ADVERTISEMENT

വാഷിങ്ടൻ∙ ഈ വർഷം സെപ്റ്റംബർ 11 ആകുമ്പോഴേക്കും അഫ്ഗാനിസ്ഥാനിൽനിന്ന് അമേരിക്കൻ സേന പൂർണമായി പിന്മാറുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. രണ്ടു ദശകങ്ങൾ നീണ്ട, രാജ്യത്തിന്റെ ഏറ്റവും ദൈർഘ്യമേറിയ യുദ്ധത്തിന് ഇതോടെ അവസാനമാകും. ബുധനാഴ്ച വൈറ്റ് ഹൗസിൽനിന്ന് ടെലിവിഷനിലടെ രാജ്യത്തെ അഭിസംബോധന ചെയ്താണ് ബൈഡൻ നിർണായക തീരുമാനം പ്രഖ്യാപിച്ചത്.

യുഎസ് സൈന്യത്തിനൊപ്പം നാറ്റോ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) സഖ്യകക്ഷികളും മറ്റ് പങ്കാളികളും അന്നേ ദിവസത്തോടുകൂടി പൂർണമായും പിന്മാറുമെന്നാണ് ബൈഡൻ വ്യക്തമാക്കിയത്. 2001 സെപ്റ്റംബർ 11നാണ് യുഎസിന്റെ വേൾഡ് ട്രേഡ് സെന്ററിലേക്ക് യാത്രാ വിമാനം ഇടിച്ചിറക്കി ഭീകരർ ആക്രമണം നടത്തിയത്. ഇതിനു തിരിച്ചടി നൽകാനാണ് യുഎസ് അഫ്ഗാനിസ്ഥാനിൽ അൽ ഖായിദ ഭീകരസംഘടനയ്ക്കുനേരെ യുദ്ധം ആരംഭിച്ചത്.

‘യുഎസിന്റെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. ഭീകരർ ശക്തിപ്രാപിക്കുന്നതു തടയും. സ്വന്തം ചെയ്തികൾക്ക് താലിബാനെക്കൊണ്ട് കണക്കുപറയിക്കും. യുഎസിനെ ഭീഷണിപ്പെടുത്താൻ അഫ്ഗാനിസ്ഥാന്റെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ല. ഇത് അഫ്ഗാൻ സർക്കാർ നമുക്കും ഉറപ്പു തന്നിട്ടുണ്ട്. നമ്മൾ ഇന്ന് അഭിമുഖീകരിക്കുന്ന ഭീഷണികളിലേക്കാണ് ഇനി പൂർണ ശ്രദ്ധ കൊടുക്കുന്നത്’ – രാജ്യത്തെ അഭിസംബോധന ചെയ്ത് ബൈഡൻ പറഞ്ഞു.

പ്രഖ്യാപനത്തിനു പിന്നാലെ അഫ്ഗാനിസ്ഥാനിലെ യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട അമേരിക്കൻ സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കാൻ അർലിങ്ടൺ സെമിത്തേരിയിലേക്കും ബൈഡൻ എത്തി.

അൽ ഖായിദ തലവൻ ബിൻ ലാദനെ പിടികൂടാനും അവരുടെ സുരക്ഷിത താവളം അവസാനിപ്പിക്കാനുമാണ് യുഎസ് യുദ്ധത്തിനിറങ്ങിയത്. അഫ്ഗാനിസ്ഥാനെ യോജിപ്പിക്കാമെന്ന് താനൊരിക്കലും കരുതിയിട്ടില്ലെന്നും ബൈഡൻ സെമിത്തേരിയിൽ വച്ച് മാധ്യമപ്രവർത്തകരോടു പറഞ്ഞു.

മേയ് 1 മുതൽ അന്തിമ പിൻവാങ്ങൽ ആരംഭിക്കും. പെട്ടെന്നൊരു പുറത്തുപോക്കല്ല. ഉത്തരവാദിത്തത്തോടെ സുരക്ഷിതമായി ആയിരിക്കും സേനകളുടെ പിൻവാങ്ങലെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

പ്രഖ്യാപനത്തിനു മുന്നോടിയായി മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമ, ജോർജ് ബുഷ് എന്നിവരോട് ബൈഡൻ സംസാരിച്ചിരുന്നു.

അതേസമയം, താലിബാനുമായി യുഎസ് സേനയുണ്ടാക്കിയ സമാധാന കരാർ പാലിക്കപ്പെടുമോയെന്ന് സംശയമുള്ളതായി യുഎസ് രഹസ്യാന്വേഷണ സമൂഹത്തിന്റെ റിപ്പോർട്ട് പുറത്തുവന്നതിനു പിറ്റേദിവസമാണ് ബൈഡന്റെ പ്രഖ്യാപനവും വന്നത്. യുഎസും സഖ്യകക്ഷികളും പിന്മാറിയാൽ താലിബാനെ നിയന്ത്രിച്ചുനിർത്താൻ അഫ്ഗാൻ സർക്കാരിനു കഴിഞ്ഞെന്നു വരില്ലെന്നാണ് ഡയറക്ടർ ഓഫ് നാഷനൽ ഇന്റലിജൻസിന്റെ ഓഫിസ് തയാറാക്കിയ വാർഷിക വേള്‍ഡ് ത്രെട്ട് അസെസ്സ്മെന്റ് റിപ്പോർട്ടിൽ പറയുന്നത്.

2020 ഫെബ്രുവരി 29ന് ദോഹയിൽ വച്ചാണ് യുഎസും താലിബാനും സമാധാന കരാർ ഒപ്പിടുന്നത്. കരാർ അനുസരിച്ച് 14 മാസത്തിനുള്ളിൽ അഫ്ഗാനിസ്ഥാനിൽനിന്ന് യുഎസ് സേന പിൻമാറണം. താലിബാനെ പുറത്താക്കാനുള്ള യുദ്ധത്തിനായും അഫ്ഗാനിസ്ഥാന്റെ പുനരുദ്ധാരണത്തിനായും 1 ട്രില്യൺ യുഎസ് ഡോളറിലധികം അമേരിക്ക ചെലവഴിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. യുദ്ധത്തിൽ 2,400ൽ പരം യുഎസ് സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്.

English Summary: US President Biden announces complete troop withdrawal from Afghanistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com