ADVERTISEMENT

പട്ന∙ 1164 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി ദേശീയ അധ്യക്ഷനുമായ ലാലുപ്രസാദ് യാദവിന് പുറത്തിറങ്ങാൻ അവസരം ഒരുങ്ങുന്നത്. 2017 ഡിസംബർ 23 ജയിലിലായ ലാലുവിനു  ചികിത്സയ്ക്കും (60) മകന്റെ വിവാഹത്തിനുമായി (3) മൊത്തം 63 ദിവസം പരോൾ അനുവദിച്ചിരുന്നു.

നീണ്ടകാലത്തെ ജയിൽ വാസത്തിനു ശേഷം പുറത്തിറങ്ങുന്ന  ആർജെഡി ദേശീയ അധ്യക്ഷന്റെ വാക്കുകൾക്ക് ബിഹാർ ജനത കാതോർക്കുകയാണ്. ഇടയ്ക്ക് പരോളിൽ ഇറങ്ങിയപ്പോൾ മാധ്യമങ്ങളെ കാണുന്നതിൽനിന്നു ലാലുവിനെ കോടതി വിലക്കിയിരുന്നു. രാഷ്ട്രീയ വൈര്യത്തിന്റെ പേരിൽ കള്ളക്കേസ് ചമച്ച് ലാലുവിനെ അഴിക്കുള്ളിലാക്കുകയായിരുന്നുവെന്നാണ് ആർജെഡി കേസിന്റെ തുടക്കം മുതൽ ആരോപിച്ചുവന്നത്.

ജയിലിൽ കഴിയവെ ആരോഗ്യ സ്ഥിതി മോശമായതിനെത്തുടർന്ന് രണ്ടുവർഷമായി റാഞ്ചി റിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ലാലുവിനെ സ്ഥിതി വഷളായതിനെത്തുടർന്ന്  ജനുവരിയിൽ പ്രത്യേക വിമാനത്തിൽ ഡൽഹി എയിംസിലേക്ക് മാറ്റിയിരുന്നു. ഡുംക ട്രഷറിയിൽ നിന്നു 3.13 കോടി രൂപ പിൻവലിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ജാമ്യം നൽകിയത്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട  3 കേസുകളിൽ ജാമ്യം നേടിയ ലാലുവിനു നാലാം കേസിൽ കൂടി ശനിയാഴ്ച ജാമ്യം കിട്ടിയതോടെ പുറത്തിറങ്ങാം.

ഇരുമ്പഴി തകർത്ത് പുറത്തേക്ക്

ജെഡിയു നേതാവ് നിതീഷ്കുമാറും ബിജെപിയും ചേർന്ന് ഒരുക്കിയ  ഇരുമ്പഴി  തകർത്ത് ലാലു പുറത്തിറങ്ങിയെന്നാണ് മോചനത്തെക്കുറിച്ച്  ആർജെഡിയുടെ ആദ്യ പ്രതികരണം. ഒരു കാലത്ത് ബിഹാർ രാഷ്ട്രീയത്തിലെ സന്തത സഹചാരികളായ ലാലുവും നിതീഷും വഴിപിരിഞ്ഞതോടെയാണ്  900 കോടിയുടെ കാലിത്തീറ്റ കേസ് പുറത്തുവരുന്നതും അന്വേഷണം സിബിെഎക്ക് കൈമാറുന്നതും.

ലാലു ബിഹാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കാലിത്തീറ്റ വിതരണം ചെയ്തുവെന്ന വ്യാജ രേഖകൾ ഉണ്ടാക്കി  ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തട്ടിപ്പ് നടത്തിയെന്നതായിരുന്നു ആരോപണം. കഴിഞ്ഞവർഷം ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ലാലുവിനെ ഏതുവിധേനെയും പുറത്തിറക്കാൻ ആർജെഡിയും സഖ്യകക്ഷിയായ കോൺ​ഗ്രസും ഏറെ ശ്രമിച്ചെങ്കിലും ബിജെപിയുടെയും ജെഡിയുവിന്റെ തന്ത്രങ്ങൾക്ക് മുന്നിൽ വിഫലമാവുകയായിരുന്നു.

കപ്പിനും ചുണ്ടിനുമിടയിൽ അധികാരം നഷ്ടപ്പെട്ട മഹാസഖ്യത്തിനും ലാലുവിന്റെ ജാമ്യം ഇരട്ടി ആവേശം പകരും. ലാലുവിന്റെ കുറിക്കുകൊള്ളുന്ന അമ്പുകൾ രാഷ്ട്രീയ എതിരാളികളെ ഏറെ വെള്ളം കുടിപ്പിച്ചേക്കാം. ഒപ്പം പ്രയാസകാലത്ത് കൂടെ നിന്ന  കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎയുമായി  ബന്ധം കൂടുതൽ അരക്കിട്ടുറപ്പിക്കാനും ആർജെഡി ദേശീയ അധ്യക്ഷൻ ശ്രമിച്ചേക്കും. 

PTI9_20_2010_000158B

ആഘോഷമാക്കി അണികളും കുടുംബവും

ലാലുവിന്റെ കുടുംബവും പാർട്ടി അനുഭാവികളും ലാലുവിന്റെ മോചനം ആഘോഷമാക്കുകയാണ്. മുൻമുഖ്യമന്ത്രി റാബ്രി ദേവിയും മൂത്തമകളും രാജ്യസഭാ അംഗവുമായ മിർസ ഭാരതിയും ഡൽഹി എയിംസിൽ ചികിത്സയിൽ കഴിയുന്ന ലാലുവിന്റെ അടുക്കലെത്തി ആഹ്ലാദം പ്രകടിപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ  മറ്റു  മറ്റു മക്കൾ സോഷ്യൽ മീഡിയയിൽ പുറത്തിറങ്ങൽ ഉത്സവമാക്കി.

ലാലുവിന്റെ ഇളയമകനും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് ഹൈക്കോടതിക്ക് നന്ദി പറഞ്ഞു. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യത്തിൽ   കൂടുതൽ ശ്രദ്ധചെലുത്തണമെന്ന് തേജസ്വി പറഞ്ഞു. ലാലു പട്നയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട തീരുമാനം എയിംസിലെ ഡോക്ടർമാരുടെ നിർദേശപ്രകാരമായിരിക്കും. വ്യക്ക, ഹൃദയ രോഗം മൂലം ലാലു ഏറെ ബുദ്ധിമുട്ടുന്നുണ്ട്. 

‘ദരിദ്രരുടെ മിശിഹാ തിരിച്ചെത്തി’

ദരിദ്രരുടെയും താഴ്ന്നവരുടെയും മിശിഹാ ഇപ്പോൾ തിരിച്ചെത്തി. അവരോട് അനീതി ചെയ്തവരോട് ഞങ്ങളുടെ നേതാവു തിരിച്ചുവരുന്നുവെന്ന് പറയുക ലാലുവിന്റെ മൂത്തമകൻ തേജ് പ്രതാപ് ട്വീറ്റ് ചെയ്തു. ലാലുവിന്റെ പെൺമക്കളിൽ ഒരാളായ രോഹിണി ആചാര്യ തന്റെ ഇൗദി (ഇൗദ് അനുഗ്രഹങ്ങൾ) ലഭിച്ചുവെന്ന് പറഞ്ഞു. അതിനായി താൻ റമസാൻ ആചരിക്കുന്നു. പിതാവിന്റെ മോചനത്തിനായി ചൈത്ര നവരാത്ര അനുഷ്ഠാനങ്ങൾ ആചരിക്കുകയാണെന്നും രോഹിണി വ്യക്തമാക്കി.

ആർജെഡി പ്രവർത്തകരും അനുയായികളും പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തുമാണ് മോചന വാർത്ത ആഘോഷിച്ചത്. ജാമ്യം  വലിയ രീതിയിൽ ആഘോഷിക്കല്ലെന്നും കോവിഡ് മാർ‌ഗനിർദേശങ്ങൾ പാലിക്കണമെന്നും പാർട്ടി അനുഭാവികൾക്കും പ്രവർത്തകർക്കും നിർദേശം നൽകി.

ബിഹാർ മുഴുവൻ അദേഹത്തിന്റെ മോചനം സ്വാ​ഗതം ചെയ്യുന്നതായി ആർജെഡി ദേശീയ വൈസ് പ്രസിഡന്റ് ശിവാനന്ദ് തിവാരി പറഞ്ഞു. അദേഹത്തിന്റെയും  കുടുംബാംഗങ്ങളുടെയും  പാർട്ടി പ്രവർത്തകരുടെയും ഒരുപാടു നാളത്തെ കാത്തിരിപ്പാണ് അവസാനിക്കുന്നത്. ലാലുവിന്റെ മോചനം പാർട്ടി പ്രവർത്തകരുടെ മനോവീര്യം വർധിപ്പിക്കുമെന്ന് ആർജെഡി വക്താവ് ചിത്രഞ്ജൻ ഗഗൻ പറഞ്ഞു.

PTI6_22_2017_000024B

ലാലുവിനെ പുകഴ്ത്തി മാഞ്ചിയും 

എൻഡിഎ ഘടക കക്ഷിയായ എച്ച്എംഎസ് സ്ഥാപകനും മുൻമുഖ്യമന്ത്രിയുമായ ജിതൻ റാം മാഞ്ചിയും  ലാലുവിന്റെ ജാമ്യവാർത്ത സ്വാ​ഗതം ചെയ്തു. ലാലുവിന്റെ ആരോഗ്യകാര്യത്തിൽ ഉത്കണ്ഠാകുലനായിരുന്നുവെന്ന് മാഞ്ചി വ്യക്തമാക്കി.

1996 ജനുവരിയിലാണ് കാലിത്തീറ്റക്കേസ് ആദ്യമായി പുറത്തുവരുന്നത്. ചൈബാസയിലെ മൃ​ഗസംരക്ഷണ  ഓഫിസുകളിൽ റെയ്ഡ് നടത്തിയ വെസ്റ്റ് സിംഭും ഡെപ്യൂട്ടി കമ്മീഷണർ അമിത് ഖരേയാണ് ആദ്യം അഴിമതി കണ്ടെത്തിയത്. സെൻട്രൽ ഡെപ്യുട്ടേഷനിലേക്ക് മടങ്ങിയ ഖാരെ ഇപ്പോൾ ദില്ലിയിലാണ്. 

മുതിർന്ന രാഷ്ട്രീയക്കാർ, മുഖ്യമന്ത്രിമാർ, അന്നത്തെ ബിഹാർ സർക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ ഒത്താശയോടെയാണ് ക്രമക്കേട് നടന്നത്. സുപ്രീംകോടതിയിൽ എത്തിയ പൊതുതാൽപര്യ ഹർജിയുടെ അടിസ്ഥാനത്തിലാണ് കേസ് സിബിെഎക്ക് കൈമാറിയത്. ആരോപണം ശക്തമായതോടെ പിന്നീട് ലാലുവിന് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് റാഞ്ചി കോടതിയിൽ കീഴടങ്ങേണ്ടി വന്നു.

1990ലും 1994ലും മുഖ്യമന്ത്രിയായിരിക്കെ സ്ഥിരമായി ക്രമക്കേട് നടത്തിയ  മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെ ലാലു സംരക്ഷിച്ചുവെന്നാണ് പ്രധാന ആരോപണം. അഴിമതിക്കുറിച്ച് ലാലുവിനു വ്യക്തമായി അറിയാമായിരുന്നുവെന്നും  മൃഗസംരക്ഷണ വകുപ്പിന് അനുവദിച്ച അധിക ബജറ്റ് വിഹിതം അഴിമതിക്ക് മറയൊരുക്കാനായിരുന്നുവെന്നുമാണ് പ്രധാന ആരോപണം.

PTI10_3_2013_000066B

ഡൊറാന്റ ട്രഷറി ക്രമക്കേട് അവസാന ഘട്ടത്തിൽ

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ജാർഖണ്ഡിൽ ലാലുവിനെതിരെ 5 കേസുകളും ബിഹാറിൽ ഒരു കേസുമാണ് ഉള്ളത്. ജാർഖണ്ഡിലെ 4 കേസുകളിൽ സിബിെഎ സ്പെഷൽ കോടതി ലാലുവിനെ ശിക്ഷിച്ചിരുന്നു. ചായിബാ സ(37 കോടി), ഡിയോഹർ ( 89.27 ലക്ഷം), ചായിബാസ (3.61കോടി),

ഡുംക (3.13കോടി)  കേസിൽ കൂടി വിധി അനുകൂലമായതോടെ പുറത്തിറങ്ങുന്നത്. സിബിെഎ ഫയൽ ചെയ്ത അഞ്ചാമത്തെതും ഏറ്റവും വലിയ  കേസുമായ 139 കോടിയുടെ ഡൊറാന്റ ട്രഷറി ക്രമക്കേടിൽ റാഞ്ചി സ്പെഷൽ കോടതിയിൽ  വിചാരണ അവസാന ഘട്ടത്തിലെത്തി. ഭഗൽപുർ ട്രഷറി (46.98 ലക്ഷം) ക്രമക്കേടിൽ പട്ന സിബിെഎ സ്പെഷൽ കോടതി വിചാരണ അന്തിമ ഘട്ടത്തിലെത്തി. പട്ന കോടതി എയിംസിൽ കഴിയുന്ന ലാലുവിനെ  വിഡിയോ കോൺഫറൻസിലൂടെ വിസ്തരിച്ചിരുന്നു.

ലാലുവിന്റെ ജയിൽവാസം; എട്ടു തവണ – 1529 ദിവസം 

∙1997 ജൂലൈ 30 – ഡിസംബർ 11 വരെ: 135 ദിവസം 

∙1998 നവംബർ 26 – 99 ജനുവരി 8: 44 ദിവസം. 

∙2000 മേയ് 5 – ജൂൺ 18: 45 ദിവസം. 

∙2001 നവംബർ 26 – ഡിസംബർ 21: 26 ദിവസം. 

∙2001 ഡിസംബർ 22 – 02 ജനുവരി 27: 37 ദിവസം. 

∙വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദനം 2000ൽ:  ഒരു ദിവസം ജയിൽ. 

∙2013 സെപ്റ്റംബർ 30 – ഡിസംബർ 15: 77 ദിവസം. 

∙2017 ഡിസംബർ 23 മുതൽ ശനിയാഴ്ച വരെ: 1164 ദിവസം (പരോൾ 60+ 3= 63)

Content Highlights: Lalu Prasad Yadav gets bail

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com