ADVERTISEMENT

തിരഞ്ഞെടുപ്പുകൾ ഏറെ കടന്നുപോയി. മൈക്ക് പ്രചാരണം, പോസ്റ്റർ ഒട്ടിക്കൽ, ചുവരെഴുത്ത്, സ്ക്വാഡ് പ്രവർത്തനം അങ്ങനെ പലതിലും മാറ്റമില്ലാതെ തുടരുകയാണ് തിരഞ്ഞെടുപ്പിലെ ചിത്രങ്ങൾ. പോസ്റ്ററിൽ കളർ കടന്നെത്തി, മൈക്ക് പ്രചാരണത്തിനുള്ള ശബ്ദം പെൻ ഡ്രൈവിൽ ആയി, ചുവരെഴുത്തുണ്ടെങ്കിലും ബോർഡുകളുടെ എണ്ണം കൂടി അങ്ങനെയങ്ങനെ ചെറിയ മാറ്റങ്ങളുണ്ട്. ഏറ്റവും വലിയ മാറ്റം വന്നത് വോട്ട് രേഖപ്പെടുത്തുന്ന രീതിയിലാണ്. ബാലറ്റ് മാറി യന്ത്രം ആയി. യന്ത്രത്തിനു തന്നെ പരിഷ്കരണം ആയി. വിവി പാറ്റ് വന്നു. മാത്രമല്ല, പ്രായമായവരുടെ വോട്ട് വീട്ടിൽ ചെന്ന് രേഖപ്പെടുത്തുന്ന സംവിധാനം വരെയായി. എന്നിട്ടും മാറ്റമില്ലാതെ തുടരുന്ന ഒന്നുണ്ട്. തിരഞ്ഞെടുപ്പു ജോലിക്കു പോകുന്ന ഉദ്യോഗസ്ഥരുടെ ദുരിതം.

സ്ഥിരമായി തിരഞ്ഞെടുപ്പ് ജോലി ചെയ്യുന്ന ഒരാൾ കുടുംബത്തുണ്ടെങ്കിൽ നേരിട്ടറിയാം ആ ദുരിതം. ഡ്യൂട്ടിക്ക് പേര് ചോദിച്ചുകൊണ്ട് സർക്കാരിൽ നിന്ന് അറിയിപ്പ് കിട്ടുമ്പോൾ തുടങ്ങും ആധി. അറിയാവുന്ന സ്ഥലമേതെങ്കിലും ആകണേ എന്നാവും ആദ്യ പ്രാർഥന. അത് അറിയണമെങ്കിൽ തിരഞ്ഞെടുപ്പിന്റെ രണ്ടു ദിവസം മുമ്പുവരെ കാത്തിരിക്കണം. അസൗകര്യങ്ങൾ റിമാർക് കോളത്തിൽ എഴുതിയിട്ടുണ്ടെങ്കിലും അതൊന്നും പരിഗണിച്ചിട്ടുണ്ടാവില്ല പലപ്പോഴും. ഭാര്യയും ഭർത്താവും ഉദ്യോഗസ്ഥരാണെങ്കിൽ ഒരാളെ ഒഴിവാക്കാറുണ്ട്. അതിനായി പിന്നെ അപേക്ഷ കൊടുത്ത് ഒഴിവാകണം. നടന്നാൽ നടന്നു. പുരുഷന്മാർ എല്ലാം ഇട്ടെറിഞ്ഞ് ഒരു പോക്കാണ് പിന്നെ. സ്ത്രീകൾക്ക് പലപ്പോഴും അങ്ങനെ കഴിയാറില്ല. അവർക്ക് കൊച്ചുകുഞ്ഞുങ്ങളെയൊക്കെ വിട്ടുപോകേണ്ടിവരുമ്പോഴുള്ള ബുദ്ധിമുട്ടുകൾ പലതുണ്ട്. എങ്കിലും ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കെടുക്കാൻ അവർ മനസ്സോടെ ഇറങ്ങിത്തിരിക്കും.

ആദ്യ ഘട്ടം പരിശീലനത്തിനു ചെല്ലുമ്പോൾ കൂടെ ഡ്യൂട്ടിക്ക് ഇട്ടിരിക്കുന്നവരെ കാണാൻ കഴിഞ്ഞെന്നു വരും. അത് അൽപം ആശ്വാസം പകരും. ഇനിയാണ് അടുത്ത അങ്കം. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു നിയോജക മണ്ഡലത്തിലെ പോളിങ് സാമഗ്രികൾ മുഴുവൻ വിതരണം ചെയ്യുന്നത് ഒരു കേന്ദ്രത്തിലായിരിക്കും. ഏതാണ്ട് രണ്ടായിരത്തോളം പോളിങ് ഉദ്യോഗസ്ഥർ ഇവിടെയെത്തണം. കൊറോണയായാലും മഴയായാലും അതിൽ ഇളവില്ല. അവിടെയെത്തി കാത്തിരിപ്പാണ്. രാവിലെ ഏഴുമണിക്ക് ചെന്നിരുന്നാൽ ചിലപ്പോൾ വിളിക്കുന്നത് ഉച്ചകഴിഞ്ഞായിരിക്കും. അതുകൊണ്ട് രാവിലെ ഇറങ്ങുമ്പോൾ തന്നെ പൊതികെട്ടിയിറങ്ങണം. ഇറങ്ങിയാൽ രണ്ടാം ദിവസം പാതിരാത്രി കഴിഞ്ഞേ മടക്കമുള്ളു എന്നറിയാവുന്നതിനാൽ വീട്ടിൽ നിന്നു വാഹനം എടുത്താവും ഇറക്കം. സ്ത്രീകളെ ചിലപ്പോൾ വീട്ടിൽ നിന്നാരെങ്കിലും കൊണ്ടുവന്നു വിടും. വിതരണ കേന്ദ്രങ്ങളിൽ വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടാവില്ല മിക്കപ്പോഴും. പിന്നെ റോഡരിക് ശരണം. ചിലർ ഏതെങ്കിലും വീട്ടുകാരുടെ കാലുപിടിച്ച് അവിടെ വണ്ടിയിടും.

പിണറായി ആർസി അമല ബേസിക് യുപി സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സാനിറ്റൈസർ ഉപയോഗിച്ച ശേഷം ബൂത്തിലേക്കു പ്രവേശിക്കുന്നു. ചിത്രം: മനോരമ
പിണറായി ആർസി അമല ബേസിക് യുപി സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സാനിറ്റൈസർ ഉപയോഗിച്ച ശേഷം ബൂത്തിലേക്കു പ്രവേശിക്കുന്നു. ചിത്രം: മനോരമ

പോളിങ് സാമഗ്രികൾ ഏറ്റുവാങ്ങാനുള്ള കാത്തിരിപ്പായി പിന്നെ. മൊട്ടുസൂചി മുതൽ വോട്ടിങ് യന്ത്രം വരെ 50 കൂട്ടം സാധനമെങ്കിലും കാണും. ഇതൊക്കെ തിരിച്ചുകൊടുക്കണമെന്നതിനാൽ സൂക്ഷ്മതയോടെ നോക്കിക്കണ്ടു വാങ്ങിയേ പറ്റൂ. അതും ഏറ്റുവാങ്ങി പുറത്തിറങ്ങി കൂടെയുള്ള പോളിങ് ഓഫിസർമാരെ കണ്ടെത്തി കാത്തിരിപ്പാണ് – പോളിങ് ബൂത്തിലെത്താനുള്ള വാഹനത്തിനായി. 

കുറച്ച് ബൂത്തുകളിലേക്ക് ഒരുമിച്ചായിരിക്കും വണ്ടി വിടുക. നിശ്ചയിച്ചിരിക്കുന്ന ബൂത്തിലെത്തുമ്പോൾ അറിയാം അവിടെ എന്തൊക്കെ സൗകര്യമുണ്ടെന്ന്. ചിലയിടത്ത് ലൈറ്റ് പോലും കാണില്ല. അതു പിന്നെ പോളിങ് ഏജന്റുമാരുരടെ സഹായത്തോടെ സംഘടിപ്പിക്കണം. അതു കഴിഞ്ഞാലുള്ള പ്രശ്നം ടോയ്‌ലറ്റ് ആണ്. ബൂത്ത് ആയി നിശ്ചയിച്ചിരിക്കുന്ന മിക്കയിടത്തും ടോയ്‌ലറ്റ് സൗകര്യമുണ്ടാവില്ല. സ്ത്രീകളായ പോളിങ് ഉദ്യോഗസ്ഥർക്ക് അടുത്തുള്ള വീടുകൾ തന്നെ ശരണം. പണ്ടൊക്കെ ഭക്ഷണം രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എത്തിച്ചുകൊടുക്കുമായിരുന്നു. ഇപ്പോൾ ആ സ്ഥിതിയൊക്കെ മാറി. അതുകൊണ്ട് ആരെയെങ്കിലും വിളിച്ച് ഭക്ഷണം ഏർപ്പാടാക്കണം.

വോട്ടിങ് ദിനത്തിൽ അതിരാവിലെ തുടങ്ങുന്ന അഭ്യാസം തീരുമ്പോൾ സന്ധ്യയാവും. അതുകഴിഞ്ഞ് മൊട്ടുസൂചി മുതൽ വോട്ടിങ് യന്ത്രം വരെ ബാക്കിയുണ്ടോയെന്ന് ഉറപ്പാക്കി ഇനം തിരിച്ച് കവറിലാക്കി കാത്തിരിപ്പാണ്. കൊണ്ടുപോകാൻ സർക്കാർ വണ്ടി വരണം. അതേതെങ്കിലും സമയത്ത് എത്തും. അതിൽ കയറി പോളിങ് സാമഗ്രി വിതരണ കേന്ദ്രത്തിലെത്തി നീണ്ട കാത്തിരിപ്പാണ് പിന്നെ. 

ഇത്തവണ പുലർച്ചെ രണ്ടുമണി കഴിഞ്ഞു മിക്ക കേന്ദ്രങ്ങളിലും അവസാന പോളിങ് ഓഫിസറിൽ നിന്ന് യന്ത്രം ഏറ്റുവാങ്ങാൻ. അതു കഴിഞ്ഞിറങ്ങി റോഡരികിൽ കിടന്ന വണ്ടിയുണ്ടോയെന്നു നോക്കിക്കണ്ടുപിടിച്ച് കിലോമീറ്ററുകൾ അകലെയുള്ള വീട്ടിലേക്ക്. സ്ത്രീകളെ കൊണ്ടുപോകാൻ വൈകിട്ടു മുതൽ കാത്തുകെട്ടി പോളിങ് കേന്ദ്രത്തിനു മുന്നിൽ കിടക്കുന്ന കുടുംബാംഗങ്ങളുടെ ബുദ്ധിമുട്ട് വേറെ.

kannur-election-voting-day-sub

ഈ സംവിധാനം ഇങ്ങനെ തന്നെ കൊണ്ടുപോകണമെന്ന് എന്തിനാണിത്ര വാശി എന്നു ചോദിക്കുന്നുണ്ട് ഉദ്യോഗസ്ഥർ. ആ ചോദ്യം ന്യായവുമാണ്. കാലം ഇത്രയേറെ പുരോഗമിച്ച കാലത്ത് പോളിങ് ഉദ്യോഗസ്ഥർ ബൂത്തുകളിലെത്തിയാൽ മതിയെന്നും അവിടെ പോളിങ് സാമഗ്രികൾ എത്തിച്ചുകൊടുക്കാമെന്നും തീരുമാനം എടുക്കാൻ എന്താണ് ബുദ്ധിമുട്ട്. അയൽസംസ്ഥാനമായ തമിഴ്നാട്ടിലൊക്കെ ഇത്തരം സൗകര്യങ്ങൾ ലഭ്യമാണ്.

നിലവിലുള്ളതുപോലെ പോളിങ് സാമഗ്രി വിതരണ കേന്ദ്രത്തിൽ നിന്ന് വിതരണോദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വാഹനത്തിൽ ഈ സാമഗ്രികൾ പോളിങ് കേന്ദ്രത്തിൽ എത്തിക്കുന്നതിനെന്താണ് ബുദ്ധിമുട്ട്? അങ്ങനെയെങ്കിൽ തലേന്ന് രാവിലെ മുതലുള്ള കാത്തുകെട്ടിക്കിടപ്പ് ഒഴിവാക്കാമല്ലോ. പോളിങ് ബൂത്തുകളായി നിശ്ചയിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ വൈകിട്ടോടെ ഉദ്യോഗസ്ഥർ എത്തിയാൽ മതിയാകും. പോളിങ് സമയം കഴിഞ്ഞ് യന്ത്രം ഏറ്റുവാങ്ങാനും ഇതുപോലെയുള്ള സംവിധാനം ഏർപ്പെടുത്തിയാൽ പുലർച്ചെ വരെയുള്ള കാത്തുകെട്ടിക്കിടപ്പും ഒഴിവാകും. പക്ഷേ ഈ കോവിഡ് കാലത്തുപോലും ആ വഴിക്ക് ആരും ചിന്തിക്കുന്നില്ല എന്നതാണ് അദ്ഭുതം. 

Kannur-Polling-Election-2021

ഇത്തവണ പോളിങ് ഉദ്യോഗസ്ഥർക്കുളള പ്രതിഫലവും നേരിട്ട് കൊടുക്കുകയായിരുന്നുവത്രേ. അത് ബാങ്ക് വഴിയാക്കിയാൽ മറ്റൊരു കാലതാമസവും ഒഴിവാക്കാമായിരുന്നു. തിരഞ്ഞെടുപ്പിനായി ഇലക്‌ഷൻ കമ്മിഷൻ ഇത്രയേറെ മുന്നൊരുക്കങ്ങൾ നടത്തിയിട്ടും പോളിങ് ബൂത്തുകളായി നിശ്ചയിക്കുന്ന കേന്ദ്രങ്ങളിൽ എന്തുകൊണ്ടാണ് ആവശ്യത്തിന് സൗകര്യം ഒരുക്കാനാകാതെ പോകുന്നതെന്നും ആരും ചിന്തിക്കുന്നതേയില്ല.

സ്ത്രീ സുരക്ഷയെപ്പറ്റി ഇത്രയേറെ പറയുന്ന നാട്ടിൽ സ്ത്രീകളായ പോളിങ് ഉദ്യോഗസ്ഥർക്ക് എന്തു സുരക്ഷയാണ് പോളിങ് സ്റ്റേഷനുകളിൽ ഒരുക്കുന്നതെന്ന കാര്യത്തിലും ആർക്കും വ്യക്തതയില്ല. ഏതുകാലത്താവും ഇനി നമ്മൾ പരിഷ്കൃതമായ ഒരു പോളിങ് സംവിധാനത്തെപ്പറ്റി ആലോചിക്കുക?

English Summary: Polling officers and election day worries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com