കുട്ടികളെ മാവോയിസ്റ്റ് വേഷം ധരിപ്പിക്കും; ഒറ്റുകാരാക്കി കൊല; ബസ്‌തറിലെ ഭീകരത

HIGHLIGHTS
  • ഘോരവനവും ദുർഘടം പിടിച്ച മലമ്പാതകളും നിറഞ്ഞ ബസ്തർ
  • മാവോയിസ്റ്റുകളെ താവളത്തിൽ ചെന്നു നേരിടണം
  • ആദിവാസികളെ ഒപ്പം നിർത്താൻ മാവോയിസ്റ്റ് ഭീഷണി, പ്രലോഭനം
Maoists Chhattisgarh
ഛത്തീസ്ഗഡിലെ ബിജാപുര്‍ ജില്ലയിലെ കാട്ടിൽ പരിശീലനം നടത്തുന്ന മാവോയിസ്റ്റുകൾ (File Photo: NOAH SEELAM/ AFP)
SHARE

കൊച്ചി ∙ ഛത്തീസ്ഗഡ് ബസ്തർ മേഖലയിൽ സാധാരണ വേഷത്തിൽ, ‘പ്രസ്’ സ്റ്റിക്കർ പതിച്ച കാറിൽ യാത്ര ചെയ്തിട്ടുണ്ട്‌, സിആർപിഎഫിൽനിന്ന് ഐജിയായി വിരമിച്ച കാസർകോട് നീലേശ്വരം സ്വദേശി കെ.വി.മധൂസൂദനൻ. കഴിഞ്ഞദിവസം ആക്രമണത്തിനിരയായ സിആർപിഎഫ് കോബ്ര വിഭാഗത്തിന്റെ സ്ഥാപക ഡിഐജിയാണു മധുസൂദനൻ. കോബ്രയ്ക്കു വേണ്ട അടിസ്ഥാന സൗകര്യമൊരുക്കൽ, പരിശീലനം നൽകൽ തുടങ്ങിയവയായിരുന്നു ഒരു വർഷത്തിനിടെ അദ്ദേഹം നിർവഹിച്ച ചുമതലകൾ. 

‘2008–09ൽ ആണു കോബ്രയുടെ സ്ഥാപക ഡിഐജി എന്ന നിലയിൽ ബസ്തറിലുണ്ടായിരുന്നത്. ജഗദൽപൂർ ആയിരുന്നു ബസ്തറിന്റെ ആസ്ഥാനം. സ്ഥിരതാമസമായിരുന്നില്ല. ഡൽഹിയിൽനിന്ന് ഇടയ്ക്കിടെ പോയി വരികയായിരുന്നു. മേഖലയിലെ യാത്ര പലപ്പോഴും പ്രസ് സ്റ്റിക്കർ ഒട്ടിച്ച സാധാരണ കാറിലായിരുന്നു. ഷർട്ട് ഇൻസേർട്ട് ചെയ്യാറില്ല. മാവോയിസ്റ്റുകളുടെ കണ്ണുവെട്ടിക്കുകയായിരുന്നു ലക്ഷ്യം...’ ബസ്തറിലെ അനുഭവങ്ങൾ അദ്ദേഹം ‘മനോരമ ഓൺലൈനോടു’ പങ്കുവച്ചു:

DIG KV Madhusoodanan
മുൻ സിആർപിഎഫ് ഐജി കെ.വി.മധുസൂദനൻ

കോബ്രയുടെ തുടക്കം

‘ആന്ധ്രപ്രദേശിലെ ഗ്രേ ഹൗണ്ട്സിന്റെ മാതൃകയിലാണു കോബ്ര വിഭാവനം ചെയ്തത്. 1000 പേർ വീതമുള്ള 10 ബറ്റാലിയനുകൾ ആണു രൂപീകരിച്ചത്. ഇതിലേക്കു വേണ്ട ആളുകളെ നിയോഗിക്കൽ, പരിശീലനം, ക്യാംപുകൾ ഒരുക്കൽ, നടപടിക്രമങ്ങൾ രൂപവൽക്കരിക്കൽ, ആയുധവും വെടിക്കോപ്പും സംഭരിക്കൽ തുടങ്ങിയ ചുമതലകളായിരുന്നു എനിക്ക്.

ജംഗൽപൂരിലേതു 300 ഏക്കറിലെ ക്യാംപാണ്. മാവോയിസ്റ്റ് മേഖലയിൽ അർധസൈനിക ക്യാംപ് നിർമിക്കുക ചെറിയ തലവേദനയല്ല. ക്യാംപിനു നേരെ ആക്രമണത്തിനു സാധ്യതയില്ലെങ്കിലും നിർമാണ സാമഗ്രികളെത്തിക്കലും തൊഴിലാളികളെ ഏർപ്പാടാക്കലുമൊക്കെ വേണമല്ലോ.’ 

ബസ്തറിന്റെ സങ്കടങ്ങൾ

Chhattisgarh Hut
ഛത്തിസ്ഡഗിലെ ഖമ്മം ജില്ലയിലെ കാടുകളിൽ കഴിയുന്ന മുരിയ ഗോണ്ട് ഗോത്ര വിഭാഗക്കാരുടെ കുടിൽ (File Photo: NOAH SEELAM/ AFP)

‘സർക്കാർ സംവിധാനങ്ങൾ തീരെക്കുറഞ്ഞ മേഖലയാണു ബസ്തർ. വികസനം എത്തിനോക്കിയിട്ടില്ല. കാട്ടിൽനിന്നു വിറകും മറ്റും തലച്ചുമടായി കിലോമീറ്ററുകൾ കൊണ്ടുവന്ന്, ആഴ്ചച്ചന്തയിൽ വിൽക്കുന്ന ആദിവാസികളെ കണ്ടിട്ടുണ്ട്. 40 രൂപയാണ് അന്ന് അവർക്ക് അതിനു ലഭിച്ചിരുന്നത്. ആ തുക കൊണ്ടു വേണം, ഒരാഴ്ചയ്ക്കുള്ള ഉപ്പും മുളകും ധാന്യവും ബീഡിയുമൊക്കെ വാങ്ങാൻ. അത്രയ്ക്കും ദരിദ്രമാണു സാഹചര്യങ്ങൾ.

50 വർഷം മുൻപത്തെ വയനാടു പോലെയാണു ഛത്തീസ്ഗഡ് ഇപ്പോഴും. മൂന്നിൽ രണ്ടു ഭാഗവും ഘോരവനം. നിഷ്കളങ്കരായ ആദിവാസികൾ. റോഡുകളോ വിദ്യാലയങ്ങളോ സ്ഥാപനങ്ങളോ ആശുപത്രികളോ ഇല്ല. ഇവിടെ, മാവോയിസ്റ്റുകൾക്കും പൊലീസിനുമിടയിൽ പെട്ടിരിക്കുകയാണു ജനങ്ങൾ. മാവോയിസ്റ്റിനെ സഹായിച്ചാൽ, പൊലീസ് നടപടി നേരിടണം. തിരിച്ചായാലും അവർക്കു തന്നെയാണ് ഉപദ്രവം.

മാവോയിസ്റ്റുകളെ നേരിടുന്ന അർധസൈനിക വിഭാഗങ്ങളോടോ സിവിൽ ഡിഫൻസ് ഫോഴ്സിനോടോ പൊലീസിനോടോ പ്രത്യേകിച്ച് അടുപ്പമൊന്നും ജനം പുലർത്താറില്ല. വിവരം നൽകുകയുമില്ല. ഏതു നിമിഷവും അവരുടെ വീടുകളിൽ മാവോയിസ്റ്റുകളെത്തും. പൊലീസിന്റെ ഒറ്റുകാരൻ എന്നു മുദ്രകുത്തി വെടിവച്ചു കൊല്ലും. സർക്കാർ സംവിധാനങ്ങൾ തീരെ കുറഞ്ഞ മേഖലയിലുള്ളവർക്ക്, സർക്കാരിനൊപ്പം നിൽക്കാൻ എങ്ങനെ സാധിക്കും?’

Chhattisgarh Maoists
ഛത്തിസ്ഗഡിലെ ബിജാപുര്‍ ജില്ലയിലെ കാട്ടിൽ ‘പട്രോളിങ്’ നടത്തുന്ന മാവോയിസ്റ്റ് സംഘം (File Photo: NOAH SEELAM/ AFP)

ആദിവാസികളെ മനുഷ്യകവചമാക്കി...

‘ആന്ധ്ര, തെലങ്കാന മേഖലയിൽനിന്നുള്ള മാവോയിസ്റ്റുകളാണു ബസ്തറിലും പരിശീലനത്തിനും ആക്രമണത്തിനുമൊക്കെ വരുന്നത്. പ്രദേശത്തെ ആദിവാസികളെ തെറ്റിദ്ധരിപ്പിച്ച്, സംഘടനയിൽ ചേർക്കുകയും പരിശീലനം നൽകുകയും ചെയ്യുന്നുണ്ട്. പ്രാദേശികമായ പ്രാതിനിധ്യത്തിലൂടെ സ്വാധീനം വർധിപ്പിക്കാനായിരിക്കണം, മധ്‌വി ഹിദ്മയെ ഏരിയ കമാൻഡറാക്കിയും കേന്ദ്ര കമ്മിറ്റിയംഗമാക്കിയും പെട്ടെന്ന് ഉയർത്തിയത്.

പരിശീലനം ലഭിക്കാത്ത സ്ത്രീകളെയും കുട്ടികളെയും വരെ ഇവർ, ആക്രമണ സമയത്ത് ഒപ്പം കൂട്ടും. ഇതോടെ, സൈനികരുടെ മൂന്നും നാലും ഇരട്ടി അംഗബലമാകും ഇവർക്ക്. മാവോയിസ്റ്റ് വേഷം ധരിപ്പിച്ച്, ആയുധങ്ങൾ ഏൽപിക്കും. മാവോയിസ്റ്റുകളെ നേരിടുന്ന അർധസൈനികർക്കും പൊലീസിനും ഇവരെ പെട്ടെന്നു തിരിച്ചറിയാൻ സാധിക്കണമെന്നില്ല. ഇത്, ആശയക്കുഴപ്പമുണ്ടാക്കാനും സേനയ്ക്കു നാശമുണ്ടാക്കാനുമിടയാക്കും.

INDIA-MAOIST-FUNERAL
2014ൽ ഛത്തിസ്ഡഗിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ മുകേഷ് കുമാറിന്റെ ബന്ധുക്കൾ അദ്ദേഹത്തിന്റെ സംസ്കാരച്ചടങ്ങിൽ (File Photo: AFP PHOTO/SANJAY KANOJIA)

ഏറ്റുമുട്ടലിനിടെ, ഇത്തരം സ്ത്രീകളോ കുട്ടികളോ കൊല്ലപ്പെടുന്നതു സർക്കാരിനെതിരെ മനുഷ്യാവകാശ ലംഘന ആരോപണങ്ങളുയർത്താൻ മാവോയിസ്റ്റുകളെ സഹായിക്കുകയും ചെയ്യും. ഇതു മാവോയിസ്റ്റുകളുടെ തന്ത്രമാണ്. ഭീഷണിയും പ്രലോഭനവുമൊക്കെ ആദിവാസികളെ ഒപ്പം നിർത്താനായി അവർ പ്രയോഗിക്കും. 

റീ ഇൻഫോഴ്സ്മെന്റ് നടക്കാത്ത ഇടങ്ങൾ

‘ഘോരവനവും ദുർഘടം പിടിച്ച മലമ്പാതകളും നിറഞ്ഞതാണു ബസ്തർ. കാട്ടിലേക്കു കയറിയാൽ, ദിവസങ്ങളോളം കഴിഞ്ഞേ തിരിച്ചെത്താൻ കഴിയൂ. പ്രാദേശിക ഭാഷ അറിയുന്ന ഡിസ്ട്രിക്ട് റിസർവ് സേനാംഗങ്ങളെയും പൊലീസുകാരെയും ഒപ്പം കൂട്ടണം. മാവോയിസ്റ്റുകളെ അവരുടെ താവളത്തിൽ ചെന്നു നേരിടുകയാണു ചെയ്യേണ്ടി വരുന്നത്. നരിമടയിലേക്കു നേരിട്ടു കയറുന്നതു പോലെ. പൊലീസ്, സിആർപിഎഫ് സേനകളെ കാട്ടിലേക്ക് ആകർഷിച്ച്, ആക്രമിച്ചു കൊലപ്പെടുത്തുകയാണു മാവോയിസ്റ്റ് തന്ത്രം. 

ഏറ്റുമുട്ടൽ തുടങ്ങിയാൽ കൂടുതൽ സേനാംഗങ്ങളെയോ വെടിക്കോപ്പുകളോ സ്ഥലത്തെത്തിക്കാൻ ബുദ്ധിമുട്ടാണ്. ഹെലികോപ്റ്റർ ഇറങ്ങാനുള്ള സൗകര്യം പരിമിതം. ദിവസങ്ങളെടുക്കും, ഏറ്റുമുട്ടൽ നടന്ന സ്ഥലത്തെത്താൻ. ഈ സമയം കൊണ്ട്, സേനാംഗങ്ങളെ വളഞ്ഞിട്ട് ആക്രമിച്ചു കീഴ്പ്പെടുത്താൻ വേണ്ട സാവകാശം മാവോയിസ്റ്റുകൾക്കു ലഭിക്കും. സേനാംഗങ്ങളുടെ ആയുധങ്ങളും വെടിക്കോപ്പുകളും മാത്രമല്ല, പഴ്സും വാച്ചും ഷൂസും വരെ കൊള്ളയടിച്ചാണ് അവർ കാട്ടിലേക്ക് അപ്രത്യക്ഷരാവുക.

ഭീഷണിപ്പെടുത്തലും പണം പിടുങ്ങലും

Bastar Martyr Jawan
ബസ്‌തറിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാന്റെ ഭൗതികശരീരവുമായി സഹപ്രവർത്തകർ (Photo:AFP)

‘ബസ്തറിൽ, മാവോയിസ്റ്റുകൾ സ്ഥാപനമുടമകളെ ഭീഷണിപ്പെടുത്തി പണം പിടുങ്ങുന്ന സംഭവങ്ങൾ കുറവാണ്. കുറച്ചു ഖനികളാണുള്ളത്. മറ്റിടങ്ങളിൽ നടക്കുന്നതു പോലെ, ഉടമകളെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതായും സമാന്തര സംവിധാനം നടത്തുന്നതുമൊന്നും കേട്ടിട്ടില്ല.’

മാവോയിസ്റ്റ് ഭീഷണിക്കു പരിഹാരമെന്ത്?

‘സൈനികമായി പരിഹരിക്കാൻ കഴിയുമെന്നു തോന്നുന്നില്ല. മേഖലയിലെ വികസനമാണ് ആത്യന്തിക പരിഹാരം. റോഡും സ്കൂളും ആശുപത്രിയുമടക്കം മികച്ച ജീവിത സൗകര്യങ്ങൾ, തൊഴിൽ എന്നിവ ഉറപ്പാക്കാൻ കഴിയണം. 5 വർഷം കൊണ്ടൊരു തീവ്രയത്ന പരിപാടി നടപ്പാക്കണം. സർക്കാർ ശ്രമിക്കാത്തതാവില്ല. ദുർഘട മേഖലകളിലും മാവോയിസ്റ്റ് സ്വാധീന പ്രദേശങ്ങളിലും ഇത്തരം വികസന, നിർമാണ പ്രവർത്തനങ്ങൾക്കു കരാറുകാരെയോ തൊഴിലാളികളെയോ ലഭിക്കില്ല. ജീവൻ കളഞ്ഞ്, ആരാണു പണിക്കു വരിക? 

സൈന്യത്തെ വിളിക്കണമെന്ന ആവശ്യമുയരുന്നുണ്ടെങ്കിലും അതൊന്നും ആത്യന്തിക പരിഹാരമാവില്ല. പൊലീസിനെയോ അർധസൈനികരെയോ പോലെയല്ല പട്ടാള നീക്കം. അവർക്ക് അവരുടേതായ രീതികളുണ്ട്. മാത്രമല്ല, സൈന്യത്തെ നിയോഗിക്കുന്നതു മറ്റു തലത്തിലുള്ള വിമർശനത്തിനിടയാക്കുകയും ചെയ്യും. ശത്രുരാജ്യത്തെ ഭടന്മാരെ നേരിടുന്നതു പോലെയല്ലല്ലോ ഇത്. മാവോയിസ്റ്റുകൾക്കെതിരെ പട്ടാളത്തെ നിയോഗിക്കുന്നതു മനുഷ്യാവകാശ ലംഘനമായി വ്യാഖ്യാനിക്കപ്പെട്ടേക്കാം.’

സൽവ ജുദും

‘മാവോയിസ്റ്റുകളെ നേരിടാൻ, പ്രാദേശികരായ ആളുകളെ ഉൾപ്പെടുത്തി സർക്കാർ രൂപം കൊടുത്ത സൽവ ജുദുമിന്റെ തുടക്കത്തിൽ നല്ല പ്രതികരണവും പ്രതീക്ഷയുമുയർത്തിയിരുന്നു. എന്നാൽ, ഇതിലെ അംഗങ്ങളുടെ വീടുകളിൽ ചെന്നു മാവോയിസ്റ്റുകൾ അക്രമം നടത്താനും ഭീഷണിപ്പെടുത്താനും തുടങ്ങിയതോടെ ആളുകൾ പിന്തിരിഞ്ഞു. ഇപ്പോൾ, ഏതാണ്ടു പ്രവർത്തനം നിലച്ച മട്ടാണ്.’

English Summary: How Bastar Became a hotspot for Maoists? Former DIG KV Madhusoodanan Speaks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA