ADVERTISEMENT

തിരുവനന്തപുരം∙ മറ്റു സംസ്ഥാനങ്ങളില്‍ കോവിഡ് അതിതീവ്ര വ്യാപനമുണ്ടായിരിക്കുന്ന സ്ഥിതിക്കും കേരളത്തില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിലും എല്ലാവരും ഒരിക്കല്‍ കൂടി ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ക്രമേണ ഉയര്‍ന്ന് 3500 കടന്നു. തിരഞ്ഞെടുപ്പിൽ ബഹുഭൂരിപക്ഷം ജനവും പങ്കാളിയായിട്ടുണ്ട്. അതിനാല്‍ തന്നെ സംസ്ഥാനത്ത് വരുന്ന മൂന്നാഴ്ച നിര്‍ണായകമാണ്. ഈ സാഹചര്യം മുന്നില്‍ കണ്ട് എല്ലാവരും ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി.

സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ‘ബാക് ടു ബേസിക്‌സ്’ ക്യാംപെയ്ന്‍ ശക്തിപ്പെടുത്തി വരുന്നതായും ആരോഗ്യവകുപ്പ് വ്യക്തമാക്കി. സ്വയംരക്ഷ നേടുന്നതിന് എല്ലാവരും കോവിഡ് പ്രതിരോധത്തില്‍ ആദ്യം പഠിച്ച പാഠങ്ങള്‍ വീണ്ടുമോര്‍ക്കണം. സോപ്പ്, മാസ്‌ക് എന്നിവ ഉപയോഗിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും വീഴ്ച വരുത്തരുത്. വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കേണ്ടതാണ്. മാസ്‌ക് നല്‍കുന്ന സുരക്ഷ പരമ പ്രധാനമാണ്. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്. കോവിഡിന്റെ അണുക്കളെ നശിപ്പിക്കാന്‍ ഇടയ്ക്കിടയ്ക്ക് കൈകള്‍ സാനിറ്റൈസര്‍ കൊണ്ടോ സോപ്പുപയോഗിച്ചോ വൃത്തിയാക്കേണ്ടതാണ്.

പ്രതിദിന കോവിഡ് പരിശോധന വര്‍ധിപ്പിക്കാനും സംസ്ഥാനം തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം ആര്‍ടിപിസിആര്‍ പരിശോധനയും വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസം 33,699 ആര്‍ടിപിസിആര്‍ പരിശോധന ഉള്‍പ്പെടെ ആകെ 60,554 പരിശോധനയാണ് നടത്തിയത്. 

സിറോ സര്‍വൈലന്‍സ് സര്‍വേ പ്രകാരം സംസ്ഥാനത്ത് 10.76 ശതമാനം പേര്‍ക്കുമാത്രമേ കോവിഡ് വന്നുപോയിട്ടുള്ളൂ. 89 ശതമാനം ആളുകള്‍ക്കും കോവിഡ് വന്നിട്ടില്ലാത്തതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണ്. 45 വയസ് കഴിഞ്ഞവര്‍ കഴിയുന്നതും വേഗത്തില്‍ കോവിഡ് വാക്‌സീനെടുക്കേണ്ടതാണ്. സംസ്ഥാനത്ത് ഇതുവരെ 37,56,751 പേര്‍ ആദ്യ ഡോസ് വാക്‌സിനും 4,47,233 പേര്‍ രണ്ടാം വാക്‌സിനും ഉള്‍പ്പെടെ ആകെ 42,03,984 പേരാണ് വാക്‌സീനെടുത്തിട്ടുള്ളത്.

തിരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്കും വോട്ടു രേഖപ്പെടുത്താൻ പോയ പൊതുജനങ്ങള്‍ക്കും പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ എത്രയും വേഗം കോവിഡ് പരിശോധന നടത്തേണ്ടതാണ്. പ്രായമുള്ളവര്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കും കോവിഡ് ബാധിച്ചാല്‍ സങ്കീര്‍ണമാകും. അതിനാല്‍ തന്നെ ബാക് ടു ബേസിക്‌സ് ക്യാംപെയ്ന്‍ എല്ലാവരും ഏറ്റെടുക്കേണ്ടതാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

കോവിഡ് പ്രോട്ടോക്കോളിൽ കേരളം മാറ്റം വരുത്തിയിട്ടില്ല

വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവരുടെ കാര്യത്തിൽ നേരത്തെയുള്ള കോവിഡ് പ്രോട്ടോക്കോളിൽ സംസ്ഥാനം മാറ്റം വരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അറിയിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ ഒരാഴ്ച ക്വാറന്റീനിൽ കഴിയണം എന്ന വാർത്ത ചില മാധ്യമങ്ങളിൽ പുതിയ തീരുമാനം എന്ന രീതിയിൽ വ്യാഴാഴ്ച വന്നതിന്റെ അടിസ്ഥാനത്തിലാണ് അറിയിപ്പ്. 

നേരത്തേയുള്ള ഉത്തരവ് പ്രകാരം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന, ഏഴു ദിവസത്തിനകം കേരളത്തിൽ നിന്ന് മടങ്ങി പോകുന്നവർ, ക്വാറന്റീനിൽ കഴിയേണ്ടതില്ല. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ ഏഴു ദിവസത്തിൽ കൂടുതൽ ഇവിടെ കഴിയുന്നുണ്ടെങ്കിൽ ആദ്യത്തെ ഏഴു ദിവസം ക്വാറന്റീനിൽ കഴിയേണ്ടതുണ്ട്. എട്ടാം ദിവസം ആർടിപിസി ആർ ടെസ്റ്റ് നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തണം.

English Summary: Back to Basics Campaign by Kerala Health Department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com