ന്യൂഡൽഹി ∙ ആത്മവിശ്വാസത്തിൽനിന്ന് വീണ്ടും ആശങ്കയിലേക്ക്– പുതിയ സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്കിന്റെ പണ നയ സമിതി (എംപിസി) രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെക്കുറിച്ചു മുന്നോട്ടുവയ്ക്കുന്ന സൂചന അതാണ്. കോവിഡ് വാക്സീൻ വിതരണം ഫലപ്രദമായെങ്കിലേ കാര്യങ്ങൾ പിടിയിൽ നിൽക്കൂ എന്നു സമിതി വിലയിരുത്തുന്നു. കഴിഞ്ഞ ഫെബ്രുവരി 5ന് പണ നയ സമിതിയുടെ തീരുമാനങ്ങൾ പ്രഖ്യാപിക്കുമ്പോൾ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞത് സമ്പദ്വ്യവസ്ഥയ്ക്ക് കോവിഡ് വരുത്തിയ കേടുകൾ 2021–22ൽ പരിഹരിക്കപ്പെടുമെന്നാണ്. എന്നാൽ, ഇക്കഴിഞ്ഞ 3 ദിവസത്തെ യോഗത്തിന്റെ തീരുമാനങ്ങളെക്കുറിച്ചു ഗവർണർ പറഞ്ഞപ്പോഴുണ്ടായ മാറ്റം ശ്രദ്ധേയമാണ്.
‘വാക്സീൻ വിതരണ പദ്ധതിയുടെ പുരോഗതി പ്രതീക്ഷകൾ ശക്തിപ്പെടുത്തുന്നു. എന്നാൽ, ഇപ്പോൾ കോവിഡ് വ്യാപനത്തിലുണ്ടാകുന്ന വർധന കടുത്ത ആശങ്കയുണ്ടാക്കുന്നു, പ്രത്യേകിച്ചും, പ്രാദേശിക ലോക്ഡൗണുകൾ സമീപകാലത്ത് ഡിമാൻഡ് സാഹചര്യങ്ങളിലുണ്ടായ പുരോഗതിയെ ബാധിക്കാം, കാര്യങ്ങൾ സാധാരണ ഗതിയിലാകുന്നതു വൈകാം’– ഗവർണർ ദാസ് പറഞ്ഞു.
പണ നയ റിപ്പോർട്ട്
ആറു മാസത്തെ സ്ഥിതി വിലയിരുത്തി എംപിസി തയാറാക്കിയ പുതിയ റിപ്പോർട്ടും ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞതും ഇപ്പോഴുള്ളതുമായ കോവിഡ് പ്രതിസന്ധിയെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങൾ ഇങ്ങനെ:
∙ കോവിഡ്–19 കാരണമുള്ള പ്രതിസന്ധിയിൽനിന്നുള്ള കരകയറ്റം പ്രതീക്ഷിച്ചതിലും വേഗത്തിലായിരുന്നു.

∙ ആഗോള തലത്തിലും ഇന്ത്യയിലും സാമ്പത്തിക രംഗത്തിന്റെ അവസ്ഥ കോവിഡിന്റെ പോക്കിനെയും വാക്സീൻ വിതരണത്തിലെ പുരോഗതിയെയും ആശ്രയിച്ചിരിക്കും.
∙ അനുകൂല ഘടകങ്ങളായത്: ഒന്നിലധികം വാക്സീനുകൾക്ക് അനുമതി ലഭിച്ചു, ഒട്ടേറെ രാജ്യങ്ങളിൽ വാക്സീൻ വിതരണം തുടങ്ങി, സാമ്പത്തിക ഉത്തേജന പദ്ധതികളിൽ പലതിന്റെയും കാലാവധി നീട്ടി നൽകി. കോവിഡ് വ്യാപനം കുറഞ്ഞത് വാക്സീൻ വിതരണത്തിനു സഹായകമായി.
∙ പ്രതികൂലമാകുന്നത്: കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങൾ, പുതിയ കോവിഡ് തരംഗം കൂടുതൽ വ്യാപനശേഷിയുള്ളത്, പുതിയ ലോക്ഡൗൺ, വാക്സീൻ വിതരണത്തിലെ ഏറ്റക്കുറച്ചിൽ.
ഇന്ത്യയിലെ വാക്സീൻ വിതരണം
വാക്സീൻ കണ്ടുപിടിക്കപ്പെട്ടാൽ കാര്യങ്ങൾ ശരിയാകുമെന്നാണ് നേരത്തെ റിസർവ് ബാങ്ക് ഗവർണറുൾപ്പെടെ സൂചിപ്പിച്ചതെങ്കിൽ, വാക്സീൻ വിതരണം ശരിയായെങ്കിൽ മാത്രമേ കാര്യമുള്ളു എന്നതിലേക്കാണ് ഇപ്പോൾ മാറ്റം. കോവിഡിന്റെ പുതിയ തരംഗം ഇപ്പോഴത്തെ തോതിൽ വന്നില്ലായിരുന്നുവെങ്കിൽ വാക്സീൻ വിതരണത്തെക്കുറിച്ച് ഇപ്പോഴുള്ള ആശങ്കകൾ ഉണ്ടാവില്ലായിരുന്നു എന്ന വാദം പരിഗണിക്കേണ്ടതുതന്നെ. ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്കനുസരിച്ച് (ഏപ്രിൽ 8 വരെ) ഇന്ത്യയിൽ 9,01,98,673 പേർക്കാണ് ഇതുവരെ വാക്സീൻ ലഭിച്ചിട്ടുള്ളത്. അതിൽ 1,14,35,646 പേർക്കു മാത്രമാണ് രണ്ടാം ഡോസ് ലഭിച്ചിട്ടുള്ളത്.
കഴിഞ്ഞ ജനുവരി 16നാണ് വാക്സീൻ വിതരണം തുടങ്ങിയത്. 83 ദിവസം പിന്നിട്ടപ്പോഴത്തെ കണക്കാണ് മേൽപറഞ്ഞത്. വാക്സീൻ വിതരണത്തിന് വേഗം പോരെന്ന് ഒരു വശത്തു വിമർശനമുള്ളപ്പോൾ, പ്രായഭേദമന്യേ എല്ലാവർക്കും വാക്സീൻ ലഭ്യമാക്കണമെന്നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ആവശ്യപ്പെടുന്നത്. സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകരെ കൂടിയ തോതിൽ ഉപയോഗിക്കണമെന്ന വാദവും ചിലർ ഉന്നയിക്കുന്നു.
വാക്സീൻ വിതരണം തൃപ്തികരമല്ലെന്ന വിമർശനത്തിന് പല കാരണങ്ങളുണ്ട്:
∙ വാക്സീൻ കയറ്റുമതിക്ക് കാര്യമായ ഊന്നൽ നൽകപ്പെട്ടു
∙ വിതരണത്തിൽ സംസ്ഥാനങ്ങളെ വേണ്ടത്ര വിശ്വാസത്തിലെടുത്തില്ല
∙ രോഗഭീഷണി കൂടുതലുള്ളവർക്ക് മുൻഗണന നൽകുകയെന്ന രീതി ഫലപ്രദമോയെന്ന ചോദ്യം – കോവിഡിന്റെ പുതിയ വരവാണ് ഇതിന് അടിവരയിടുന്നത്.
∙ വിതരണം സാങ്കേതികവിദ്യയുമായി ബന്ധപ്പെടുത്തുമ്പോൾ, പലയിടത്തും താഴേത്തട്ടിലുള്ള വിഭാഗങ്ങൾ പരിഗണിക്കപ്പെടുന്നില്ല
∙ വാക്സീനുകൾക്ക് അനുമതി നൽകുന്നതിൽ ആദ്യമുണ്ടായ വേഗം സ്പുട്നിക് വാക്സീന്റെയും മറ്റും കാര്യത്തിൽ ദൃശ്യമല്ല.
കോവിഡ് വ്യാപനം കൂടുതൽ തീവ്രമായാൽ അത് വാക്സീൻ വിതരണത്തിലെ ഇപ്പോഴത്തെ വേഗത്തെപ്പോലും ബാധിക്കാമെന്ന ആശങ്കയും ഉന്നയിക്കപ്പെടുന്നുണ്ട്.
English Summary: Surge in Covid19 Cases and Virus Mutations May Affect Recovery of Indian Economy