എംഎൽഎ ഓഫിസിന് പാലക്കാട് വീടെടുത്ത് ശ്രീധരൻ; ‘ജയം 10000 വോട്ട് ഭൂരിപക്ഷത്തിൽ’

HIGHLIGHTS
  • ഒരു വിധത്തിലുമുള്ള വോട്ടുകച്ചവടവും പാലക്കാട്ട് നടന്നിട്ടില്ല
  • സിപിഎ–കോൺഗ്രസ് അട്ടിമറി നീക്കങ്ങൾ ഫലിച്ചിട്ടില്ല
E Sreedharan
ഇ∙ശ്രീധരൻ. ചിത്രം: മനോരമ
SHARE

വിജയം അത്രമേൽ സുനിശ്ചിതമാണ് പാലക്കാട് നിയമസഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ‘മെട്രോമാൻ’ ഇ.ശ്രീധരന്. അതുകൊണ്ടാണ് ഫലം വരാൻ കാത്തുനിൽക്കാതെ അദ്ദേഹം പാലക്കാട് ടൗണിൽ എംഎൽഎ ഓഫിസ് തുറക്കാൻ വീട് കണ്ടെത്തിയതും. കേരളത്തിൽ മറ്റൊരു സ്ഥാനാർഥിയും കാണിക്കാൻ ധൈര്യപ്പെടാത്ത ഈ ചങ്കുറ്റത്തിലേക്കു നയിച്ച സാഹചര്യം ഇ.ശ്രീധരൻ വിലയിരുത്തുന്നു;

ഫലം വരുംമുൻപേ എംഎൽഎ ഓഫിസ് തുറക്കാൻ കാരണം?

തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അത്രമേൽ ആത്മവിശ്വാസം എനിക്കുണ്ട്. പാലക്കാട് ടൗണിൽ ഹെഡ് പോസ്റ്റോഫിസിനടുത്ത് നല്ലൊരു വീട് കണ്ടപ്പാൾ അത് ഓഫിസാക്കി മാറ്റാമെന്നു തോന്നി. മറ്റാർക്കും കൈമാറരുതെന്ന് പറഞ്ഞുറപ്പിച്ചു. വാടക ഉൾപ്പെടെ മറ്റു കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ല. പാർട്ടിയല്ല, ഞാനാണ് അതു ചെയ്തത്. ഓഫിസിനൊപ്പം പാലക്കാട് ഉള്ളപ്പോൾ എനിക്ക് താമസിക്കാൻകൂടി സൗകര്യമുളളതാണ് കണ്ടുവച്ച വീട്.

എത്ര വോട്ടിന്റെ ഭൂരിപക്ഷമാണ് താങ്കൾ പ്രതീക്ഷിക്കുന്നത്?

10,000 വോട്ടിന്റെ ഭൂരിപക്ഷമാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഇത് എന്റെ കണക്കല്ല. ബൂത്തുകൾ തോറും നടത്തിയ കണക്കെടുപ്പിൽനിന്ന് ബിജെപി കണക്കാക്കുന്ന ഭൂരിപക്ഷമാണിത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 17,500 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് വിജയിച്ച ഒരു മണ്ഡലത്തിൽ ഈ രീതിയിലൊരു അട്ടിമറിവിജയം പ്രതീക്ഷിക്കാൻ അടിസ്ഥാനം?

ജനങ്ങളിൽ നല്ല മാറ്റമാണ് പ്രകടമായത്. എന്റെ സ്ഥാനാർഥിത്വവും ബിജെപിക്കു ലഭിച്ച വർധിച്ച സ്വീകാര്യതയും പാലക്കാട്ട് വിജയം ഉറപ്പാക്കുന്നു.

ഏതെങ്കിലും വിഭാഗത്തിന്റെ വോട്ടുകൾ താങ്കളുടെ സ്ഥാനാർഥിത്വം വഴി മറ്റു കക്ഷികളിൽനിന്ന് ബിജെപിക്കു ലഭിക്കുമെന്ന ഉറപ്പ് ലഭിച്ചിരുന്നോ?

ഇല്ല. അത്തരം ഉറപ്പും വോട്ടുകച്ചവടവും ഉണ്ടായിട്ടില്ല. അതേസമയം എന്നോടുള്ള താൽപര്യം കാരണം മറ്റു കക്ഷികൾക്കു ലഭിക്കേണ്ട വോട്ടുകൾ ഇത്തവണ ബിജെപിക്കു ലഭിക്കുമെന്നാണ് എന്റെ കണക്കുകൂട്ടൽ.

പ്രചാരണ അനുഭവങ്ങൾ?

ഈ അനുഭവം എനിക്ക് ആദ്യമാണല്ലോ. എന്നെ നേരിട്ടു പരിചയമില്ലാത്ത എത്രയോ പേരാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പാലക്കാട്ടെത്തി എന്റെ വിജയത്തിനുവേണ്ടി പ്രവർത്തിച്ചത്. അതേ രീതിയിൽ കേരളത്തിനു പുറത്തുനിന്ന് ഭോപ്പാൽ, ഡൽഹി, ബെംഗളൂരു, മുംബൈ, അഹമ്മദാബാദ് തുടങ്ങിയ നിരവധി കേന്ദ്രങ്ങളിൽനിന്നും ഞാൻ ആവശ്യപ്പെടാതെ തന്നെ നിരവധി പേർ എനിക്കുവേണ്ടി പാലക്കാട്ടെത്തി പ്രവർത്തിച്ചു. ഇവരുടെയൊക്കെ സ്നേഹവും ആദരവും മറക്കാനാവാത്തതാണ്.

ബിജെപിയുടെ തോൽവിക്കായി എന്തെങ്കിലും അട്ടിമറി നടക്കുമെന്ന ആശങ്കയുണ്ടോ?

കോൺഗ്രസും സിപിഎമ്മും യോജിച്ച് അത്തരത്തിലൊരു നീക്കം നടത്താൻ ശ്രമിക്കുന്നതായി കേട്ടിരുന്നു. എന്നാൽ ആ നീക്കത്തിന് സിപിഎമ്മിനകത്തുനിന്നു തന്നെ കനത്ത തിരിച്ചടി നേരിട്ടതായാണ് വിവരം. അതൊന്നും ഫലിച്ചിട്ടില്ല.

English Summary: Palakkad NDA Candidate E Sreedharan Sharing His Thoughts on Assembly Election Victory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA