ADVERTISEMENT

തിരുവനന്തപുരം∙ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം നിലവില്‍വരും. ഇതു സംബന്ധിച്ച് ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. കടകളും ഹോട്ടലുകളും രാത്രി 9ന് അടയ്ക്കണം. ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്ന എല്ലാവരും  കോവിഡ് ജാഗ്രത സൈറ്റിൽ റജിസ്റ്റർ ചെയ്യണമെന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.

ബസുകളിലും ട്രെയിനിലും ആളുകൾ തിങ്ങിനിറഞ്ഞ് യാത്ര ചെയ്യുന്നത് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കാൻ ഗതാഗത സെക്രട്ടറിയോട് നിർദേശിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കോവിഡ് പ്രോട്ടോകോൾ നടപ്പിലാക്കും. ആളുകൾ ഒരുമിച്ച് കൂടുന്ന സ്ഥലങ്ങളിൽ സെക്ട്രൽ മജിസ്ട്രേറ്റിൻറെയും പൊലീസിൻറെയും സാന്നിധ്യം ഉണ്ടാകണം. അത്യാവശ്യമായ യോഗങ്ങളല്ലെങ്കിൽ അതെല്ലാം മൂന്നാഴ്ചത്തേക്ക് നീട്ടിവയ്ക്കണം. ഭക്ഷണ വിതരണമുള്ള യോഗങ്ങളിൽ ഭക്ഷണപ്പൊതികൾ നൽകണം. എല്ലാ ജില്ലകളിലും ആവശ്യമായ ഐസിയു ഉണ്ടെന്ന് ഉറപ്പാക്കാൻ ആരോഗ്യവകുപ്പിനോട് നിർദേശിച്ചു.

∙ അടുത്ത രണ്ടാഴ്ച ഷോപ്പുകളും മാളുകളും രാത്രി 9 മണിവരെ മാത്രമേ പ്രവർത്തിക്കൂ.

∙ ഇന്‍ഡോര്‍ പരിപാടികളില്‍ നൂറും തുറന്ന വേദികളിലെ പരിപാടികളില്‍ 200 പേരിലും അധികം ഒത്തുചേരാന്‍ പാടില്ല, പൊതുപരിപാടികള്‍ രണ്ടുമണിക്കൂറില്‍ കൂടുതല്‍ നീട്ടാന്‍ പാടില്ല തുടങ്ങിയ നിയന്ത്രണങ്ങളാണ് ഇന്നലെ പ്രഖ്യാപിച്ചത്. ഇതില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കണമെങ്കില്‍ പങ്കെടുക്കുന്ന എല്ലാവരും പരിപാടി നടക്കുന്നതിന് 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍, ആര്‍ടി ലാംപ് എന്നിവയിലേതെങ്കിലും ടെസ്റ്റ് നടത്തി നെഗറ്റീവ് ആയവരോ കോവിഡ് വാക്‌സീന്‍ എടുത്തവരോ ആയിരിക്കണം. വിവാഹം, കലാ-കായിക-സാംസ്‌കാരിക പരിപാടികള്‍, ഉത്സവങ്ങള്‍ തുടങ്ങി എല്ലാ പൊതുപരിപാടികള്‍ക്കും ഇതു ബാധികമായിരിക്കും.

∙ ഹോട്ടലുകളിലും റസ്റ്റോറൻറുകളിലും ഹോം ഡെലിവറി സംവിധാനം അല്ലെങ്കിൽ ടേക്ക് ഹോം സംവിധാനം ഏർപ്പെടുത്തണം. സീറ്റിങ് കപ്പാസിറ്റിയുടെ 50%ആളുകളെ മാത്രം ഒരുസമയം അനുവദിക്കും.

∙ സിവിൽസപ്ലൈസ്, ഹോർട്ടികോർപ്, മത്സ്യഫെഡ്, മിൽമ അടക്കമുള്ള സർക്കാർ സ്ഥാപനങ്ങൾ നിത്യോപയോഗ സാധനങ്ങൾ ഓൺലൈനായി വീടുകളിലെത്തിക്കാനുള്ള സംവിധാനം ഏർപ്പെടുത്തണം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഉന്നതല യോഗം ചേർന്നു നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും സമര്‍പ്പിച്ചു. 

ബസ് യാത്രക്കാർക്ക് ഗതാഗത വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി. ഇന്നു മുതൽ ബസുകളിൽ യാത്രക്കാരെ നിർത്തി കൊണ്ടു പോകാൻ പാടില്ല. നിർദേശം ലംഘിക്കുന്ന ബസുകൾക്ക് എതിരെ കർശന നടപടിയെടുക്കാൻ  ഗതാഗത കമ്മിഷണർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. 

Content Highlights: Covid new restrictions in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com