ADVERTISEMENT

പുണെ ∙ രാജ്യത്തു കോവിഡ് കേസുകൾ വർധിക്കുന്നതിനിടെ, വാക്സീൻ ഉൽപാദന ശേഷി വർധിപ്പിക്കുന്നതിനു പണദൗർലഭ്യം അനുഭവപ്പെടുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ). 3000 കോടി രൂപയുടെ കുറവ് നേരിടുന്നുണ്ടെന്നാണു സിഇഒ അദാർ പൂനാവാല പറയുന്നത്. ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ച കോവിഷീൽഡ് ഉൽപാദിപ്പിക്കുന്നതു സീറം ഇൻസ്റ്റിറ്റ്യൂട്ടാണ്.

‘ഞങ്ങൾക്ക് ഏകദേശം 3000 കോടിയുടെ ആവശ്യമുണ്ട്. ഇതിനകം ആയിരക്കണക്കിനു കോടി ചെലവഴിച്ചെന്നതു കണക്കിലെടുക്കുമ്പോൾ ഇതു ചെറിയ തുകയല്ല. കമ്പനിയുടെ ശേഷി വർധിപ്പിക്കുന്നതിനു നൂതന മാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ട്. അങ്ങനെ മാറിയാൽ കോവിഡ് കുതിച്ചുചാട്ടത്തിലും രാജ്യത്തെ പിന്തുണയ്ക്കാൻ കഴിയും’– പൂനാവാല പറഞ്ഞു. ജൂൺ മുതൽ കോവിഷീൽഡിന്റെ ശേഷി പ്രതിമാസം 110 ദശലക്ഷം ഡോസായി ഉയർത്താമെന്നാണു കമ്പനി പ്രതീക്ഷിക്കുന്നത്. പ്രതിദിനം 2 ദശലക്ഷം ഡോസ് കമ്പനി ഉൽപാദിപ്പിക്കുന്നുണ്ട്.

ഇന്ത്യയിൽ മാത്രം 100 ദശലക്ഷത്തിലധികം ഡോസുകൾ നൽകി. 60 ദശലക്ഷം ഡോസുകൾ മറ്റു രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്തു. സീറം ഇൻസ്റ്റിറ്റ്യൂട്ടും മറ്റു വാക്സീൻ നിർമാതാക്കളും ലാഭം ത്യജിക്കാൻ സർക്കാരുമായി ധാരണയുണ്ട്. ഇത്രയും സബ്‌സിഡി നിരക്കിൽ വാക്‌സീനുകൾ നൽകാൻ സമ്മതിച്ച വ്യവസായം ഈ ഗ്രഹത്തിൽ വേറെയില്ല. ഇന്ത്യയിലെ വാക്സീൻ ആവശ്യങ്ങൾ നിറവേറ്റുന്നതിനായിരിക്കും പ്രഥമ പരിഗണനയെന്നും പൂനാവാല പറഞ്ഞു. ചൊവ്വാഴ്ച വരെ രാജ്യത്തു നൽകിയിട്ടുള്ള വാക്സീൻ ഡോസുകളുടെ എണ്ണം 8.40 കോടി കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

English Summary: Amid surging cases, SII's Poonawalla claims shortfall of Rs 3000 cr to up vaccine production

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com