ADVERTISEMENT

കൊച്ചി∙ മുഖ്യ കഥാപാത്രങ്ങളിൽ ഒരാളെ അവതരിപ്പിച്ച സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കാൻ വിളിക്കാനിരിക്കെയായിരുന്നു വൈഗയുടെ (13) അപ്രതീക്ഷിത മരണ വാർത്ത എത്തിയതെന്ന് പുതുമുഖ സംവിധായകൻ ഷാമോൻ നവരംഗ്. സിനിമയിൽ ഏറെ സ്വപ്നങ്ങൾ കണ്ട പെൺകുട്ടിയായിരുന്നു വൈഗ. സിനിമയിൽ അറിയപ്പെടുമ്പോൾ വരേണ്ട തന്റെ പേര് എന്താണെന്നു പോലും പറഞ്ഞിരുന്നു. ടീമിൽ എല്ലാവർക്കും ഇഷ്ടമുള്ള കുട്ടി. അത്ര ആത്മവിശ്വാസത്തോടെയാണ് അവൾ അഭിനയിക്കുന്നതും ഇടപെടുന്നതുമെല്ലാം. മരണവാർത്ത ഞെട്ടിച്ചു കളഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

‘ബില്ലി’ എന്ന സിനിമയിൽ മികച്ച അഭിനയമാണ് വൈഗ കാഴ്ച വച്ചത്. മൂന്നു പെൺകുട്ടികളുടെ കഥ പറയുന്ന ബില്ലിയിലെ മുഖ്യ കഥാപാത്രങ്ങളായ മൂന്നു പേരിൽ ഒരാളാണ് വൈഗ അഭിനയിച്ച കഥാപാത്രം. ഐഎംപിയുടെ നിർമാണത്തിൽ നാലു സംവിധായകരുടെ അഞ്ചു സിനിമകൾ കോർത്തിണക്കി ഒരുങ്ങുന്ന ‘ചിത്രഹാർ’ എന്ന സിനിമയിലെ ഒരു ചിത്രമാണ് ബില്ലി. 

കഴിഞ്ഞ 22നാണ് മുട്ടാർ പുഴയിൽ മുങ്ങി മരിച്ച നിലയിൽ വൈഗയുടെ മൃതദേഹം കണ്ടെത്തുന്നത്. തലേദിവസം രാത്രി പിതാവ് സനു മോഹനൊപ്പം ആലപ്പുഴയിലെ ബന്ധു വീട്ടിൽനിന്നു കാക്കനാട്ടെ കങ്ങരപ്പടിയിലുള്ള ഹാർമണി ഫ്ലാറ്റിലെത്തി അവിടന്ന് പുറത്തു പോകുകയും ഇരുവരെയും കാണാതാകുകയുമായിരുന്നു. ഇവരെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് വൈഗയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

sanu-mohan
സനു മോഹൻ (ഫയൽ ചിത്രം)

എന്നാൽ സനു മോഹനായുള്ള അന്വേഷണം മൂന്നാഴ്ചയായിട്ടും എങ്ങുമെത്താതെ പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. സനുവിന്റെ വാഹനം കേരള അതിർത്തി കടന്നു പോയെങ്കിലും വാഹനത്തിൽ ഇയാൾ ഉണ്ടെന്നു ഉറപ്പു വരുത്തുന്നതിനോ എവിടേയ്ക്കു പോയെന്നോ കണ്ടെത്താൻ പൊലീസിനു സാധിച്ചിട്ടില്ല. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയാണ് സനു മോഹൻ. സനു മോഹനെതിരെ കോടികളുടെ സാമ്പത്തിക തട്ടിപ്പു കേസുണ്ടെന്ന് ഇതിനിടെ പൊലീസ് കണ്ടെത്തിയിരുന്നു. ഇയാൾ 11.5 കോടി രൂപയുമായാണ് അഞ്ചു വർഷം മുൻപ് പുണെയിൽനിന്നു മുങ്ങിയതെന്ന് മഹാരാഷ്ട്ര പൊലീസ് പറയുന്നത്.

സനുവിന്റെ ഫ്ലാറ്റിൽനിന്നു രക്തത്തിന്റെ അംശം കണ്ടെത്തിയെങ്കിലും അത് വൈഗയുടേതല്ല എന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. വൈഗയുടെ ശരീരത്ത് മുറിവുകളോ പാടുകളോ മൃതദേഹ പരിശോധനയിൽ കണ്ടെത്തിയിരുന്നില്ല. എന്നാൽ ഫ്ലാറ്റിൽനിന്ന് പെൺകുട്ടിയെ പുതപ്പിൽ പൊതിഞ്ഞെടുത്ത് കാറിൽ കയറ്റിയതായി സാക്ഷി മൊഴികൾ പൊലീസിനു ലഭിച്ചിരുന്നു. വീടിനുള്ളിൽ വച്ചു തന്നെ ഏതെങ്കിലും തരത്തിൽ പെൺകുട്ടി അപകടത്തിൽപെട്ടിരിക്കാമെന്ന വിലയിരുത്തലുണ്ട്. മകളെ അപായപ്പെടുത്തി സനു നാടുവിട്ടു എന്ന നിഗമനത്തിലാണ് പൊലീസ്. പെൺകുട്ടി ലൈംഗികമായി ആക്രമണത്തിന് ഇരയായിട്ടില്ല എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പുറമേനിന്നുള്ള ആരെങ്കിലും ഫ്ലാറ്റിൽ എത്തിയിരുന്നോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യങ്ങളിലൊന്നും വ്യക്തത വരാതെ പൊലീസ് കുഴങ്ങുകയാണ്.

സനു ചെന്നൈയിൽ എത്തിയിരിക്കാമെന്ന നിഗമനത്തിൽ തൃക്കാക്കര പൊലീസ് സംഘം അവിടെയെത്തി അന്വേഷണം നടത്തിയെങ്കിലും ഇതുവരെയും ഫലമുണ്ടായിട്ടില്ല. അതിർത്തി കടന്നു പോയ വാഹനം എവിടെ എന്ന കാര്യത്തിലും വ്യക്തതയില്ല. ഇതിനകം വാഹനം പൊളിക്കാനായി കൈമാറിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. വൻ തുക ഇയാളുടെ കൈവശമുള്ളതിനാൽ സുരക്ഷിതമായി മറ്റേതെങ്കിലും രാജ്യത്തേക്കു കടന്നിട്ടുണ്ടോ എന്നും സംശയിക്കുന്നുണ്ട്. സനുവിന്റെ പാസ്പോർട്ട് പൊലീസ് പിടിച്ചെടുത്തതിനാൽ കള്ള പാസ്പോർട്ടിൽ മുങ്ങിയിരിക്കുമോ എന്നാണ് സംശയം. വിദേശത്തേക്കു കടക്കുന്നതു തടയാനായി സനുവിന്റെ രേഖാ ചിത്രം തയാറാക്കി വിമാനത്താവങ്ങളിൽ ലുക്കൗട്ട് നോട്ടിസും പുറപ്പെടുവിച്ചിട്ടുണ്ട്. 

English Summary: Vaiga Death Case - follow up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com