ADVERTISEMENT

കൊച്ചി∙ വിവാഹ വെബ്സൈറ്റിലൂടെ ആലോചനയുമായെത്തി പരിചയപ്പെട്ട യുവാവ് ലൈംഗികമായി പീഡിപ്പിക്കുകയും സ്വർണം തട്ടിയെടുത്തതായും പരാതി. പത്തനംതിട്ട കോഴഞ്ചേരി മേലൂക്കര സ്വദേശിയും വിവാഹിതനുമായ ചെറുതോട്ടത്തിൽ ടിജു ജോർജ് തോമസ്(33) എന്നയാൾക്കെതിരെയാണ് തൃശൂർ സ്വദേശിനിയുടെ പരാതി. പിറന്നാൾ പാർട്ടിക്കെന്ന പേരിൽ റിസോർട്ടിൽ വിളിച്ചു വരുത്തി ബലം പ്രയോഗിച്ച് ശാരീരികമായി ദുരുപയോഗം ചെയ്യുകയും പിന്നീട് കാറിൽവച്ചു പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കിയെന്നും യുവതി എറണാകുളം സൗത്ത് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. ഇയാൾക്കെതിരെ സമാനമായ പരാതിയിൽ 2013ൽ മലേഷ്യയിലും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. 

എറണാകുളം സൗത്ത് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തെങ്കിലും ലൈംഗിക പീഡനം നടന്നത് കുമ്പളത്തുള്ള സ്വകാര്യ റിസോർട്ടിലായതിനാൽ കേസ് പനങ്ങാട് സ്റ്റേഷനിലേയ്ക്കു കൈമാറി. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച തിരക്കുകളായതിനാൽ കേസന്വേഷണം മന്ദീഭവിച്ച അവസ്ഥയിലാണ്. പ്രതി രാജ്യം വിടാതിരിക്കാനായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ പരിഗണനയിലുണ്ടെന്നാണ് പനങ്ങാട് സ്റ്റേഷനിൽ നിന്നു ലഭിച്ച വിവരം. 

വിവാഹ വെബ്സൈറ്റിലൂടെയാണ് യുവാവ് പരിചയപ്പെട്ടതും ബന്ധം സ്ഥാപിച്ചതെന്നും യുവതി പറഞ്ഞു. മെസേജ് അയച്ച് വിവാഹത്തിന് താൽപര്യമറിയിച്ചതിനെ തുടർന്ന് ആദ്യം ആലോചനയിൽ താൽപര്യമില്ലെന്ന് അറിയിച്ചെങ്കിലും തുടർച്ചയായി അഭ്യർഥന വന്നപ്പോൾ വീട്ടുകാരുമായി ആലോചിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഏതാനും സുഹൃത്തുക്കളുമൊത്ത് കൊച്ചിയിൽ താമസിക്കുന്ന ഫ്ലാറ്റിൽ അമ്മയും മുത്തശ്ശിയുമുള്ളപ്പോൾ എത്തി പെണ്ണു കാണുകയായിരുന്നെന്നു യുവതി പറഞ്ഞു. 

പൈലറ്റാണെന്നു പറഞ്ഞു പറ്റിച്ചു

വിദേശത്ത് പൈലറ്റാണെന്നും ആദ്യഭാര്യ മരിച്ചു പോയെന്നുമാണ് യുവതിയോടും വീട്ടുകാരോടും പറഞ്ഞു വിശ്വസിപ്പിച്ചത്. തെളിവായി പൈലറ്റിന്റേതെന്നു തോന്നുന്ന യൂണിഫോം ധരിച്ച ഫോട്ടോ കാണിക്കുകയും ചെയ്തു. ഇതു വിശ്വസിച്ചാണ് വിവാഹത്തിനു സമ്മതിച്ചതെന്നു യുവതി പറഞ്ഞു. കഴിഞ്ഞ ഡിസംബർ ആദ്യമാണ് വിവാഹാലോചന നടന്നത്. ഒരു മാസത്തിനകം വിവാഹം നടത്തണമെന്നും പറഞ്ഞു. തനിക്ക് ബന്ധുക്കളുമായി കാര്യമായ അടുപ്പമില്ലാത്തതിനാൽ വിവാഹ സമയത്ത് മാത്രം അടുത്ത ബന്ധുക്കളെ അറിയിക്കാമെന്നാണ് പറഞ്ഞിരുന്നത്. 

ഇതിനിടെ ഇയാൾ വിദേശത്തു പോയി മടങ്ങിയെത്തിയെന്നും തന്റെ പിറന്നാൾ ആണെന്നും സുഹൃത്തുക്കളെല്ലാമുണ്ടെന്നും പറഞ്ഞ് റിസോർട്ടിലേയ്ക്കു ക്ഷണിച്ചു. അവിടെ സുഹൃത്തുക്കളെ മറ്റൊരു മുറിയിലാക്കി തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്നു യുവതി പറയുന്നു. പരാതിപ്പെടുമെന്നു പറഞ്ഞപ്പോൾ നമ്മൾ വിവാഹം കഴിക്കാനുള്ളവരല്ലേ എന്നു പറഞ്ഞു കരയുകയായിരുന്നു. പിന്നീട് ഒരു തവണ കാറിൽ വച്ചു കയ്യേറ്റം ചെയ്യുകയും പരാതിപ്പെടുമെന്നു പറഞ്ഞപ്പോൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു. 

ഒത്തുതീർപ്പിന് പിതാവ് വിളിച്ചു

ഇയാൾക്കു ഭാര്യയുണ്ടെന്നും ഗർഭിണിയാണെന്നുമുള്ള വിവരം പിന്നീടാണ് അറിയുന്നത്. ഇതിനിടെ മറ്റൊരു യുവതിയുമായി ചേർത്തലയിലെ ഒരു വീട്ടിൽ താമസിച്ചെന്ന് അറിഞ്ഞു നടത്തിയ അന്വേഷണത്തിലാണ് അത് ഇയാളുടെ ഭാര്യയാണെന്ന് തിരിച്ചറിയുന്നത്. വഞ്ചിക്കുകയാണ് എന്നറിഞ്ഞതോടെ തളർന്നു പോയ യുവതി മാതാവുമൊത്ത് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും പരാതിയിൽ നടപടിയുണ്ടാകാത്തത് പ്രതിയുടെ പിതാവിന്റെ ഇടപെടലിലാണെന്നു സംശയിക്കുന്നുണ്ട്. ഇയാൾ യുവതിയെ ഫോണിൽ വിളിച്ച് ഒത്തുതീർപ്പിനു ശ്രമിച്ചിരുന്നു. നഷ്ടപരിഹാരമായി പണം നൽകാമെന്നായിരുന്നു പിതാവിന്റെ വാഗ്ദാനം. ഇത് യുവതി നിരസിക്കുകയായിരുന്നു. 

പിതാവിനെ ചെറുപ്പത്തിലേ നഷ്ടപ്പെട്ട യുവതി മാതാവിന്റെയും മുത്തശ്ശിയുടെയും സംരക്ഷണത്തിലാണ് കഴിയുന്നത്. ഇയാൾക്ക് ബാങ്കിൽ ലോണടയ്ക്കാനുണ്ടെന്നു പറഞ്ഞപ്പോൾ 25 പവൻ സ്വർണം കൊടുത്തു. പിന്നീട് പരാതി നൽകുമെന്നു വന്നതോടെ പത്തു പവൻ സ്വർണം മടക്കി നൽകുകയായിരുന്നത്രെ. പരാതി നൽകിയതോടെ ഇയാൾ സ്ഥലത്തു നിന്നു മുങ്ങിയിരിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. 

മലേഷ്യയിലും സമാന കേസിൽ പ്രതി

വിവാഹ വെബ്സൈറ്റിലൂടെ പരിചയപ്പെട്ട് വിവാഹം ആലോചിച്ച് പണം തട്ടിയതിന് മുങ്ങിയതിന് ടിജു ജോർജ് തോമസിനെതിരെ 2013ൽ മലേഷ്യയിലും കേസെടുത്തിരുന്നു. ക്വാലലംപൂരിലെ പെറ്റാലിങ് ജയയിൽ 2013 ഡിസംബർ 3ന് ഇയാളെ അറസ്റ്റു ചെയ്തതായി അവിടുത്തെ മാധ്യമങ്ങളിൽ വാർത്തയും വന്നിരുന്നു. 30കാരിയായ യുവതിയെ ‘ടിയാൻ’ എന്ന് സ്വയം പരിചയപ്പെടുത്തിയാണ് വഞ്ചിച്ചത്. മലേഷ്യയിൽ ബാങ്കിങ് മാനേജരാണെന്നും റസ്റ്ററന്റ് ഉടമയാണെന്നും പരിചയപ്പെടുത്തി വിവാഹ വാഗ്ദാനം നൽകുകയായിരുന്നു. ഇതു വിശ്വസിച്ച യുവതിയോട് ഇയാൾ ഇടയ്ക്കിടെ പണം വാങ്ങിത്തുടങ്ങി. ഇത് പതിവായതോടെ നടത്തിയ അന്വേഷണത്തിൽ തട്ടിപ്പുകാരനാണെന്നു ബോധ്യപ്പെട്ടതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. 

ക്വാലലംപൂരിൽ തന്നെ മറ്റൊരു 29കാരിയേയും പറ്റിക്കാൻ ഇയാൾ ശ്രമിച്ചെന്നും പൊലീസിനു പരാതി ലഭിച്ചിരുന്നു. അടുപ്പമുണ്ടാക്കി സങ്കടപ്പെടുത്തുന്ന നുണക്കഥകൾ പറഞ്ഞ് സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പിന്നീട് തന്റെ സ്ഥാപനത്തിലെ ജീവനക്കാരുടെ വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞെന്നും പുതിയതിന് അപേക്ഷ നൽകാൻ രണ്ടു ലക്ഷം രൂപയിലധികം വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. പണം ലഭിച്ചില്ലെങ്കിൽ കയറ്റി വിടുമെന്നതിനാൽ സഹായിക്കണമെന്ന് അപേക്ഷിച്ചാണ് പണം തട്ടിയതെന്നും പരാതി നൽകിയ യുവതി പറയുന്നു. ഇവരോടും ടിയാൻ എന്ന പേരിലാണ് പരിചയപ്പെടുത്തിയത്. ഇയാൾ കൂടുതൽ പേരെ ഇരകളാക്കിയിട്ടുണ്ടാകുമെന്നും പരാതിക്കാരുണ്ടെങ്കിൽ മുന്നോട്ടു വരണമെന്നും അന്ന് മലേഷ്യൻ പൊലീസ് അഭ്യർഥിച്ചിരുന്നു.

Content Highlights: Man accused of raping woman using promise of marriage at Kochi

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com