൂടുതലെങ്കിൽ അൽപ സമയം കാത്തുനിർത്തിയ ശേഷം 2 തവണ കൂടി പരിശോധിക്കും. ഇൗ പരിശോധനയിലും താപനില കൂടുതലാണെങ്കിൽ ടോക്കൺ നൽകി മടക്കി അയയ്ക്കും. അവസാന മണിക്കൂറിൽ എത്തി ഈ ടോക്കൺ കാണിച്ചു വോട്ടു ചെയ്യാം. തപാൽ ബാലറ്റ് സൗകര്യം ഉപയോഗപ്പെടുത്തിയവർക്ക് ബൂത്തിലെത്തി വോട്ടു ചെയ്യാനാകില്ല.

തപാൽ ബാലറ്റിന് അപേക്ഷിക്കാത്ത കോവിഡ് ബാധിതർക്കും പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവർക്കും വൈകിട്ട് 6 മുതൽ 7 വരെ ബൂത്തിലെത്തി വോട്ടു ചെയ്യാം. ആ സമയം കോവിഡ് ബാധിതരല്ലാത്തവർ ക്യൂവിലുണ്ടെങ്കിൽ അവർ വോട്ടു ചെയ്ത ശേഷമേ കോവിഡ് ബാധിതരെ വോട്ടു ചെയ്യാൻ അനുവദിക്കൂ. കോവിഡ് ബാധിതർ പിപിഇ കിറ്റ്, ഗ്ലൗസ്, എൻ95 മാസ്ക് എന്നിവ നിർബന്ധമായും ധരിക്കണം. ഇൗ സമയത്തു പോളിങ് ഉദ്യോഗസ്ഥരും പിപിഇ കിറ്റ് ധരിക്കും.

ഇനി വോട്ടു ചെയ്യാം
പോളിങ് സ്റ്റേഷനിൽ ഇത്തവണ മൂന്നു ക്യൂവാണുള്ളത്. സ്ത്രീകൾ, പുരുഷൻമാർ, മുതിർന്ന പൗരൻമാർ / ഭിന്നശേഷിക്കാർ എന്നിവർക്കായാണ് വെവ്വേറെ ക്യൂ. സാമൂഹിക അകലം (2 മീറ്റർ അഥവാ ആറടി) പാലിച്ചു വേണം ക്യൂവിൽ നിൽക്കാൻ. വോട്ടു ചെയ്യാനെത്തുമ്പോഴും മറ്റുള്ളവരുമായി പരമാവധി അകലം പാലിക്കണം, സമ്പർക്കം ഒഴിവാക്കണം. വാക്സീൻ എടുത്ത വോട്ടർമാരാണെങ്കിൽപ്പോലും എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കണം.
വോട്ടു ചെയ്യുന്നതിനു മുൻപും ശേഷവും കൈകൾ സാനിറ്റൈസർ ഉപയോഗിച്ചു ശുദ്ധമാക്കണം. ഇതിനുള്ള സൗകര്യവും പോളിങ് ബൂത്തിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ വോട്ടർമാർക്കും ഇത്തവണ തിരഞ്ഞെടുപ്പ് കമ്മിഷൻ ഗ്ലൗസ് അനുവദിച്ചിട്ടുണ്ട്. ഇത് പോളിങ് സ്റ്റേഷനിൽ ലഭിക്കും. കൈ സാനിട്ടൈസ് ചെയ്ത ശേഷം ഗ്ലൗസ് ധരിക്കാം. വോട്ടുചെയ്തതിനു ശേഷം കയ്യുറ പ്രത്യേകം സജ്ജമാക്കിയ വേസ്റ്റ് ബിന്നിലിടണം. ബൂത്തിൽ ഒരു സമയം ഒരാളെ മാത്രമേ വോട്ടു ചെയ്യാൻ അനുവദിക്കൂ.

ബൂത്തിൽ ശ്രദ്ധിക്കേണ്ടത്...
ഒന്നാം പോളിങ് ഉദ്യോഗസ്ഥനു വോട്ടർ സ്ലിപ് കൈമാറുക. അദ്ദേഹം വോട്ടർപട്ടിക പരിശോധിച്ച് വോട്ടറുടെ പേരു കണ്ടെത്തും. കയ്യിലുള്ള തിരിച്ചറിയൽ കാർഡും അദ്ദേഹത്തിനു നല്‍കണം. അതു പരിശോധിക്കുമ്പോൾ മാസ്ക് താഴ്ത്തി മുഖം കാട്ടുക.
രണ്ടാം പോളിങ് ഉദ്യോഗസ്ഥൻ വിരലിൽ മഷി പുരട്ടിയ ശേഷം ഒരു സ്ലിപ് തരും. റജിസ്റ്ററിൽ ഒപ്പിട്ടു നൽകിയ ശേഷം മൂന്നാം പോളിങ് ഓഫിസറുടെ അടുത്തേക്കു നീങ്ങുക.
മൂന്നാം പോളിങ് ഓഫിസർ സ്ലിപ് സ്വീകരിച്ച് വിരലിലെ മഷിയടയാളം പരിശോധിക്കും.
ഇനി വോട്ടു ചെയ്യാം. വോട്ടു ചെയ്യാനാഗ്രഹിക്കുന്ന സ്ഥാനാർഥിയുടെ പേരും ചിത്രവും ചിഹ്നവും വോട്ടിങ് മെഷീനിൽ കണ്ടെത്തുക. അതിനു നേർക്കുള്ള ബട്ടണിൽ അമർത്തുന്നതോടെ ബീപ് ശബ്ദം കേൾക്കും. വോട്ടിങ് കഴിഞ്ഞു.

വോട്ടു ചെയ്ത സ്ഥാനാർഥിക്കുതന്നെയാണോ അതു ലഭിച്ചതെന്ന് മെഷീനു സമീപത്തെ വിവിപാറ്റ് യന്ത്രത്തിൽ ഉടൻ പരിശോധിക്കാം. സ്ഥാനാർഥിയുടെ ക്രമനമ്പറും പേരും ചിഹ്നവും ആണ് വിവിപാറ്റ് മെഷീനിൽ ഏതാനും നിമിഷം തെളിയുക. പിന്നീട് ഇത് പ്രിന്റ് ചെയ്യപ്പെട്ട മെഷീനിൽ സൂക്ഷിക്കപ്പെടും. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയമുണ്ടെങ്കിൽ വോട്ടിങ് മെഷീനിലെ ഫലവും വിവിപാറ്റ് മെഷീനിലെ സ്ലിപ്പുകളുടെ എണ്ണവും താരതമ്യപ്പെടുത്തി വോട്ടെണ്ണത്തിൽ കൃത്രിമം നടന്നിട്ടുണ്ടോയെന്നും പരിശോധിക്കാനാകും.

പുറത്തുപോകുന്നതിനു മുൻപ് ഗ്ലൗസ് വേസ്റ്റ് ബിന്നിലിട്ട ശേഷം കൈകളിൽ വീണ്ടും സാനിറ്റൈസർ പുരട്ടുക. പേനയോ മറ്റോ ഉപയോഗിച്ച് വോട്ടിങ് മെഷീനിലെ ബട്ടണിൽ കുത്തരുത്, വിരൽതന്നെ ഉപയോഗിക്കുക. വോട്ടിങ് യന്ത്രത്തിലുള്ള സ്ഥാനാര്‍ഥികളിൽ ആർക്കും വോട്ടു ചെയ്യാൻ ആഗ്രഹമില്ലെങ്കിൽ ഏറ്റവും ഒടുവിലുള്ള നോട്ട (NOTA- None of the Above) ബട്ടനിൽ അമർത്താം.
നക്സൽ ഭീഷണിയുള്ള ബൂത്തുകളിലും പ്രശ്നബാധിത, പ്രശ്നസാധ്യതാ ബൂത്തുകളിലും പൊലീസിനു പകരം കേന്ദ്രസേനയെയാണ് ഇത്തവണ വിന്യസിച്ചിരിക്കുന്നത്. സംസ്ഥാനത്തു 433 പ്രശ്നബാധിത ബൂത്തുകളും 549 പ്രശ്നസാധ്യതാ ബൂത്തുകളുമുണ്ട്. ആകെയുള്ള 40,771 ബൂത്തുകളിൽ പകുതിയിലും വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. 2,02,402 പോളിങ് ഉദ്യോഗസ്ഥരാണ് ഇത്തവണയുള്ളത്. ഇവരിൽ 97% പേർക്കും കോവിഡ് വാക്സിനേഷനും നൽകിയിട്ടുണ്ട്.
English Summary: How to Vote in Kerala Assembly Elections 2021 with Covid Protocol? Visual Guide