സ്വപ്നയുടെ നിയമനം: വിജിലൻസിനെ തടയാൻ കെഎസ്ഐടിഐഎൽ നീക്കം

HIGHLIGHTS
  • വിജിലൻസ് അന്വേഷണവും പൊലീസ് അന്വേഷണവും എവിടെയുമെത്തിയില്ല
swapna suresh
സ്വപ്ന സുരേഷ്
SHARE

തിരുവനന്തപുരം ∙ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം ചെറുക്കാൻ പ്രൈസ്‍ വാട്ടർഹൗസ് കൂപ്പേഴ്സിന്റെ (പിഡബ്ല്യുസി) സിലക്‌ഷൻ നടപടിയിൽ ഒരു തരത്തിലും ഇടപെട്ടിട്ടിലെന്ന വിചിത്രവാദവുമായി കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (കെഎസ്ഐടിഐൽ) നൽകിയ കത്ത് പുറത്ത്. നിയമനത്തിൽ കെഎസ്ഐടിഐഎല്ലിന്റെയും ഐടി വകുപ്പിന്റെ പങ്ക് വെളിപ്പെട്ടു മാസങ്ങൾക്കു ശേഷമാണ് പഴയ നിലപാട് കെഎസ്ഐടിഐഎൽ ആവർത്തിച്ചത്. 

നവംബർ 24ന് അയച്ച കത്താണ് പുറത്തുവന്നത്. കെഎസ്ഐടിഐഎൽ എംഡി തന്നെയാണ് സ്വപ്നയുടെ ബയോഡേറ്റ അയച്ചതെന്നാണ് പിഡബ്ല്യുസി ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിലും കെഎസ്ഐടിഐഎൽ പ്രതിക്കൂട്ടിലായിരുന്നു. സ്വപ്നയെ ക്രമവിരുദ്ധമായി ഐടി വകുപ്പിൽ നിയമിച്ചതിനെതിരായുള്ള പരാതി അതേ വകുപ്പിനു കൈമാറി അന്വേഷണ ശുപാർശ ആവശ്യപ്പെടുകയായിരുന്നു വിജിലൻസ്.

ചെഷയർ ടാർസൻ ജൂലൈ 13നു സമർപ്പിച്ച പരാതിയാണ് എതിർകക്ഷി കൂടിയായ ഐടി വകുപ്പിനു 2 മാസം കഴിഞ്ഞു വിജിലൻസ് കൈമാറിയത്. അവിടെയും തീർന്നില്ല, ഈ പരാതി ആരോപണ വിധേയമായ കെഎസ്ഐടിഐഎല്ലിനുതന്നെ ഐടി വകുപ്പ് കൈമാറി. ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം. ഇതിനു മറുപടിയായി നൽകിയ കത്തിലാണ് നിയമത്തെക്കുറിച്ച് തങ്ങൾക്കൊന്നുമറിയില്ലെന്ന വാദം ആവർത്തിച്ചത്. 

കത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ:

‘സ്വപ്ന സുരേഷ് കെഎസ്ഐടിഐഎല്ലിന്റെ ജീവനക്കാരിയല്ല. സ്പേസ് പാർക്കിന്റെ പ്രോജക്റ്റ് മാനേജ്മെന്റ് യൂണിറ്റ് (പിഎംയു) ആയി പിഡബ്ല്യുസിയെ നിയമിച്ചു. അവരാണ് സ്വപ്നയെ നിയമിച്ചത്. പിഡബ്ല്യുസിയുടെ സിലക്‌ഷൻ നടപടികളിലൊന്നിലും കെഎസ്ഐടിഐഎൽ ഇടപെട്ടിട്ടില്ല. വ്യക്തിയുടെ പശ്ചാത്തലവും യോഗ്യതകളും പരിശോധിക്കേണ്ട ഉത്തരവാദിത്തം പിഡബ്ല്യുസിയുടേതാണ്’.

ഇതു സംബന്ധിച്ച ഫയലിൽ ഐടി വകുപ്പിലെ സെക്‌ഷൻ ഓഫിസറായ മാത്യു ജോൺ എഴുതിയത് ഇങ്ങനെ:

‘സ്വപ്ന സുരേഷിന്റെ നിയമനം സംബന്ധിച്ച ഒരു കാര്യങ്ങളും തങ്ങൾക്കറിയില്ല എന്നാണ് കെഎസ്ഐടിഐഎല്ലിന്റെ നിലപാട്. പരാതിയിലെ, വ്യാജ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള വിഷയങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് ഈ വകുപ്പിൽ സംവിധാനം ഇല്ലാത്തതിനാൽ വിജിലൻസ് അന്വേഷണത്തിനായി ശുപാർശയോടെ ഫയൽ വിജിലൻസ് വകുപ്പിനു കൈമാറാവുന്നതാണ്’.

വിജിലൻസിനു ലഭിച്ച മറ്റൊരു പരാതിയിൽ സ്വപ്നയുടെ നിയമനം അന്വേഷിക്കാൻ നവംബറിൽ തീരുമാനിച്ചെങ്കിലും അന്വേഷണം എവിടെയുമെത്തിയില്ല. പൊലീസ് അന്വേഷിക്കുന്ന വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസും വഴിമുട്ടിയ നിലയിലാണ്.

എവിടെയുമെത്താതെ അന്വേഷണം

സ്വപ്നയുടെ അറസ്റ്റിനു പിന്നാലെ നിയമനത്തിന്റെ ഉത്തരവാദിത്തം പരസ്പരം ചാരി സർക്കാർ സ്ഥാപനമായ കെഎസ്ഐടിഐഎല്ലും പിഡബ്ല്യുസിയും അയച്ച കത്തുകൾ പുറത്തുവന്നിരുന്നു. കെഎസ്ഐടിഐഎൽ എംഡിയാണ് സ്വപ്നയുടെ ബയോഡേറ്റ കൈമാറിയതെന്ന ആരോപണമാണ് പിഡബ്ല്യുസി ഉന്നയിച്ചത്. സർക്കാർ സ്ഥാപനത്തിന്റെ എംഡി തന്നെ ശുപാർശ നൽകിയിട്ട് പിഡബ്ല്യുസിയെ കുറ്റക്കാരാക്കുന്നതു ശരിയല്ലെന്ന വാദമാണ് അവരുന്നയിച്ചത്.

എന്നാൽ, അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണു പിഡബ്ല്യുസി നടത്തുന്നതെന്നു കെഎസ്ഐടിഐഎൽ തിരിച്ചടിച്ചു. ‌സ്വപ്ന സുരേഷിന്റെ ശമ്പളത്തിനും മറ്റുമായി സർക്കാർ ചെലവഴിച്ച 16.15 ലക്ഷം രൂപ (ജിഎസ്ടി ഒഴികെ) അവരെ നിയോഗിച്ച പിഡബ്ല്യുസി തിരികെ നൽകിയില്ലെങ്കിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ഉൾപ്പെടെ 3 ഉദ്യോഗസ്ഥരിൽനിന്നു തുല്യമായി ഈടാക്കണമെന്നായിരുന്നു ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ ശുപാർശ.

ഈ റിപ്പോർട്ടിലും ഒരു നടപടിയുമുണ്ടായില്ല. ഇവരുടെ ആസൂത്രിത നീക്കം മൂലമാണു സ്വപ്നയ്ക്കു ജോലി ലഭിച്ചതെന്നും റിപ്പോർട്ടിലുണ്ട്. പണം ആവശ്യപ്പെട്ടെങ്കിലും പിഡബ്ല്യുസി ഇതുവരെ നൽകിയിട്ടില്ല.

English Summary: Controversies over Swapna Suresh's appointment in IT Department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA