ആന്റിജനിൽ അമിതാശ്രയം; കോവിഡുള്ളവരും ആൾക്കൂട്ടത്തിൽ? കേരളം അപകടത്തിലേക്ക്

election-polling-covid-coronavirus
തിരുവനന്തപുരത്ത് മാസ്‌ക് ധരിച്ച് നിയമസഭാ വോട്ടെടുപ്പിനെത്തുന്നവർ (ചിത്രം: റിങ്കു‌രാജ് മട്ടാഞ്ചേരിയിൽ)
SHARE

ഒരു ഘട്ടത്തിൽ ഏറ്റവും മികച്ച മാതൃകയെന്നു വാഴ്ത്തപ്പെട്ട കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി തലയുയർത്തി നിന്നിരുന്നു കേരളം. ആ ഉയരത്തിൽനിന്നു രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സ്ഥലമെന്ന ദുഷ്പേരിലേക്കും ഇടയ്ക്കു കേരളം വീണു. നില മെച്ചപ്പെട്ടെങ്കിലും ഇപ്പോഴും ഭദ്രമായ നിലയിലാണ് നാമെന്നു പറയാൻ കഴിയില്ല. കേരളത്തിന്റെ കോവിഡ് പ്രതിരോധ രീതി പര്യാപ്തമാണോ എന്ന ചോദ്യം അതുകൊണ്ടുതന്നെ പ്രസക്തവുമാണ്. ഈ ചോദ്യത്തോട് കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതികരിക്കുന്നതു കോവിഡ് പരിശോധനാരീതിയിൽ കേരളം തുടരെ വരുത്തുന്ന വീഴ്ച ചൂണ്ടിക്കാട്ടിയാണ്.

കേരളത്തിന് ‘അമിതാശ്രയം’

ആർടിപിസിആർ പരിശോധനയ്ക്കു പകരം ആന്റിജൻ പരിശോധനയെ അമിതമായി ആശ്രയിക്കുന്നതാണു കേരളത്തിന്റെ പ്രധാന വീഴ്ചകളിലൊന്ന്. ഫെബ്രുവരി 10 മുതൽ ഏപ്രിൽ ആറു വരെയുള്ള 8 ആഴ്ചകളിലെ കണക്ക് പരിശോധിക്കുമ്പോൾ ആർടി പിസിആർ പരിശോധന ഒരു ഘട്ടത്തിൽ പോലും കേരളത്തിൽ 53 ശതമാനം കടന്നിട്ടില്ല. കുറഞ്ഞത് 70% ആർടിപിസിആർ പരിശോധന ഉറപ്പാക്കിയിരിക്കണം എന്നിരിക്കെയാണിത്. ഫെബ്രുവരി, മാർച്ച് ആദ്യവാരം വരെ ആകെ പരിശോധനയുടെ 38% വരെയേ പരമാവധി കേരളം ആർടി പിസിആർ നടത്തിയിട്ടുള്ളു. മാർച്ച് രണ്ടാംവാരത്തിൽ ഇത് 53% എത്തി. പിന്നീടുള്ള ആഴ്ചകളിൽ ഇതു താഴ്ന്നു വരുന്ന പ്രവണത തുടരുന്നു.

എന്തുകൊണ്ട് ആന്റിജൻ?

വേഗത്തിൽ പരിശോധന ഫലം ലഭിക്കുമെന്നതും കുറഞ്ഞ ചെലവു മതിയെന്നതുമാണു പല സംസ്ഥാന സർക്കാരുകളെയും ആന്റിജൻ പരിശോധനയെ മാത്രം ആശ്രയിക്കാൻ പ്രേരിപ്പിക്കുന്നത്. കോവിഡ് ബാധിതനായ ഒരാളെ രോഗമുക്തി ഉറപ്പിച്ചു ക്വാറന്റീനിൽനിന്നു വിടാൻ പോലും ആന്റിജൻ പരിശോധന മതിയെന്ന നിലയിലേക്ക് ഒരു ഘട്ടത്തിൽ കേരളം പോയി. ഇത് കടുത്ത വൈറസ് വ്യാപനം എന്ന അപകടകരമായ സ്ഥിതിയിലേക്കു കാര്യങ്ങൾ കൊണ്ടുപോയി. നേരത്തെ കേരളത്തിലെത്തിയ കേന്ദ്ര സംഘങ്ങൾ ആവർത്തിച്ച് ആവശ്യപ്പെട്ടതും ആർടി പിസിആർ നിരക്കു വർധിപ്പിക്കണമെന്നാണ്.

ആർടിപിസിആറിന്റെ പ്രാധാന്യം

പോസിറ്റിവ് കേസുകളുടെ കാര്യത്തിൽ സംശയിക്കേണ്ടതില്ലെങ്കിലും നെഗറ്റിവ് കേസുകൾ കണ്ണിൽപെടാതെ പോകാനുള്ള സാധ്യത കൂടുതലാണെന്ന അപകടം ആന്റിജൻ ടെസ്റ്റുകൾക്കുണ്ട്. ലഭ്യമായതിൽ വച്ചേറ്റവും കൃത്യതയുള്ളതെന്നു വിശേഷിപ്പിക്കപ്പെടുന്ന (ഗോൾഡ് സ്റ്റാൻഡേഡ്) ആർടി പിസിആർ പരിശോധന വർധിപ്പിക്കണമെന്നു നിർദേശിക്കുന്നതും അതുകൊണ്ടു തന്നെ. ആന്റിജൻ ടെസ്റ്റ് നെഗറ്റിവായതിന്റെ ബലത്തിൽ ആൾക്കൂട്ടത്തിലേക്കിറങ്ങുന്ന ഒരു വ്യക്തി വ്യാപകമായി കോവിഡ് പരത്താനിടയാക്കുമെന്നതാണു യാഥാർഥ്യം. നിയമസഭാ തിരഞ്ഞെടുപ്പു പോലെ ഇത്രയേറെ ആൾക്കൂട്ടങ്ങളുണ്ടായ ഒരു സമയത്തും ആന്റിജൻ ടെസ്റ്റുകൾക്കു പിന്നാലെ പോയ കേരളത്തിന്റെ രീതിയാണ് വിമർശനത്തിനിടയാക്കുന്നത്.

break-the-chain-covid-corona
ചിത്രം: റസ്സൽ ഷാഹുൽ

ആർടി പിസിആർ വഴി കേസുകളുടെ എണ്ണം പെട്ടെന്നു കുറയ്ക്കാൻ കഴിയുമെന്നല്ല, പകരം വൈറസ് ബാധിതരെ കണ്ടെത്തുന്നതിൽ കൂടുതൽ സുശ്ശക്തമായ പരിശോധനാ രീതിയെന്ന നിലയിലാണ് ഇതിനെ കാണേണ്ടത്. പുതിയ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് ഒഴിവാക്കി ദീർഘകാല പ്രയോജനം നൽകും. ആന്റിജൻ ഫലം മാത്രം വിലയിരുത്തി കോവിഡ് വ്യാപനം താഴ്ന്നു (ഫ്ലാറ്റൻ ദ് കർവ്) എന്നു വിലയിരുത്തുന്നതും അപകടം വിളിച്ചു വരുത്തുമെന്നും വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.

എന്തു ചെയ്യണം?

ഒരു പ്രത്യേക സ്ഥലത്തു പെട്ടെന്നു കോവിഡ് വ്യാപനമുണ്ടായാൽ, അവിടെ വ്യാപകാടിസ്ഥാനത്തിൽ മേൽനോട്ടം നടത്തുന്നതിനും മറ്റും ആന്റിജൻ ടെസ്റ്റിനു മുൻഗണന നൽകാം. കണ്ടെയ്ൻമെന്റ് മേഖലയ്ക്കു പുറത്തുള്ള സ്ഥലങ്ങളിൽ ആർടി പിസിആർ പരിശോധനയ്ക്കാണു പ്രഥമ പരിഗണന നൽകേണ്ടത്. ആശുപത്രികളിലും ഈ രീതി തുടരണം. ഇവിടങ്ങളിൽ രോഗലക്ഷണമുള്ളവരാകും കൂടുതലും പരിശോധന തേടി വരുന്നത് എന്നതു കൊണ്ടാണ് ഈ നിർദേശം. കോവിഡ് പരിശോധന സ്വയം ആവശ്യപ്പെട്ടെത്തുന്നവരുടെ കാര്യത്തിൽ അതതു സംസ്ഥാനങ്ങളിലെ സ്ഥിതി അനുസരിച്ച് ഏത് ടെസ്റ്റിന് മുൻഗണന നൽകണമെന്നു തീരുമാനിക്കാം. 

INDIA-HEALTH-VIRUS

ആന്റിജൻ പരിശോധനയിൽ കോവിഡ് നെഗറ്റീവായാലും ലക്ഷണങ്ങളുണ്ടെങ്കിൽ ആർടി പിസിആർ പരിശോധന കൂടി നിർബന്ധമായി നടത്തണം. ആന്റിജൻ പരിശോധന ഫലം പോസിറ്റിവായാൽ കോവിഡ് നിസ്സംശയം സ്ഥിരീകരിക്കാമെങ്കിലും നെഗറ്റിവായാൽ ഒന്നുകൂടി ഉറപ്പിക്കേണ്ടതുണ്ട്. അതിനാണ് ഏറ്റവും കൃത്യതയുള്ള ആർടി പിസിആർ പരിശോധനകൂടി നടത്തേണ്ടത്. കോവിഡ് ബാധിതരിൽ ഒരാൾ പോലും വി‌‌ട്ടുപോകുന്നതു വ്യാപനസാധ്യത വർധിപ്പിക്കുമെന്നതു കൊണ്ടാണിത്.

മറ്റിടങ്ങളിൽ സ്ഥിതി?

കോവിഡ് അതിരൂക്ഷമായി ബാധിച്ചിരിക്കുന്ന ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലും ആർടിപിസിആർ പരിശോധന കുറഞ്ഞുവെന്നു ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. കോവിഡ് വർധനയ്ക്ക് ഒട്ടേറെ കാരണങ്ങളുണ്ടെങ്കിലും ദീർഘകാല പ്രതിരോധ നടപടിയിൽ പരിശോധനാ രീതിയും പ്രധാനമാണ്. പഞ്ചാബ്, ഹരിയാന, തമിഴ്നാട്, മധ്യപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ ആർടി പിസിആർ പരിശോധന മെച്ചപ്പെട്ട നിലയിലാണ്. 

ആന്റിജൻ ടെസ്റ്റ് നൽകുന്ന അപകടം തിരിച്ചറിയാനുള്ള ഏറ്റവും നല്ല പാഠങ്ങളിൽ ഒന്ന് ഡൽഹി സർക്കാരിന്റേതാണ്. ആന്റിജൻ ടെസ്റ്റ് നടത്തിയവരിൽ നെഗറ്റിവ് എന്നു കണ്ടെത്തിയ 2818 പേരെ വീണ്ടും ആർടി പിസിആറിനു വിധേയമാക്കിയപ്പോൾ 404 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ആവർത്തിച്ചുള്ള ടെസ്റ്റ് നടത്താതെ വിട്ടിരുന്നെങ്കിൽ കണ്ടുപിടിക്കാതെ പോകുമായിരുന്ന 404 കേസുകളെക്കുറിച്ച് ഡൽഹി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലുണ്ടായിരുന്നു. ഒരു കോവിഡ് കേസു പോലും കണ്ടെത്താതെ പോകുന്നത് വൈറസ് വ്യാപനം വീണ്ടും വർധിപ്പിക്കാമെന്നതു പരിഗണിക്കുമ്പോൾ ഇതിന് പ്രാധാന്യമേറെയാണ്.

ഡൽഹിയിൽ സംഭവിച്ചത്?

2020 ജൂലൈയിലാണ് ഒരു കേസ് പരിഗണിക്കുന്നതിനിടെ ആർടി പിസിആർ ടെസ്റ്റ് സംബന്ധിച്ച ഞെട്ടിക്കുന്ന വിവരം ഡൽഹി സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്‌മൂലമായി നൽകിയത്. 2020 ജൂൺ 18നും ജൂലൈ 24നും ഇടയിൽ ഡൽഹിയിൽ 4,04,141 ആന്റിജൻ ടെസ്റ്റുകൾ നടത്തിയിരുന്നു. അതിൽ രണ്ടായിരത്തിലേറെ പേർക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നെങ്കിലും ആന്റിജൻ പരിശോധനയിൽ കോവിഡുള്ളതായി കണ്ടെത്താനായില്ല. തുടർന്ന് അവർക്കെല്ലാം പ്രത്യേകമായി ആർടി പിസിആർ ടെസ്റ്റ് നടത്തി. ആന്റിജൻ ടെസ്റ്റിൽ നെഗറ്റിവാണെന്നു കണ്ടെത്തിയ 2818 സാംപിളുകൾ പരിശോധിച്ചതിൽ 404 എണ്ണവും ആർടി പിസിആർ ടെസ്റ്റിൽ പോസിറ്റിവായി. 

covid-delhi-girl

ഓരോ ജില്ലയിലും പ്രതിദിനം 11,000 ടെസ്റ്റുകളെങ്കിലും നടത്തണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ആരോഗ്യവകുപ്പിനോടു നിർദേശിക്കേണ്ടി വന്നത് ഈ സംഭവത്തോടെയാണ്. ‘ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച് (ഐസിഎംആർ) ഒരിക്കലും പറഞ്ഞിട്ടില്ല ആർടി പിസിആറിനു പകരം ആന്റിജൻ‍ ടെസ്റ്റ് നടത്തിയാൽ മതിയെന്ന്. പിന്നെങ്ങനെയാണ് ഒരു സർക്കാരിന് തങ്ങളുടെ പ്രധാന പരിശോധനാരീതിയായി ആന്റിജൻ ടെസ്റ്റിനെ കരുതാനാവുക? ആന്റിജൻ ടെസ്റ്റിൽ കോവിഡ് രോഗികൾ നെഗറ്റിവ് ഫലം കാണിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ച്...’ എന്നായിരുന്നു അന്ന് ഡൽഹി ഹൈക്കോടതി ജസ്റ്റിസുമാരായ ഹിമ കോഹ്‌ലിയുടെയും സുബ്രഹ്മണ്യം പ്രസാദിന്റെയും നിരീക്ഷണം. സമാനമായ ചോദ്യമാണ് ഇപ്പോൾ കേന്ദ്ര സർക്കാർ കേരളത്തിനു നേരെ ഉയർത്തുന്നതും.

English Summary: Why Kerala Refrain From Taking RT-PCR Test as its Primary Test Method?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA