എർദോഗനുമായുള്ള ചർച്ചയ്ക്ക് ഇയു വനിതാ പ്രസിഡ‍ന്റിന് സീറ്റില്ല‌; ആശ്ചര്യത്തോടെ ഉർസുല– വിഡിയോ

Ursula-european-union
തുർക്കി പ്രസിഡന്റ് തയിപ് എർദോഗനുമായുള്ള കൂടിക്കാഴ്ചക്കിടെ യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ദേർ ലെയ്നിനു ഇരിപ്പിടം നിഷേധിച്ചപ്പോൾ.
SHARE

ബ്രസൽസ്∙ യൂറോപ്യൻ യൂണിയൻ (ഇയു) പ്രതിനിധികളും തുർക്കി പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടെ യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ദേർ ലെയ്നിനു ഇരിപ്പിടം നിഷേധിച്ച നടപടി വിവാദത്തിൽ. തുർക്കി പ്രസിഡന്റ് തയിപ് എർദോഗനും ഇയു പ്രതിനിധികളായി ഉർസുലയും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കിളുമാണ് അങ്കാരയിൽ നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. എർദോഗനു സമീപം ഒരു കസേര മാത്രമാണ് ഇയു പ്രതിനിധിക്കായി ഇട്ടിരുന്നത്. അവിടെ ചാൾസ് മൈക്കിൾ ഇരുന്നതോടെ സംഘത്തിലെ ഏക വനിതാ പ്രതിനിധിയായ ഉർസുലയ്ക്ക് സീറ്റ് നിഷേധിക്കപ്പെടുകയായിരുന്നു.

പിന്നീട് സമീപമുള്ള സോഫയിൽ അവർക്ക് ഇരിപ്പിടം ഒരുക്കി. എർദോഗനു സമീപം ഇട്ടിരുന്ന കസേരയിൽ ചാൾസ് മൈക്കിൾ ഇരുന്നപ്പോൾ ആശ്ചര്യത്തോടെ നോക്കുന്ന ഉർസുലയുടെ വിഡിയോ പുറത്തുവന്നു. ഇതു സംബന്ധിച്ച് ഉർസുലയയുടെ വക്താവ് പ്രസ്താവന പുറത്തിറക്കി. തുർക്കി പ്രസിഡന്റിനും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റിനും ഒരുക്കിയതു പോലെ തന്നെയുള്ള ഇരിപ്പിടം യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റിനും ഒരുക്കേണ്ടതായിരുന്നെന്ന് വക്താവ് എറിക് മാമർ പറഞ്ഞു.

യൂറോപ്യൻ യൂണിയൻ എക്സിക്യൂട്ടീവിലെ ആദ്യ വനിത മേധാവിയാണ് ഉർസുല വോൺ ദേർ ലെയ്ൻ. ഔദ്യോഗിക കൂടിക്കാഴ്‌ചയിൽ വനിതാ പ്രതിനിധിക്കെതിരെയുള്ള വേർതിരിവ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. തയിപ് എർദോഗനും ചാൾസ് മൈക്കിളിനുമെതിരെ കടുത്ത വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. പ്രോട്ടോക്കോൾ കർശനമായി പാലിച്ചതിനാലാണ് ഇതു സംഭവിച്ചതെന്ന് ചാൾസ് മൈക്കിളിന്റെ വക്താവ് അറിയിച്ചു. തുർക്കി ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

English Summary: EU President, Only Woman In Meet, Left Standing, Then Takes Sofa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA