ADVERTISEMENT

സ്കൂളിൽ പഠിക്കുമ്പോൾ സാറുന്മാരുടെ നാടകത്തിൽ പെൺവേഷം കെട്ടിയായിരുന്നു ബാലചന്ദ്രന്റെ അരങ്ങുജീവിതത്തിന്റെ തുടക്കം. ‘അഭിനയമോഹം കൊണ്ടല്ല, സാറുമ്മാരുടെ കൂടെക്കൂടിയാൽ പിന്നെ അടി കിട്ടത്തില്ല, ക്ലാസ് ടെസ്റ്റിനു മാർക്കു കിട്ടും എന്നൊക്കെയായിരുന്നു വിചാരം’ എന്ന് ബാലചന്ദ്രൻ തന്നെ ആ തുടക്കത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്. 

മൂന്നു വശവും തടാകവും പിന്നെയൊരു കുന്നുമുള്ള കുഗ്രാമത്തിൽ ജീവിച്ചിരുന്ന, സ്കൂൾ നാടകങ്ങളിൽ ആവേശം കൊണ്ടിരുന്ന പയ്യനെ അരങ്ങിന്റെ കടൽപരപ്പുകളിലേക്കു പറത്തിക്കൊണ്ടുപോയത് ജി. ശങ്കരപ്പിള്ളയായിരുന്നു; മലയാളത്തിന്റെ നാടകാചാര്യൻ. ശാസ്താംകോട്ട ഡിബി കോളജിൽ അന്ന് അധ്യാപകരും കുട്ടികളുമെല്ലാം ചേർന്നു നാടകം കളിക്കാറുണ്ടായിരുന്നു. രാത്രിയിലെ നാടകങ്ങൾ കാണാൻ നാട്ടുകാരടക്കം എത്തും. ശ്രീമന്ദിരം കെപിയുടെ ഓണമുണ്ടും ഓടക്കുഴലും, സി.എൻ. ശ്രീകണ്‌ഠൻ നായരുടെ ഏട്ടിലെ പശു എന്നീ നാടകങ്ങൾ ജി. ശങ്കരപ്പിള്ള സംവിധാനം ചെയ്‌ത് അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ കളരിയിൽ ബാലചന്ദ്രനും കൈക്കാരനായി. കോളജിലെ മികച്ച ‘നടി’യായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

അഭിനയിക്കാനുള്ള ആ അഭിനിവേശമാണ് നാടകവും തിരക്കഥയുമെഴുതാനും സംവിധായകനാകാനുമൊക്കെ പി. ബാലചന്ദ്രനെ പ്രേരിപ്പിച്ചുകൊണ്ടിരുന്നത്. എഴുത്തുകാരൻ എന്നതിനേക്കാൾ നടൻ എന്നറിയപ്പെടാനായിരുന്നു ആഗ്രഹവും. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ പഠിക്കുന്ന കാലത്താണ് നാടകം എന്ന കലയുടെ സാധ്യതളെപ്പറ്റി തെളിഞ്ഞുകിട്ടിയത്. അക്കാലത്താണ് ആദ്യമായി സിനിമയിൽ അഭിനയിച്ചതും. അതും ആറ്റൻബറോയുടെ ഗാന്ധിയിൽ.

‘ഗാന്ധി’യിലെ അഭയാർഥി

സ്കൂൾ ഓഫ് ഡ്രാമയുടെ ഒരു ക്യാംപിനാണ് ബാലചന്ദ്രൻ ഹരിയാനയിൽ പോയത്. നഗരമേഖലകളിൽനിന്ന് വിട്ട് ഒരിടത്തായിരുന്നു ക്യാംപ്. ഹോസ്റ്റലിലാണ് താമസം. അതിനടുത്തുനിന്ന് എന്നും രാവിലെ കുറേപ്പേരെ ബസിൽ കയറ്റിക്കൊണ്ടുപോകുന്നതു കണ്ട് അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത്, കുറച്ചുദൂരെയൊരിടത്തു സിനിമാ ഷൂട്ടിങ് നടക്കുന്നു. ചിത്രം ഗാന്ധി. സാക്ഷാൽ ആറ്റൻബറോയുടെ ഗാന്ധി! പിറ്റേന്ന് ആർട്ടിസ്റ്റുകളെ കൊണ്ടുപോകാൻ ബസ് വന്നപ്പോൾ കൂടെക്കയറി ലൊക്കേഷനിലെത്തി. അവിടെയെത്തിയപ്പോൾ ‍‍ഞെട്ടി. നോക്കെത്താദൂരത്തോളം മനുഷ്യർ. 

P-Balachandran-3
പി. ബാലചന്ദ്രൻ

ഇന്ത്യാ വിഭജനത്തിനു പിന്നാലെയുണ്ടായ അഭയാർഥി പ്രവാഹമാണ് എടുക്കുന്നത്. വേഷവും ഭക്ഷണത്തിനും കൂലിക്കുമുള്ള ടോക്കണുകളും കിട്ടി. 75 രൂപയായിരുന്നു കൂലി. ആൾക്കൂട്ടത്തിനൊപ്പം വെറുതേ നടന്നാൽമതി. ഹെലികോപ്ടറിലാണ് ക്യാമറ. പക്ഷേ താൻ അറിഞ്ഞഭിനയിച്ചു എന്നു ബാലചന്ദ്രൻ. ആറ്റൻബറോ ഹെലികോപ്ടറിലിരുന്ന് അതു കാണണമല്ലോ. അഭിനയപാഠങ്ങളെല്ലാം പ്രയോഗിച്ച് പൊരിവെയിലത്തു നടന്നഭിനയിച്ചു തളർന്നു. പിന്നെയാണറിഞ്ഞത്, ആറ്റൻബറോ ഹെലികോപ്ടറിലില്ലായിരുന്നു.

സഹായികളാണ് ചിത്രീകരിച്ചത്. നിരാശ തോന്നിയെങ്കിലും ആരോടും പറഞ്ഞില്ല. നാട്ടിലെത്തി കുറേക്കാലം കഴിഞ്ഞ് പടം തിയറ്ററിലെത്തി. ആരുമറിയാതെ പോയിക്കണ്ടു. ഉറുമ്പുകൾ പോലെ നടന്നു പോകുന്ന മനുഷ്യർ. ആരെയും വ്യക്തമായിക്കാണാൻപോലും കഴിയില്ല. മിണ്ടാതെ തിരിച്ചുപോന്നു. എങ്കിലും ചരിത്രസിനിമയുടെ ഭാഗമായതിൽ അഭിമാനമുണ്ടെന്ന് പിൽക്കാലത്ത് അഭിമുഖങ്ങളിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്.

നടക്കാതെ പോയ മമ്മൂട്ടി സിനിമ

സ്കൂൾ ഓഫ് ഡ്രാമയിൽ അധ്യാപകനായിരിക്കെയാണ് സിനിമയ്ക്ക് എഴുതാനുള്ള ശ്രമം തുടങ്ങിയത്. ഹൗസ്‌ഫുൾ എന്നു പേരിട്ട മമ്മൂട്ടി സിനിമ. പക്ഷേ അതു നടന്നില്ല. പിന്നീട് കമൽഹാസനും സ്മിതാ പാട്ടീലും അഭിനയിക്കുന്ന നവോദയ ചിത്രമായിരുന്നു. സംവിധാനം രാജീവ് അഞ്ചൽ. പക്ഷേ ആ തിരക്കഥയ്ക്ക് ആയിടെ റിലീസായ ‘മണിവത്തൂരിലെ ആയിരം ശിവരാത്രികളു’മായി സാമ്യം തോന്നുന്നതിനാൽ അതും മുടങ്ങി. അതോടെ സിനിമാ മോഹത്തിന് തൽക്കാലം കർട്ടനിട്ടു. 1989 ൽ എംജി സർവകലാശാലയുടെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ അധ്യാപകനായി.

Daivathinte-Swantham-Cletus-
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിൽ സിദ്ദിഖിനും മമ്മൂട്ടിക്കുമൊപ്പം പി. ബാലചന്ദ്രൻ.

ഇനി സിനിമയിലേക്കില്ല എന്നു തീരുമാനിച്ചിരിക്കെയാണ് ടി.കെ. രാജീവ് കുമാറിന്റെ വിളി. സിനിമയ്ക്കു കഥയെഴുതണം. യക്ഷിയാണ് കഥാപാത്രം. കഥ മാത്രമേ എഴുതൂ എന്ന് ആദ്യം വാശിപിടിച്ചെങ്കിലും പിന്നീട് തിരക്കഥയും എഴുതേണ്ടിവന്നു. അപ്പോഴാണ് പത്മരാജൻ പുതിയ സിനിമ പ്രഖ്യാപിച്ചത് – ഞാൻ ഗന്ധർവൻ. അങ്ങനെ ആ സിനിമയും മുടങ്ങി. ആ ചിത്രത്തിനു വേണ്ടി കൈതപ്രം എഴുതി ശരത് സംഗീതം നൽകിയ പാട്ടുകളിലൊന്ന് ക്ഷണക്കത്ത് എന്ന ചിത്രത്തിലൂടെ പുറത്തുവന്നു– മലയാളി നെഞ്ചോടുചേർത്ത ‘ആകാശദീപമിന്നുമുണരുമിടമായോ’.

വാശിപ്പുറത്ത് അങ്കിൾബൺ

തുടർച്ചയായി സിനിമകൾ മുടങ്ങിയപ്പോൾ നിരാശയ്ക്കു പകരം വാശിയാണു തോന്നിയതെന്ന് ബാലചന്ദ്രൻ പിന്നീട് എഴുതി. അക്കാലത്താണ് ഭദ്രനു വേണ്ടി തിരക്കഥയെഴുതാൻ നവോദയ വീണ്ടും വിളിച്ചത്. അങ്ങനെയാണ് അങ്കിൾബൺ വന്നത്. ‘തിരക്കഥാരചന എന്നു പറഞ്ഞ് തെണ്ടിത്തിരിഞ്ഞു നടന്ന കാലത്ത് വീട്ടുകാരെയും നാട്ടുകാരെയും ബോധ്യപ്പെടുത്താൻ എഴുതിയതാണത് ആ സിനിമയെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

പിന്നാലെ വന്ന ഉള്ളടക്കവും പവിത്രവും വേണു നാഗവള്ളിയുമായി ചേർന്ന് എഴുതിയ അഗ്നിദേവനുമൊക്കെ മലയാളി പ്രേക്ഷകർ ഉള്ളിൽ സൂക്ഷിക്കുന്ന സിനിമകളാണ്. 2016 ൽ രാജീവ് രവിക്കു വേണ്ടി എഴുതിയ കമ്മട്ടിപ്പാടവും പ്രേക്ഷകശ്രദ്ധയും നിരൂപകപ്രീതിയും നേടി. മഹാകവി പി. കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ ഉപജീവിച്ച് ഇവൻ മേഘരൂപൻ എന്ന സിനിമ എഴുതി സംവിധാനം ചെയ്തിട്ടുമുണ്ട്. 

അരങ്ങിന്റെ ബാലൻ

ക്ലാസിൽ തല്ലു കൊള്ളാതിരിക്കാനുള്ള സൂത്രമായാണ് സ്കൂൾ‌ വാർഷികത്തിന് അധ്യാപകരുടെ നാടകത്തിൽ‌ ബാലചന്ദ്രൻ പെൺവേഷം കെട്ടിയത്. പിന്നെ അഭിനയം ആവേശമായി. വീടിനടുത്തുള്ള ചിറയിലെ തെങ്ങിൽ, അചഛൻ ഷേവിങ്ങിന് ഉപയോഗിക്കുന്ന കണ്ണാടി ആണിയടിച്ചുതൂക്കി അതിനു മുന്നിൽനിന്നായിരുന്നു അഭിനയ പരിശീലനം. അതുകണ്ട്,  ഇവനു വട്ടായോ എന്നുപോലും ചിന്തിച്ച നാട്ടുകാരുണ്ട്. സ്കൂളിൽ നാടകം കാണാനെത്തിയ നാടകാചാര്യൻ ജി. ശങ്കരപ്പിള്ളയെ കണ്ടതും പരിചയപ്പെട്ടതും അക്കാലത്താണ്.

Kanchi
കാഞ്ചി എന്ന ചിത്രത്തിൽ രേണുക, ഇന്ദ്രജിത്ത് എന്നിവർക്കൊപ്പം പി. ബാലചന്ദ്രൻ.

പിന്നീട് ഡിബി കോളജിൽ പഠിക്കുന്ന കാലത്ത് ശങ്കരപ്പിള്ളയുടെ നേതൃത്വത്തിൽ നടന്നിരുന്ന നാടകക്കളരികളിൽ പങ്കെടുത്തു. ഒരിക്കൽ കോളജിലെ ‘മികച്ച നടി’യുമായി. സ്ഥിരം പെൺവേഷത്തിൽനിന്നു രക്ഷപ്പെടാനാണ് നാടകം എഴുതിത്തുടങ്ങിയത്. പരീക്ഷണ നാടകങ്ങളായിരുന്നു അവ. പക്ഷേ ഒരിടത്തും അവതരിപ്പിക്കപ്പെട്ടില്ല. അക്കാലത്ത് ഒരു നാടകമൽസരത്തിൽ സമ്മാനം കിട്ടി. അതോടെയാണ് നാടകത്തെ ഗൗരവമായിക്കണ്ടുതുടങ്ങിയത്. ആ വഴി ചെന്നു നിന്നത് തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലാണ്. അവിടെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു. 

P-Balachandran--2-
പി. ബാലചന്ദ്രൻ

എഴുപതുകൾ മുതൽ മലയാള നാടകവേദിയുടെ ചരിത്രത്തോടൊപ്പം ചേർന്ന പേരാണ് പി. ബാലചന്ദ്രൻ. മലയാളത്തിലെ പരീക്ഷണ നാടകവേദിയെ പുതിയ കാഴ്ചകളിലേക്കു കൈപിടിച്ചവരിൽ ബാലചന്ദ്രനുമുണ്ട്. കെ.ജി. ശങ്കരപ്പിള്ളയുടെ കളരിയിൽനിന്നു പഠിച്ചതിനോട് തന്റെ പ്രതിഭയും ചേർത്തുവച്ചാണ് ബാലചന്ദ്രൻ തന്റെ നാടകദർശനം രൂപപ്പെടുത്തിയത്. പരന്ന വായന അതിനു പശ്ചാത്തലമായി. മകുടി, പാവം ഉസ്മാൻ, മായാസീതാങ്കം, കല്യാണ സൗഗന്ധികം, മാറാമറയാട്ടം, തുടങ്ങി നിരവധി നാടകങ്ങൾ രചിച്ചു.

ഏകാകി, ലഗോ, തിയറ്റർ തെറാപ്പി, ഒരു മധ്യവേനൽ പ്രണയരാവ്, ഗുഡ് വുമൻ ഓഫ് സെറ്റ്സ്വാൻ തുടങ്ങിയ നാടകങ്ങൾ സംവിധാനം ചെയ്തു. പാവം ഉസ്മാന് 1989 ലെ മികച്ച നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്, പ്രതിരൂപങ്ങൾക്ക് 1989 ലെ കേരള സംസ്ഥാന പ്രഫഷനൽ നാടക അവാർഡ് എന്നിവ ലഭിച്ചു. മികച്ച നാടക രചനയ്ക്കുള്ള 2009 ലെ കേരള സംഗീതനാടക അക്കാദമി അവാർ‍ഡും കിട്ടിയിട്ടുണ്ട്.

കെട്ടടങ്ങാത്ത തീ

അഭിനയത്തോടുള്ള അഭിനിവേശമാണ് എന്നെ നാടകരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമാക്കിയതെന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട് ബാലചന്ദ്രൻ. 96 ൽ അഗ്നിദേവനിലെ ചെറിയ വേഷത്തിലൂടെയാണ് വെള്ളിത്തിരയിലെ അഭിനയത്തിനു തുടക്കമിട്ടത്. പിന്നെ 2019 ൽ ടി.കെ. രാജീവ് കുമാറിന്റെ കോളാമ്പി വരെ നാൽപതിലേറെ സിനിമകൾ. അഭിനേതാവാകാൻ ആഗ്രഹിച്ച ബാലചന്ദ്രന് സിനിമ കാത്തുവച്ചത് ഗംഭീരനടനെന്ന വിശേഷണമായിരുന്നു.

വില്ലനും സ്വഭാവനടനുമൊക്കെയായി അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളുടെ വ്യത്യസ്തത ശ്രദ്ധേയം. അന്നയും റസൂലും, ട്രിവാൻഡ്രം ലോഡ്ജ്, ബ്യൂട്ടിഫുൾ, ഹോട്ടൽ കാലിഫോർണിയ, ഇമ്മാനുവൽ, കടൽ കടന്നൊരു മാത്തുക്കുട്ടി, ചാർളി, കമ്മട്ടിപ്പാടം, മസാല റിപ്പബ്ലിക്, കിസ്മത്ത്, ഈട, സഖാവ് തുടങ്ങിയ ചിത്രങ്ങളിലെ ബാലചന്ദ്രന്റെ കഥാപാത്രങ്ങൾ ഇതിന് അടിവരയിടുന്നു. ശരീരചലനങ്ങളിലും സംഭാഷണത്തിലും പ്രകടമായ ഒഴുക്കും മികവും നാടകവേദിയിലെ അനുഭവസമ്പത്തു സമ്മാനിച്ചതാണ്. 

VC-Harris-P-Balachandran-B-Unnikrishnan
വി.സി. ഹാരിസ്, പി. ബാലചന്ദ്രൻ, ബി. ഉണ്ണികൃഷ്ണൻ.

ലെറ്റേഴ്സിലെ ശിഷ്യർക്ക് ഇന്നും പ്രിയപ്പെട്ട ഓർമയാണ് ബാലേട്ടൻ. അധ്യാപകരും സഹപ്രവർത്തകരും പി. ബാലചന്ദ്രനെ ബാലേട്ടൻ എന്നാണു വിളിച്ചിരുന്നത്. സാർ എന്നു വിളിക്കുന്നത് അദ്ദേഹം പ്രോൽസാഹിപ്പിച്ചിരുന്നുമില്ല. ക്ലാസിലിരുന്നവരും പുറത്തുനിന്നു കേട്ടവരും വായിച്ചറിഞ്ഞവരും അടക്കം അദ്ദേഹത്തിന്റെ ശിഷ്യരായി, ബാലേട്ടൻ എന്നു വിളിച്ച് ആ സ്നേഹത്തിന്റെ പങ്കുപറ്റി. 

മലയാള നാടകവേദിയുടെ ചരിത്രത്തിനു സാക്ഷ്യം വഹിച്ച നാടകകാരൻ, അനുപമമായ മികവു കൊണ്ട് വെള്ളിത്തിരയിൽ വ്യത്യസ്തത സൃഷ്ടിച്ച ചലച്ചിത്ര പ്രവർത്തകൻ, ശിഷ്യരും സുഹൃത്തുക്കളും ഹൃദയത്തോടു ചേർത്തുവയ്ക്കുന്ന ബാലേട്ടനെന്ന സ്നേഹം..... 

കാലത്തിന്റെ ചുവരിൽ ബാലേട്ടൻ എന്ന കയ്യൊപ്പ് പതിപ്പിച്ചാണ് അതുല്യനായ ആ നട്ടുവൻ അരങ്ങിൽനിന്നു കളി തീർന്ന് പിരിയുന്നത്...

English Summary: P Balachandran Life Sketch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com